ബഹിരാകാശ നിലയത്തിനു നേരെ കുതിച്ചെത്തിയത് ഉപഗ്രഹം, കൂട്ടിയിടി ഒഴിവാക്കാൻ ഭ്രമണപഥം ഉയർത്തി

International Space Station was forced to fire thrusters to dodge a collision with a satellite
Photo: NASA
SHARE

നിയന്ത്രണംവിട്ട ഉപഗ്രഹവുമായുള്ള കൂട്ടിയിടി ഒഴിവാക്കാൻ രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ ത്രസ്റ്ററുകൾ ജ്വലിപ്പിച്ചു. ആറ് മിനിറ്റിലധികം എൻജിനുകൾ പ്രവർത്തിപ്പിച്ചാണ് വൻ ദുരന്തം ഒഴിവാക്കാൻ നിലയത്തിന്റെ ഭ്രമണപഥം ഉയർത്തിയത്. തിങ്കളാഴ്‌ച പുലർച്ചെയാണ് സംഭവം. ഭൗമ നിരീക്ഷണ ഉപഗ്രഹത്തിന്റെ വഴിയിൽ നിന്ന് ബഹിരാകാശ നിലയത്തെ മാറ്റുകയായിരുന്നു എന്ന് നാസയുടെ ബ്ലോഗ്‌പോസ്റ്റിൽ പറയുന്നുണ്ട്.

നാസയുടെ ജോൺസൺ സ്പേസ് സെന്ററിലെ സാന്ദ്ര ജോൺസ് പറയുന്നതനുസരിച്ച് 2020 ൽ വിക്ഷേപിച്ച അർജന്റീനിയൻ ഭൗമ നിരീക്ഷണ ഉപഗ്രഹം നുസാറ്റ്-17 ആണ് ബഹിരാകാശ നിലയത്തിന് ഭീഷണിയായതെന്ന് സ്പേസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്തു.‌ 2020 ൽ വിക്ഷേപിച്ച പത്ത് നിരീക്ഷണ ഉപഗ്രഹങ്ങളിൽ ഒന്നാണ് നുസാറ്റ് -17. ജിയോസ്‌പെഷൽ ഡേറ്റാ കമ്പനിയായ സാറ്റലോജിക് ഉപയോഗിക്കുന്നതാണ് ഈ ഉപഗ്രഹം.

അതേസമയം, ബഹിരാകാശ നിലയത്തില്‍ നിന്ന് മാസങ്ങൾക്കുശേഷം ഭൂമിയിലേക്ക് തിരിക്കുന്ന നാസ-സ്‌പേസ് എക്‌സ് ക്രൂ-5 ദൗത്യത്തെ ഇത് ബാധിക്കില്ലെന്നും നാസ അറിയിച്ചു. നിലവിൽ പുതിയ ഭ്രമണപഥത്തിലൂടെയാണ് രാജ്യാന്തര ബഹിരാകാശ നിലയം സഞ്ചരിക്കുന്നത്. നാസയുടെ ബഹിരാകാശ സഞ്ചാരികളായ ജോഷ് കസാഡ, നിക്കോൾ മാൻ, ജാക്സയുടെ (ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി) കൊയിച്ചി വകാത്ത, റോസ്‌കോസ്‌മോസ് ബഹിരാകാശ സഞ്ചാരി അന്ന കികിന എന്നിവരുമാണ് ബഹിരാകാശ നിലയത്തിൽ നിന്ന് തിരിച്ചിറങ്ങുന്നത്.

ഭൂമിക്ക് ചുറ്റും ആയിരക്കണക്കിന് കൃത്രിമ ഉപഗ്രഹങ്ങള്‍ ഭ്രമണം ചെയ്യുന്നുണ്ട്. ഇതില്‍ പലതും പ്രവര്‍ത്തിക്കുന്നു പോലുമില്ല. കാലാവധി കഴിയുകയും മറ്റേതെങ്കിലും കാരണവശാല്‍ പ്രവര്‍ത്തനരഹിതമാവുകയും എന്നാല്‍ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്ന എല്ലാ മനുഷ്യ നിര്‍മിത വസ്തുക്കളും ബഹിരാകാശ മാലിന്യത്തിന്റെ പരിധിയില്‍ പെടും. രാജ്യാന്തര ബഹിരാകാശ നിലയത്തിനും ഇത്തരം ബഹിരാകാശ മാലിന്യങ്ങള്‍ വലിയ തോതില്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇത്തരം വസ്തുക്കളുമായുള്ള ചെറിയൊരു കൂട്ടിയിടി പോലും വലിയ ദുരന്തത്തിലാകും കലാശിക്കുക. 

iss-international-space-station
രാജ്യാന്തര ബഹിരാകാശ കേന്ദ്രം (Photo Courtesy - Shutterstock)

നിലവില്‍ അപകടമാകാന്‍ സാധ്യതയുള്ള 27,000 ബഹിരാകാശ മാലിന്യങ്ങളെ നാസ നിരീക്ഷിച്ചു വരുന്നുണ്ട്. ഇത്തരം വസ്തുക്കളില്‍ ഭൂരിഭാഗവും വലുപ്പം തീരെ കുറഞ്ഞവയാണെന്നതാണ് പ്രധാന വെല്ലുവിളി. മണിക്കൂറില്‍ 25,000 കിലോമീറ്റര്‍ വേഗത്തില്‍ വരെ സഞ്ചരിക്കുന്ന ഇത്തരം ബഹിരാകാശ മാലിന്യങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളി ചില്ലറയല്ല. 1999ന് ശേഷം മുപ്പതിൽ കൂടുതൽ തവണയാണ് ബഹിരാകാശത്തെ കൂട്ടിയിടി ഒഴിവാക്കാന്‍ ബഹിരാകാശ നിലയത്തിന് സ്ഥാനം മാറേണ്ടി വന്നത്. 

English Summary: The International Space Station was forced to fire thrusters to dodge a collision with a satellite, NASA has said.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS