അസുഖം ബാധിച്ച ശരീര കോശങ്ങളെ മാത്രം ചികിത്സിക്കുക, അങ്ങനെയൊരു സ്വപ്‌നം യാഥാര്‍ഥ്യമാക്കുകയാണ് ചൈനീസ് ഗവേഷകര്‍. അവര്‍ കണ്ടെത്തിയ കുഞ്ഞു റോബോട്ടുകള്‍ക്ക് ശരീരത്തിനുള്ളിലൂടെ സഞ്ചരിച്ച് അസുഖബാധിതമായ കോശങ്ങളെ കണ്ടെത്തി വേണ്ട മരുന്നു നല്‍കാന്‍ സാധിക്കും. അര്‍ബുദ ചികിത്സയില്‍ അടക്കം വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഈ ചൈനീസ് മൈക്രോ റോബോട്ടുകള്‍ക്ക് സാധിക്കും.
മനുഷ്യ കോശങ്ങളുടെ തന്നെ ഘടനയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് മൈക്രോ റോബോട്ടുകളെ ഹാര്‍ബിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ബയോ ടെക്‌നോളജി വിദഗ്ധന്‍ വു സിഗുവാങിന്റേയും റോബോട്ടിക് വിദഗ്ധനായ സാവോ ജിയുടേയും നേതൃത്വത്തിലുള്ള സംഘം നിര്‍മിച്ചെടുത്തത്. സയന്‍സ് അഡ്വാന്‍സസ് എന്ന ശാസ്ത്ര ജേണലില്‍ മേയ് അഞ്ചിന് ഇവരുടെ പഠനം പ്രസിദ്ധീകരിച്ചിരുന്നു.
കാലുകളില്‍ കൂര്‍ത്ത നഖങ്ങളുള്ള ചെറു മുങ്ങിക്കപ്പലുകളെ പോലെയാണ് ഈ മൈക്രോ റോബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. മൂന്നു പാളികളായാണ് ഇവയെ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഉള്ളിലെ കാന്തിക പാളിയാണ് പ്രവര്‍ത്തിക്കാന്‍ വേണ്ട ഊര്‍ജം നിര്‍മിക്കുന്നത്. മധ്യഭാഗത്തെ പശ പോലുള്ള ഭാഗം ബന്ധിപ്പിക്കാന്‍ സഹായിക്കുന്നു. മൂന്നാം പാളി കൂടി വരുന്നതോടെയാണ് മനുഷ്യകോശങ്ങളുമായി ഇവയുടെ ഘടനക്ക് സാമ്യതയുണ്ടാവുന്നത്.
നാലു ജോഡി കാലുകളാണ് ഈ മൈക്രോ റോബോട്ടുകള്‍ക്കുള്ളത്. ഓരോ കാലുകളുടെ അറ്റത്തും നഖങ്ങള്‍ പോലുള്ള ഭാഗങ്ങളുണ്ടാവും. ഇവയാണ് രക്തക്കുഴലുകളിലൂടെ കുറഞ്ഞ സമ്മര്‍ദം മാത്രം ചെലുത്തി നിയന്ത്രിതമായി ചലിക്കാന്‍ സഹായിക്കുന്നത്. രക്തപ്രവാഹത്തിനെതിരെ സഞ്ചരിക്കുകയെന്നതാണ് മൈക്രോ റോബോട്ടുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. എട്ടു മുതല്‍ 20 മൈക്രോ സെന്റിമീറ്റര്‍ വരെ വലുപ്പമുള്ള ഇവയ്ക്ക് സെക്കന്റില്‍ രണ്ട് സെന്റിമീറ്റര്‍ വരെ വേഗത്തിലുള്ള രക്തപ്രവാഹം നേരിടേണ്ടി വരും. പലപ്പോഴും ഒരു സെക്കന്റില്‍ വലുപ്പത്തിന്റെ ആയിരം ഇരട്ടി ദൂരം ഇത്തരം മൈക്രോ റോബോട്ടുകള്‍ക്ക് സഞ്ചരിക്കേണ്ടി വരുമെന്നും ഗവേഷകര്‍ പറയുന്നു.
രക്തക്കുഴലുകളിലൂടെ ചക്രം പോലെ ഉരുണ്ടുകൊണ്ടാണ് മൈക്രോ റോബോട്ടുകള്‍ സഞ്ചരിക്കുക. ഏതു ഭാഗങ്ങളിലെ കോശങ്ങളിലേക്കാണ് എത്തേണ്ടത് അവിടെയെത്തിക്കഴിഞ്ഞാല്‍ അവയുടെ കാലുകളുടെ അറ്റത്തുള്ള നഖം പോലുള്ള ഭാഗങ്ങളുപയോഗിച്ച് പറ്റിപ്പിടിക്കും. മുയലുകളില്‍ നടത്തിയ പരീക്ഷണത്തില്‍ രക്തക്കുഴലുകളിലൂടെ സെക്കന്റില്‍ 2.1 സെന്റിമീറ്റര്‍ വേഗത്തിലുള്ള രക്തപ്രവാഹത്തെ മറികടക്കാന്‍ മൈക്രോ റോബോട്ടുകള്‍ക്ക് സാധിച്ചിരുന്നു.
അര്‍ബുദ ചികിത്സ പോലുള്ള മേഖലയില്‍ മൈക്രോ റോബോട്ടുകള്‍ വലിയ മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. നിലവില്‍ അര്‍ബുദ ചികിത്സയുടെ ഭാഗമായി കീമോ കുത്തിവെപ്പുകള്‍ നല്‍കുമ്പോള്‍ 0.07 ശതമാനം മരുന്നുകള്‍ മാത്രമാണ് ലക്ഷ്യത്തിലേക്ക് എത്തുന്നതെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. മരുന്നുകളെ ലക്ഷ്യത്തിലെത്തിക്കാന്‍ മൈക്രോ റോബോട്ടുകള്‍ക്ക് സാധിച്ചാല്‍ മരുന്നിന്റെ അളവും പാര്‍ശ്വഫലങ്ങളും കുറക്കാന്‍ സാധിക്കും.
English Summary: Microscopic swimming robots that deliver drugs around body could revolutionise cancer treatment