ADVERTISEMENT

നോക്കിയ വെളിപ്പെടുത്തിയ വിശദാംശങ്ങൾ അനുസരിച്ച് ചന്ദ്രനിലും 4ജി നെറ്റ്‌വർക്ക് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. 2023 അവസാനത്തോടെ ചന്ദ്രനിൽ 4ജി നെറ്റ്‌വർക്ക് അവതരിപ്പിക്കാൻ സാധിക്കുമെന്നാണ് നോക്കിയയുടെ റിപ്പോർട്ടിൽ പറയുന്നത്. ചാന്ദ്രോപരിതലത്തിലെ ആദ്യ നെറ്റ്‌വര്‍ക്ക് ഒരുക്കാനായി നാസ വർഷങ്ങൾക്ക് മുൻപേ ഫിനിഷ് കമ്പനിയായ നോക്കിയയ്ക്ക് 14.1 ദശലക്ഷം ഡോളറിന് കരാർ നൽകിയിരുന്നു.

 

നോക്കിയ വരും മാസങ്ങളിൽ സ്‌പേസ്എക്‌സ് റോക്കറ്റിൽ 4ജി നെറ്റ്‌വർക്ക് ലഭ്യമാക്കാൻ വേണ്ട സംവിധാനങ്ങൾ വിക്ഷേപിക്കും. നോവ-സി ലൂണാർ ലാൻഡറിലെ ആന്റിന വഴിയായിരിക്കും നെറ്റ്‌വർക്കിന് വേണ്ട ബേസ് സ്റ്റേഷൻ സജ്ജീകരിക്കുക. സൗരോർജത്തിൽ പ്രവർത്തിക്കുന്ന റോവറും ഇതിനൊപ്പം ഉണ്ടാകും. ലാൻഡറിനും റോവറിനും ഇടയിൽ എൽടിഇ (4ജി) കണക്ഷൻ സ്ഥാപിക്കുമെന്നാണ് റിപ്പോർട്ട്. നാസയുടെ വരാനിരിക്കുന്ന ആർട്ടെമിസ് 1 ദൗത്യത്തിൽ ഏറ്റവും പുതിയ 4ജി നെറ്റ്‌വർക്ക് ഉപയോഗിക്കാനും സാധിച്ചേക്കും.

 

എംഡബ്ല്യുസി 2023 ൽ ചാന്ദ്ര 4ജി നെറ്റ്‌വർക്ക് അവതരിപ്പിക്കുന്നതിനുള്ള പദ്ധതികൾ നോക്കിയ സ്ഥിരീകരിച്ചിരുന്നു. സുപ്രധാന കമാൻഡ് ആൻഡ് കൺട്രോൾ ഫങ്ഷനുകൾ, ലൂണാർ റോവറുകളുടെ റിമോട്ട് കൺട്രോൾ, തത്സമയ നാവിഗേഷൻ, ഹൈ ഡെഫനിഷൻ വിഡിയോ സ്ട്രീമിങ് എന്നിവയുൾപ്പെടെ വിവിധ ഡേറ്റാ ട്രാൻസ്മിഷൻ ആപ്ലിക്കേഷനുകൾക്ക് നിർണായക ആശയവിനിമയ സംവിധാനങ്ങൾ ലഭ്യമാക്കാൻ ഇത് സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

 

ഭാവി ബഹിരാകാശ ദൗത്യങ്ങൾക്കുള്ള ആശയവിനിമയ സംവിധാനങ്ങൾക്ക് ഇത്തരം നെറ്റ്‌വർക്കുകൾ സഹായിക്കുമെന്ന് നോക്കിയ എക്സിക്യൂട്ടീവ് വെളിപ്പെടുത്തി. 4ജി നെറ്റ്‌വർക്കിന്റെ വിന്യാസം ബഹിരാകാശയാത്രികരുടെ നിയന്ത്രണത്തിലായിരിക്കുമ്പോൾ സഹപ്രവർത്തകരുമായി ആശയവിനിമയം നടത്തുന്നത് എളുപ്പമാക്കും. റോവറിനെ വിദൂരത്തിരുന്ന് നിയന്ത്രിക്കാനും തത്സമയ വിഡിയോ സ്ട്രീം ചെയ്യാനും ടെലിമെട്രി ഡേറ്റ ഭൂമിയിലേക്ക് തിരികെ അയയ്ക്കാനും ഈ നെറ്റ്‌വർക്ക് സഹായിക്കുമെന്ന് നോക്കിയ പറയുന്നു.

