വായുവിൽ നിന്നും മനുഷ്യന്റെ ഡിഎൻഎ കണ്ടെത്താമെന്ന് തെളിയിച്ച് ശാസ്ത്രജ്ഞര്‍

what-is-dna-facts-and-information
Representative image. Photo Credits; peterschreiber.media/ Shutterstock.com
SHARE

വായുവിലും വെള്ളത്തിലും കലരുന്ന മനുഷ്യന്റെ ജനിതക വിവരങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതില്‍ വിജയിച്ച് ശാസ്ത്രലോകം. എന്‍വിയോണ്‍മെന്റല്‍ ഡിഎന്‍എ അഥവാ ഇഡിഎന്‍എയാണ് ഇത്തരത്തില്‍ ഗവേഷകര്‍ വേര്‍തിരിച്ചെടുത്തത്. ഇതില്‍ നിന്നും വ്യക്തികളുടെ ജനിതക വിവരങ്ങള്‍ ലഭിക്കുമെന്നത് പ്രതീക്ഷക്കെന്ന പോലെ ആശങ്കക്കും വഴിവെക്കുന്നുണ്ട്. ഇഡിഎന്‍എയില്‍ നിന്നും ശേഖരിച്ച ജനിതക വിവരങ്ങളും വര്‍ഗപരമായ വിവരങ്ങളും നേച്ചുര്‍ ഇക്കോളജി ആന്‍ഡ് എവല്യൂഷനില്‍ ശാസ്ത്രജ്ഞര്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. 

ഫ്‌ളോറിഡ സര്‍വകലാശാലയിലെ വൈല്‍ഡ്‌ലൈഫ് ജെനറ്റിസിസ്റ്റ് ഡേവിഡ് ഡുഫേയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ പഠനത്തിന് പിന്നില്‍. ഈ സാങ്കേതികവിദ്യ നേരത്തെ കോവിഡിന്റെ സമയത്ത് വെള്ളത്തില്‍ നിന്നും രോഗാണുവിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ ഒരു പടി കൂടി മുന്നോട്ടു പോയി വെള്ളത്തില്‍ നിന്നും വായുവില്‍ നിന്നും ശേഖരിക്കുന്ന ഇഡിഎന്‍എയുടെ ഉടമയുടെ വ്യക്തിപരമായ വിവരങ്ങള്‍ മനസ്സിലാക്കുന്നതിലേക്കുവരെ ശാസ്ത്രം എത്തിയിരിക്കുന്നു. ഇത് വലിയ തോതില്‍ സ്വകാര്യതയെ ലംഘിക്കുമോ എന്ന ആശങ്കയുമുണ്ട്. 

ഡേവിഡ് ഡുഫേയുടെ നേതൃത്വത്തിലുള്ള സംഘത്തിന് ഇഡിഎന്‍എയില്‍ നിന്നും വ്യക്തികളുടെ മെഡിക്കല്‍ വിവരങ്ങളും തലമുറകള്‍ കൈമാറ്റം ചെയ്തു വന്ന വര്‍ഗപരമായ വിവരങ്ങളും തിരിച്ചറിയാന്‍ സാധിച്ചിരുന്നു. ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ ഇത്തരം വിവരങ്ങള്‍ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും സ്വകാര്യതയുടെ ലംഘനമാണെന്ന ആശങ്ക ഉയര്‍ത്തി കഴിഞ്ഞു. സംശയിക്കുന്നവരുടെ വിവരങ്ങളുമായി ഒത്തു നോക്കുന്നതിന് ഡിഎന്‍എ വിവരങ്ങള്‍ പരിശോധിക്കുന്ന രീതി അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ നിയമ സംവിധാനങ്ങളിലുണ്ട്. പൂര്‍ണമായും കൃത്യമായിരിക്കില്ലെന്നതാണ് ഇതിനെതിരെ ഉയരുന്ന പ്രധാന ആരോപണം. 

ആമകളില്‍ വ്യാപകമായെന്ന് കരുതപ്പെട്ടിരുന്ന ഒരു രോഗത്തെക്കുറിച്ചുള്ള വിവര ശേഖരണത്തിനായാണ് ഡഫിയും സംഘവും ഇഡിഎന്‍എ ശേഖരിച്ചു തുടങ്ങിയത്. എന്നാല്‍ അവര്‍ക്ക് വലിയ തോതില്‍ ലഭിച്ചത് മനുഷ്യരുടെ ഇഡിഎന്‍എയായിരുന്നു. അതുകൊണ്ട് ഗവേഷകര്‍ മനുഷ്യരിലെ ഇഡിഎന്‍എക്കു പിന്നാലെ പോയി. 

അമേരിക്കയിലെ ഫ്‌ളോറിഡയിലെ ഒരു ചെറു തുറമുഖത്തില്‍ നിന്നാണ് അവര്‍ ഇഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ചത്. ശാസ്ത്രജ്ഞര്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ വിവരങ്ങള്‍ ഇഡിഎന്‍എ നല്‍കി. ഇതില്‍ ഒരു ഇഡിഎന്‍എക്ക് കാണാതായ ഒരു വ്യക്തിയുടെ വിവരങ്ങളുമായി സാമ്യതയുണ്ടായിരുന്നു. ഇത്തരം സാങ്കേതികവിദ്യകള്‍ പല രീതിയിലും ഉപയോഗിക്കാനാവും. ഉദാഹരണത്തിന് രാജ്യത്തെ ന്യൂനപക്ഷ ഗോത്രവിഭാഗക്കാരെ ഡിഎന്‍എ പരിശോധന വഴി ചൈന കണ്ടെത്താന്‍ ശ്രമിക്കുന്നുവെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

English Summary: Privacy concerns rise as scientists develop way to detect human DNA In The Air

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS