ADVERTISEMENT

കണ്ടെത്തിയ കാലം മുതല്‍ ശാസ്ത്ര ലോകത്തിനു വെല്ലുവിളിയായിരുന്നു മായന്മാരുടെ കലണ്ടറിലെ ഒരു ചക്രം. ആകെ 819 ദിവസങ്ങളാണ് ഈ കലണ്ടര്‍ ചക്രത്തിലുള്ളത്. 819 ദിവസം നീളുന്ന ഒരു വര്‍ഷമെന്നു കരുതാമെങ്കിലും ഈ 819 ദിവസങ്ങള്‍ കണക്കുകൂട്ടിയത് എങ്ങനെയാണെന്ന് ഗവേഷകര്‍ക്ക് ഇക്കാലമത്രയും തിരിച്ചറിയാനായിരുന്നില്ല. ഇപ്പോഴിതാ ആ രഹസ്യവും പരസ്യമായിരിക്കുന്നു.

തുലാനെ സര്‍വകലാശാലയിലെ നരവംശ ശാസ്ത്രജ്ഞരായ ജോണ്‍ ലിന്‍ഡെനും വിക്ടോറിയ ബ്രിക്കറുമാണ് മായന്‍ കലണ്ടറിലെ ഈ രഹസ്യം കണ്ടെത്താനായി മുന്നിട്ടിറങ്ങിയത്. ഏറെ നാളത്തെ പഠനത്തിനൊടുവില്‍ അവര്‍ കണ്ടെത്തി– ഈ കലണ്ടറില്‍ കുറിച്ചിരിക്കുന്ന കാലചക്രം 819 ദിവസത്തേതല്ല, മറിച്ച് 45 വര്‍ഷത്തേതാണ്. ആകാശത്ത് പ്രത്യക്ഷപ്പെടുന്ന ഗ്രഹങ്ങള്‍ വീണ്ടും അതേ സ്ഥാനത്തേക്കു തിരിച്ചെത്താനെടുക്കുന്ന കാലയളവുമായാണ് ഈ കണക്കുകൂട്ടലിന് ബന്ധമുള്ളത്.

മായന്‍ കലണ്ടറെന്നത് ഒരൊറ്റ കലണ്ടറല്ലെന്നും ഒരുപാട് ചെറു കലണ്ടറുകള്‍ കൂടിച്ചേര്‍ന്നതാണെന്നും ഇവര്‍ കണ്ടെത്തി. നൂറ്റാണ്ടുകള്‍ക്കു മുൻപ് പൂര്‍വ കൊളംബിയന്‍ (ബിസി 2000- ബിസി 300) കാലഘട്ടത്തിലാണ് ഈ കലണ്ടര്‍ ഉപയോഗിച്ചിരുന്നത്. ചുവപ്പ്, വെള്ള, കറുപ്പ്, മഞ്ഞ എന്നിങ്ങനെ നാലു നിറങ്ങളില്‍ 819 ദിവസങ്ങളുള്ള കലണ്ടര്‍ ചിത്രീകരിച്ചതും ഗവേഷകര്‍ക്ക് ലഭിച്ചിരുന്നു. ഇത് യഥാക്രമം കിഴക്ക്, വടക്ക്, പടിഞ്ഞാറ്, തെക്ക് എന്നീ ദിശകളെയാണ് പ്രതിനിധീകരിച്ചിരുന്നതെന്നാണ് ആദ്യം കരുതിയിരുന്നത്. പിന്നീട് 1980 കളിലാണ് അത് തെറ്റാണെന്ന് തിരിച്ചറിഞ്ഞത്.

