ADVERTISEMENT

ബഹിരാകാശത്ത് ഉപഗ്രഹക്കൂട്ടം സൃഷ്ടിക്കാൻ പദ്ധതിയിട്ടു ചൈന. 2030ൽ യാഥാർഥ്യമാക്കാൻ ഉദ്ദേശിച്ചുള്ള ഇത് ഭാവി ചാന്ദ്രദൗത്യങ്ങളിലും അപരഗ്രഹദൗത്യങ്ങളിലും ഭൂമിയിലെ കൺട്രോൾ സ്‌റ്റേഷനുകളിലേക്ക് ഒരു പാലം പോലെ പ്രവർത്തിക്കുമെന്ന് ചൈനീസ് ബഹിരാകാശ ഏജൻസി അധികൃതർ പറയുന്നു.

 

ഈ ഉപഗ്രഹപാലത്തിന്റെ ആദ്യഘട്ടമായി വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങൾ ചൈനയുടെ നടന്നുകൊണ്ടിരിക്കുന്ന ചാന്ദ്രദൗത്യങ്ങളെ പിന്തുണയ്ക്കും. ചൈന ചന്ദ്രനിൽ പണിയുന്ന രാജ്യാന്തര ലൂണർ റിസർച് സ്റ്റേഷനെയും ഇത് സഹായിക്കും. ക്വേക്കിയോ-2 എന്നറിയപ്പെടുന്ന ഈ ഭാവി ഉപഗ്രഹക്കൂട്ടത്തെ മാഗ്‌പൈ ബ്രിജ് എന്നും വിളിക്കുന്നു. മാഗ്‌പൈ പക്ഷികൾ നിർമിച്ചതായി ചൈനീസ് ഇതിഹാസങ്ങളിൽ പറയുന്ന ആകാശപ്പാലമാണ് ക്വേക്കിയോ-2.2024ൽ ആയിരിക്കും ഇതിന്റെ ഭാഗമായ ആദ്യ ഉപഗ്രഹം ബഹിരാകാശത്തെത്തുക.

 

അതേവർഷം തന്നെ ചന്ദ്രന്റെ വിദൂരവശത്തെ പ്രാചീനമേഖലയിൽ നിന്ന് ചന്ദ്രോപരിതല സാംപിളുകൾ ശേഖരിക്കാനായി ചാങ്ഇ-6 എന്ന ദൗത്യത്തെ ചൈന അയയ്ക്കുന്നുണ്ട്. 2026ൽ ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിലുള്ള ധാതുശ്രോതസ്സുകളെപ്പറ്റി മനസ്സിലാക്കാനായി ചാങ്ഇ7 എന്ന ദൗത്യവും ചൈന വിടും. ചന്ദ്രനിൽ ഭാവിയിൽ മനുഷ്യവാസം ഉറപ്പിക്കുക എന്ന ലക്ഷ്യത്തിനു മുന്നോടിയായാണ് ഇത്.

 

2028ലെ ചാങ്ഇ 8 ദൗത്യത്തോട് അനുബന്ധിച്ചാണ് ചന്ദ്രനിൽ രാജ്യാന്തരഗവേഷണനിലയം തുറക്കുക. റഷ്യ, വെനസ്വേല എന്നീ രാജ്യങ്ങളും ഈ ദൗത്യത്തിൽ ചൈനയ്‌ക്കൊപ്പമുണ്ട. കൂടുതൽ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള ചൈനീസ് ശ്രമങ്ങളും തകൃതിയാണ്. 2030ൽ ചൈന ചന്ദ്രനിലേക്ക് ആദ്യമായി മനുഷ്യരെ അയയ്ക്കാനും പദ്ധതിയിടുന്നു. 

 

ഇതോടൊപ്പം തന്നെ ഉപഗ്രഹപഥം സൃഷ്ടിക്കാനും ഒരുങ്ങും. 2040ൽ ഇതിന്റെ അടിസ്ഥാന ഘടന പൂർത്തിയാകും. 2050 ആകുന്നതോടെ ചൊവ്വ, വീനസ്, വലുപ്പമേറിയ മറ്റുഗ്രഹങ്ങൾ സൗരയൂഥത്തിന്റെ അതിർത്തിയിലുള്ള പ്രപഞ്ചവസ്തുക്കൾ എന്നിവയിൽ പര്യവേക്ഷണം നടത്തുന്ന പദ്ധതികൾക്ക് സേവനങ്ങൾ നൽകുന്ന രീതിയിൽ ഇതു വികസിക്കും. 2013ലാണ് ചൈന ആദ്യമായി ചന്ദ്രനിലെത്തിയത്. 2030ഓടെ ലോകത്തെ ഒന്നാം നമ്പർ ബഹിരാകാശ ശക്തിയാകാനാണ് ഡ്രാഗണിന്റെ ശ്രമം.

 

English Summary: China unveils plan to build satellite system for space exploration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com