ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മറ്റും മനുഷ്യരാശിയെ എത്തിക്കാന്‍ ലക്ഷ്യമിട്ട് സ്‌പേസ്എക്‌സ് നിർമിച്ചുവരുന്ന സ്റ്റാര്‍ഷിപ് പരീക്ഷണ വിക്ഷേപണത്തിനിടെ പൊട്ടിത്തെറിക്കാന്‍ 50 ശതമാനം സാധ്യതയുണ്ടെന്ന് സ്‌പേസ്എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. ഏകദേശം 300 കോടി ഡോളര്‍ മുടക്കിയാണ് ഇത് നിര്‍മിക്കുന്നത്. വിക്ഷേപണ സമയത്ത് അവസാന നിമിഷം സ്റ്റാര്‍ഷിപ് പരാജയപ്പെട്ടേക്കാം, അല്ലെങ്കില്‍ വിജയകരമാകാം. എന്തായാലും പരിപാടി ബോറാവില്ലെന്നും മസ്‌ക് പറഞ്ഞു. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സ്റ്റാര്‍ഷിപ്പിന്റെ അടുത്ത ഘട്ടം പരീക്ഷണം നടത്താനാണ് സ്പേസ്എക്സ് ഉദ്ദേശിക്കുന്നത്.
∙ പൊട്ടിത്തെറിക്കുമെന്ന് മസ്‌ക് പറഞ്ഞില്ല
അതേസമയം, പൊട്ടിത്തെറിച്ചേക്കാം എന്ന വാക്കല്ല മസ്‌ക് ഉപയോഗിച്ചതെന്ന് ദ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍, സ്‌പേസ്എക്‌സിന്റെ ചരിത്രം പരിശോധിച്ചാല്‍, പരാജയപ്പെടുന്ന പരീക്ഷണ ദൗത്യങ്ങളെല്ലാം പൊട്ടിത്തെറിയിലാണ് അവസാനിച്ചിരിക്കുന്നത്. അതിനാല്‍, പൊട്ടിത്തെറിക്കാമെന്നാണ് മസ്‌ക് ഉദ്ദേശിച്ചതെന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ലെന്നും പറയുന്നു. പരീക്ഷണപ്പറക്കല്‍ പരാജയപ്പെട്ടാലും പ്രശ്‌നമില്ലെന്നും മസ്‌ക് പറഞ്ഞു. കാരണം സ്‌പേസ്എക്‌സ് നിരവധി സ്റ്റാര്‍ഷിപ് റോക്കറ്റുകളും നിർമിച്ചുവരുന്നുണ്ട്. അവയില്‍ ഏതെങ്കിലും വിജയിക്കാനുള്ള സാധ്യത 80 ശതമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
∙ ചന്ദ്രനിലേക്കുള്ള യാത്രയ്ക്കടക്കം ഉപയോഗിച്ചേക്കും