ഏറ്റവും ഉന്നതമായ അവസ്ഥയെ വെള്ളയും താഴ്ചയിലുള്ള അവസ്ഥയെ മഞ്ഞയുമാണ് പ്രതിനിധീകരിക്കുന്നത്. സൂര്യന്‍ കിഴക്കുദിച്ച് പരമാവധി ഉയരത്തിലെത്തുന്ന സ്ഥാനമാണ് ഉന്നതമായ അവസ്ഥ. പിന്നീട് രാത്രി പാതാളത്തിലൂടെ കടന്നുപോയ ശേഷം സൂര്യന്‍ വീണ്ടും കിഴക്കുദിക്കുന്നുവെന്നാണ് അവര്‍ വിശ്വസിച്ചിരുന്നത്. 

നഗ്ന നേത്രങ്ങള്‍കൊണ്ട് നിരീക്ഷിക്കാന്‍ സാധിക്കുന്ന ഗ്രഹങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഈ കലണ്ടറെന്നതിന് നിരവധി സൂചനകള്‍ കണ്ടെത്തിയിട്ടുണ്ട്. ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി എന്നിങ്ങനെ കണ്ണുകൊണ്ട് കാണാനാവുന്ന ഗ്രഹങ്ങളെക്കുറിച്ച് പരമാവധി കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ മായന്മാര്‍ക്ക് സാധിച്ചിരുന്നു. ബുധന്റെ ഒരു വര്‍ഷം 117 ദിവസമാണ്. ഈ ഭ്രമണകാലത്തിന്റെ ഏഴ് ഇരട്ടിയാണ് 819 ദിവസം.

ശുക്രന്റെ ഭ്രമണകാലം 585 ദിവസമാണ്. ഈ ഭ്രമണകാലത്തിന്റെ ഏഴിരട്ടി 819 ന്റെ അഞ്ചു മടങ്ങിന് തുല്യമാണ്. ഇനി ചൊവ്വയെ എടുത്താല്‍ 780 ദിവസങ്ങള്‍ക്കു ശേഷമാണ് ആകാശത്ത് ഒരേ സ്ഥലത്തേക്ക് ചൊവ്വ എത്തുക. 819 ന്റെ 20 ഇരട്ടിയും 780 ന്റെ 21 ഇരട്ടിയും തുല്യമാണ്. വ്യാഴവും ശനിയും ഈ കലണ്ടറില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. 399 ദിവസങ്ങളെടുക്കും വ്യാഴം ഭ്രമണം പൂര്‍ത്തിയാക്കി പൂര്‍വസ്ഥാനത്തെത്താന്‍. 399ന്റെ 39 ഇരട്ടിയും 819ന്റെ 19 ഇരട്ടിയും ഒരേ സംഖ്യയാണ്. ശനിയുടെ 378 ദിവസം നീളുന്ന ഭ്രമണ കാലത്തിന്റെ 13 ഇരട്ടി തന്നെയാണ് 819ന്റെ ആറിരട്ടിയും.

മായന്മാരുടെ കലണ്ടര്‍ ലളിതമായ ജ്യോതിശാസ്ത്രത്തില്‍ ഊന്നിയുള്ളതാണെന്ന ധാരണയില്‍ നടത്തിയ കണക്കുകൂട്ടലുകളാണ് ഗവേഷകര്‍ക്ക് പിഴച്ചു പോയത്. അന്നത്തെ പരിമിതമായ സാധ്യതകള്‍ വച്ച് ഓരോ ഗ്രഹത്തെക്കുറിച്ചും പരമാവധി വിവരങ്ങള്‍ ശേഖരിച്ച് മായന്മാര്‍ തയാറാക്കിയതാണ് ഈ കലണ്ടറെന്നാണ് ജോണ്‍ ലിന്‍ഡെനും വിക്ടോറിയ ബ്രിക്കറും വ്യക്തമാക്കി തരുന്നത്. എന്‍ഷ്യന്റ് മെസോ അമേരിക്കയിലാണ് ഇവരുടെ പഠനം പൂര്‍ണമായും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

English Summary: Scientists Think They've Finally Figured Out How a Maya Calendar Works

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com