ADVERTISEMENT

മനുഷ്യന്റെ ഏറ്റവും വിനാശകരമായ കണ്ടെത്തല്‍ ഏതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ആറ്റം ബോംബ്. മനുഷ്യന്റെ ആദ്യത്തെ ആറ്റം ബോംബ് നിര്‍മാണവും പരീക്ഷണവുമെല്ലാമാണ് ക്രിസ്റ്റഫര്‍ നോളന്റെ ഏറ്റവും പുതിയ ചിത്രമായ ഓപ്പണ്‍ ഹൈമറില്‍ പറയുന്നത്. 1942ല്‍ ആരംഭിച്ച മാന്‍ഹാട്ടന്‍ പദ്ധതിയാണ് 1945ല്‍ വിജയകരമായി ആറ്റം ബോംബ് നിര്‍മിക്കുന്നതില്‍ വിജയിച്ചത്. ആറ്റം ബോംബ് ജര്‍മനിക്കു മുമ്പേ അമേരിക്കക്ക് കണ്ടെത്താനായത് എങ്ങനെ? എന്താണ് മാന്‍ഹാട്ടന്‍ പദ്ധതി? എന്തുകൊണ്ടാണ് ഓപണ്‍ഹൈമറെ ആറ്റം ബോംബിന്റെ പിതാവെന്നു വിളിക്കുന്നത്? ഐന്‍സ്റ്റീന് മാന്‍ഹാട്ടന്‍ പദ്ധതിയുമായുള്ള ബന്ധം എന്താണ്?

 

ലോക രാജ്യങ്ങളുടെ പക്കലുള്ള ആറ്റം ബോംബുകള്‍ക്കെല്ലാം കൂടിയാല്‍ മനുഷ്യരെ അഞ്ചു തവണ കൊല്ലാന്‍ ശേഷിയുണ്ടെന്നാണ് കണക്കുകൂട്ടുന്നത്. സര്‍വവിനാശകാരിയാണെങ്കിലും 'സമാധാനത്തിന്റെ ആയുധം' എന്നൊരു വൈരുധ്യം നിറഞ്ഞ വിളിപ്പേരുകൂടി ആറ്റം ബോംബിനുണ്ട്. എതിര്‍പക്ഷത്തിന്റെ കൈവശവും ആറ്റം ബോബുണ്ടെന്ന ഭീതിയാണ് ലോകരാജ്യങ്ങളെ ഒരു മൂന്നാം ലോക മഹായുദ്ധത്തില്‍ നിന്നും പിന്നോട്ടടിക്കുന്നതെന്നു വാദിക്കുന്നവരാണ് ഇങ്ങനെയൊരു വിളിപ്പേരിനു പിന്നില്‍.

 

ജര്‍മനി നിര്‍മിക്കാനിരുന്ന ആറ്റം ബോംബ്

 

ആറ്റം ബോംബിന് കാരണമായ ന്യൂക്ലിയര്‍ ഫിഷന്‍ കണ്ടു പിടിച്ചത് ജര്‍മനിയിലായിരുന്നെങ്കിലും ആറ്റം ബോംബ് നിര്‍മിച്ചത് അമേരിക്കയായിരുന്നു. ന്യൂക്ലിയര്‍ ചെയിന്‍ റിയാക്ഷന്‍ ആദ്യം കണ്ടെത്തിയത് ലിയോ സീലാഡ് എന്ന ഹംങ്കേറിയന്‍ ശാസ്ത്രജ്ഞനായിരുന്നു. ന്യൂട്രോണ്‍ ഉപയോഗിച്ച് ആറ്റത്തിന്റെ ന്യൂക്ലിയസില്‍ റിയാക്ഷന്‍ ഉണ്ടാക്കുകയും ഇതിന്റെ ഭാഗമായി കൂടുതല്‍ ന്യൂട്രോണുകള്‍ പുറത്തുവരികയും ചെയ്താല്‍ അത് അനിയന്ത്രിതമായ ഊര്‍ജ്ജവിസ്‌ഫോടനത്തിന് കാരണമാകുമെന്നായിരുന്നു സീലാഡിന്റെ കണ്ടെത്തല്‍. 

