ADVERTISEMENT

ഛിന്നഗ്രഹം ദിമോര്‍ഫസുമായി വിജയകരമായി കൂട്ടിയിടിച്ച ഡാര്‍ട്ട് ദൗത്യത്തിന്റെ വിഡിയോ പുറത്തുവിട്ട് നാസ. ഒരു റഫ്രിജറേറ്ററിന്റെ വലുപ്പമുള്ള ബഹിരാകാശ പേടകമാണ് 520 അടി വലുപ്പമുള്ള ദിമോര്‍ഫസിലേക്ക് ഇടിച്ചിറങ്ങിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 26ന് നടന്ന ഡാര്‍ട്ട് കൂട്ടിയിടിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഭൂമിക്ക് ഭീഷണിയാവാന്‍ സാധ്യതയുള്ള ഛിന്നഗ്രഹങ്ങളേയും ഉല്‍ക്കകളേയും കൂട്ടിയിടിയിലൂടെ ദിശമാറ്റിവിടാനാവുമോ എന്ന പരീക്ഷണമാണ് ഡാര്‍ട്ട് വഴി നടത്തിയത്. 

 

ഡാര്‍ട്ട് കൂട്ടിയിടി വഴി ദിമോര്‍ഫിസ് ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ 33 മിനിറ്റുകളുടെ മാറ്റം സംഭവിച്ചിരുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ അഞ്ചിരട്ടി മികച്ച ഫലമാണിത്. അതുകൊണ്ടുതന്നെ ഡൗര്‍ട്ട് ദൗത്യത്തെ വിജയകരമായാണ് വിലയിരുത്തുന്നത്. കൂട്ടിയിടിക്ക് ശേഷമുണ്ടായ കാര്യങ്ങളെക്കുറിച്ച് പഠിച്ചത് എഡിന്‍ബറോ സര്‍വകലാശാലയിലെ ഗവേഷകരാണ്. മണിക്കൂറില്‍ 22,000 കിലോമീറ്ററില്‍ സഞ്ചരിക്കുന്ന ദിമോര്‍ഫസിലേക്ക് ഡാര്‍ട്ട് ഇടിച്ചപ്പോഴുണ്ടായ സംഭവങ്ങള്‍ നമ്മുടെ സൗരയൂഥം പിറന്നപ്പോള്‍ സംഭവിച്ച പല കാര്യങ്ങളിലേക്കുമുള്ള വഴികാട്ടിയാവുമെന്നും ഗവേഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്. 

 

ഇത്തരം ഛിന്നഗ്രഹങ്ങളുടെ ഉള്ളിലെ ഭാഗങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാനും ഡാര്‍ട്ട് പരീക്ഷണം മൂലം സാധിക്കും. ഛിന്നഗ്രഹങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നത് അസാധാരണമല്ല. എന്നാല്‍ ഇത് പലപ്പോഴും മുന്‍കൂട്ടി അറിയാന്‍ സാധിക്കാറില്ല. എന്നാല്‍ ഡാര്‍ട്ട് ദൗത്യത്തിന്റെ പ്രധാന സവിശേഷത അത് മുന്‍കൂട്ടി അറിയാനും പരമാവധി വിവരങ്ങള്‍ ശേഖരിക്കാനും സാധിച്ചുവെന്നതായിരുന്നു. ഭൂമിയില്‍ നിന്നും ഏതാണ്ട് 11 ദശലക്ഷം കിലോമീറ്റര്‍ അകലെ സംഭവിച്ച ഡാര്‍ട്ട് കൂട്ടിയിടിയുടെ വിവരങ്ങള്‍ യൂറോപ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററിയുടെ വെരി ലാര്‍ജ് ടെലസ്‌കോപ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. 

 

കൂട്ടിയിടിയെ തുടര്‍ന്നുണ്ടായ അവശിഷ്ടങ്ങളെ ഒരു മാസത്തോളം നിരീക്ഷിച്ചതിന്റെ പഠനഫലമാണ് അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സില്‍ പ്രസിദ്ധീകരിച്ചത്. ചിലെയിലെ മ്യൂസ് ദൂരദര്‍ശിനി വഴി ശേഖരിച്ച വിവരങ്ങളും പഠനത്തിന് മുതല്‍ക്കൂട്ടായി. കൂട്ടിയിടിക്ക് പിന്നാലെ നീല നിറത്തിലുള്ള പൊടി ഈ ഛിന്നഗ്രഹത്തിന് ചുറ്റും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ വൈകാതെ പൊടിപടലങ്ങള്‍ കൂടിച്ചേരുകയും സൂര്യന്റെ എതിര്‍ദിശയില്‍ നീണ്ട വാലായി മാറുകയും ചെയ്തു. ദിമോര്‍ഫിസില്‍ നിന്നും പുറത്തുവരുന്ന പൊടിപടലങ്ങള്‍ നിരീക്ഷിച്ച് ദിമോര്‍ഫസിന്റെ ഉള്ളിലെ ഘടകങ്ങളെ കണ്ടെത്താന്‍ മ്യൂസ് ദൂരദര്‍ശിനി നല്‍കുന്ന വിവരങ്ങള്‍ സഹായിക്കും. 

 

അസ്‌ട്രോഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്‌സില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തില്‍ ദിമോര്‍ഫിസില്‍ നിന്നും പ്രതിഫലിക്കുന്ന പ്രകാശത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. കൂട്ടിയിടിക്ക് ശേഷം പ്രകാശം പ്രതിഫലിക്കുന്നത് വര്‍ധിച്ചെന്ന് കണ്ടെത്തി. ഛിന്ന ഗ്രഹത്തിന്റെ ഉള്‍ഭാഗത്ത് കൂടുതല്‍ മിനുസമുള്ള ഘടകങ്ങളാണുള്ളതെന്നും ഇതുവഴി ഗവേഷകര്‍ അനുമാനിക്കുന്നു. തുടര്‍ച്ചയായി വെളിച്ചവും പൊടിയും കാറ്റും റേഡിയേഷനുമെല്ലാം ഏല്‍ക്കുന്നതിനാല്‍ പുറം ഭാഗത്തിന് കാലാന്തരത്തില്‍ മാറ്റമുണ്ടായതാകാമെന്നും കരുതപ്പെടുന്നു.

 

English Summary: Aftermath of NASA's asteroid deflection test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com