ADVERTISEMENT

സൗരയൂഥത്തിൽ ജീവനുള്ളതായി തെളിയിക്കപ്പെട്ടിട്ടുള്ള ഒരേയൊരു ഗ്രഹമാണ് ഭൂമി. സൗരയൂഥത്തിലെ എട്ട് ഗ്രഹങ്ങളിൽ ഒന്നായ ഭൂമിയുടെ ഏറ്റവും വലിയ സവിശേഷതയും ഇതു തന്നെ. ഇപ്പോഴിതാ നമ്മുടെ ഗ്രഹത്തിനെപ്പോലും ഒരു കാലത്ത് ബാധിച്ചിരുന്നിരിക്കാവുന്ന ഒരു അപകടഭീഷണി കണ്ടെത്തിയിരിക്കുകയാണ് ജ്യോതിശ്ശാസ്ത്രജ്ഞർ. ചന്ദ്ര എക്സ്റേ ഒബ്സർവേറ്ററിയിൽ നിന്നുള്ള വിവരങ്ങൾ വിലയിരുത്തിയാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിലേക്ക് എത്തിയത്. നിലവിൽ ഭൂമിക്ക് കാര്യമായ ഭീഷണികളില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു.

 

നക്ഷത്രങ്ങൾക്ക് പരിണാമദശയുണ്ടെന്ന് അറിയപ്പെടുന്ന കാര്യമാണ്. പല നക്ഷത്രങ്ങളും പരിണാമദശയുടെ അവസാനം വിസ്ഫോടനം എന്ന ഘട്ടത്തെ അഭിമുഖീകരിക്കും. ഇത്തരത്തിൽ സ്ഫോടനത്തിനു വിധേയമായ നക്ഷത്രങ്ങളാണ് ഭീഷണി ഉയർത്തുന്നത്. ഇവയിൽ നിന്ന് പുറപ്പെടുന്ന എക്സ്റേ വികിരണങ്ങൾ 100 പ്രകാശവർഷം ചുറ്റളവിലുള്ള ഗ്രഹങ്ങളെ ബാധിക്കാമെന്ന് പുതിയ പഠനഫലങ്ങൾ പറയുന്നു.

വിസ്ഫോടനത്തിനു വിധേയമാകുന്ന നക്ഷത്രങ്ങളിലൽ ഉടലെടുക്കുന്ന ബ്ലാസ്റ്റ് വേവ് എക്സ്റേ വികിരണങ്ങൾക്കു കാരണമാകാം. സ്ഫോടനത്തിനു ശേഷം ദൂരമനുസരിച്ച് മാസങ്ങളോ വർഷങ്ങളോ എടുത്താകും ഗ്രഹങ്ങളിലേക്ക് എക്സ്റേ വികിരണങ്ങൾ എത്തുന്നത്. ഇതു പതിറ്റാണ്ടുകളോളം ഗ്രഹത്തിലേക്കെത്താം. നീണ്ടുനിൽക്കുന്ന ഈ വികിരണങ്ങൾ ഏൽക്കുന്നത് വംശനാശം പോലുള്ള സംഭവങ്ങൾക്കു വഴിവച്ചേക്കാമെന്ന് ജ്യോതിശ്ശാസ്ത്രജ്ഞർ വെളിപ്പെടുത്തുന്നു.

 

കൂട്ടമായെത്തുന്ന എക്സ്റേ വികിരണങ്ങൾ ഒരു ഗ്രഹത്തിന്റെ അന്തരീക്ഷ രസതന്ത്രത്തെ സാരമായി ബാധിച്ച് മാറ്റിമറിച്ചേക്കാം. ഭൂമിപോലൊരു ഗ്രഹത്തിലേക്കാണ് ഇതെത്തുന്നതെങ്കിൽ ഓസോൺ പാളിയുടെ നല്ലൊരു ഭാഗം നാശോന്മുഖമാകും. ഇങ്ങനെ സംഭവിച്ചാൽ സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് വികിരണങ്ങൾ പോലുള്ള ഹാനികരമായ വികിരണങ്ങൾ തടസ്സമില്ലാതെ ഭൂമിയിൽ പതിച്ച് ഗ്രഹത്തിലെ ജീവനെ പ്രതിസന്ധിയിലാക്കിയേക്കാമെന്ന് പഠനത്തിൽ ഭാഗഭാക്കായ ഇലിനോയ് സർവകലാശാല പ്രഫസർ ഇയാൻ ബ്രണ്ടൻ പറയുന്നു. ഒട്ടേറെ യുവി വികിരണങ്ങൾ ഭൂമിയിൽ പതിച്ചാൽ വൻതോതിൽ നൈട്രജൻ ഡയോക്സൈഡ് ഉത്പാദിപ്പിക്കാൻ കാരണമാകും. ഇത് അന്തരീക്ഷത്തിന് ബ്രൗൺനിറം വരുത്തും.

 

പ്രപഞ്ചത്തിലെ വിവിധ 31 സൂപ്പർനോവ വിസ്ഫോടനങ്ങൾ നിരീക്ഷിച്ചുപഠിച്ചാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിലേക്ക് എത്തിയത്. സൂപ്പർനോവ 1979 സി, എസ്എൻ 1987എ, എസ്എൻ 2010ജെഎൽ, എസ്എൻ1994ഐ തുടങ്ങിയവ ശാസ്ത്രജ്ഞർ പഠിച്ച സൂപ്പർനോവകളുടെ കൂട്ടത്തിലുണ്ട്. നിലവിൽ ഭൂമിക്ക് ഭീഷണിയുയർത്തി സൂപ്പർനോവകളൊന്നും അപകടകരമായ ദൂരത്തിൽ സ്ഥിതി ചെയ്യുന്നില്ലെന്ന് ശാസ്ത്രജ്ഞർ വെളിപ്പെടുത്തുന്നു. എന്നാൽ ഇത്തരം സംഭവങ്ങൾ ഒരു വിദൂരഭൂതകാലത്ത് ഉണ്ടായിരുന്നിരിക്കാമെന്നും ശാസ്ത്രജ്ഞർ പറയുന്നു.

 

English Summary: There is a new threat to life on Earth. It could cause extinction-level event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com