ADVERTISEMENT

നീല്‍ ആംസ്‌ട്രോങ് ചന്ദ്രനില്‍ കാലു കുത്തിയ ആദ്യ മനുഷ്യനായിട്ട് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ആംസ്‌ട്രോങ്ങിന് പിന്നാലെ ബസ് ആല്‍ഡ്രിന്‍, അലന്‍ ഷെപ്പേഡ്, ഇയൂഗന്‍ സെര്‍നാന്‍ എന്നിങ്ങനെ 12 മനുഷ്യര്‍ ചന്ദ്രനിലെത്തിയിട്ടുണ്ട്. എന്നാല്‍ ഈ പട്ടികയില്‍ ഒരു പെണ്‍ സാന്നിധ്യം പോലുമില്ല. മനുഷ്യരാശിയുടെ ഈ നാണക്കേട് തിരുത്താന്‍ തീരുമാനിച്ചുറപ്പിച്ചുള്ളതാണ് നാസയുടെ പുതിയ ആര്‍ട്ടിമിസ് ചാന്ദ്ര ദൗത്യം. ഇപ്പോഴും ആരാണ് ചന്ദ്രനിലെത്തുന്ന ആദ്യ വനിതയെന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. എന്നാൽ ലിസ്റ്റിലെ അവസാന നാലു പേരെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

പ്രധാനമായും ഒൻപത് പേരാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയുടെ സാധ്യതാ പട്ടികയിലുള്ളത്. ഇതില്‍ ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്കയ്ക്കുവേണ്ടി പോരാടിയ നാവിക സേനാംഗം, ഒരു കേംബ്രിഡ്ജ് ബിരുദധാരി, റഗ്ബി താരം, ഹെലിക്കോപ്റ്റര്‍ പൈലറ്റായ ഇരട്ടക്കുട്ടികളുടെ അമ്മ, അഞ്ചാം വയസു മുതല്‍ ബഹിരാകാശ യാത്ര സ്വപ്‌നം കാണുന്ന സ്‌കൂബ ഡൈവര്‍ എന്നിങ്ങനെ പല മേഖലയില്‍ നിന്നുള്ളവരുണ്ട്. ചന്ദ്രനിലെത്തുന്ന ആദ്യ വനിതയാവാനുള്ള മത്സരത്തില്‍ ഇവരുടെ സാധ്യതയും പരിമിതിയും കൂടുതലായി മനസ്സിലാക്കാം. 

 

∙ കൈല ബാരണ്‍

 

Photo: NASA
Photo: NASA

34കാരിയായ കൈല വാഷിങ്ടണിലെ റിച്ച്‌ലാന്റ് സ്വദേശിയാണ്. ബഹിരാകാശത്ത് 176 ദിവസവും രണ്ട് മണിക്കൂറും 39 മിനിറ്റും ചെലവഴിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷമായി നാസയുടെ ബഹിരാകാശ യാത്രികയായ കൈലയാണ് ഈ സാധ്യതാ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെയാള്‍. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നും ന്യൂക്ലിയര്‍ എൻജിനീയറിങ്ങില്‍ ബിരുദം. 2021 നവംബര്‍ 10ന് സ്‌പേസ് എക്‌സിന്റെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള ക്രൂ 3 ദൗത്യത്തിന്റെ ഭാഗമായി. ആറര മണിക്കൂര്‍ ബഹിരാകാശ നടത്തം വിജയകരമായി പൂര്‍ത്തിയാക്കി. ഈ ദൗത്യത്തിന്റെ ഫ്‌ളൈറ്റ് എൻജിനീയറായിരുന്നു കൈല. 

 

34 വയസു മാത്രമാണ് പ്രായമെന്നത് കൈലക്ക് തിരിച്ചടിയല്ല. അനുഭവസമ്പത്ത് മാത്രം പരിഗണിച്ചല്ല നീല്‍ ആംസ്‌ട്രോങ് ചന്ദ്രനില്‍ ആദ്യം ഇറങ്ങുന്ന മനുഷ്യനാവാന്‍ തിരഞ്ഞെടുക്കപ്പെട്ടത്. സമ്മര്‍ദങ്ങളെ ലാഘവത്തോടെ കൈകാര്യം ചെയ്യാനുള്ള മിടുക്കും ആംസ്‌ട്രോങ്ങിന്റെ തിരഞ്ഞെടുപ്പില്‍ പങ്കുവഹിച്ചിരുന്നു. കൈലയെ എങ്ങനെ ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കാനാകുമെന്ന ചോദ്യത്തിന് നാസയുടെ ഉത്തരമായിരിക്കും അന്തിമതീരുമാനമെടുക്കുക. 

