ഭൂമിയെ ‘ഇരുട്ടിലാക്കാൻ’ കുതിച്ചെത്തുന്ന സൗരക്കാറ്റുകളെ മുന്‍കൂട്ടി പ്രവചിക്കാനും എഐ

Solar Storms Seen In 1582 Could Hit Earth Again And Cause Damage, Warn Scientists
Image Credit: Color4260/Shutterstock
SHARE

എപ്പോള്‍ വേണമെങ്കിലും സൂര്യനില്‍ നിന്നും പൊട്ടിപ്പുറപ്പെടാവുന്ന ഊര്‍ജ്ജപ്രവാഹങ്ങളാണ് സൊളര്‍ സ്‌റ്റോം അഥവാ സൗരക്കാറ്റുകള്‍. വരുന്നത് സൂര്യനില്‍ നിന്നാണെങ്കിലും നമ്മുടെ കൃത്രിമോപഗ്രഹങ്ങളേയും വൈദ്യുത വിതരണ സംവിധാനങ്ങളേയുമെല്ലാം തകര്‍ക്കാന്‍ ശേഷിയുള്ളവയാണിത്. സൗരക്കാറ്റുകളെ മുന്‍കൂട്ടി പ്രവചിക്കുകയെന്നത് ശാസ്ത്രലോകത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ഇപ്പോഴിതാ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ അരമണിക്കൂര്‍ നേരത്തേ സൗരക്കാറ്റിനെക്കുറിച്ച് പ്രവചിക്കാനാവുമെന്ന് അറിയിച്ചിരിക്കുകയാണ് നാസയുടെ ഗൊദാര്‍ദ് സ്‌പേസ് സെന്റര്‍.

സൗരക്കാറ്റ് പുറപ്പെടുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പ് മാത്രമല്ല ഭൂമിയില്‍ ഏതു ഭാഗത്ത് എന്തൊക്കെ നാശനഷ്ടങ്ങള്‍ക്കിടയാക്കുമെന്നും ഇതുവഴി അറിയാനാവും. നാസയുടെ കൃത്രിമ ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ഇതിനു സഹായിക്കുന്നത്. ഇത്തരം വിവരങ്ങള്‍ നേരത്തേ ലഭിച്ചാല്‍ കൂടുതല്‍ കാര്യക്ഷമമായി വൈദ്യുതി വിതരണ സംവിധാനങ്ങളെ അടക്കം സുരക്ഷിതമാക്കാനുള്ള സാവകാശം ലഭിക്കും. സ്‌പേസ് വെതര്‍ ശാസ്ത്ര ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

സൂര്യനില്‍ സംഭവിക്കുന്ന ഊര്‍ജ്ജത്തിന്റെ പൊട്ടിത്തെറികളെ തുടര്‍ന്ന് പുറത്തേക്കു വരുന്ന ചാര്‍ജുള്ള കണങ്ങളുടെ പ്രവാഹമാണ് സൗരക്കാറ്റിന് കാരണമാവുന്നത്. ഭൂമിയുടെ കാന്തികമണ്ഡലത്തെ തകര്‍ക്കാനും റേഡിയോ തരംഗങ്ങളേയും കൃത്രിമോപഗ്രഹങ്ങളേയും അതുവഴി ജിപിഎസ്, സ്മാര്‍ട് ഫോണ്‍ പോലുള്ള സംവിധാനങ്ങളേയും തകരാറിലാക്കാനുമൊക്കെ ഈ സൂര്യജ്വലനത്തിനു ശേഷിയുണ്ട്. 

1859ലാണ് നാശം വിതച്ചുകൊണ്ട് ഒരു സൗരക്കാറ്റ് ഭൂമിയിലേക്കെത്തിയത്. കാരിങ്ടണ്‍ സംഭവം എന്നാണ് ഇത് അറിയപ്പെടുന്നത്. അന്ന് വയര്‍ലസ് പോലുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങളെയാണ് പ്രധാനമായും ബാധിച്ചത്. എന്നാല്‍ ഇന്ന് സമാനമായ ഒരു സൗരക്കാറ്റ് ഭൂമിയിലെത്തിയാല്‍ വാര്‍ത്താവിനിമയ സംവിധാനങ്ങളേയും വൈദ്യുതിവിതരണത്തേയുമൊക്കെ തകര്‍ത്ത് നമ്മളെ പൊടുന്നനെ ഇരുട്ടിലാക്കാന്‍ ഈ പ്രതിഭാസത്തിന് സാധിക്കും. ആ ഭീതി തന്നെയാണ് സൗരക്കാറ്റ് മുന്നറിയിപ്പ് സംവിധാനം നിര്‍മിക്കാന്‍ ശാസ്ത്രലോകത്തിന് പ്രചോദനമാവുന്നതും. 

ഓരോ പതിനൊന്നു വര്‍ഷം കൂടുമ്പോഴും സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജ പ്രവാഹങ്ങള്‍ വര്‍ധിക്കാറുണ്ട്. സോളാര്‍ മാക്‌സിമം എന്നറിയപ്പെടുന്ന ഈ കാലഘട്ടത്തിലൂടെയാണ് ഇപ്പോള്‍ നമ്മള്‍ കടന്നുപോവുന്നതെന്നതും സൗരക്കാറ്റ് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന സാധ്യത വര്‍ധിപ്പിക്കുന്നു. DAGGER എന്നാണ് സൗരക്കാറ്റിനെ പ്രവചിക്കുന്ന എഐ സംവിധാനത്തിന് ഗവേഷകര്‍ പേരിട്ടിരിക്കുന്നത്.

English Summary: NASA's Groundbreaking AI Predicts Solar Storms With 30-Minute Advance Warning

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA