ADVERTISEMENT

മനുഷ്യന്‍ അടക്കമുള്ള ജീവജാലങ്ങളുടെ ജീവിതത്തില്‍ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന് സ്വാധീനമുണ്ടെന്ന വിശ്വാസം എല്ലാക്കാലത്തും പല രൂപങ്ങളില്‍ ജനങ്ങള്‍ക്കിടയിലുണ്ടായിരുന്നു. ഇപ്പോഴിതാ പൂര്‍ണ ചന്ദ്രനുള്ള ദിവസം ആത്മഹത്യകള്‍ കൂടുതല്‍ സംഭവിക്കുന്നുവെന്ന കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് അമേരിക്കയിലെ ഇന്ത്യാന യൂനിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍. രാത്രിയില്‍ പരക്കുന്ന നിലാവെളിച്ചം മനുഷ്യരില്‍ ആത്മഹത്യാ പ്രവണത വര്‍ധിപ്പിക്കുന്നു എന്നാണ് ഇവരുടെ കണ്ടെത്തല്‍. 

 

നമ്മുടെ ശരീരത്തിന്റെ ജൈവഘടികാരം സാധാരണ നിലയില്‍ 24 മണിക്കൂറിലാണ് ഒരു ചക്രം പൂര്‍ത്തിയാക്കുന്നത്. രാത്രിയില്‍ ഇരുട്ടിന് പകരം നിലാവെളിച്ചം പരക്കുമ്പോള്‍ അത് നമ്മുടെ ജൈവഘടികാരത്തേയും പ്രവര്‍ത്തനങ്ങളേയും സ്വാധീനിക്കുന്നു. ഇന്ത്യാനയില്‍ 2012-16 കാലയളവില്‍ സംഭവിച്ച ആത്മഹത്യകളുടെ കണക്കെടുത്താണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇതില്‍ നിന്നും പൂര്‍ണ ചന്ദ്രനുദിക്കുന്ന രാത്രികളില്‍ ആത്മഹത്യകള്‍ കൂടുന്നുവെന്നും അതില്‍ തന്നെ 55 വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍ കൂടുതല്‍ അപകട സാധ്യതയില്‍ പെടുന്നുവെന്നും കണ്ടെത്തി. 

 

സാധാരണ ദിവസങ്ങളില്‍ ഏതുസമയത്താണ് കൂടുതല്‍ ആത്മഹത്യ നടക്കുന്നതെന്നും സംഘം പരിശോധിച്ചു. ഉച്ചക്ക് ശേഷം മൂന്നു മുതല്‍ നാലു വരെയുള്ള സമയത്താണ് കൂടുതല്‍ ആത്മഹത്യകള്‍ സംഭവിക്കുന്നത്. പകല്‍ വെളിച്ചം കുറഞ്ഞു തുടങ്ങുന്ന സമയമാണിത്. സെപ്റ്റംബറാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ സംഭവിച്ച മാസമെന്നും ഡിസ്‌കവര്‍ മെന്റല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച അലക്‌സാണ്ടര്‍ നിക്കുളസ്‌കുവിന്റെ നേതൃത്വത്തില്‍ നടന്ന പഠനം പറയുന്നു. 

 

അലക്‌സാണ്ടര്‍ നിക്കുളസ്‌കുവും സംഘവും നേരത്തേ തന്നെ മാനസിക പ്രശ്‌നങ്ങളെ രക്തപരിശോധനയിലൂടെ ബയോ മാര്‍ക്കറുകള്‍ തിരിച്ചറിഞ്ഞ് കണ്ടെത്തുന്ന രീതി വികസിപ്പിച്ചെടുത്തിരുന്നു. അതുപോലെ ആത്മഹത്യാ പ്രവണതയുള്ള മനുഷ്യരില്‍ കണ്ടുവരുന്ന പ്രത്യേകം ബയോമാര്‍ക്കറുകള്‍ തിരിച്ചറിയാനാവുമെന്നും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യാ പ്രവണതയുണ്ടെന്ന് രക്തപരിശോധനയില്‍ തിരിച്ചറിയപ്പെടുന്നവരില്‍ തന്നെ മദ്യപാനാസക്തിയുള്ളവരും വിഷാദ രോഗമുള്ളവരുമാണ് കൂടുതല്‍ അപകടത്തിലുള്ളതെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

 

ഉച്ചക്കു ശേഷം മൂന്നു മുതല്‍ നാലു വരെയുള്ള സമയത്ത് വെളിച്ചം കുറയുന്നതിനൊപ്പം ദിവസം മുഴുവന്‍ നീണ്ട മാനസിക സമ്മര്‍ദം പരമാവധിയിലേക്കെത്താനുള്ള സാധ്യതയുമുണ്ട്. അമേരിക്കന്‍ സംസ്ഥാനമായ ഇന്ത്യാനയില്‍ അവധിക്കാലം അവസാനിക്കുന്ന മാസമാണ് സെപ്റ്റംബര്‍. ജോലിയുമായി ബന്ധപ്പെട്ട സമ്മര്‍ദങ്ങള്‍ തിരിച്ചുവരുന്നതും തെറ്റായ തീരുമാനങ്ങളിലേക്ക് പലരേയും നയിച്ചിട്ടുണ്ടാവാം.

 

English Summary: Why suicidal deaths spike during the full moon week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com