ADVERTISEMENT

തലയ്ക്കു മീതെ നിന്നു കത്തുന്നുണ്ട്; അങ്ങനെയാരു വിചാരിച്ചാലും തണുക്കാനും പോകുന്നില്ല. അങ്ങനെയാണു സൂര്യനെപ്പറ്റി പൊതുവേയുള്ള ധാരണ. പക്ഷേ സൂര്യനെ ഒട്ടൊന്നു തണുപ്പിക്കാനുള്ള ആശയങ്ങളുടെ പെരുമഴ തന്നെയുണ്ട് ശാസ്ത്രത്തിന്റെ ആകാശത്ത്. സൂര്യതാപം കുറയ്ക്കാൻ നിലാവു പോലെ ശാന്തമായ ചന്ദ്രനെത്തന്നെ ഉപയോഗിച്ചാലോ എന്നതാണു പുതിയ ആശയം.

 

സൂര്യനെ ഒന്നു ‘ഡിം’ ചെയ്യിക്കാമോ...? ഈ ചോദ്യം ഉയർന്നിട്ടു കുറെയേറെ വർഷങ്ങളായി. അന്തരീക്ഷത്തിൽ സൾഫർ കണങ്ങൾ വിതറിയാലോ എന്നതായിരുന്നു അതിൽ ചൂടുപിടിച്ച ഒരു ആശയം. അഗ്നിപർവതങ്ങൾ പൊട്ടുമ്പോൾ ബഹിർഗമിക്കുന്നതു പോലെ. ഈ കണികകൾ സൂര്യനിൽനിന്നു കഠിനമായ രശ്മികളെ തടുത്തു തിരിച്ചു ബഹിരാകാശത്തേക്കു തന്നെ പ്രതിഫലിപ്പിക്കും എന്നതായിരുന്നു അത്. പക്ഷേ ആശയം മികച്ചതാണെങ്കിലും അതിന്റെ ഭാവി അത്ര വ്യക്തമായില്ല. ഭവിഷ്യത്തുകളെക്കുറിച്ചും ധാരണ കുറവായിരുന്നു. കളിക്കുന്നത് ഭൂമിയുടെ സ്വന്തം അന്തരീക്ഷത്തിനോടാണ്. വിചാരിക്കാത്ത ദോഷഫലങ്ങൾ നേരിടേണ്ടി വരും. മനുഷ്യരാശിക്കു പരിചിതമല്ലാത്ത ദുരന്തങ്ങൾ നേരിടേണ്ടിവന്നേക്കാം. എന്നാൽപ്പിന്നെ അന്തരീക്ഷം വിട്ടു ബഹിരാകാശത്തേക്കു കടന്നാലോ എന്നായി ശാസ്ത്രലോകത്തിന്റെ അടുത്ത ചിന്ത. ഭൂമിക്കു തൊട്ടുമീതെ പലതരത്തിലുള്ള മൂലകങ്ങൾ വിതയ്ക്കുന്നതിനുപകരം ബഹിരാകാശത്തു തന്നെയാവാം ‘പൊടിപൂരം’ എന്നതാണു പുതിയ ആശയം.

Read more at: ഭൂമിയിലെ ചൂട് കുറയ്ക്കാൻ സൂര്യനെ ഭാഗികമായി മറയ്ക്കും, വിചിത്ര പദ്ധതിയുമായി ബെസോസും

Photo: NASA/Goddard Space Flight Center/SDO
Photo: NASA/Goddard Space Flight Center/SDO

ബഹിരാകാശത്തു പൊടിപടലങ്ങൾ തെറിപ്പിച്ചാൽ സൂര്യരശ്മികളെ കുറച്ചൊക്കെ തടുക്കാനായേക്കും എന്നാണു നിരീക്ഷണം. ആ പൊടിപടലങ്ങൾ ചന്ദ്രനിൽനിന്നു തന്നെ മതി. ചന്ദ്രോപരിതലത്തിൽ സ്ഫോടനം നടത്തി ആ പൊടി ചുറ്റും പരത്തണം. അതു സൂര്യതാപത്തെ താൽക്കാലികമായെങ്കിലും തടുക്കും... ഇങ്ങനെ പോകുന്നു ആ നിഗമനങ്ങൾ. ചെറിയ പൊടിപടലമാണെങ്കിൽ പോലും ബഹിരാകാശത്ത് അവയ്ക്ക് ഏറെദൂരം സഞ്ചരിക്കാനും നക്ഷത്രവെളിച്ചം തടയാനും കഴിയുമെന്നത് ശാസ്ത്രജ്ഞരുടെ ആത്മവിശ്വാസവും കൂട്ടി.  

 

ചന്ദ്രോപരിതലത്തിലെ പൊടിപടലങ്ങൾക്കു സൂര്യരശ്മികളെ ഫലപ്രദമായി തടയാനാവുമെന്നു യുഎസിലെ ബെഞ്ചമിൻ ബ്രോംലി എന്ന ശാസ്ത്രജ്ഞൻ പറയുന്നു. ചന്ദ്രന്റെ ഗുരുത്വാകർഷണ ബലം ഭൂമിയുടേതിനേക്കാൾ കുറവായതിനാൽ അവിടെനിന്നുപൊടികൾ ചിതറിക്കുന്നതു കൂടുതൽ ഫലപ്രദമാകും. ഭൂമിയിൽനിന്നു പൊടി ബഹിരാകാശത്തേക്ക് എത്തിക്കുന്നിതുള്ള ചെലവും ഒഴിവാകും. ഹിമയുഗത്തിലേതെന്ന പോലെ സൂര്യതാപം ഒന്നു മുതൽ 2 വരെ ശതമാനം കുറയ്ക്കാനുമെന്നാണു പ്രതീക്ഷ. ഈ പൊടികൾ തിരികെ ഭൂമിയിലേക്കു വരികയില്ല; പകരം അനന്തതയിലേക്കു നീങ്ങിപ്പോകുമെന്നും കരുതപ്പെടുന്നു.

 

English Summary: Risky climate solution: shoot moon dust to shield Earth from the sun

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com