ബഹിരാകാശത്തെത്തിയാല്‍ മനുഷ്യരായാലും അവര്‍ കഴിക്കുന്ന ഭക്ഷണവും വെള്ളവുമായാല്‍ പോലും അത് ഒഴുകി നടക്കും. അതുകൊണ്ടുതന്നെ ഭൂമിയിലേതു പോലെ എളുപ്പത്തില്‍ ഒരു കപ്പിലേക്കോ ഗ്ലാസിലേക്കോ ഒഴിച്ച് വെള്ളമോ മറ്റു പാനീയങ്ങളോ കുടിക്കാനാവില്ല. അടപ്പുള്ള പാത്രത്തില്‍ നിന്നും സ്‌ട്രോ വച്ച് വലിച്ചു കുടിക്കുന്നതായിരുന്നു ഇതുവരെ ഈ പ്രശ്‌നത്തിനുണ്ടായിരുന്ന പരിഹാരം. എന്നാല്‍ ഇപ്പോഴിതാ ബഹിരാകാശത്തു പോലും ഒരു തുള്ളി പുറത്തേക്ക് പോവാത്ത ഒരു മാജിക് കപ്പ് നാസയുടെ നേതൃത്വത്തില്‍ കണ്ടെത്തിയിരിക്കുന്നു.
ബഹിരാകാശ യാത്രികയായ നികോള്‍ മന്‍ ഈ മാജിക് കപ്പ് ഉപയോഗിച്ച് കാപ്പി കുടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മൂടിയില്ലാത്ത കപ്പ് തലകുത്തനെ മറിക്കുമ്പോള്‍ പോലും ഒരു തുള്ളി പോലും കാപ്പി പുറത്തേക്ക് പോവുന്നില്ല. കപ്പില്‍ നിന്നും സ്വതന്ത്രമായി കാപ്പി കുടിക്കുന്നതിന്റെ സന്തോഷം നികോളിന്റെ മുഖത്ത് കാണാനാവും. ഭൂമിയില്‍ വച്ച് ഇത്തരം ദ്രാവകങ്ങള്‍ തുളുമ്പുന്നതിനേക്കാളും കുറവാണ് ബഹിരാകാശത്ത് ഈ മാജിക് കപ്പ് ഉപയോഗിച്ച് കുടിക്കുമ്പോള്‍ പുറത്തേക്ക് പോവുകയെന്നാണ് ഗവേഷകരുടെ അവകാശവാദം.
ഗുരുത്വത്തിന്റെ സ്വാധീനത്തിന് സമാനമായ രീതിയില്‍ ഫ്‌ളൂയിഡ് ഡൈനാമിക്‌സ് ഉപയോഗിച്ചാണ് ഇങ്ങനെ ഒരു കപ്പ് നിര്‍മിച്ചതെന്നാണ് നാസ അറിയിക്കുന്നത്. ഐഎസ്എസ് റിസര്‍ച്ച് എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് നിക്കോള്‍ മന്‍ കാപ്പി ഈ മാജിക് കപ്പിലേക്ക് ഒഴിച്ച് കുടിക്കുന്നതിന്റെ വിഡിയോ വന്നിരിക്കുന്നത്. 47 സെക്കൻഡ് നീളുന്ന വിഡിയോയില്‍ കാപ്പി പ്രത്യേകം നിര്‍മിച്ച കവറില്‍ നിന്നും കപ്പിലേക്ക് പകരുന്നതും പതിയെ തലകുത്തനെ മറിക്കുമ്പോള്‍ പോലും കാപ്പി പുറത്തേക്ക് തുളുമ്പാതിരിക്കുന്നതും കാണാനാവും.
ദ്രാവകങ്ങളുടെ ഒഴുക്കില്‍ നിര്‍ണായകമായ കാപ്പിലരി ആക്ഷന്‍ അടിസ്ഥാനമാക്കിയുള്ള പരീക്ഷണമാണ് ഇങ്ങനെയൊരു കണ്ടെത്തലിലേക്ക് എത്തിച്ചത്. നാസയുടെ മാജിക് കപ്പിന്റെ രൂപത്തിന്റെ പ്രത്യേകതകള്‍ കൊണ്ട് വളരെ കുറഞ്ഞ അളവിലുള്ള ദ്രാവകം മാത്രമാണ് തലകുത്തനെ മറിയുമ്പോള്‍ പോലും താഴെ നിന്നും മുകളിലേക്ക് എത്തുന്നത്. ഇതു തന്നെ വശങ്ങളില്‍ തട്ടി പുറത്തേക്ക് തുളുമ്പാതെ നില്‍ക്കുന്നു. ഇതിനും കാരണമാവുന്നത് കാപ്പിലരി ആക്ഷനാണെന്നും നേച്ചുര്‍ മൈക്രോഗ്രാവിറ്റിയില്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച പഠനം വിശദീകരിക്കുന്നു.
ബഹിരാകാശ യാത്രികര്‍ ഈ കപ്പിലൂടെ കുടിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനുള്ളിലെ ദ്രാവകം കുടിക്കാന്‍ പാകത്തിനെത്തും. ചുണ്ടിനരികിലേക്കെത്തുന്ന കപ്പിലെ പാനീയം എത്ര അകത്താക്കണമെന്ന് ബഹിരാകാശ യാത്രികര്‍ക്ക് തന്നെ തീരുമാനിക്കാനും സാധിക്കും. വെള്ളം, കൊക്കോ, കാപ്പി, ജ്യൂസുകള്‍ എന്നിങ്ങനെ വിവിധ ദ്രാവകങ്ങളെ നാസ പരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ബഹിരാകാശ യാത്രികനായ ഡോണ്‍ പെറ്റിറ്റിന്റെ കൂടി സഹായത്തിലാണ് ഈ കപ്പ് നാസ ഗവേഷകര്‍ നിര്‍മിച്ചത്.
English Summary: New Video Shows Off NASA's Magic Cup That Doesn't Spill Liquids In Space