 

1934ല്‍ ഈ ആശയത്തിന്റെ പേറ്റന്റ് ലിയോ സീലാഡ് ജര്‍മനിയില്‍ എടുക്കുന്നുണ്ട്. എന്നാല്‍ ഇതു ദുരുപയോഗം ചെയ്യാനിടയുണ്ടെന്ന് മനസിലാക്കി സീലാഡ് തന്റെ കണ്ടെത്തലിന് വലിയ പ്രചാരം നല്‍കിയില്ല. പിന്നീട് ഹിറ്റ്‌ലറിന്റെ ജൂത വിരോധ നടപടികളെ തുടര്‍ന്ന് പിന്നീട് സീലാഡിന് അമേരിക്കയിലേക്ക് കുടിയേറേണ്ടി വന്നു. സീലാഡിന്റെ ഈ കുടിയേറ്റത്തിന് ആറ്റം ബോംബിന്റെ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമുണ്ട്.  

 

ന്യൂക്ലിയര്‍ ഫിഷന്‍ ജര്‍മനിയില്‍ കണ്ടെത്തിയതിനാല്‍ ഹിറ്റ്‌ലര്‍ ആറ്റംബോംബ് നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടാവുമെന്നും സീലാഡ് കണക്കുകൂട്ടി. ഇത് ജര്‍മനിയുടേയും ഹിറ്റ്‌ലറിന്റേയും കൈവശം ലഭിച്ചാലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ ശരിക്കറിയാവുന്ന സീലാഡ് ഇക്കാര്യം യു.എസ് പ്രസിഡന്റിനെ ധരിപ്പിക്കാന്‍ ആഗ്രഹിച്ചു. അമേരിക്കന്‍ പ്രസിഡന്റിലേക്ക് പെട്ടെന്ന് എത്താന്‍ സീലാഡ് വിചാരിച്ചാല്‍ സാധിക്കുമായിരുന്നില്ല. 

 

ഐന്‍സ്റ്റീനും ആറ്റം ബോംബും

 

അമേരിക്കന്‍ പ്രസിഡന്റിലേക്ക് എത്താനുള്ള വഴിയായാണ് സീലാഡ് വിഖ്യാത ശാസ്ത്രജ്ഞന്‍ ഐന്‍സ്റ്റീനെ കണ്ടതും വിവരങ്ങള്‍ ധരിപ്പിച്ചതും. പ്രശ്‌നത്തിന്റെ ഗൗരവം ഐന്‍സ്റ്റീന്‍ തിരിച്ചറിഞ്ഞു. കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഒരു ഐന്‍സ്റ്റീന്‍ എഴുതുന്നതു പോലെ ഒരു കത്തെഴുതി അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്‌ലിന്‍ ഡി റൂസ്‌വെല്‍റ്റിന് കൈമാറുകയായിരുന്നു. 

 

സര്‍ക്കാരിന്റേയും സൈന്യത്തിന്റേയും പ്രതിനിധിയുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയുണ്ടാക്കണമെന്നും പരീക്ഷണങ്ങള്‍ക്കുവേണ്ട പണം കൈമാറണമെന്നും നിര്‍ദേശിച്ചത് ഈ കത്തിലായിരുന്നു. ഇതിന്റെ ഫലമായാണ് മാന്‍ഹാട്ടന്‍ പ്രൊജക്ട് സംഭവിക്കുന്നത്. സീലാഡ് എഴുതിയ കത്തില്‍ ഒപ്പുവെച്ചുവെന്നതല്ലാതെ ആറ്റം ബോംബ് നിര്‍മാണവുമായി ഐന്‍സ്റ്റീന് നേരിട്ട് ബന്ധമൊന്നുമില്ല. എങ്കിലും ഐന്‍സ്റ്റീന്റെ ആ ഒപ്പില്ലായിരുന്നെങ്കില്‍ സീലാഡിന് അമേരിക്കന്‍ പ്രസിഡന്റിന്റെ ശ്രദ്ധയിലേക്ക് ഈ പ്രശ്‌നങ്ങള്‍ സമയോചിതമായി അവതരിപ്പിക്കാനും കഴിയുമായിരുന്നില്ല. 