വരും വര്‍ഷങ്ങളില്‍ നാസ ചന്ദ്രനിലേക്കു നടത്താനിരിക്കുന്ന ദൗത്യത്തിനടക്കം സ്‌പേസ്എക്‌സിന്റെ സ്റ്റാര്‍ഷിപ് പ്രയോജനപ്പെടുത്തിയേക്കും. ആദ്യ പരീക്ഷണ വിക്ഷേപണം 2023 മാര്‍ച്ചില്‍ നടന്നേക്കാം. സ്റ്റാര്‍ഷിപ്പിന് 120 മീറ്റര്‍ ഉയരവും 50 ലക്ഷം കിലോ ഭാരവും ഉണ്ട്. ഇതിന്റെ ത്രസ്റ്റ് 16 ദശലക്ഷം പൗണ്ട് ആണ്. ഇത് പുനരുപയോഗിക്കാവുന്നതാണ്. ഇതിന് 100-150 ടണ്‍ ഭാരം ഉയര്‍ത്താനുള്ള ശേഷിയാണുള്ളത്. ചന്ദ്രോപരിതലത്തിലേക്ക് എത്തിക്കാന്‍ സാധിക്കുന്ന പരമാവധി പേലോഡ് 100 ടണ്‍ ആയിരിക്കും. ഓക്‌സിജന്‍, മീഥെയ്ന്‍ എന്നീ ദ്രവ ഇന്ധനങ്ങളാണ് ഉപയോഗിക്കുക. ഇതിന് ശക്തി പകരുന്നത് ഏകദേശം 32 റാപ്റ്റര്‍ എൻജിനുകളാണ്. ക്രൂ മൊഡ്യൂളിന്റെ പേര് സ്റ്റാര്‍ഷിപ് എന്നാണ്. ഇതില്‍ 100 പേരെ വരെ കൊണ്ടുപോകാം. ഇത് ഒരു തവണ വിക്ഷേപിക്കുന്നതിന് ഏകദേശം 20 ലക്ഷം ഡോളറാണ് ചെലവു വരിക എന്നാണ് മസ്‌ക് പറയുന്നത്. ടെക്‌സസില്‍ നിന്നായിരിക്കും കന്നി വിക്ഷേപണം.
∙ അടുത്ത ചാന്ദ്ര ദൗത്യത്തില്‍ ധരിക്കാനുള്ള വസ്ത്രം പ്രദര്‍ശിപ്പിച്ചു
മനുഷ്യനെ വീണ്ടും ചന്ദ്രനില്‍ ഇറക്കാനുള്ള നാസയുടെ അടുത്ത ദൗത്യമായ ആര്‍ട്ടെമിസ് III യില്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് ധരിക്കാനുള്ള വസ്ത്രം നാസ പ്രദര്‍ശിപ്പിച്ചു. ചന്ദ്രോപരിതലത്തില്‍ എത്താന്‍ പോകുന്ന ആദ്യ വനിതയ്ക്ക് അടക്കമാണ് വസ്ത്രങ്ങള്‍. ബഹിരാകാശ കമ്പനിയായ ആക്‌സിയവും (Axiom) ആയി സഹകരിച്ചാണ് വസ്ത്രം നിര്‍മിച്ചിരിക്കുന്നത്. അപ്പോളോ ദൗത്യത്തിന്റെ സമയത്ത് ഉപയോഗിച്ചിരുന്ന ചീര്‍ത്ത സൂട്ടുകളെ അപേക്ഷിച്ച് പുതിയ വസ്ത്രം ധരിച്ച് ചന്ദ്രോപരിതലത്തിലൂടെയുള്ള നടപ്പ് എളുപ്പമായിരിക്കും. ആക്‌സിയം എക്‌സ്ട്രാവിയിക്യുലര്‍മൊബിലിറ്റി യൂണിറ്റ് (AxEMU) എന്നാണ് പുതിയ സ്‌പേസ് സൂട്ടിന്റെ പേര്. ഇത് ഇട്ടുകൊണ്ട് കുനിഞ്ഞ് നിലത്തു കിടക്കുന്ന എന്തെങ്കിലും സാധനം എടുക്കാനും തലയ്ക്കു മുകളിലൂടെ പോകുന്ന എന്തെങ്കിലും പിടിച്ചെടുക്കാനുമൊക്കെ സാധിക്കുമെന്നു പറയുന്നു.