 

∙ ക്രിസ്റ്റീന കോച്ച്

മിഷിഗണിലെ ഗ്രാന്റ് റാപിഡ്‌സ് സ്വദേശിയായ ക്രിസ്റ്റീന 328 ദിവസവും 13 മണിക്കൂറും 58 മിനിറ്റും ബഹിരാകാശത്ത് കഴിഞ്ഞിട്ടുണ്ട്. ഒറ്റയടിക്ക് ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത് കഴിഞ്ഞതിന്റെ റെക്കോഡുണ്ട് ഈ 43കാരിക്ക്. 2019ലും 2020ലുമായാണ് ക്രിസ്റ്റീന 328 ദിവസം ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞത്. ആദ്യത്തെ വനിതാ ബഹിരാകാശ നടത്തത്തിന്റെ റെക്കോർഡിലും ക്രിസ്റ്റീനയുടെ പേരുണ്ട്. ആറ് തവണയായി 42 മണിക്കൂറും 15 മിനിറ്റും ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയിട്ടുണ്ട് ഇവര്‍. ഒറ്റയടിക്ക് 328 ദിവസം ബഹിരാകാശത്ത് കഴിയുക എന്നത് ഇവരുടെ സഹനശേഷിയേയാണ് കാണിക്കുന്നത്. 2024ല്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ആര്‍ട്ടിമിസ് ദൗത്യത്തിന്റെ ഭാഗമാവാന്‍ സാധ്യതയുള്ളവരില്‍ മുന്നിലുണ്ട് ക്രിസ്റ്റീന. 

 

∙ നിക്കോള്‍ മന്‍

പരിചയസമ്പന്നയായ പൈലറ്റാണ് എന്നതാണ് നിക്കോള്‍ മന്നിന്റെ പ്രധാന യോഗ്യത. ഇറാഖിലും അഫ്ഗാനിസ്ഥാനിലുമായി 47 കോംപാക്ട് മിഷനുകളില്‍ ഭാഗമായിട്ടുണ്ട് നിക്കോള്‍. 25 വ്യത്യസ്ത വിമാനങ്ങളിലായി 2,500 മണിക്കൂര്‍ വിമാനം പറത്തിയതിന്റെ അനുഭവസമ്പത്താണ് നിക്കോളിന്റെ അനുകൂല ഘടകം. സ്‌പേസ് എക്‌സിന്റെ ക്രൂ 5 ദൗത്യത്തിന്റെ ഭാഗമായിരുന്നു നിക്കോള്‍. ഈ ദൗത്യത്തില്‍ മിഷന്‍ കമാന്‍ഡറായിരുന്നു നിക്കോള്‍. നിക്കോളിനെ പോലുള്ള ടെസ്റ്റ് പൈലറ്റുമാരോട് നാസക്ക് പ്രത്യേകം ഇഷ്ടമുണ്ട്. നീല്‍ ആംസ്‌ട്രോങും ഒരു ടെസ്റ്റ് പൈലറ്റായിരുന്നു. 

astronauts-christina-koch-jessica-meir-01
ക്രിസ്റ്റീന കോച്ച്, ജെസ്സിക്ക മെയർ

 

∙ ആനി മക്ലെയിൻ

 

വാഷിങ്ടണിലെ സ്‌പോകെയ്ന്‍ സ്വദേശിയായ 43കാരി. ബഹിരാകാശത്ത് 203 ദിവസവും 15 മണിക്കൂറും 16 മിനിറ്റും ചെലവഴിച്ചിട്ടുണ്ട്. ഇറാഖില്‍ ഹെലിക്കോപ്റ്റര്‍ പറത്തിയിട്ടുള്ള പരിചയമ്പന്നയായ പൈലറ്റാണ് ആനി. അസ്‌ട്രോഅന്നിമല്‍ എന്നാണ് ആനിയുടെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര്. ഇംഗ്ലിഷ് വുമണ്‍സ് പ്രീമിയര്‍ഷിപ്പില്‍ റഗ്ബി കളിച്ചിട്ടുണ്ട് ആനി. ഈ കായിക ഇനം തന്നെയാണ് ആനിയെ കൂടുതല്‍ ശാരീരികമായും മാനസികമായും കരുത്തുറ്റവളാക്കി മാറ്റിയതും. സൈനിക രംഗത്തെ അനുഭവ സമ്പത്ത് അന്നെ മക്‌ക്ലെയിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷ. ഒപ്പം ബഹിരാകാശത്തെ അനുഭവവും. 