 

പേള്‍ ഹാര്‍ബറും ആറ്റം ബോംബും

 

1941 ഡിസംബര്‍ ഏഴിനാണ് അമേരിക്കയുടെ കച്ചവട തുറമുഖമായ പേള്‍ ഹാര്‍ബറിലേക്ക് ജപ്പാന്‍ അതിശക്തമായ വ്യോമാക്രമണം നടത്തുന്നത്. അന്നുവരെ രണ്ടാം ലോകമഹായുദ്ധത്തിന്റെ പിന്നണിയിലായിരുന്ന അമേരിക്ക ഈയൊരു ആക്രമണത്തോടെ യുദ്ധത്തിന്റെ ഭാഗമാവുകയായിരുന്നു. 1942 ജനുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് റൂസ്‌വെല്റ്റ് ആറ്റം ബോംബ് നിര്‍മാണത്തിന് അനുമതി നല്‍കിയതിനു പിന്നിലും പേള്‍ ഹാര്‍ബര്‍ ആക്രമണം സ്വാധീനിച്ചിട്ടുണ്ട്.

 

ഓപണ്‍ഹൈമറുടെ വരവും വിജയവും

 

1942 ജൂണ്‍ മുതല്‍ 1947 ഓഗസ്റ്റ് വരെയായിരുന്നു മാന്‍ഹാട്ടന്‍ പ്രൊജക്ട് നടന്നത്. ഏകദേശം 1.30 ലക്ഷം പേരാണ് ഈ വിപുലമായ പദ്ധതിയുടെ ഭാഗമായത്. അതീവ രഹസ്യമായി നടന്ന മാന്‍ഹാട്ടന്‍ പ്രൊജക്ടില്‍ പങ്കെടുത്തവര്‍ക്കു പോലും ഇത് എന്തിനു വേണ്ടിയുള്ള പദ്ധതിയാണെന്ന് അറിയുമായിരുന്നില്ല. ജനറല്‍ ലെസ്‌ലി ഗ്രോവ്‌സിന്റെ നേതൃത്വത്തിലായിരുന്നു മാന്‍ഹാട്ടന്‍ പദ്ധതി ആദ്യം ആരംഭിച്ചത്. 

 

ശാസ്ത്രജ്ഞരുമായി നടത്തിയ ആദ്യഘട്ട ചര്‍ച്ചകളില്‍ നിന്നു തന്നെ മാന്‍ഹാട്ടന്‍ പദ്ധതി മുന്നോട്ടു പോവണമെങ്കില്‍ ശാസ്ത്രജ്ഞരുടെ കൂട്ടത്തില്‍ നിന്നും ഒരാളെ കണ്ടെത്തുന്നതാണ് നല്ലതെന്ന് ജനറല്‍ ലെസ്‌ലി ഗ്രോവ്‌സ് തിരിച്ചറിഞ്ഞു. അങ്ങനെ അദ്ദേഹം കണ്ടെത്തിയ ശാസ്ത്രജ്ഞനാണ് റോബര്‍ട്ട് ഓപണ്‍ഹൈമര്‍. നോബല്‍ സമ്മാനമില്ലാത്ത കമ്മ്യൂണിസ്റ്റുകളുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഓപണ്‍ ഹൈമറെ മാന്‍ഹാട്ടന്‍ പദ്ധതിയുടെ തലപ്പത്തേക്ക് നിയമിക്കുന്നതിനെതിരെ നിരവധി എതിരഭിപ്രായങ്ങളും അന്ന് ഉയര്‍ന്നു. വിവിധ മേഖലകളിലെ ശാസ്ത്രജ്ഞരെ ക്ഷമയോടെ കേള്‍ക്കാനും പറഞ്ഞു മനസിലാക്കാനും കഴിവുള്ള ഓപണ്‍ഹൈമര്‍ മതിയെന്ന ജനറല്‍ ലെസ്‌ലി ഗ്രോവ്‌സിന്റെ തീരുമാനമാണ് ഓപണ്‍ഹൈമറിന് തുണയായത്. 

