ADVERTISEMENT

ആദ്യമായി എത്തിയ ശേഷം പിന്നീട് യൂറോപില്‍ നിന്നും 'മനുഷ്യര്‍' പിന്‍വാങ്ങിയിട്ടില്ലെന്നാണ് നരവംശശാസ്ത്രജ്ഞരുടെ ഇതുവരെയുണ്ടായിരുന്ന ധാരണ. എന്നാല്‍ അങ്ങനെയല്ലെന്നാണ് പുതിയ പഠനവും തെളിവുകളും കാണിക്കുന്നത്. ഏതാണ്ട് 11 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് യൂറോപില്‍ അതിശൈത്യം വ്യാപിച്ചുവെന്നും പിന്നീടുള്ള രണ്ടു ലക്ഷം വര്‍ഷത്തോളം മനുഷ്യ പൂര്‍വികര്‍ യൂറോപിനെ ഉപേക്ഷിച്ചുവെന്നുമാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. 

 

ഇടക്കാലത്ത് രണ്ടു ലക്ഷം വര്‍ഷത്തോളം മനുഷ്യ പൂര്‍വികര്‍ യൂറോപില്‍ താമസിച്ചിരുന്നില്ലെന്നത് വലിയ കണ്ടെത്തലായാണ് വിലയിരത്തപ്പെടുന്നത്. യൂനിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടന്‍, കേംബ്രിഡ്ജ് സര്‍വകലാശാല, സിഎസ്‌ഐസി ബാഴ്‌സലോണ എന്നിവിടങ്ങളിലെ പാലിയോക്ലൈമറ്റ് ശാസ്ത്രജ്ഞരാണ് പുതിയ കണ്ടെത്തലുകള്‍ക്കു പിന്നില്‍. 

 

ഏതാണ്ടു മൂന്നു ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഹോമോസാപിയന്‍സ് എന്ന ആധുനിക മനുഷ്യന്‍ പിറവിയെടുത്തതെന്നാണ് കരുതപ്പെടുന്നത്. നമ്മുടെ പൂര്‍വികര്‍ അടങ്ങുന്നതാണ് മനുഷ്യ കുടുംബം. ഹോമോസാപിയന്‍സിനു മുമ്പാണ് ഹോമോ ഇറക്ടസ് എന്ന മനുഷ്യപൂര്‍വികര്‍ ഭൂമിയിലുണ്ടായിരുന്നത്. ഇവക്ക് ഇടക്കാലത്ത് വംശനാശം സംഭവിക്കുകയായിരുന്നു. 19 ലക്ഷം വര്‍ഷത്തിനും 1.35 ലക്ഷം വര്‍ഷത്തിനും ഇടക്കാണ് ഹോമോ ഇറക്ടസ് ജീവിച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്. 

 

ഫോസിലുകളെക്കുറിച്ചുള്ള പഠനങ്ങളില്‍ നിന്നാണ് മനുഷ്യന്റെ പൂര്‍വികരെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങളില്‍ പലതും ലഭിച്ചിട്ടുള്ളത്. സ്‌പെയിന്‍ മുതല്‍ പോര്‍ച്ചുഗല്‍ വരെ നീണ്ടു കിടക്കുന്ന ഐബീരിയയില്‍ നിന്നായിരുന്നു യൂറോപിലെ ഏറ്റവും പഴയ മനുഷ്യ ഫോസിലുകള്‍ കണ്ടെത്തിയിട്ടുള്ളത്. ഇവിടെ നിന്നും 14 ലക്ഷംവര്‍ഷങ്ങള്‍ വരെ പഴക്കമുള്ള മനുഷ്യ പൂര്‍വികരുടെ ഫോസിലുകള്‍ ലഭിച്ചിട്ടുണ്ട്. 

 

ആദ്യകാലങ്ങളില്‍ മഞ്ഞുകാലം ഒഴിച്ചാല്‍ ചൂടുള്ള കാലാവസ്ഥയായിരുന്നു യൂറോപിലുണ്ടായിരുന്നത്. എന്നാല്‍ മനുഷ്യ പൂര്‍വികര്‍ ഇവിടെ എത്തിയ ശേഷം ഇടക്കാലത്ത് കൊടും തണുപ്പിന്റെ കാലവും യൂറോപിന് അനുഭവിക്കേണ്ടി വന്നു. പോര്‍ച്ചുഗലിന്റെ തീരത്തു നിന്നുള്ള തീരദേശത്തിന്റെ അവശേഷിപ്പുകളെക്കുറിച്ചായിരുന്നു പഠനം നടത്തിയത്. ഇതില്‍ നിന്നാണ് യൂറോപില്‍ അതിശൈത്യത്തിന്റെ പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ നീണ്ട കാലഘട്ടമുണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. 

 

ആര്‍ട്ടിക്ക് മേഖലയില്‍ നിന്നും വലിയതോതില്‍ മഞ്ഞു പാളികള്‍ ഉരുകിയെത്തിയതോടെയാണ് യൂറോപ് അതിശൈത്യത്തിന്റെ പിടിയിലായതെന്നും കരുതപ്പെടുന്നു. യൂറോപില്‍ മാത്രമല്ല വടക്കേ അമേരിക്കയുടെ ഭാഗങ്ങളിലും ഇക്കാലത്ത് കൊടുംശൈത്യം പിടിമുറുക്കി. ഉഷ്ണമേഖലയില്‍ നിന്നും സമുദ്രം വഴി ഉത്തര അറ്റ്‌ലാന്റിക്കിലേക്കുള്ള ഉഷ്ണജലപ്രവാഹങ്ങളും 95 ശതമാനം വരെ കുറഞ്ഞു. 

 

ഏതാണ്ട് 11 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു യൂറോപിനെ തണുപ്പുകാലം മൂടിയത്. അന്ന് അഞ്ചു മുതല്‍ ഏഴു ഡിഗ്രി സെല്‍ഷ്യസ് വരെയായി ശരാശരി താപനില മാറി. ഇന്ന് ഈ തണുപ്പിനെ പ്രതിരോധിക്കാന്‍ മനുഷ്യന് സാധിക്കും. എന്നാല്‍ തീയോ ആവശ്യമായ വസ്ത്രങ്ങളോ ഇല്ലാതിരുന്ന ആ കാലത്ത് മനുഷ്യ പൂര്‍വികര്‍ക്ക് ഈ തണുപ്പിനെ പ്രതിരോധിച്ചു പിടിച്ചു നില്‍ക്കാനായില്ല. യൂറോപിനെ ഉപേക്ഷിച്ച് ചൂടുള്ള ഭാഗത്തേക്കു നീങ്ങുക മാത്രമായിരുന്നു ഇവരുടെ മുന്നിലുണ്ടായിരുന്ന പോംവഴിയെന്നും പഠനം പറയുന്നു. തുടര്‍ന്നുള്ള രണ്ടു ലക്ഷം വര്‍ഷങ്ങള്‍ മനുഷ്യ പൂര്‍വികര്‍ പൂര്‍ണമായി തന്നെ യൂറോപിനെ ഉപേക്ഷിച്ചുവെന്നാണ് കരുതപ്പെടുന്നത്. 

 

English Summary: An extreme cooling event in Europe caused an extinction of early humans on the continent around 1.1 million years ago, a study suggests.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com