 

∙ ജെസീക്ക മെയർ

artemis

 

ബഹിരാകാശത്ത് 204 ദിവസവും 15 മണിക്കൂറും 19 മിനിറ്റും കഴിഞ്ഞിട്ടുണ്ട് ഈ 45കാരി. അഞ്ചാം വയസുമുതല്‍ ബഹിരാകാശയാത്ര സ്വപ്‌നം കാണുന്നുണ്ട് അമേരിക്കയിലെ മേനേ സ്റ്റേറ്റ്സിൽ കഴിയുന്ന ജെസീക്ക. അഞ്ചു വയസുള്ളപ്പോള്‍ ജെസീക്കയോട് സ്‌കൂളില്‍ നിന്നും എന്താവാനാണ് ആഗ്രഹമെന്ന് വരക്കാന്‍ പറഞ്ഞു. ചന്ദ്രനില്‍ അമേരിക്കന്‍ പതാകയുമായി നില്‍ക്കുന്ന പെണ്‍കുട്ടിയെയാണ് ജെസീക്ക വരച്ചത്. ആ വരയും സ്വപ്‌നവും യാഥാര്‍ഥ്യമാവാനുള്ള ഏറ്റവും മികച്ച അവസരമാണിത്. 

 

2020ല്‍ ടൈം മാഗസിന്റെ ഏറ്റവും സ്വാധീനം ചെലുത്തുന്ന വ്യക്തികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു ജെസീക്ക. ക്രിസ്റ്റീനയ്ക്കൊപ്പം 2019ല്‍ ആദ്യ വനിതാ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ വ്യക്തി കൂടിയാണ് ജെസീക്ക. സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ പ്രയത്‌നിക്കുന്നവരുടെ കൂട്ടത്തില്‍ ഏറ്റവും മുന്നിലുള്ള പേരാണ് ജെസീക്കയുടേത്. 

 

∙ ജാസ്മിന്‍ മോഗ്‌ബെലി

 

നാവികസേന ഹെലിക്കോപ്റ്റര്‍ പൈലറ്റ്, നാസ സഞ്ചാരി, ടെസ്റ്റ് പൈലറ്റ് എന്നിങ്ങനെ പല വിശേഷണങ്ങളും ചേരും ജാസ്മിന്. ഇതുവരെ ബഹിരാകാശത്തേക്ക് യാത്ര ചെയ്തിട്ടില്ല ഇരട്ടക്കുട്ടികളുടെ അമ്മയായ ഈ 39കാരി. മാര്‍ച്ചില്‍ നാസയുടെ ഐഎസ്എസിലേക്കുള്ള സ്‌പേസ് എക്‌സ് ക്രൂ 7 ദൗത്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2023 ഓഗസ്റ്റിലായിരിക്കും ഈ ദൗത്യം സംഭവിക്കുക. മോഗ്‌ബെലിയുടെ ആദ്യ ബഹിരാകാശ യാത്രയാവും ഇത്. ഇറാനിയന്‍ പാരമ്പര്യമുള്ള ജാസ്മിന്‍ പശ്ചിമ ജര്‍മനിയിലാണ് ജനിച്ചത്. പിന്നീട് ഇവരുടെ മാതാപിതാക്കള്‍ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. നാവികസേന ടെസ്റ്റ് പൈലറ്റ് എന്ന നിലയില്‍ 150 ദൗത്യങ്ങളിലായ 2000 മണിക്കൂര്‍ ഇവര്‍ വിമാനം പറത്തിയിട്ടുണ്ട്. 25 വ്യത്യസ്ത വിമാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇരട്ടകളുടെ അമ്മയായ ഇറാനില്‍ വേരുകളുള്ള കുടിയേറ്റക്കാരി ജാസ്മിന്‍ ആര്‍ട്ടിമിസ് ദൗത്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ അത് വലിയ പ്രചാരമായിരിക്കും നേടുക. 

