ADVERTISEMENT

 വെള്ളം തണുത്തുറഞ്ഞ ഭീകരൻ മഞ്ഞുമലകൾ.അന്റാർട്ടിക്കയുടെ സമീപത്തും,ആർട്ടിക് വൃത്തത്തിലും അറ്റ്ലാന്റിക് സമുദ്രത്തിന്റെ വടക്കന്‍ മേഖലകളിലുമെല്ലാം മഞ്ഞുമലകൾ രൂപമെടുക്കാറുണ്ട്. ചരിത്രത്തിൽ തന്നെ സ്ഥാനം പിടിച്ച ഒട്ടേറെ മഞ്ഞുമലകളുമുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമാണ് ടൈറ്റാനിക്കിന്റെ തകർച്ചയ്ക്ക് വഴിവച്ച വടക്കൻ അറ്റ്ലാന്റിക്കിലെ മഞ്ഞുമല. ടൈറ്റാനിക്കിനെക്കുറിച്ച് ഒട്ടേറെ പഠനങ്ങൾ നടന്നിട്ടുള്ളത് പോലെ തന്നെ അതിന്റെ നാശത്തിനു കാരണമായ മഞ്ഞുമലയെക്കുറിച്ചും പഠനങ്ങൾ നടന്നിട്ടുണ്ട്.

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം, അപകടത്തിനു കാരണമായ മഞ്ഞുമല (നാസ പുറത്തുവിട്ട ചിത്രം)
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം, അപകടത്തിനു കാരണമായ മഞ്ഞുമല (നാസ പുറത്തുവിട്ട ചിത്രം)

ആയിരക്കണക്കിനു വർഷങ്ങൾ പഴക്കമുള്ളതായിരുന്നു ഈ മഞ്ഞുമലയെന്നു ഗവേഷകർ പറയുന്നു.മഞ്ഞുമൂടിയ ദ്വീപായ ഗ്രീൻലന്‍ഡിന്റെ പടിഞ്ഞാറൻ തീരത്തു സ്ഥിതി ചെയ്തിരുന്ന ഈ മഞ്ഞുമല ടൈറ്റാനിക് ദുരന്തം നടക്കുന്നതിന് 4 വർഷം മുൻപ് പൊട്ടിമാറി ആർക്ടിക് സമുദ്രത്തിൽ ഒഴുകിനടന്നു. യാത്രയിൽ കൂടുതൽ മഞ്ഞിനെ ആവാഹിച്ച് മഞ്ഞുമല കടുത്തു കരുത്തുറ്റതായി.ഇതിന്റെ നല്ലൊരു ഭാഗം സമുദ്രത്തിനടിയിലും ചെറിയൊരു ഭാഗം വെളിയിലുമായി സ്ഥിതി ചെയ്തു. കപ്പലിൽ നിന്നു നോക്കുമ്പോൾ ചെറുതായി തോന്നുമെങ്കിലും താഴോട്ട് നല്ല ആഴവും വ്യാപ്തിയും ഇതു കൈവരിച്ചിരുന്നു.വെള്ളത്തിനു മുകളിൽ തന്നെ 100 അടി പൊക്കവും 400 അടി വ്യാസവും ഇതിനുണ്ടായിരുന്നു.

ടൈറ്റാനിക് തകർന്ന വർഷം ഗ്രീൻലന്‍ഡിൽ നിന്ന് ഒട്ടേറെ ഇത്തരം മഞ്ഞുമലകൾ വന്നെങ്കിലും അവയിൽ പലതും ആർട്ടിക്കിൽ നിന്ന് അന്റാർട്ടിക്കിലേക്കു പ്രവേശിക്കുന്നതിനിടെ നശിച്ചുപോയി.എന്നാൽ ടൈറ്റാനിക്കിന്റെ ദൗർഭാഗ്യത്തിന് ഈ മഞ്ഞുമല മാത്രം നിലനിന്നു.ദുരന്തത്തിനു ശേഷം ഈ മഞ്ഞുമലയുടെ ഭാഗം കുറച്ചുകാലം കൂടി നിലനിന്നെന്നും തുടർന്ന് അന്റാർട്ടിക് സമുദ്രത്തിലെ ജലത്തിലേക്ക് ലയിച്ചുചേർന്നെന്നും ശാസ്ത്രജ്ഞർ പറയുന്നു

ഇന്ന് ടൈറ്റാനിക് സമുദ്രനിരപ്പിൽ നിന്ന് 12500 അടി താഴെ സ്ഥിതി ചെയ്യുകയാണ്. ചരിത്രകാലം മുതൽ തന്നെ മഞ്ഞുമലകൾ സമുദ്രഗതാഗതത്തിന് പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. 2019ൽ മാത്രം 1515 ഐസ്ബെർഗുകൾ പൊട്ടിമാറുകയും കപ്പൽവഴികളിൽ പ്രവേശിക്കുകയും ചെയ്തെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ മഞ്ഞുമലകൾ മാത്രമല്ല. ടൈറ്റാനിക്കിന്റെ അവശേഷിപ്പുകൾ ഇന്നും സ്ഥിതി ചെയ്യുന്നത് അപകടമേഖലയിലാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

ഈ അപകടമേഖലയാണോ അങ്ങോട്ടേക്ക് പുറപ്പെട്ട സബ്മേഴ്സിബിൾ സമുദ്രപേടകത്തെ പ്രതിസന്ധിയിലാക്കിയതെന്ന ചിന്തയും ഉയരുന്നുണ്ട്. എന്തൊക്കെയാണ് അപകടങ്ങൾ?

സമുദ്രനിരപ്പിന്റെ 1 കിലോമീറ്റ‍ർ താഴെ വരെ മാത്രമേ സൂര്യപ്രകാശം എത്തൂ. ഇതിനു താഴെയിരുട്ടാണ്. മിഡ്നൈറ്റ് സോൺ എന്നറിയപ്പെടുന്ന ഈ ഇരുൾപ്രദേശത്താണ് ടൈറ്റാനിക് തകർന്നുകിടക്കുന്നത്. ഇങ്ങോട്ടേക്കു പേടകങ്ങളിലെത്താനും അവ നിയന്ത്രിക്കാനും ഈ ഇരുട്ട് ഒരു പ്രതിബന്ധമാകും.

തന്നെയുമല്ല സമുദ്ര അടിത്തട്ടിൽ എത്തിയ ശേഷം മദർഷിപ്പുമായി ബന്ധപ്പെടാൻ നേരിടേണ്ടി വന്ന പ്രതിസന്ധികൾ മുൻപ് സബ്മേഴ്സിബിളിൽ പോയിട്ടുള്ള പലരും വിവരിച്ചിട്ടുണ്ട്.

സമുദ്രോപരിതലത്തിലെ മർദ്ദത്തിന്റെ 390 മടങ്ങു മർദമാണ് അടിത്തട്ടിൽ നേരിടേണ്ടി വരിക. ഇതിനെ നേരിടാനായി സബ്മേഴ്സിബിൾ കരുത്തുറ്റ കാർബൺ കോംപസിറ്റുകൾകൊണ്ടാണ് നിർമിച്ചിരിക്കുന്നത്.

സമുദ്രത്തിനടിയിൽ വേറെയും ദുർഘടമായ കാര്യങ്ങളുണ്ട്. ശക്തമായ അടിയൊഴുക്കുകൾ, മണ്ണൊലിപ്പുകൾ ഇവയെല്ലാം പര്യവേക്ഷകർക്കു പ്രതിസന്ധിയുണ്ടാക്കുന്ന കാര്യങ്ങളാണ്.

English Summary: Story of the Iceberg That Sank the Titanic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com