 

ന്യൂ മെക്‌സിക്കോയിലെ ലോസ് അലാമോസ് ലബോറട്ടറിയെ ആറ്റം ബോബ് നിര്‍മാണത്തിനുള്ള രഹസ്യ കേന്ദ്രമാക്കി മാറ്റാന്‍ 1942 നവംബറില്‍ ജനറല്‍ ഗ്രോവ്‌സ് അനുമതി നല്‍കി. 1943 മുതല്‍ 1945 വരെ ഈ ലബോറട്ടറിയുടെ മേധാവിയായിരുന്നു ഓപണ്‍ ഹൈമര്‍. 1942 ഡിസംബറോടെ ലോകത്തിലെ ആദ്യ ആറ്റം ബോംബ് പരീക്ഷണ ശാല നിര്‍മാണത്തിന്റെ നിര്‍ണായകഘട്ടത്തിലേക്കെത്തി. 

 

പ്ലൂട്ടോണിയം നിര്‍മാണത്തിനുള്ള രഹസ്യ കേന്ദ്രം വാഷിങ്ടണിലെ ഹാന്‍ഫോര്‍ഡില്‍ വികസിപ്പിക്കാന്‍ 1943 ജനറല്‍ ഗ്രോവ്‌സ് അനുമതി നല്‍കി. ഇതേ വര്‍ഷം നവംബറോടെ ലോകത്തെ ആദ്യത്തെ റിയാക്ടറായ 'എക്‌സ് 10 ഗ്രാഫൈറ്റ് റിയാക്ടര്‍' ഇവിടെ സ്ഥാപിതമായി. 1945 ജൂലൈ 16ന് 'ട്രിനിറ്റി ടെസ്റ്റ്' എന്നറിയപ്പെട്ട ലോകത്തിലെ ആദ്യത്തെ ആറ്റം ബോംബ് പരീക്ഷണം അമേരിക്ക നടത്തി. 

 

നോളന്‍ ബ്രില്യന്‍സ്

 

ഒരു അണുബോംബ് സ്‌ഫോടനത്തില്‍ മാത്രം കാണാനാവുന്ന ചില പ്രത്യേകതകള്‍ ക്രിസ്റ്റഫര്‍ നോളന്റെ ഓപണ്‍ഹൈമറിലെ സ്‌ഫോടനദൃശ്യത്തിലുണ്ട്. ഇക്കാര്യം ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നപ്പോള്‍ തന്നെ ചര്‍ച്ചയായിരുന്നു. ആറ്റംബോംബ് പരീക്ഷണത്തിനായി സ്ഥാപിക്കുമ്പോള്‍ നാലുഭാഗത്തു നിന്നും ഇരുമ്പു കമ്പികള്‍ കൊണ്ടു കെട്ടി വെക്കാറുണ്ട്. ഈ കമ്പികള്‍ ആറ്റം  ബോംബ് സ്‌ഫോടനമുണ്ടാവുമ്പോള്‍ അതിശക്തമായ ചൂടിനെ തുടര്‍ന്ന് ഉരുകി ആവിയായി പോവാറുണ്ട്. യഥാര്‍ഥ ആറ്റംബോംബ് സ്‌ഫോടനത്തില്‍ മാത്രം കാണാവുന്ന ഈ സവിശേഷത അടക്കം നോളന്റെ ചിത്രത്തിലെ ആറ്റം ബോബ് സ്‌ഫോടനത്തിലും കാണാനാവും.

 

English Summary: What was The Manhattan Project, which made Oppenheimer ‘father of atomic bomb’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com