ധർമചിന്തയിൽ ജ്യേഷ്ഠൻ യുധിഷ്ഠിരനോടും പ്രശസ്തിയിൽ ഇളയ സഹോദരൻ അർജുനനോടും എന്നും രണ്ടാമനാകാൻ വിധിക്കപ്പെട്ട ഭീമൻ; വൃകോദരൻ എന്ന ഇരട്ടപ്പേരിട്ട് ഉറ്റവർ മാറ്റി നിർത്തിയ ഭീമനാണ് കുരുക്ഷേത്ര ഭൂമിയിൽ പാണ്ഡവരെ ജയിപ്പിക്കുന്നതെന്ന് മഹാഭാരത വരികൾക്കിടയിൽനിന്ന് വായിച്ചെടുത്തത് എം.ടി. വാസുദേവൻ നായരാണ്. മറ്റുള്ളവരുടെ നിഴലിൽ നായകത്വം നഷ്ടപ്പെട്ട ഭീമൻ ഭാരതത്തിന്റെ ഇതിഹാസ കഥാപാത്രമാണെങ്കിൽ മറ്റൊരു ലോക ഇതിഹാസം എന്നും രണ്ടാമനായി പോയവന്റെ വേദന കടിച്ചമർത്തി ജീവിക്കുകയാണിപ്പോഴും. ‘മനുഷ്യനൊരു കാൽവയ്പ്; മാനവരാശിക്കൊരു കുതിച്ചുചാട്ട’മെന്ന വാക്കുകൾ ചന്ദ്രന്റെ ഉപരിതലത്തിൽ ആദ്യമായി മുഴങ്ങിക്കേട്ട മനുഷ്യ ശബ്ദമായപ്പോൾ അതിന്റെ അലയൊലികൾ കഠിനമായി മുറിവേൽപിച്ചൊരു മനുഷ്യനുണ്ട്. രണ്ടാമൂഴത്തിനായി കാത്തിരിക്കേണ്ടി വന്ന സാക്ഷാൽ എഡ്വിൻ യൂജിൻ ആൽഡ്രിൻ എന്ന ബസ്സ് ആൽഡ്രിൻ. ചരിത്രമെപ്പോഴും രണ്ടാമനാക്കിയപ്പോൾ നാൽപത്തിയൊന്നാം വയസ്സിൽ ഡിപ്രഷനു ചികിത്സ തേടേണ്ടി വന്ന ആൽഡ്രിൻ; അമേരിക്കൻ വ്യോമസേനയിൽ പൈലറ്റായിരുന്ന് കൊറിയൻ യുദ്ധകാലത്തെ സേവന മികവിന് ഫ്ലയിങ് ക്രോസ് ബഹുമതി നേടിയ ആൽഡ്രിൻ; തൊണ്ണൂറ്റിമൂന്നാമത്തെ വയസ്സിൽ വീണ്ടുമൊരു വിവാഹം കഴിച്ച് നാലാം ഹണി‘മൂൺ’ ആഘോഷിച്ച ആൽഡ്രിൻ. 1969 ജൂലൈ 21ന്, നൂറു കോടി മനുഷ്യരെ സാക്ഷി നിർത്തി ചന്ദ്രനിലിറങ്ങി നടന്ന രണ്ടാമന് ഭൂമിയിലെ നടപ്പു ജീവിതവും എന്നും പ്രതികൂലമായിരുന്നു. ആ ജീവിതത്തിലൂടെ ഒരു യാത്ര.
HIGHLIGHTS
- ചന്ദ്രനിലിറങ്ങിയ രണ്ടാമൻ മാത്രമാണോ എഡ്വിൻ യൂജിൻ ആൽഡ്രിൻ? ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നീൽ ആംസ്ട്രോങ്ങിന്റെ നിഴലായി മാറാൻ വിധിക്കപ്പെട്ട ആൽഡ്രിന്റെ ജീവിതം സംഘർഷഭരിതവും സംഭവബഹുലവുമായിരുന്നു.