ADVERTISEMENT

യുകെ ആസ്ഥാനമായുള്ള നെറ്റ്‌വർക്ക് ആക്‌സസ് അസോസിയേറ്റഡ് ലിമിറ്റഡിന്റെ (വൺവെബ്) 36 ഉപഗ്രഹങ്ങൾ കൂടി മാർച്ച് 26ന് ഇന്ത്യയിൽ നിന്ന് വിക്ഷേപിക്കും. ഇസ്രോയുടെ റോക്കറ്റ് എൽവിഎം 3 ആണ് വിക്ഷേപണത്തിന് ഉപയോഗിക്കുക. ഇന്ത്യയുടെ ഭാരതി ഗ്രൂപ്പിന്റെ പിന്തുണയുള്ള വൺവെബിന് ഇതിനകം തന്നെ 582 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലുണ്ട്. മാർച്ച് 26ന് 36 ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കുന്നതോടെ മൊത്തം ഉപഗ്രഹങ്ങളുടെ എണ്ണം 618 ആകും.

 

ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡുമായി (എൻഎസ്ഐഎൽ) ഉപഗ്രഹങ്ങൾ ലോ-എർത്ത് ഓർബിറ്റിലേക്ക് വിക്ഷേപിക്കുന്നതിനുള്ള വാണിജ്യ കരാർ പ്രകാരമുള്ള വൺവെബിന്റെ രണ്ടാമത്തെ ദൗത്യമാണിത്. ആദ്യ ദൗത്യമായ എൽവിഎം3-എം2/വൺവെബ് ഇന്ത്യ-1, 2022 ഒക്ടോബർ 23നാണ് വിക്ഷേപിച്ചത്. അന്ന് 36 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.

 

ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ MkIII (ജിഎസ്എൽവി MkIII) എന്നറിയപ്പെട്ടിരുന്ന എൽവിഎം3 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) വൺവെബുമായി രണ്ട് ഘട്ടങ്ങളിലായി 72 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിന് 1,000 കോടി രൂപയ്ക്ക് ഒപ്പിട്ടതായി വൺവെബ് ചെയർമാൻ സുനിൽ ഭാരതി മിത്തൽ നേരത്തേ വെളിപ്പെടുത്തിയിരുന്നു

 

∙ എന്താണ് വണ്‍ വെബ്, ലക്ഷ്യമിടുന്നത് എന്ത്?

 

ഉപഗ്രഹത്തിൽ നിന്ന് ഭൂമിയിലേക്ക് നേരിട്ട് ഇന്റർനെറ്റ്‌ സേവനം നൽകുകയാണ് വൺവെബ് ലക്ഷ്യമിടുന്നത്. എയർടെല്ലിനു പങ്കാളിത്തമുള്ള കമ്പനിയാണ് വണ്‍ വെബ്. ഭൂമിയോട് ചേർന്നുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹ ശൃംഖല തീർത്ത് ലോകം മുഴുവൻ ഇന്റർനെറ്റ്‌ ലഭ്യമാക്കുന്ന പദ്ധതിയാണ് നടപ്പിലാക്കുക. പവർ കണക്റ്റിവിറ്റി വേണ്ടെന്നതും വേഗതയുമാണ് ഇതിന്റെ പ്രത്യേകത. ആദ്യം ഖസാക്കിസ്ഥാനിലെ ബൈകാനൂരിൽ നിന്നാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങിയത്. എന്നാല്‍ യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ അത് ഉപേക്ഷിക്കുകയായിരുന്നു. തുടർന്നാണ് വൺ വെബ് ഇസ്രോയുമായും സ്പേസ്എക്സുമായും കരാർ ഒപ്പിട്ടത്. വൺ വെബുമായുള്ള കരാർ ഇന്ത്യയ്ക്ക് വലിയ നേട്ടമാണ്. ഇന്ത്യയുടെ എൽവിഎം ത്രീ ആഗോള വാണിജ്യ വിക്ഷേപണ സേവന വിപണിയിൽ പ്രവേശിക്കുന്നതിനും ഇത്  കാരണമായി.

 

∙ എല്‍വിഎംത്രീ

 

640 ടണ്‍ ഗ്രോസ് ലിഫ്റ്റ് ഭാരവും 5 മീറ്റര്‍ വ്യാസവുമുള്ള റോക്കറ്റിന്റെ നീളം 43.5 മീറ്ററാണ്. ആദ്യ ഘട്ടം ഖര ഇന്ധനംകൊണ്ട് പ്രവര്‍ത്തിക്കുന്ന എന്‍ജിനും രണ്ടാം ഘട്ടം ദ്രാവക ഇന്ധനംകൊണ്ട് പ്രവര്‍ത്തിക്കുന്നതും മൂന്നാമത്തേത് ക്രയോജെനിക്കുമാണ്. 10 ടൺ വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാന്‍ എല്‍വിഎംത്രീക്ക് ശേഷിയുണ്ട്. 5400 കിലോഗ്രാം ഭാരമുള്ള 36 ഉപഗ്രഹങ്ങൾ ഒന്നിച്ച് ഭ്രമണപഥത്തിൽ എത്തിക്കാന്മ‍ എല്‍വിഎം ത്രീയ്ക്ക് സാധിക്കും. ജിഎസ്എൽവിയുടെ പേരുമാറ്റിയ രൂപമാണ് ലോഞ്ച് വെഹിക്കിൾ മാർക്ക് ത്രീ അതായത് എല്‍വിഎം ത്രീ.

 

English Summary: ISRO to launch 36 satellites of OneWeb on March 26

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com