ലോകം തന്നെ മാറ്റിമറിക്കാവുന്ന വസ്തു: ന്യൂയോർക്കിൽ റെഡ്മാറ്റർ കണ്ടെത്തി

reddmatter-the-future-of-superconductivity
Screengrab From video uploaded on YouTube by University of Rochester
SHARE

ലോക ഊർജ, ഇലക്ട്രോണിക്സ് രംഗത്തെ മൊത്തത്തിൽ മാറ്റിമറിക്കാവുന്ന ഒരു വസ്തു ന്യൂയോർക്കിൽ കണ്ടെത്തിയതായി അവകാശവാദം. സൂപ്പർ കണ്ടക്ടർ ഗണത്തിലുള്ള ഈ വസ്തു വളരെ ശേഷിയുള്ള ഇലക്ട്രിക്കൽ സംവിധാനങ്ങൾക്കും വഴിവച്ചേക്കാം. 

ന്യൂയോർക്കിലെ റോച്ചസ്റ്റർ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറായ രംഗ ഡയസും സംഘവുമാണ് ഈ പുതിയ വസ്തുവിന്റെ കണ്ടെത്തലിനു പിന്നിൽ. ഹൈഡ്രജൻ, നൈട്രജൻ, ലുട്ടീഷ്യം എന്നീ മൂലകങ്ങളില‍് നിന്നാണു പുതിയ വസ്തു വികസിപ്പിക്കപ്പെട്ടത്. ഒരു ഗിഗാപാസ്കൽ സമ്മർദ്ദത്തിലും 69 ഡിഗ്രി ഫാരൻഹീറ്റ് താപനിലയിലും സൂപ്പർ കണ്ടക്ടീവ് ആകുമെന്നതാണ് ഈ വസ്തുവിന്റെ പ്രത്യേകത. 

വിഖ്യാത ശാസ്ത്ര ജേണലായ നേച്ചറിലാണ് ഇതുസംബന്ധിച്ച ഫലങ്ങൾ പ്രസിദ്ധീകരിച്ചത്. നീലനിറമുള്ള ഈ വസ്തുവിനെ വലിയ ശക്തി ഉപയോഗിച്ച് അമർത്തിയപ്പോൾ അതിന്റെ നിറം ചുവപ്പായെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. അതിനാൽ റെഡ്മാറ്റർ എന്ന പേരും ഇവർ വസ്തുവിന് നൽകി. 

നഷ്ടമില്ലാതെ ദീർഘദൂരം വൈദ്യുതി വിതരണം ചെയ്യാനുള്ള സംവിധാനം, ഘർഷണം തീരെയില്ലാത്ത ലെവിറ്റേറ്റിങ് അതിവേഗ ട്രെയിനുകൾ, ചെലവു കുറഞ്ഞ രീതിയിലുള്ള എംആർഐ പോലുള്ള മെഡിക്കൽ സാങ്കേതികവിദ്യകൾ തുടങ്ങിയവയിൽ പുതിയ വസ്തു സഹായകമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. മികച്ച ടോക്കമാക്കുകൾ നിർമിക്കാൻ സഹായകമാകുന്നതിനാൽ ഭാവിയുടെ ഊർജപ്രതീക്ഷയായ ആണവ സംയോജന (ന്യൂക്ലിയർ ഫ്യൂഷൻ) സാങ്കേതികവിദ്യയ്ക്കും ഇതുപകരിക്കുമെന്ന് ശാസ്ത്രജ്​ഞർ പറയുന്നു. 

എന്നാൽ വലിയ അഭ്യൂഹങ്ങൾക്കൊപ്പം തന്നെ വിരുദ്ധാഭിപ്രായവും ഉയർന്നിട്ടുണ്ട്. രംഗ ഡിയാസിന്റെ പരീക്ഷണം മറ്റു ചില ഗവേഷണ ഗ്രൂപ്പുകൾ ചെയ്തെങ്കിലും കൃത്യമായ ഫലങ്ങൾ എത്തിയില്ലെന്നും ആരോപണമുണ്ട്. 

ചെമ്പ്, ഇരുമ്പ് തുടങ്ങി ഒട്ടേറെ ലോഹങ്ങളും വൈദ്യുതിയുടെ ചാലകം അഥവാ കണ്ടക്ടർ ആണ്. ഒരു വസ്തുവിൽ വൈദ്യുതിയുടെ ഒഴുക്കിനു സംഭവിക്കുന്ന തടസ്സത്തിനെ റെസിസ്റ്റൻസ് എന്നു വിളിക്കുന്നു. താപനില കുറയുന്നതിനനുസരിച്ച് ചാലകങ്ങളിൽ റെസിസ്റ്റൻസ് കൂടുകയാണു ചെയ്യുന്നത്. എന്നാല‍് സൂപ്പർ കണ്ടക്ടർ അഥവാ അതിചാലകങ്ങളിൽ ഒരു പ്രത്യേക താഴ്ന്ന താപനിലയ്ക്കു താഴെ റെസിസ്റ്റൻസ് പൂർണമായും ഇല്ലാതെയാകും. ക്രിട്ടിക്കൽ ടെംപറേച്ചർ എന്നാണ് ഈ താപനില അറിയപ്പെടുന്നത്. സൂപ്പർ കണ്ടക്ടറുകൾക്ക് മികവുറ്റ പ്രയോഗ സാധ്യതകളാണുള്ളത്. 

ശ്രീലങ്കയിൽ നിന്നുള്ള ഗവേഷകനാണ് രംഗ ഡയസ്. 2013ൽ വാഷിങ്ടൻ സർവകലാശാലയിൽ നിന്നു പിഎച്ച്ഡി നേടിയ ശേഷമാണ് രംഗ റോച്ചസ്റ്ററിൽ ഗവേഷകനായത്. 

English Summary: Scientists Find A New Material That Could Change The Entire World: Study

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS