ADVERTISEMENT

പൊഖ്‌റാനിൽ രണ്ടാം ആണവപരീക്ഷണം തുടങ്ങിയ ദിനമായ മേയ് 11 ദേശീയ സാങ്കേതികതാ ദിനമായാണ് ഇന്ത്യയിൽ ആചരിക്കുന്നത്. ഇന്ത്യയെ ആഗോളപ്രതിരോധരംഗത്ത് കരുത്തുറ്റ രാഷ്ട്രമാക്കി മാറ്റിയ ഈ പരീക്ഷണത്തിന് കാൽനൂറ്റാണ്ട് തികയുകയാണ് ഇപ്പോൾ. 1998 മേയ് 11 മുതൽ 13 വരെയുള്ള തീയതികളിൽ ഓപ്പറേഷൻ ശക്തി എന്ന പേരിൽ 5 ആണവ പരീക്ഷണങ്ങളാണ് രാജസ്ഥാനിലെ പൊഖ്‌റാനിൽ ഇന്ത്യ നടത്തിയത്. 

 

ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1974ൽ ഇവിടെത്തന്നെ നടത്തിയ സ്‌മൈലിങ് ബുദ്ധ എന്ന ആണവപരീക്ഷണത്തിന്റെ പിന്തുടർച്ചയായിരുന്നു ഓപ്പറേഷൻ ശക്തി. 1974ൽ 12 കിലോടൺ ആണവായുധ ശേഷി ഇന്ത്യ കൈവരിച്ചു. എന്നാൽ 1998ലെ പരീക്ഷണത്തിൽ ഇത് 200 കിലോടൺ ആയി ഉയർന്നു. തുടർന്ന് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാറി വാജ്പേയ് ഇന്ത്യയെ ആണവരാഷ്ട്രമായി പ്രഖ്യാപിച്ചു. ആണവായുധശേഷി പ്രഖ്യാപിച്ച ആറാമത്തെ രാജ്യമായി ഇതോടെ ഇന്ത്യ മാറി. യുഎസ്, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന എന്നിവയാണ് മറ്റ് അഞ്ചുപേർ. ഇതിനു ശേഷം പാക്കിസ്ഥാനും അണ്വായുധശേഷി നേടി.

 

ഈ പരീക്ഷണത്തിനു ചുക്കാൻ പിടിച്ചത് അന്ന് വാജ്‌പേയിയുടെ ശാസ്ത്രീയ ഉപദേഷ്ടാവായ ഡോ. എ.പി.ജി അബ്ദുൽ കലാമായിരുന്നു. പരീക്ഷണശേഷം കലാം വാജ്‌പേയിക്ക് ഒരു സന്ദേശമയച്ചു. ബുദ്ധൻ വീണ്ടും ചിരിച്ചിരിക്കുന്നു എന്നതായിരുന്നു അത്. ശക്തി 1 മിസൈലുകളുപയോഗിച്ചായിരുന്നു പൊഖ്റാനിലെ രണ്ടാം പരീക്ഷണം. അഞ്ച് ന്യൂക്ലിയർ ബോംബുകളാണ് പരീക്ഷിച്ചത്. ഇതിൽ ആദ്യത്തേത് ആണവ ഫ്യൂഷൻ ബോംബായിരുന്നു. പിന്നീടുള്ളതെല്ലാം ഫിഷൻ ബോംബുകളും.

 

ഈ പരീക്ഷണത്തിന് ഒന്നരവർഷത്തെ തയാറെടുപ്പുണ്ടായിരുന്നു. ഏറ്റവും വലിയ നയതന്ത്ര, സുരക്ഷാ പ്രാധാന്യമുള്ള ഒരു വിഷയമായതിനാൽ രാത്രിയിൽ മാത്രമാണ് ശാസ്ത്രജ്ഞർ പൊഖ്‌റാനിൽ ജോലി ചെയ്തത്. രാത്രിയിൽ പ്രകാശം കുറവായതിനാൽ മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾക്ക് പൊഖ്‌റാൻ ടെസ്റ്റ് സൈറ്റിൽ നിന്നുള്ള ദൃശ്യങ്ങൾ പകർത്താൻ പാടായിരിക്കുമെന്ന ചിന്തയായിരുന്നു ഇതിനു പിന്നിൽ. അമേരിക്കൻ ചാരസംഘടനയായ സിഐഎ ഉൾപ്പെടെയുള്ളവർ പരീക്ഷണത്തിന്റെ വിവരങ്ങൾ അറിയാതിരിക്കാൻ ഇന്ത്യ ശ്രദ്ധാലുക്കളായിരുന്നു.

രാത്രിയിൽ നടത്തിയ ജോലിയുടെ ശേഷിപ്പുകളും അടയാളങ്ങളുമൊക്കെ മാറ്റി രാവിലെയാകുന്നതോടെ പഴയപടി തന്നെയാക്കുന്നതിൽ ഇന്ത്യൻ ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ധരും തികഞ്ഞ ജാഗ്രത പുലർത്തി. രാത്രിയിൽ ഇത്ര കനപ്പെട്ട പരീക്ഷണജോലികൾ നടക്കുന്നുണ്ടായിരുന്നെന്ന് തീരെ മനസ്സിലാക്കാൻ പകൽ സാധിച്ചിരുന്നില്ല. പൊഖ്റാൻ 2 വിജയമായതിനു ശേഷം, ഇങ്ങനെയൊരു ദൗത്യം നടക്കുന്നുണ്ടെന്ന് മനസ്സിലാക്കാൻ തങ്ങൾ പരാജയപ്പെട്ടെന്ന് സിഐഎ വെളിപ്പെടുത്തിയിരുന്നു. 1996 മുതൽ 2004 വരെ സിഐഎയുടെ ഡയറക്ടറായിരുന്ന ജോർജ് ടെനറ്റാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്.

 

English Summary: 25th anniversary of Pokhran-II: India’s journey to become a nuclear power

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com