ADVERTISEMENT

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ‌ കാണാൻ സമുദ്രാന്തർ ഭാഗത്തേക്കുപോയ ശേഷം കാണാതായ ടൈറ്റന്‍ സമുദ്ര പേടകത്തിനായുള്ള തിരച്ചില്‍ ശുഭപര്യവസായിയായി തീരണമെന്ന പ്രതീക്ഷയിലായിരുന്നു ലോകം. 96 മണിക്കൂർ ഓക്സിജൻ സംഭരണമെന്ന സമയത്തിനെതിരെ പോരാടിയാണ് വിവിധ രാജ്യങ്ങളിലെ അതിനൂതന സംവിധാനങ്ങളുടെ സഹായത്തോടെ തിരച്ചിൽ അറ്റ്​ലാന്റികിൽ അരങ്ങേറിയത്. ഒടുവിൽ വിനാശകരമായ തകർച്ചയുടെ ഭാഗങ്ങൾ കണ്ടെത്തി. 

ഓക്സിജൻ സംഭരണശേഷിയുടെ പരിധി പിന്നിട്ടിട്ടും കണ്ടെത്താനാവാതെ വന്നതോടെ ഒരു ഘട്ടത്തിൽ പ്രതീക്ഷകൾ അസ്തമിച്ചിരുന്നു. ഇടയ്ക്കു പ്രതീക്ഷയോടെ സോനാറിൽ ശബ്ദമെത്തി, പക്ഷേ അതു 'ഫാന്റം നോയിസ്' ആകാം എന്ന വിലയിരുത്തലും വന്നു.  ടൈറ്റൻ യാത്രികരെ തിരികെ എത്തിക്കാൻ എല്ലാ മാർഗവും സ്വീകരിക്കുമെന്നു പറഞ്ഞിരുന്ന ഓഷൻഗേറ്റും അതോടൊപ്പം രക്ഷാപ്രവർത്തനം സശ്രദ്ധം വീക്ഷിച്ചു കൊണ്ടിരുന്ന വ്യോമയാന, നാവിക വിദഗ്ദരും അവരുടെ ആശങ്കകൾ തുറന്നു പറഞ്ഞു. ഒടുവിൽ റിയർ അഡ്മിറൽ ജോൺ മൗഗർ വാർത്താസമ്മേളനത്തിൽ ആ ദുരന്ത വാർത്ത പങ്കുവച്ചു. 

ടൈറ്റൻ സമുദ്രപേടകം. (ഫയൽ ചിത്രം) (Photo - OceanGate Expeditions/Handout via REUTERS / FILE PHOTO)
ടൈറ്റൻ സമുദ്രപേടകം. (ഫയൽ ചിത്രം) (Photo - OceanGate Expeditions/Handout via REUTERS / FILE PHOTO)

കാത്തിരിപ്പിന് വിരാമം; ടൈറ്റനിലെ യാത്രികർ മരിച്ചെന്നു കരുതുന്നതായി കോസ്റ്റ് ഗാർഡ്

ഇത് എങ്ങനെ, എന്തുകൊണ്ട്, എപ്പോൾ സംഭവിച്ചു എന്നതിനെക്കുറിച്ച് നിരവധി ചോദ്യങ്ങളുണ്ട്. പക്ഷേ ആഴക്കടലിൽ കാണാതായവരുടെ കുടുംബാംഗങ്ങൾക്കൊപ്പമാണ് ലോകം. അതിനുശേഷം വിശദമായ അന്വേഷണങ്ങൾ പ്രഖ്യാപിക്കപ്പെട്ടേക്കാം.  ഒരു പൈലറ്റും നാലു ക്രൂവും അടങ്ങുന്ന, ട്രക്കിന്റെ വലുപ്പമുള്ള സമുദ്രപേടകമായിരുന്നു ടൈറ്റൻ. ബ്രിട്ടിഷ് വ്യവസായി ഹാമിഷ് ഹാർഡിങ്, എൻഗ്രോ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, ഫ്രഞ്ച് പൗരനായ പോൾ ഹെൻ‌റി നാർസലേ, ഓഷൻഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവർ പര്യവേക്ഷണ വാഹനത്തിലുണ്ടായിരുന്നതായി സ്ഥിരീകരിച്ചിരുന്നു. മ‍‍ൃതദേഹങ്ങൾ വീണ്ടെടുക്കുകയെന്ന ദൗത്യം ദുഷ്ക്കരമാണെന്നു യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു.

