ADVERTISEMENT

വ്യാഴഗ്രഹത്തെ മറികടന്ന് ശനി സൗരയൂഥത്തിലെ ചന്ദ്രൻമാരുടെ രാജാവായി. പുതുതായി 62 ചന്ദ്രൻമാരെ കണ്ടെത്തിയതോടെയാണ് ഇത്. ഇതൊടെ ശനിയുടെ ആകെ ചന്ദ്രൻമാരുടെ എണ്ണം 145 ആയി. നേരത്തെ ഗ്രഹത്തിന് 83 ചന്ദ്രൻമാർ ഉള്ളതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ആദ്യകാലത്ത് സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ ചന്ദ്രൻമാരുള്ളതായി കണക്കാക്കിയിരുന്ന ഗ്രഹം ശനി തന്നെയായിരുന്നു. എന്നാൽ ഇതിനിടെ ശാസ്ത്രജ്ഞർ വ്യാഴത്തിന്റെ നിരവധി ചന്ദ്രൻമാരെ കണ്ടെത്തുകയും വ്യാഴത്തിന്റെ ചന്ദ്രൻമാരുടെ എണ്ണം 95 ആയി ഉയരുകയും ചെയ്തു. ഈ റെക്കോർഡാണ് പുതിയ കണ്ടെത്തലോടെ ശനിക്ക് തിരികെ ലഭിച്ചിരിക്കുന്നത്.

 

പുതുതായി ചന്ദ്രൻമാരെ കണ്ടെത്തിയിരിക്കുന്നത് അക്കാദമിക സിനിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോണമിയിലെ എഡ്വേഡ് ആഷ്ടൺ എന്ന ഗവേഷകനും സംഘവുമാണ്. ഷിഫ്റ്റ് ആൻഡ് സ്റ്റാക് എന്ന പ്രക്രിയ ഉപയോഗിച്ചാണ് ശനിക്ക് ചുറ്റും മങ്ങിയ നിലയിൽ തുടർന്നിരുന്ന ചന്ദ്രൻമാരെ ഇവർ കണ്ടെത്തിയത്. ഹവായിയിലെ മൗന കിയ കൊടുമുടിയിൽ സ്ഥിതി ചെയ്യുന്ന, കാനഡയും ഫ്രാൻസും യുഎസും ചേർന്ന് സ്ഥാപിച്ച ടെലിസ്‌കോപ്പിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ചാണ് ഈ കണ്ടെത്തൽ നടത്തിയത്.

 

ഇറെഗുലർ മൂൺസ് എന്ന വിഭാഗത്തിലുള്ളവയാണ് പുതുതായി കണ്ടെത്തിയ ചന്ദ്രൻമാർ എല്ലാം. ദീർഘവൃത്താകൃതിയുള്ളതും ചരിഞ്ഞതുമായ ഭ്രമണപഥങ്ങളാണ് ഇവയുടെ പ്രത്യേകത. 24 ചന്ദ്രൻമാരെയാണ് ശനിയുടെ സ്വാഭാവിക ഉപഗ്രഹങ്ങളായി കണ്ടെത്തിയിട്ടുള്ളത്. ഇക്കൂട്ടത്തിൽ മിമാസ്, എൻസെലാദസ്, തെത്തീസ്, ഡിയോൺ, റിയ, ലാപ്പറ്റസ്, ഹൈപ്പേരിയോൺ, ടൈറ്റൻ എന്നിവയാണ് ഏറ്റവും വലിയ ചന്ദ്രൻമാർ. ഇക്കൂട്ടത്തിൽ തന്നെ ഏറ്റവും വലുപ്പമുള്ള ചന്ദ്രനാണ് ടൈറ്റൻ.

 

വ്യാഴത്തിന്റെ ചന്ദ്രനായ ഗാനിമീഡ് കഴിഞ്ഞാൽ സൗരയൂഥത്തിലെ ഏറ്റവും വലുപ്പമുള്ള ചന്ദ്രൻകൂടിയാണ് ടൈറ്റൻ. നമ്മുടെ അറിവിൽ ശക്തമായ അന്തരീക്ഷമുള്ള ഒരേയൊരു ചന്ദ്രനായ ടൈറ്റന് വേറെയും സവിശേഷതകളുണ്ട്, ഭൂമി കഴിഞ്ഞാൽ ഉപരിതലത്തിൽ സ്ഥിരമായ ജലാശയങ്ങളുള്ള ഇടമാണ് ടൈറ്റൻ. ഭൂമിയുടെ ചന്ദ്രനേക്കാൾ ഒന്നരയിരട്ടി വലുപ്പമുള്ള ടൈറ്റനിൽ നാസയുടെ ഹൈജൻസ് ദൗത്യം ഇറങ്ങിയിരുന്നു. ഈ ചന്ദ്രനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്നു വെളിവായി. ഐസും പാറകളും നിറഞ്ഞ ഉപരിതലമാണ് ടൈറ്റനുള്ളതെന്നും അന്നു വെളിവായി.

 

ശനിയുടെ ആറാമത്തെ വലിയ ചന്ദ്രനായ എൻസെലാദസും ശാസ്ത്രീയ സർക്കിളുകളിൽ വളരെ പ്രശസ്തമാണ്. കട്ടിയേറിയ ഹിമ പുറന്തോടുള്ള ഈ ഉപഗ്രഹത്തിന്റെ പുറന്തോടിനുള്ളിൽ സമുദ്രമാണ്. ഇതിൽ ജീവനുണ്ടാകാനുള്ള സാധ്യതയും ശാസ്ത്രജ്ഞർ മുന്നോട്ടുവയ്ക്കുന്നു.

 

English Summary: With 145 moons, Saturn pips Jupiter to get back ‘Moon King’ crown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com