ADVERTISEMENT

വർഷം 2020. കലിഫോർണിയയിലെ സ്വിക്കി ട്രാൻസിയന്റ് ഫെസിലിറ്റിയിലാണ് പ്രപഞ്ചത്തിന്റെ ഒരു കോണിൽ നിന്ന് പൊട്ടുപോലെ തോന്നിയ തിളക്കമേറിയ ഒരു പ്രതിഭാസം ദൃഷ്ടിയിൽപെട്ടത്.എന്നാൽ വെറുമൊരു പൊട്ടല്ലായിരുന്നു അത്. പ്രപഞ്ചത്തിൽ മനുഷ്യർ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ പ്രപഞ്ച വിസ്ഫോടനമായിരുന്നു അത്.എടി2021എൽഡബ്ല്യുഎക്സ് എന്നു സാങ്കേതികപരമായി പേരു നൽകിയിരിക്കുന്ന ഈ വിസ്ഫോടനത്തെ സ്കേറി ബാർബി എന്നാണ് ശാസ്ത്രജ്ഞർ കളിയായി വിശഷിപ്പിച്ചത്. വിസ്ഫോടനം സൗരയൂഥത്തിന്റെ 100 ഇരട്ടി വ്യാപ്തിയിലാണുള്ളത്. സൂര്യനേക്കാൾ 2 ലക്ഷം കോടി മടങ്ങ് പ്രകാശമാനമാണ് ഈ പൊട്ടിത്തെറിയെന്നത് അതിന്റെ ഗംഭീരത വെളിവാക്കുന്ന സംഗതിയാണ്.ഇത്രയും തീവ്രമായ ഒരു പൊട്ടിത്തെറി മുൻപൊരിക്കലും കണ്ടെത്തിയിട്ടില്ലെന്ന് ഗവേഷകർ അറിയിച്ചു.

 

കഴിഞ്ഞ വർഷം ഇതിലും പ്രകാശമാനമായ ഒരു പൊട്ടിത്തെറി ഗവേഷകർ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് അൽപനേരം മാത്രമാണ് നീണ്ടുനിന്നത്. സാധാരണ ഗതിയിൽ പ്രപഞ്ചത്തിൽ സൂപ്പർനോവ വിസ്ഫോടനങ്ങൾ നടക്കുന്നത് ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപെടാറുണ്ട്. നക്ഷത്രങ്ങൾ പ്രോട്ടോസ്റ്റാർ, റെഡ് ജയന്‌റ്, വൈറ്റ് ഡ്വാർഫ് തുടങ്ങി പല ഘട്ടങ്ങളിലൂടെ കടന്നുപോയാണ് അന്ത്യത്തിലെത്തുന്നത്. മധ്യരീതിയിൽ പിണ്ഡമുള്ള നക്ഷത്രങ്ങൾ അവസാനഘട്ടത്തിൽ സൂപ്പർനോവ വിസ്‌ഫോടനത്തിൽ പൊട്ടിത്തെറിക്കുകയും ന്യൂട്രോൺ സ്റ്റാർ എന്ന അവസ്ഥയിലേക്കു പോകുകയും ചെയ്യും. വളരെയേറെ ഊർജം പുറന്തള്ളുന്നവയാണ് സൂപ്പർനോവ വിസ്ഫോടനങ്ങൾ. സാധാരണ നടക്കുന്ന സൂപ്പർനോവ താരവിസ്ഫോടനത്തിന്റെ 10 മടങ്ങ് പ്രകാശമാനമാണ് ഇപ്പോൾ ശ്രദ്ധയിൽപെട്ട സ്കേറി ബാർബിയെന്ന് ശാസ്ത്രജ്ഞർ പറയുന്നു.800 കോടി പ്രകാശവർഷമകലെയാണ് ഈ പൊട്ടിത്തെറി നടന്നത്. പ്രപഞ്ചം വെറും 600 കോടി വർഷം പ്രായമുള്ളപ്പോഴാണ് ഇതു നടന്നത്. 3 വർഷത്തിലധികം ഇതു നീണ്ടു നിന്നു.

 

എന്താണ് സ്കേറി ബാർബിക്ക് വഴിവച്ചതെന്ന കാര്യത്തിൽ ശാസ്ത്രജ്ഞർക്ക് ഭിന്നാഭിപ്രായമാണ്. സാധാരണ സൂപ്പർനോവകൾ പോലെ ഒരു നക്ഷത്രം പൊട്ടിത്തെറിച്ചതാണോ എന്നതാണ് മുന്നോട്ടുവയ്ക്കപ്പെടുന്ന ഒരു സാധ്യത. എന്നാൽ ഇത്രയും പ്രകാശമാനമായ നിലയിൽ സൂപ്പർനോവ വിസ്ഫോടനം നടക്കാറില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.ടൈഡൽ ഡിസ്റപ്ഷൻ എന്ന പ്രതിഭാസമാണോയിതെന്നും സംശയിക്കപ്പെടുന്നു. നക്ഷത്രങ്ങളെ അതിപിണ്ഡ തമോഗർത്തങ്ങൾ വിഴുങ്ങുമ്പോഴാണ് ഇതു സംഭവിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ ഈ സ്ഫോടനം അതിനേക്കാൾ 3 മടങ്ങ് തിളക്കമുറ്റതാണെന്നും അതിനാൽ ടൈഡൽ ഡിസ്റപ്ഷനു സാധ്യതയില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു.സൂര്യന്റെ ആയിരമിരട്ടി വലുപ്പമുള്ള ഒരു വൻ വാതകപടലം ഒരു അതിപിണ്ഡ തമോഗർത്തത്തിന്റെ സ്വാധീനം നിമിത്തം പൊട്ടിത്തെറിച്ചതാണെന്നാണ് ഇതിനെപ്പറ്റി പ്രബലമായി കരുതപ്പെടുന്നത്.

 

English Summary: Cosmic explosion: Astronomers witness massive black hole eating space

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com