ADVERTISEMENT

ടൈറ്റാനിക്കിന്‌റെ തകർച്ചയോളം പ്രശസ്തമായ ഒരു കപ്പൽചേതം ലോകചരിത്രത്തിൽ ഉണ്ടാകില്ല. എന്നാൽ ചെറുതും വലുതുമായ ഒട്ടേറെ കപ്പൽത്തകർച്ചകൾ ലോകത്ത് പലയിടങ്ങളിലും നടന്നിരുന്നു. ചരിത്രത്തിന്‌റെ കൊടിയടയാളം വഹിക്കുന്ന പല കപ്പലുകളും ആഴക്കടലിൽ നീണ്ടനാളായി നിദ്രയിലുമാണ്. ഇവയിൽ ചിലതൊക്കെ കാലാവസ്ഥാവ്യതിയാനവും വരൾച്ചയുമൊക്കെമൂലം വെളിയിൽ വന്നിട്ടുമുണ്ട്.

കപ്പൽ തകർന്നു മുങ്ങി; മഞ്ഞിൽ കാലുറപ്പിച്ചു നടന്നു രക്ഷപ്പെട്ട അത്ഭുതം

108 വർഷങ്ങൾക്ക് മുൻപ് അന്റാർട്ടിക്കയിൽ മറഞ്ഞ പ്രശസ്ത കപ്പലായ എൻഡുറൻസ് കടലിനടിയിൽ നിന്നു അടുത്തിടെ കണ്ടെത്തിയിരുന്നു. വിഖ്യാത ബ്രിട്ടിഷ്‌ഐറിഷ് പര്യവേക്ഷകനായ സർ ഏർണസ്റ്റ് ഷാക്കിൾടണിന്റെ കപ്പലായിരുന്നു ഇത്. 1915ലാണ് അന്റാർട്ടിക്കയ്ക്കു സമീപം തണുത്തുറഞ്ഞ സമുദ്രമഞ്ഞിൽ ഇടിച്ച് കപ്പൽ തകർന്നു മുങ്ങിയത്. ഇതിലുണ്ടായിരുന്ന ഷാക്കിൾടണും സംഘവും തുടർന്ന് ചെറിയബോട്ടുകളിലും മഞ്ഞിൽ കാലുറപ്പിച്ചു നടന്നു രക്ഷപ്പെട്ടിരുന്നു.

അന്റാർട്ടിക് പര്യവേക്ഷണ ചരിത്രത്തിലെ അദ്ഭുതകരമായ രക്ഷപ്പെടലുകളിലൊന്നായിരുന്നു അത്. അന്റാർട്ടിക്കയ്ക്ക് സമീപമുള്ള വെഡൽ കടലിൽ പതിനായിരം അടി താഴെയായാണു കപ്പൽ കണ്ടെത്തിയത്. തടികൊണ്ടുണ്ടാക്കിയ കപ്പൽ ദ്രവിച്ചിട്ടുണ്ടെങ്കിലും ഇന്നും ഘടന നിലനിൽക്കുന്നുണ്ട്. എൻഡുറൻസ് എന്നു കപ്പലിൽ എഴുതിയിരിക്കുന്നതും ഇപ്പോഴും കാണാം. 

അൻപതു വർഷത്തോളം നീണ്ട പര്യവേക്ഷണ കരിയറിനുടമയായ മറൈൻ ആർക്കയോളജിസ്റ്റ് മെൻസൻ ബൗണ്ടും സംഘവുമാണ് കപ്പൽ കണ്ടെത്തിയത്.ലോകത്തിലെ ഏറ്റവും സങ്കീർണവും ദുഷ്‌കരവുമായ തിരച്ചിലാണ് ഈ കപ്പലിനു വേണ്ടി നടത്തിയത്. തണുത്തുറഞ്ഞ മഞ്ഞും, മൈനസ് 18 ഡിഗ്രി വരെ താഴുന്ന താപനിലയും ഇടയ്ക്കിടെ വീശുന്ന മഞ്ഞുകാറ്റുകളും തിരച്ചിൽ കാഠിന്യമുള്ളതാക്കി. ഫാക്ലാൻഡ്‌സ് മാരിടൈം ഹെറിറ്റേജ് ട്രസ്റ്റ് എന്ന സംഘടന ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന ഐസ്‌ബ്രേക്കർ കപ്പലായ അഗൽഹാസ് 2, ഉപയോഗിച്ചാണു തിരച്ചിൽ നടത്തിയത്.

ട്രാൻസ് അന്റാർട്ടിക് എക്‌സ്‌പെഡിഷൻ

അന്റാർട്ടിക്കയ്ക്കു കുറുകെ കരയിലൂടെ യാത്ര ചെയ്യുന്ന ട്രാൻസ് അന്റാർട്ടിക് എക്‌സ്‌പെഡിഷൻ എന്ന വിശ്വപ്രസിദ്ധ ചരിത്ര ദൗത്യത്തിനായാണ് ഷാക്കിൾട്ടൺ എൻഡുറൻസ് ഉപയോഗിച്ചത്. ഒറോറ എന്ന മറ്റൊരു കപ്പലും ഈ പര്യവേക്ഷക ദൗത്യത്തിനായുണ്ടായിരുന്നു. അന്റാർട്ടിക്കയിലെ  വടക്കൻ മേഖലയിലുള്ള വാസൽ ഉൾക്കടലിൽ എത്തിയശേഷം തെക്കോട്ട് കരയിലൂടെ പര്യവേക്ഷക യാത്ര.

തെക്കേയറ്റത്തെത്തുമ്പോൾ അവിടെ കടലിൽ കാത്തുകിടക്കുന്ന ഓറോറ കപ്പലിൽ ഏറി മടക്കയാത്ര. എന്നാൽ എൻഡുറൻസ് തകർന്നതും മറ്റനേകം പ്രതിബന്ധങ്ങളും ഈ ദൗത്യത്തെ പരാജയപ്പെടുത്തി. ആറു ക്രൂ അംഗങ്ങളിൽ മൂന്നുപേർ മരണപ്പെടുകയും ചെയ്തു. പരാജയപ്പെട്ടെങ്കിലും അന്റാർട്ടിക് ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഏടുകളിലൊന്നായാണ് ട്രാൻസ് അന്റാർട്ടിക് എക്‌സ്‌പെഡിഷൻ കണക്കാക്കപ്പെടുന്നത്.

ഡാന്യൂബിൽ വരൾച്ചയിൽ തെളിഞ്ഞ നാത്സി പടക്കപ്പലുകൾ

കഴിഞ്ഞ വർഷം യൂറോപ്പിലെ പ്രമുഖ നദിയായ ഡാന്യൂബിൽ വരൾച്ച മൂലം ജലനിരപ്പ് കുറഞ്ഞതോടെ രണ്ടാംലോകയുദ്ധത്തിന്റെ അവസാന കാലത്ത് മുങ്ങിയ നാത്സി പടക്കപ്പലുകൾ തെളിഞ്ഞിരുന്നു. കിഴക്കൻ സെർബിയയിലെ പ്രഹോവോ പട്ടണത്തിനു സമീപത്തായാണ് ഡാന്യൂബ് നദിയിൽ 20 കപ്പലുകൾ തെളിഞ്ഞ് ഉയർന്ന് വന്നത്.

ഈ കപ്പലുകളിൽ ടൺ കണക്കിന് ബോംബുകളും മറ്റ് സ്‌ഫോടക വസ്തുക്കളുമുണ്ടായിരുന്നു. 1944ൽ കരിങ്കടലിൽ നിന്നു വന്ന കപ്പലുകളാണ് ഇവ. എന്നാൽ ജർമനിയിലേക്ക് എത്തുന്നതിനു മുൻപ് തന്നെ ശക്തമായ സോവിയറ്റ് ആക്രമണമുണ്ടായി. പിടിച്ചുനിൽക്കാനാവില്ലെന്നു വന്നതോടെ നാത്സികൾ കപ്പലുകൾ നദിയിൽ മുക്കി സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിലേക്കു പോകുകയായിരുന്നു.2021ൽ കടലിന്റെ അടിത്തട്ടിൽ നടന്ന അഗ്‌നിപർവത സ്ഫോടനത്തിന്റെയും മറ്റു ഭൗമാന്തര പ്രവർത്തനങ്ങളുടെയും ഫലമായി ജപ്പാനിൽ രണ്ടാം ലോകയുദ്ധ സമയത്ത് മുങ്ങിപ്പോയ പടക്കപ്പലുകൾ ഉയർന്നു പൊങ്ങി സമുദ്രോപരിതലത്തിലെത്തിയത് വാർത്തയായിരുന്നു. 

ലോകം വിറച്ച നാളുകളുടെ ഒരു ഓർമപ്പെടുത്തലെന്ന വണ്ണം ഒരു ഡസനോളം കപ്പലുകൾ സമുദ്രതീരത്തിനടുത്ത് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.ജപ്പാനിലെ ഇയോ ജിമ ദ്വീപിനു സമീപമായിരുന്നു വിചിത്ര പ്രതിഭാസം. മേഖലയ്ക്കു സമീപം സമുദ്രത്തിലുള്ള ഫുകുടോകു ഒക്കനോബ എന്ന സമുദ്രാന്തര അഗ്‌നിപർവതം പൊട്ടിത്തെറിച്ചതാണ് ഇതിനെല്ലാം വഴിവച്ചത്.

ഉയർന്ന കപ്പലുകളെക്കുറിച്ച് വിവിധ വാദങ്ങൾ ഉയർന്നിട്ടുണ്ട്. ഇവ അക്കാലത്തെ ഇംപീരിയൽ ജാപ്പനീസ് നേവിയുടെ കപ്പലുകളായിരുന്നെന്നു ചിലർ പറയുന്നു. എന്നാൽ ജപ്പാനിലുള്ള യുഎസിന്റെ വ്യോമത്താവളമായ കദീന എയർബേസിലെ അധികൃതർ പറയുന്നത് അക്കാലത്ത് ഇയോ ജിമയിൽ ഒരു ഹാർബർ നിർമാണത്തിനു യുഎസ് പദ്ധതിയിട്ടെന്നും ഇതിന്റെ ഭാഗമായി പ്രദേശത്ത് കൂടി പോയ കുറേ ജാപ്പനീസ് കാർഗോ കപ്പലുകൾ മുക്കുകയും ചെയ്തെന്നുമാണ്. അന്നുമുങ്ങിയ ഇവയാണ്രേത ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നത്. പേൾ ഹാർബർ ആക്രമണത്തിനു ശേഷം ജപ്പാനെ ആക്രമിക്കാനുള്ള യുഎസ് ശ്രമങ്ങളിലെ ശ്രദ്ധേയമായ ഏടായിരുന്നു ഇയോ ജിമ പോരാട്ടം. 1945ലായിരുന്നു ഇതു നടന്നത്. 

English Summary: History Of Ship Wreckages

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com