ADVERTISEMENT

സൗരയൂഥത്തിലെ വാതകഭീമൻ ഗ്രഹങ്ങളിലൊന്നായ യുറാനസിനെ വലംവയ്ക്കുന്ന 27 ചന്ദ്രൻമാരിൽ നാലെണ്ണത്തിനുള്ളിൽ മഹാസമുദ്രങ്ങളുണ്ടെന്ന് നാസ ഗവേഷകരുടെ പഠനം. യുറാനസിന്റെ പ്രധാന ചന്ദ്രൻമാരായ ഏരിയൽ, ഉംബ്രിയേൽ, ടൈറ്റാനിയ, ഒബെറോൺ എന്നീ ചന്ദ്രൻമാർക്കുള്ളിലാണ് ഉപ്പുരസമുള്ള സമുദ്രഘടനകൾ സ്ഥിതി ചെയ്യുന്നതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. കിലോമീറ്ററുകളോളം ആഴമുള്ളതാണ് ഈ സമുദ്രങ്ങൾ.

 

നാസയുടെ വൊയേജർ ബഹിരാകാശ പേടകത്തിൽ നിന്നുള്ള വിവരങ്ങൾ വിലയിരുത്തിയാണ് ഈ ശ്രദ്ധേയമായ വിവരത്തിലേക്ക് നാസ എത്തിയത്. യുറാനസിനെപ്പറ്റിയുള്ള പല പഠനങ്ങളും നിഗൂഢത നിറഞ്ഞതാണ്. എങ്ങനെയാകും ഈ സമുദ്രങ്ങൾ കടുത്ത തണുപ്പിനുള്ളിലും ശിതീകരിച്ച് കട്ടിയാകാതെ ദ്രാവകങ്ങളായി നിലനിൽക്കുന്നത്. പല കാരണങ്ങൾ ഇതിനായി പറയുന്നുണ്ട്. യുറാനസിന്റെ ചന്ദ്രൻമാർക്കുള്ളിൽ നിന്നുള്ള കടുത്ത ചൂടാണ് ഒരു കാരണമായി പറയുന്നത്. അതുപോലെതന്നെ ജലത്തിൽ സ്ഥിതി ചെയ്യുന്ന ഉപ്പുകൾ, മറ്റു ലവണങ്ങൾ, അമോണിയ തുടങ്ങിയവയും ഇത്തരമൊരു അവസ്ഥയ്ക്ക് വഴിവയ്ക്കാം.

 

സൗരയൂഥത്തിൽ വലയങ്ങളോടു കൂടിയ ഗ്രഹമേതെന്നു ചോദിച്ചാൽ ശനി എന്നാകും ഉത്തരം. കാരണം ശനിയുടെ ചുറ്റുമുള്ള ഈ വലയങ്ങൾ വളരെയേറെ ദൃശ്യവും പ്രശസ്തവുമാണ്. എന്നാൽ ശനിക്കു മാത്രമല്ല വലയങ്ങൾ. സൗരയൂഥത്തിലെ വമ്പൻ ഗ്രഹങ്ങളായ വ്യാഴത്തിനും നെപ്റ്റ്യൂണിനും യുറാനസിനും വലയങ്ങളുണ്ട്. പക്ഷേ ശനിയുടേതു പോലെ അത്ര തെളിഞ്ഞ രീതിയിലുള്ള വലയങ്ങളല്ല. 13 വലയങ്ങളാണു യുറാനസിനുള്ളത്.

 

ഭൂമിയുടെ 15 ഇരട്ടി ഭാരവും നാലിരട്ടി വലുപ്പവുമുള്ള ഗ്രഹമാണ് യുറാനസ്. സൗരയൂഥത്തിലെ മൂന്നാമത്തെ വാതകഭീമനായ ഈ ഗ്രഹത്തിന്റെ പുറന്തോട് മുഴുവൻ വാതകങ്ങൾ നിറഞ്ഞതാണ്. സൗരയൂഥത്തിലെ ഏറ്റവും കൂളായ കക്ഷിയാണു യുറാനസ്. –216 ഡിഗ്രി സെൽഷ്യസാണ് താപനില. 17 ഭൗമമണിക്കൂർ ചേരുമ്പോൾ ഇവിടെ ഒരു ദിവസമാകും. ഭൂമിയിലെ 84 വർഷങ്ങൾ ചേരുന്നതാണ് ഇവിടത്തെ ഒരുവർഷം. വ്യത്യസ്ത വലുപ്പത്തിലും രൂപത്തിലുമുള്ള 27 ചന്ദ്രൻമാരും ഇവിടെയുണ്ട്. മണിക്കൂറിൽ 900 കിലോമീറ്ററിലധികം വേഗത്തിൽ വീശിയടിക്കുന്ന മഞ്ഞുകാറ്റുകൾ ഗ്രഹത്തിലുണ്ട്.

 

English Summary: New Study of Uranus' Large Moons Shows 4 May Hold Water

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com