ADVERTISEMENT

നൂറു കോടി വാട്ട് (1 ജിഗാവാട്ട്) വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ബഹിരാകാശ സൗരോര്‍ജ നിലയം സ്ഥാപിക്കാനൊരുങ്ങി ചൈന. ചൈനീസ് സൊസൈറ്റി ഓഫ് അസ്ട്രനോട്ടിക്‌സ് സ്‌പേസ് സോളാര്‍ പവര്‍ കമ്മിഷന്റെ നേതൃത്വത്തിലാണ് ഈ സ്വപ്‌ന പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ഏതാണ്ട് പതിനായിരം ടണ്‍ ഭാരം പ്രതീക്ഷിക്കപ്പെടുന്ന ബഹിരാകാശ സൗരോര്‍ജ നിലയത്തിനു വയര്‍ലസ് പവര്‍ ട്രാന്‍സ്മിഷനുള്ള ശേഷിയും ഉണ്ടായിരിക്കും.

 

ചൈനയുടെ ആദ്യത്തെ സാറ്റലൈറ്റ് ഡോങ്ഫാങ്‌ഹോങ്ങിന് ആകെ 173 കിലോഗ്രാം മാത്രമായിരുന്നു ഭാരം. എന്നാല്‍ 2022ല്‍ പണി പൂര്‍ത്തിയായ ചൈനീസ് ബരിരാകാശ നിലയത്തിന് 100 ടണ്‍ ഭാരമുണ്ട്. ഞങ്ങളുടെ ബഹിരാകാശ സാങ്കേതികവിദ്യ മുന്നോട്ടു തന്നെയാണ്. ഭാവിയില്‍ നൂറു കോടി വാട്‌സ് (1 ജിഗാവാട്ട്) വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷയുള്ള ബഹിരാകാശ സൗരോര്‍ജ നിലയം നിര്‍മിക്കാനാണ് പദ്ധതിയെന്ന് പ്രഫഷണല്‍ ഫോറത്തിനിടെ ചൈനീസ് സൊസൈറ്റി ഓഫ് അസ്ട്രനോട്ടിക്‌സ് സ്‌പേസ് സോളാര്‍ പവര്‍ കമ്മിഷന്‍ ഡയറക്ടര്‍ ലി മിങ് പറഞ്ഞു. 

 

കിഴക്കന്‍ ചൈനയിലെ അന്‍ഹുയി പ്രവിശ്യയുടെ തലസ്ഥാനമായ ഹെഫെയില്‍ നടക്കുന്ന ചൈന സ്‌പേസ് കോണ്‍ഫറന്‍സിന്റെ ഭാഗമായാണ് ഈ പ്രഫഷണല്‍ ഫോറവും സംഘടിപ്പിക്കപ്പെട്ടത്. ഏപ്രില്‍ 24ന് ചൈനീസ് ബഹിരാകാശ ദിനത്തോട് അനുബന്ധിച്ച് ചൈനീസ് സൊസൈറ്റി ഓഫ് അസ്ട്രനോട്ടിക്‌സും ചൈന സ്‌പേസ് ഫൗണ്ടേഷനും സംയുക്തമായാണ് ഈ പരിപാടികള്‍ സംഘടിപ്പിച്ചത്. 

 

ശാസ്ത്രസാഹിത്യകാരനായ ഐസക് അസിമോവിന്റെ കൃതികളില്‍ നിന്നാണ് 1941ല്‍ ബഹിരാകാശത്തെ സൗരോര്‍ജ നിലയം എന്ന ആശയത്തിന് പ്രചാരം ലഭിച്ചത്. അമേരിക്കന്‍ എയറോസ്‌പേസ് എൻജിനീയറായ പീറ്റര്‍ ഗ്ലാസെര്‍ 1968ല്‍ ബഹിരാകാശത്തെ സൗരോര്‍ജ നിലയത്തിന്റെ പ്രായോഗിക സാധ്യതകള്‍ ആദ്യമായി അവതരിപ്പിച്ചു. വയര്‍ലെസ് എനര്‍ജി ട്രാന്‍സ്മിഷന്‍ അടക്കം നിരവധി സാങ്കേതികവിദ്യകള്‍ വികസിപ്പിക്കേണ്ടതിനാലാണ് ബഹിരാകാശ സൗരോര്‍ജ നിലയം യാഥാര്‍ഥ്യമാവുന്നതിനു പിന്നെയും പതിറ്റാണ്ടുകള്‍ വേണ്ടിവരുന്നത്. 

 

അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവരും ബഹിരാകാശ സൗരോര്‍ജ നിലയം സ്ഥാപിക്കാനുള്ള മത്സരത്തില്‍ ചൈനക്കൊപ്പമുണ്ട്. സാറ്റലൈറ്റ് നിര്‍മാതാക്കളായ എസ്എസ്ടിഎല്ലും കേംബ്രിഡ്ജ് സര്‍വകലാശാലയും അടക്കമുള്ള അമ്പത് ബ്രിട്ടിഷ് സ്ഥാപനങ്ങള്‍ കൈകോര്‍ത്താണ് 2035 ആവുമ്പോഴേക്കും ബ്രിട്ടിഷ് ബഹിരാകാശ സൗരോര്‍ജ നിലയം സ്ഥാപിക്കാനൊരുങ്ങുന്നത്.

 

English Summary: China to build gigawatt-level space power station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com