ADVERTISEMENT

പറക്കുംതളിക കണ്ടു, അതിന്റെ ഫോട്ടോയെടുത്തു, വിഡിയോ എടുത്തു, പറക്കും തളികയിൽ വന്നിറങ്ങിയവർക്കൊപ്പം സെൽഫിയെടുത്തു, അന്യഗ്രഹജീവികൾ കൊല്ലാൻ വന്നു... വർഷങ്ങളായി ലോകം കേൾക്കുന്നു ഇങ്ങനെയുള്ള അവകാശവാദങ്ങൾ. ഭൂരിപക്ഷവും നുണയാണെങ്കിലും ചിലതെല്ലാം ഇപ്പോഴും ശാസ്ത്രലോകത്തിനു മുന്നിൽ ചുരുളഴിയാത്ത രഹസ്യങ്ങളാണ്. രഹസ്യങ്ങളുടെ ആ തളികയിലേക്ക് ഒരു വാർത്ത കൂടിയെത്തുകയാണ്. ഇറാഖിലെ സൈനികമേഖലയ്ക്കു മുകളിലൂെട അജ്ഞാതപേടകം പറക്കുന്നതിന്റെ ദൃശ്യങ്ങൾ പെന്റഗൺ പ്രസിദ്ധീകരിച്ചു. യുഎസ് വ്യോമസേനയുടെ ഡ്രോൺ പകർത്തിയ ദൃശ്യമാണ് ഇത്. 

 

കഴിഞ്ഞവർഷമാണ് ഈ സംഭവം ഉണ്ടായത്. ഏതാണ് ഈ പറക്കുന്ന വസ്തുവെന്ന് കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്ന് പെന്റഗണിന്റെ ഓൾ ഡൊമെയ്ൻ റസല്യൂഷൻ ഓഫിസ് (ആരോ) ഡയറക്ടർ സീൻ കിർക്പാട്രിക് പറഞ്ഞു. വിഡിയോ ദൃശ്യങ്ങൾ മാത്രമാണ് ഇതെക്കുറിച്ചുള്ളതെന്നും ഇതുവച്ചുമാത്രം പേടകത്തെ കൃത്യമായി മനസ്സിലാക്കാൻ സാധിക്കില്ലെന്നും കിർക്പാട്രിക് പറഞ്ഞു. സംഭവത്തിൽ അന്യഗ്രഹപേടകങ്ങളൊന്നും ഉൾപ്പെട്ടിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പെന്റഗണിന്റെ ആരോ ഓഫിസിനു കീഴിൽ ഇതുൾപ്പെടെ 650 കേസുകളാണു വന്നിരിക്കുന്നത്.

 

യുഎസ് വ്യോമസേനയുടെ ഉടമസ്ഥതയിലുള്ള എംക്യു–9 ഡ്രോണാണ് ദൃശ്യങ്ങൾ പകർത്തിയത്. ലോഹനിർമിതമായ പേടകത്തിന് വെള്ളിനിറമാണ്. ബലൂണുകളോ, പ്രകൃതിപരമായ ഏതെങ്കിലും വസ്തുക്കളോ അല്ലെങ്കിൽ നിരീക്ഷണപേടകങ്ങളോ ഒക്കെയാകാനുള്ള സാധ്യത യുഎസ് പരിശോധിക്കുന്നുണ്ട്.

 

അജ്ഞാതപേടകങ്ങളുമായി ബന്ധപ്പെട്ട് പെന്റഗണും യുഎസ് രഹസ്യാന്വേഷണ ഏജൻസികളും നിരവധി പ്രോഗ്രാമുകളും സംഘടിപ്പിച്ചിട്ടുണ്ട്. പ്രോജക്ട് ബ്ലൂബുക് തുടങ്ങിയവ ഇത്തരം വളരെ പ്രശസ്തമായ പദ്ധതികളാണ്. രഹസ്യാത്മകമായി സൂക്ഷിച്ച പല യുഎഫ്ഒ രഹസ്യങ്ങളും പെന്റഗൺ ഈയടുത്ത് യുഎസ് കോൺഗ്രസിൽ പരസ്യപ്പെടുത്തിയിരുന്നു. വിവിധ യുഎസ് യുദ്ധക്കപ്പലുകളിൽ നിന്ന് ഷൂട്ട് ചെയ്ത വിഡിയോകളും പുറത്തുവിട്ടിരുന്നു. പെന്റഗൺ യുഎഫ്ഒ വിഡിയോകൾ എന്ന പേരിൽ ഇവ വളരെ പ്രശസ്തമാണ്.

 

അൺഐഡന്റിഫൈഡ് ഏരിയൽ ഫിനോമിന ടാസ്ക് ഫോഴ്സ് എന്ന പേരിൽ ഒരു പദ്ധതി നേരത്തെ യുഎസ് നടത്തുന്നുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഇതിന്റെ പേര് മാറ്റിയാണ് ഓൾ ഡൊമെയ്ൻ റസല്യൂഷൻ ഓഫിസ് എന്നാക്കിയത്.

 

English Summary: Pentagon reveals it spotted UFO in Middle East last year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com