∙ ഗ്യാലക്‌സി എ34നും എ54നും നാല് വര്‍ഷത്തെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ്
ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കള്‍ നേരിട്ടിരുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് തങ്ങളുടെ ഫോണുകള്‍ക്ക് ഒഎസ് പുതുക്കി നല്‍കാന്‍ ഫോണ്‍ നിര്‍മാണ കമ്പനികള്‍ തയാറായിരുന്നില്ല എന്നതാണ്. ഒഎസ് അപ്‌ഡേറ്റ് പുതുമ കൊണ്ടുവരും. കൂടുതല്‍ സമയത്തേക്ക് ഒഎസ് അപ്‌ഡേറ്റുകള്‍ നല്‍കാനാണ് ഇനി മിക്ക ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കളും തീരുമാനിച്ചിരിക്കുന്നത്. കൊറിയന്‍ ടെക്‌നോളജി ഭീമന്‍ സാംസങ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന പുതിയ മോഡലുകളായ ഗ്യാലക്‌സി എ34നും എ54നും നാല് വര്‍ഷത്തെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് നല്‍കുമെന്ന് കമ്പനി അറിയിച്ചു. താരതമ്യേന വില കുറഞ്ഞ മോഡലുകളാണിവ.
∙ ഗ്യാലക്‌സി എസ്23യെ അനുസ്മരിപ്പിക്കുന്ന നിര്‍മാണരീതി
ഗ്യാലക്‌സി എ34നും എ54നും തങ്ങളുടെ ഏറ്റവും മുന്തിയ ഫോണ്‍ ശ്രേണിയായ ഗ്യാലക്‌സി എസ്23 സീരീസിനെ അനുസ്മരിപ്പിക്കുന്ന നിര്‍മാണരീതിയാണ് സാംസങ് അനുവര്‍ത്തിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് 13 ആണ് ഒഎസ്. എ34 ന്റെ തുടക്ക വേരിയന്റിന് (മീഡിയടെക് ഡിമെന്‍സിറ്റി 1080 പ്രോസസര്‍, 6 ജിബി / 128 ജിബി) യൂറോപ്പില്‍ 349 യൂറോ ആണ് വില. എ54ന് (എക്‌സിനോസ് 1380 5ജി പ്രോസസര്‍, 8 ജിബി/ 128 ജിബി) 448 യൂറോയും. ഇവയ്ക്ക് ആന്‍ഡ്രോയിഡ് 15 വരെ അപ്‌ഡേറ്റ് നല്‍കാമെന്നാണ് സംസങ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എ34ന് ട്രിപ്പിള്‍ പിന്‍ക്യാമറാ സിസ്റ്റമാണ് ഉള്ളത്. ഇതില്‍ 48 എംപി പ്രധാന ക്യാമറ, 8 എംപി, അള്‍ട്രാ-വൈഡ്, 5എംപി മാക്രോ എന്നിവ ഉള്‍പ്പെടും. കൂടാതെ, 13 എംപി സെല്‍ഫി ക്യാമറയും 5000 എംഎഎച് ബാറ്ററിയും ഉണ്ട്. ഫോണിന് 6.6 ഇഞ്ച് വലുപ്പമുള്ള ഫുള്‍എച്ഡിപ്ലസ് അമോലെഡ് ഡിസ്‌പ്ലേയും ഉണ്ട്.
അതേസമയം, എ54 മോഡലിന് 6.4 ഇഞ്ച് വലുപ്പമുള്ള ഫുള്‍എച്ഡിപ്ലസ് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ട്രിപ്പിള്‍ ക്യാമറാ സംവിധാനം തന്നെയാണ് ഈ മോഡലിനും. പ്രധാന ക്യാമറയ്ക്ക് 50 എംപി റെസലൂഷനൊപ്പം ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനും ഉണ്ട്. കൂടാതെ, 12 എംപി അള്‍ട്രാ-വൈഡ്, 5 എംപി മാക്രോ എന്നീ സെന്‍സറുകളും ഉണ്ട്. സെല്‍ഫിക്കായി 32 എംപി ക്യാമറയും ഉണ്ട്. വരുന്ന ആഴ്ചകളില്‍ ഇവ ഇന്ത്യയിലും അവതരിപ്പിക്കും.