 

ഇതിനുപുറമെ, ഈ നെറ്റ്‌വർക്ക് സഹായത്തോടെ ചന്ദ്രനിൽ ഐസ് കണ്ടെത്താനും നോക്കിയ ലക്ഷ്യമിടുന്നതായി റിപ്പോർട്ടുണ്ട്. ചന്ദ്രന്റെ ഉപരിതലം മിക്കവാറും വരണ്ടതാണെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തുമ്പോൾ തന്നെ ധ്രുവങ്ങൾക്ക് ചുറ്റുമുള്ള ഗർത്തങ്ങളിൽ മഞ്ഞിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഈ ഐസ് വെള്ളം കുടിക്കാൻ ഉപയോഗിക്കാമെന്നും ഹൈഡ്രജനും ഓക്സിജനും റോക്കറ്റ് ഇന്ധനമാക്കി മാറ്റാമെന്നും പറയപ്പെടുന്നു. ഇതിലൂടെ ബഹിരാകാശയാത്രികർക്ക് ഓക്സിജൻ നൽകാനും കഴിഞ്ഞേക്കും.

 

∙ ചന്ദ്രനില്‍ ഇപ്പോള്‍ എന്തിനാണ് 4ജി?

 

ചന്ദ്രനില്‍ സെല്ല്യുലര്‍ നെറ്റ്‌വര്‍ക്ക് വരുന്നത് ലൂനാര്‍ റോവറുകളുടെ നിയന്ത്രണം കൂടുതല്‍ എളുപ്പമാക്കുമെന്നു കരുതുന്നു. തത്സമയ നാവിഗേഷനെ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഹൈ-ഡെഫനിഷന്‍ വിഡിയോ സ്ട്രീം ചെയ്യാനും 4ജി നെറ്റ്‌വര്‍ക്ക് സഹായകമായിരിക്കും. ഇതുകൂടാതെ, ഭാവിയില്‍ മനുഷ്യവാസം തുടങ്ങാനുള്ള സാധ്യതകള്‍ ആരായുന്നതിനും ഇത് ഏറെ ഗുണംചെയ്യുമെന്നു പറയുന്നു.

 

∙ ഇത് പ്രായോഗികമാണോ?

 

വളരെ ശ്രമകരമായ ഒരു ദൗത്യമായിരിക്കും ചന്ദ്രനില്‍ 4ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുക എന്നാണ് വിലയിരുത്തല്‍. എന്നാല്‍, ചന്ദ്രോപരിതലത്തെ മുന്നില്‍ കണ്ട് തങ്ങള്‍ വികസിപ്പിച്ച സാങ്കേതികവിദ്യ അവിടെയുള്ള തീവ്രമായ കാലാവസ്ഥാ ചാഞ്ചാട്ടത്തെ മറികടക്കാനുതകുന്ന രീതിയിലാണെന്ന് കമ്പനി പറയുന്നു. ബഹിരാകാശത്തെ റേഡിയേഷന്‍, വാക്വം അവസ്ഥകള്‍ തുടങ്ങിയവയ്ക്കും ഈ ടെക്‌നോളജി വികസിപ്പിച്ചപ്പോള്‍ പ്രത്യേക പരിഗണന നല്‍കിയെന്നും കമ്പനി പറയുന്നു. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമ്പോഴും അവിടെ നിന്നു ലോഞ്ച് ചെയ്യുമ്പോഴും ഉണ്ടാകുന്ന വന്‍ കമ്പനങ്ങളുടെ ആഘാതവും പരിഗണിച്ചുവെന്നും കമ്പനി പറയുന്നു.