 

∙ കേറ്റ് റൂബിന്‍സ്

 

കലിഫോര്‍ണിയയിലെ നാപ സ്വദേശിയായ കേറ്റ് റൂബിന്‍സ് 300 ദിവസവും ഒരു മണിക്കൂറും 31 മിനിറ്റും ബഹിരാകാശത്ത് കഴിഞ്ഞിട്ടുണ്ട്. 2016 ജൂലൈ ഏഴിനാണ് ബഹിരാകാശത്തെത്തുന്ന 60–ാമത്തെ വനിതയായി കേറ്റ് റൂബിന്‍സ് മാറിയത്. ബഹിരാകാശത്ത് ആദ്യമായി ഡിഎന്‍എ സീക്വന്‍സ് പൂര്‍ത്തിയാക്കിയ മൈക്രോബയോളജിസ്റ്റാണ് കേറ്റ് റൂബിന്‍സ്. ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം കഴിഞ്ഞ സ്ത്രീകളില്‍ രണ്ടാംസ്ഥാനത്തുണ്ട് ഈ 43കാരി.

 

∙ ജെസീക്ക വാട്കിൻസ്

കൊളറാഡോ സ്വദേശിയായ ജെസീക്കയ്ക്ക് 34 വയസേയുള്ളൂവെങ്കിലും 42 ദിവസം 23 മണിക്കൂർ 45 മിനിറ്റ് ബഹിരാകാശത്ത് കഴിഞ്ഞ സഞ്ചാരിയാണ്. നാസയുടെ സ്‌പേസ് എക്‌സ് ക്രൂ 4 ദൗത്യത്തിലെ മിഷന്‍ സ്‌പെഷലിസ്റ്റായിരുന്നു ഈ ജിയോളജിസ്റ്റ്. നാസയുടെ അമെസ് റിസര്‍ച്ച് സെന്ററിലും ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലും ക്യൂരിയോസിറ്റിക്കു വേണ്ടിയും ജെസിക്ക പങ്കാളിയായിട്ടുണ്ട്. ഒരു തവണയെങ്കിലും ബഹിരാകാശ നിലയം സന്ദർശിച്ചിട്ടുള്ള കറുത്തവര്‍ഗക്കാരിയായ ജെസിക്കയും പുതിയ ദൗത്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുള്ളവരില്‍ ഒരാളാണ്. 

 

∙ സ്റ്റെഫാനി വില്‍സണ്‍

 

കൂട്ടത്തില്‍ ഏറ്റവും പ്രായം കൂടുതലുള്ള സ്റ്റെഫാനി വില്‍സണാണ് ചാന്ദ്ര ദൗത്യത്തിന് തിരഞ്ഞെടുക്കപ്പെടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നതും. 55കാരിയായ സ്റ്റെഫാനി ഇതുവരെ 42 ദിവസവും 23 മണിക്കൂറും 46 മിനിറ്റും ബഹിരാകാശത്ത് കഴിഞ്ഞിട്ടുണ്ട്. ബഹിരാകാശത്തെത്തിയ രണ്ടാമത്തെ കറുത്തവര്‍ഗക്കാരിയാണ് സ്റ്റെഫാനി. 2006, 2007, 2010 വര്‍ഷങ്ങളിലായി മൂന്നു തവണയായിട്ടായിരുന്നു സ്റ്റെഫാനിയുടെ ബഹിരാകാശ യാത്രകള്‍. നാസയുടെ ഏറ്റവും പരിചയസമ്പത്തുള്ള ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയായ ബഹിരാകാശ സഞ്ചാരിയാണ് സ്റ്റെഫാനി. തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ചന്ദ്രനിലെത്തുന്ന ഏറ്റവും പ്രായം കൂടിയ മനുഷ്യനെന്ന നേട്ടവും സ്റ്റെഫാനി സ്വന്തമാക്കും. നിലവില്‍ ചന്ദ്രനിലിറങ്ങുമ്പോള്‍ 47കാരനായിരുന്ന അലന്‍ ഷെപ്പേഡിന്റെ പേരിലാണ് ആ റെക്കോർഡ്. ആദ്യത്തെ വനിതയെ മാത്രമല്ല വെളുത്തവര്‍ഗക്കാരല്ലാത്ത വ്യക്തിയേയും ചന്ദ്രനിലെത്തിക്കുമെന്ന് നാസ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രഖ്യാപനം തന്നെയാണ് സ്റ്റെഫാനിയുടെ സാധ്യതകളെ കൂട്ടുന്നത്.

 

English Summary: Meet the 9 astronauts on NASA's Artemis team who have a chance to be the first woman to walk on the moon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com