∙ ടിക്‌ടോക് ബൈറ്റ്ഡാന്‍സുമായുളള ബന്ധം അവസാനിപ്പിക്കുന്നത് പരിഗണിക്കുന്നു
ടെക്‌നോളജിയുടെ ഈറ്റില്ലമെന്ന് അറിയപ്പെടുന്ന സിലിക്കന്‍ വാലിയില്‍ നിന്നുള്ള ഭീമന്മാരെ അമേരിക്കയില്‍ കടത്തിവെട്ടുകയും, ലോകത്തെ ഏറ്റവും വലിയ സമൂഹ മാധ്യമവും ഏറ്റവും ട്രാഫിക്കുള്ള വെബ്‌സൈറ്റുമായി തീരുകയും ചെയ്ത ചൈനീസ് സമൂഹ മാധ്യമമായ ടിക്‌ടോക്കിനെ കെട്ടുകെട്ടിക്കാന്‍ കനത്ത പടനീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. അമേരിക്കന്‍ ടിക്‌ടോക് ഉപയോക്താക്കളുടെ ഡേറ്റ കൈകാര്യം ചെയ്യുന്നത് അമേരിക്കന്‍ കമ്പനിയായ ഓറക്കിൾ ആണെങ്കിലും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അമേരിക്കക്കാരുടെ ഡേറ്റ കാണുന്നു എന്ന ആരോപണമാണ് ടിക്‌ടോക് വിരുദ്ധര്‍ ആവര്‍ത്തിച്ച് ഉന്നയിക്കുന്നത്. ഇതിനു പിന്‍ബലമേകാനായി ടിക്‌ടോക്കിന്റെ ഉടമയായ ബൈറ്റ്ഡാന്‍സുമായി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബന്ധമുണ്ടെന്നും ആരോപിക്കുന്നു.

∙ അതിനും ചൈനയുടെ സമ്മതം ലഭിക്കണം
അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് തുരങ്കംവയ്ക്കുന്ന ഒന്നും തങ്ങള്‍ ചെയ്യുന്നില്ലെന്ന് ബൈഡന്‍ ഭരണകൂടത്തെ ബോധ്യപ്പെടുത്താനുള്ള അവസാന ശ്രമത്തിലാണ് ടിക്‌ടോക്. അതില്‍ പരാജയപ്പെട്ടാല്‍ ബൈറ്റ്ഡാന്‍സുമായുള്ള ബന്ധം വിച്ഛേദിക്കുന്ന കാര്യമാണ് ടിക്‌ടോക് ഇപ്പോള്‍ പരിഗണിക്കുന്നതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. അമേരിക്കയുടെ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ തങ്ങള്‍ക്കു പറയാനുള്ള കാര്യങ്ങള്‍ അവസാനമായി അവതരിപ്പിച്ചിരിക്കുകയാണ് ടിക്‌ടോക്. അവരെ ബോധ്യപ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ ബൈറ്റ്ഡാന്‍സുമായുള്ള ബന്ധം വിച്ഛേദിച്ച് അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും ആശങ്കകള്‍ നീക്കാനായിരിക്കും ടിക്‌ടോക് ശ്രമിക്കുക. പക്ഷേ, അത്തരം ഒരു നീക്കവുമായി മുന്നോട്ടുപോകാന്‍ ചൈനീസ് സർക്കാരിന്റെ അനുമതി ലഭിക്കണമെന്നതും ഒരു വിലങ്ങുതടിയായിരിക്കും.