 

∙ ബഹിരാകാശ ഗവേഷണത്തിന് വകമാറ്റിയ 370 ദശലക്ഷം ഡോളറില്‍ നിന്നാണ് ധനസഹായം

 

ബഹിരാകാശ ഗവേഷണത്തിനായി നാസയുടെ പ്രോഗ്രാമാണ് ടിപ്പിങ് പോയിന്റ്. ഇതിന്റെ ഭാഗാമായി 370 ദശലക്ഷം ഡോളറിന്റെ കോണ്‍ട്രാക്ടാണ് നാസ നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് നോക്കിയയ്ക്കും പണം നല്‍കുന്നത്. ബഹിരാകാശ ഗവേഷണം എന്ന വിഷയം ചൂടുപിടിക്കുന്ന സമയമാണിത്. ഇതിനായി പല പുതിയ സാങ്കേതികവിദ്യകളും ഉപയോഗിക്കും. മൊത്തം 14 കമ്പനികളെയാണ് നാസ വിവിധ ടെക്‌നോളജികള്‍ ബഹിരാകാശത്ത് സ്ഥാപിക്കുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. നാസയുടെ നിക്ഷേപത്തിന്റെ സിംഹഭാഗവും ക്രയോജനിക് ഫ്‌ളൂയിഡ് മാനേജ്‌മെന്റിനായിരിക്കും ഉപയോഗിക്കുന്നത്. ഇടാ സ്‌പെയ്‌സ്, ലോക്ഹീഡ് മാര്‍ട്ടിന്‍, സ്‌പേസ്എക്‌സ്, യുഎല്‍എ തുടങ്ങിയ കമ്പനികളും നാസയുടെ പദ്ധതിയുടെ ഭാഗമാണ്.

 

ചന്ദ്രന്റെ ഉപരിതലത്തില്‍ പുതിയ സാങ്കേതികവിദ്യകള്‍ തങ്ങള്‍ നടത്തുന്ന നിക്ഷേപത്തിന്റെ ഭാഗമായി എത്തുന്നുവെന്നത് വളരെ ഉത്തേജനം പകരുന്ന കാര്യമാണെന്ന് നാസയുടെ ബഹിരാകാസ സാങ്കേതികവിദ്യാ വിഭാഗത്തിന്റെ അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ ആയ ജിം റോയിട്ടര്‍ നേരത്തേ പറഞ്ഞിരുന്നു.

 

∙ എന്തുകൊണ്ട് നോക്കിയ?

 

യുണൈറ്റഡ് പ്രസ് ഇന്റര്‍നാഷണല്‍ നേരത്തേ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം നോക്കിയ വികസിപ്പിച്ച ടെക്‌നോളജിക്ക് ചന്ദ്രോപരിതലത്തില്‍ ദീര്‍ഘദൂരത്തില്‍ സിഗ്നലുകള്‍ കൈമാറാനുള്ള കഴിവുണ്ട്. എതിരാളികളുടെ സാങ്കേതികവിദ്യകളേക്കാള്‍ വര്‍ധിച്ച സ്പീഡും ലഭ്യമാക്കാന്‍ നോക്കിയയ്ക്ക് സാധിക്കും. ഇതിനാല്‍ നോക്കിയയുടെ സാങ്കേതികവിദ്യയാണ് കൂടുതല്‍ വിശ്വാസയോഗ്യമെന്ന നിലപാടിലെത്തുകയായിരുന്നു നാസ.

 

∙ പക്ഷേ, ഫോണ്‍ എടുക്കണോ?

 

എന്നാല്‍, ചന്ദ്രനിലേക്ക് പോകുമ്പോള്‍ ഫോണ്‍ എടുക്കണോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയം നില്‍ക്കുന്നുണ്ടെന്ന് ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നു. നോക്കിയ, വോഡഫോണ്‍ ജര്‍മനിയുമായി ചേര്‍ന്ന് സമാനമായ ഒരു പദ്ധതി 2018ല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍ പ്രകാരം 2019ല്‍ ചന്ദ്രമുഖത്ത് 4ജി വിന്യസിക്കുമെന്നായിരുന്നു അവകാശവാദം. എന്നാല്‍, നമുക്ക് ഇപ്പോള്‍ അറിയാവുന്നതു പോലെ അതൊന്നും നടന്നിട്ടില്ല.

 

English Summary: Nokia to launch 4G mobile network on the moon in late 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com