ADVERTISEMENT

കഴിഞ്ഞ ദിവസം വൺവെബിന്റെ 36 ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിച്ചതോടെ ഇന്ത്യയുടെ വാണിജ്യ വിപണിയിലെ സാന്നിധ്യം കൂടുതൽ സജീവമാക്കി. രണ്ട് തവണയായി 72 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ഇതിലൂടെ ഇന്ത്യയ്ക്ക് ലഭിച്ചത് 13.7 കോടി ഡോളർ (ഏകദേശം 1100 കോടി രൂപ) ആണ്. റഷ്യൻ ബഹിരാകാശ ഏജൻസി വഴി ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായിരുന്നു വൺവെബ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാൽ, റഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടയിൽ വിക്ഷേപണം ഉപേക്ഷിക്കേണ്ടിവന്നു. ഇതോടെയാണ് വൺവെബ് സ്പേസ്എക്സിന്റെയും ഇസ്രോയുടെയും സഹായം തേടിയത്.

 

ഭാവിയിൽ വാണിജ്യ വിക്ഷേപണങ്ങൾ വർധിപ്പിക്കാനാണ് ഇന്ത്യയുടെ പദ്ധതി. ഇതോടൊപ്പെം തന്നെ സ്വന്തം വിക്ഷേപണ റോക്കറ്റുകൾ വികസിപ്പിക്കുന്ന കാര്യത്തിൽ സ്കൈറൂട്ട്, അഗ്നികുൾ പോലുള്ള സ്വകാര്യ കമ്പനികളും സജീവമായി കഴിഞ്ഞു. 2030 ഓടെ ബഹിരാകാശ വാണിജ്യ വിപണിയിൽ ഇന്ത്യയുടെ 2 ശതമാനം വിഹിതം 10 ശതമാനമായി ഉയർത്താനാണ് സർക്കാർ പദ്ധതിയിടുന്നത്.

 

വാണിജ്യ മേഖലയെ മനസ്സിൽ വെച്ചുകൊണ്ട്, ആവശ്യാനുസരണം വിക്ഷേപണ സേവനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ നൽകുന്നതിന് വേണ്ടിയുള്ള ചെറു ഉപഗ്രഹ വിക്ഷേപണ വാഹനവും (എസ്എസ്എൽവി) ഇസ്രോ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ‌നിലവിലെ മറ്റൊരു റോക്കറ്റായ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിനേക്കാൾ (പിഎസ്എൽവി) വളരെ ചെലവ് കുറവാണ് എസ്എസ്എൽവിക്ക്. എസ്എസ്എൽവിയുടെ രണ്ട് വിക്ഷേപണങ്ങൾ ഇതിനകം നടന്നു - ഒന്ന് വിജയിച്ചു, ഒന്ന് ഭാഗികമായി വിജയിച്ചു.

 

ഇതുവരെ, കുറഞ്ഞത് 36 രാജ്യങ്ങളിൽ നിന്നായി 384 വിദേശ ഉപഗ്രഹങ്ങൾ ഇസ്രോ വിക്ഷേപിച്ചിട്ടുണ്ട്. 2019ൽ സ്ഥാപിച്ച ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് വഴിയുള്ള വരുമാനത്തിൽ വർധനവുണ്ടായിട്ടുണ്ടെന്ന് ബഹിരാകാശ ഏജൻസിയുടെ ബജറ്റിനെക്കുറിച്ചുള്ള പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ റിപ്പോർട്ട് പറയുന്നു. 2020-21 ൽ 444.34 കോടി രൂപ വരുമാനം ലഭിച്ചപ്പോൾ 2021-22ൽ ഇത് 1,731 കോടി രൂപയായി ഉയർന്നു.

 

രാജ്യാന്തര ബഹിരാകാശ വിപണിയിൽ അടുത്ത വർഷങ്ങളിൽ ഇന്ത്യ വന്‍ കുതിപ്പ് നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. 2025 ഓടെ ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ 1,280 കോടി ഡോളറാകുമെന്നാണ് (ഏകദേശം 105,448.38 കോടി രൂപ) പ്രതീക്ഷിക്കുന്നത്. ഉപഗ്രഹ വിക്ഷേപണ സേവന വിഭാഗം സ്വകാര്യ പങ്കാളിത്തം വർധിപ്പിച്ച് അതിവേഗ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുമെന്ന് അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. കുറഞ്ഞ നിരക്കിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ യുഎസ് ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ ഇന്ത്യയെ സമീപിക്കുന്നുണ്ട്.

 

ചെറിയ ഉപഗ്രഹങ്ങൾക്കായുള്ള വർധിച്ചുവരുന്ന ആവശ്യം രാജ്യത്ത് ഉപഗ്രഹ നിർമാണം വർധിപ്പിക്കും. ബഹിരാകാശ സാങ്കേതിക കമ്പനികളെ ഇവിടെ നിക്ഷേപം നടത്താൻ പ്രേരിപ്പിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. ഇസ്രോയുമായി സഹകരിച്ച് പ്രവർത്തിക്കാന്‍ നിരവധി സ്റ്റാർട്ടപ്പുകൾ മുന്നോട്ടുവന്നിട്ടുണ്ടെന്നും ഇന്ത്യൻ സ്‌പേസ് അസോസിയേഷനും (ഐഎസ്പിഎ) ഏണസ്റ്റ് ആൻഡ് യംഗും പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

 

വിദേശനാണ്യത്തിന്റെ കാര്യത്തിൽ സാറ്റലൈറ്റ് സേവനങ്ങളും ആപ്ലിക്കേഷൻ വിഭാഗവും വലിയ മുന്നേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 ഓടെ 460 കോടി ഡോളർ വിറ്റുവരവും, ഉപഗ്രഹ നിർമാണം വഴി 320 കോടി ഡോളറും, വിക്ഷേപണ സേവനങ്ങളിലൂടെ 100 കോടി ഡോളറുമാണ് വരുമാനം പ്രതീക്ഷിക്കുന്നത്.

 

ബഹിരാകാശ മേഖലയിൽ സ്വകാര്യ കമ്പനികളെ ഉൾപ്പെടുത്തുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ഇന്ത്യൻ ബഹിരാകാശ പദ്ധതികൾക്ക് കൂടുതൽ ഉത്തേജനം ലഭിച്ചിട്ടുണ്ട്. കുറഞ്ഞ നിരക്കിലുള്ള സാറ്റലൈറ്റ് വിക്ഷേപണ റോക്കറ്റുകളുടെ ലഭ്യതയും വൻതോതിലുള്ള റോക്കറ്റ് നിർമാണവും ലോകമെമ്പാടുമുള്ള ഉപഭോക്താക്കളിൽ നിന്നുള്ള വരുമാനം വർധിപ്പിക്കും. നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഇന്ത്യൻ സ്വകാര്യ കമ്പനികൾ ബഹിരാകാശ വ്യവസായത്തെ കൂടുതൽ ഉപയോഗപ്പെടുത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

 

English Summary: ISRO earns $137mn as PM Modi asked ISRO to launch OneWeb satellites

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com