∙ 40-50 ബില്യന്‍ ഡോളറിന്റെ ബിസിനസ് അമേരിക്കയില്‍ മാത്രം
ഗൂഗിളിന്റെ യൂട്യൂബ്, ഫെയ്‌സ്ബുക്കിന്റെ ഇന്‍സ്റ്റഗ്രാം തുടങ്ങി പല സിലിക്കന്‍ വാലി കമ്പനികള്‍ക്കും ലഭിക്കേണ്ടിയിരുന്ന പണം ടിക്‌ടോക്കിലേക്ക് ഒഴുകുന്നു എന്നതാണ് കമ്പനിക്കെതിരെയുള്ള നീക്കത്തിന്റെ മറ്റൊരു വശം. ഏകദേശം 40-50 ബില്യന്‍ ഡോളറിന്റെ ബിസിനസ് അമേരിക്കയില്‍ മാത്രം ടിക് ടോക് പ്രതിവര്‍ഷം നടത്തുന്നുവെന്ന് ബ്ലൂംബര്‍ഗിന്റെ വിശകലന വിദഗ്ധന്‍ മന്‍ദീപ് സിങ് അടക്കം പറയുന്നു. അതേസമയം, തങ്ങള്‍ക്ക് ഇനി അമേരിക്കയില്‍ പിടിച്ചുനില്‍ക്കാനായേക്കില്ലെന്ന തോന്നല്‍ ടിക്‌ടോക്കിനും ഉണ്ടായിത്തുടങ്ങിയെന്നും പറയുന്നു. അമേരിക്കയുടെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അധികാരികളും മറ്റും ടിക്‌ടോക്കിന്റെ പുതിയ നീക്കങ്ങള്‍ പരിഗണിക്കാന്‍ വൈമുഖ്യം കാട്ടുന്നു എന്നത് അതിന്റെ വ്യക്തമായ സൂചനയാണെന്നും കരുതുന്നു. ഒരു അമേരിക്കന്‍ കമ്പനിയും നല്‍കാത്ത രീതിയില്‍ തങ്ങളുടെ 'പ്രൊജക്ട് ടെക്‌സസ്' പദ്ധതി വഴി അമേരിക്കന്‍ ഉപയോക്താക്കളുടെ ഡേറ്റ സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് കമ്പനി വക്താവ് ബ്രൂക് ഒബര്‍വെറ്റര്‍ പറഞ്ഞു. അതേസമയം, ടിക്‌ടോക്കിന്റെ പ്രതിവര്‍ഷ വരുമാനവും വളര്‍ച്ചയും മെറ്റാ, സ്‌നാപ്, പിന്റ്‌റെസ്റ്റ് തുടങ്ങിയ അമേരിക്കന്‍ കമ്പനികളെക്കാള്‍ വളരെ മെച്ചമാണ് എന്നതും കമ്പനിക്കെതിരെയുളള നീക്കത്തിനു പിന്നില്‍ ഉണ്ടായിരിക്കാം.
∙ മൈക്രോസോഫ്റ്റ് വാങ്ങുമോ?
മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കാലത്ത് ടിക്‌ടോക് മൈക്രോസോഫ്റ്റിനെക്കൊണ്ട് വാങ്ങിപ്പിക്കാനുള്ള ശ്രമം നടന്നിരുന്നു. എന്നാല്‍, ടിക്‌ടോക് അതില്‍നിന്നു രക്ഷപ്പെടുകയായിരുന്നു. മൈക്രോസോഫ്റ്റ് ഇപ്പോള്‍ ഗെയിമിങ് കമ്പനിയായ ആക്ടിവിഷന്‍ ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ്. ഇതിനെതിരെ സോണി അടക്കമുള്ള പല കമ്പനികളും രംഗത്തുണ്ട്. ഈ നീക്കം പരാജയപ്പെട്ടാല്‍ മൈക്രോസോഫ്റ്റ് വീണ്ടും ടിക്‌ടോക് ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുമോ എന്ന കാര്യം അറിയേണ്ടിയിരിക്കുന്നു. മൈക്രോസോഫ്റ്റിന് ഒരു വിഡിയോ പ്ലാറ്റ്‌ഫോം ഇല്ലെന്നുള്ളതാണ് ഇത്തരം ഒരു നീക്കത്തിന്റെ സാധ്യതയെക്കുറിച്ച് ആരായുനുള്ള കാര്യമെന്ന് ബ്ലൂംബര്‍ഗ് പറയുന്നു.
English Summary: SpaceXs Starship only 50% likely to pass first orbital mission: Musk