വിനാശകരമായ അവസാനം പ്രവചിച്ചിരുന്നെന്ന് ജെയിംസ് കാമറൺ

ദിവസങ്ങൾക്കു മുൻപ് ഇത്തരമൊരു മോശം സാധ്യത പ്രവചിച്ചിരുന്നെന്നു ടൈറ്റാനിക് അവശിഷ്ടങ്ങളിലേയ്ക്കു 33 ഡൈവുകളിൽ പങ്കെടുത്ത ടൈറ്റാനിക് എന്ന ഹോളിവുഡ് ചിത്രം സംവിധാനം ചെയ്ത ജെയിംസ് കാമറൺ. നാവിഗേഷൻ സംവിധാനവും കമ്യുണിക്കേഷനും നഷ്ടപ്പെട്ടതോടെ ആഴങ്ങളിലേക്കു മറഞ്ഞെന്നു കരുതിയെന്നും നീണ്ട പേടിസ്വപ്നം പോലെയാണ് തിരയൽ സംബന്ധിച്ചു തോന്നുന്നതെന്നും സംവിധായകൻ.

കണ്ടെത്തിയത് 5 പ്രധാന ഭാഗങ്ങൾ

കടലിന്റെ ആഴത്തിലേക്കു കുതിക്കാനൊരുങ്ങിനിൽക്കുന്ന ടൈറ്റൻ സമുദ്രപേടകം. (ഫയൽ ചിത്രം) (Photo by Handout / OceanGate Expeditions / AFP)
കടലിന്റെ ആഴത്തിലേക്കു കുതിക്കാനൊരുങ്ങിനിൽക്കുന്ന ടൈറ്റൻ സമുദ്രപേടകം. (ഫയൽ ചിത്രം) (Photo by Handout / OceanGate Expeditions / AFP)

ടൈറ്റാനിക് അവശിഷ്ടങ്ങളിൽനിന്നു ഏകദേശം 1,600 അടി (480 മീറ്റർ) അകലെയാണ് മുങ്ങിക്കപ്പലിന്റെ അഞ്ച് പ്രധാന ഭാഗങ്ങൾ വ്യാഴാഴ്ച കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. റിമോട്ട് കൺട്രോൾഡ് അണ്ടർവാട്ടർ സെർച്ച് വെഹിക്കിൾ (ആർഒവി) ഉപയോഗിച്ചാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സ്‌ഫോടനം എപ്പോഴാണ് ഉണ്ടായതെന്നോ എന്താണ് കാരണമായതെന്നോ എന്ന വിവരങ്ങൾക്കായി തിരച്ചിൽ തുടരുകയാണ്.

പേടകത്തിന്റെ വിവരങ്ങൾ

∙6.7 മീറ്റർ നീളമാണ് സമുദ്രപേടകത്തിനുള്ളത്. ടൈറ്റാനിയവും കാർബൺ ഫൈബറും കൊണ്ടാണ് നിർമാണം

 

∙70– 96 മണിക്കൂർ: പേടകത്തിൽ സംഭരിച്ചിട്ടുള്ള ഓക്സിജൻ ഇത്രയും സമയം നിലനിൽക്കുമെന്ന് കരുതപ്പെട്ടു

 

50: ഓഷൻഗേറ്റിന്റെ കണക്ക് അനുസരിച്ച് ടൈറ്റൻ ഇത്രയും ടെസ്റ്റ് ഡൈവുകൾ നടത്തിയിട്ടുണ്ട്.

 

∙ഞായറാഴ്ച (മേയ് 18) പേടകം അതിന്റെ സപ്പോർട്ട് വെസ്സലായ പോളാർ പ്രിൻസിൽനിന്ന് സമുദ്രത്തിലേക്കിറങ്ങി 1 മണിക്കൂറും 45 മിനിറ്റും കഴിഞ്ഞപ്പോൾ പോളാർ പ്രിൻസുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു.

 

∙250,000 ഡോളർ: സബ്‌മെർസിബിളിലെ ഒരു യാത്രയ്ക്കായി മുടക്കേണ്ടത് രണ്ടുകോടിയിൽപരം ഇന്ത്യൻ രൂപയാണ്

 

∙1000 ലീറ്റർ ഓക്സിജൻ പേടകത്തിൽ സംഭരിക്കാനാകുമായിരുന്നു.

 

∙4,000 മീറ്റർ താഴ്ചയിൽ വരെ ടൈറ്റന് പോയിവരാമെന്നു കരുതിയിരുന്നു.

 

10,432 കിലോഗ്രാം ആണ് ടൈറ്റന്റെ ഭാരം

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com