ADVERTISEMENT

ആണവായുധങ്ങളെപ്പറ്റി വലിയ ചർച്ചകൾ ഉയർത്തിയാണ് ഓപ്പൺഹൈമർ എന്ന ചലച്ചിത്രം അടുത്തിടെ തിയറ്ററുകളിലെത്തിയത്. വിവിധ രാജ്യങ്ങളു‌ടെ ആണവായുധങ്ങളുമായി ബന്ധപ്പെട്ട് ധാരാളം ദുരൂഹതകളുണ്ട്. ഇക്കൂട്ടത്തിൽ ഏറെ പ്രശസ്തമാണ് 1979ൽ ഇന്ത്യൻ മഹാസമുദ്രത്തിൽ കണ്ടെത്തിയ അജ്ഞാത പ്രകാശത്തിന്റേത്. ഇതൊരു ആണവപരീക്ഷണമാണെന്നാണ് ഇന്നും തെളിയിക്കപ്പെടാത്ത വാദം. 1959ലാണ് വേലാ ഉപഗ്രഹങ്ങൾ യുഎസ് വിക്ഷേപിക്കാൻ തുടങ്ങിയത്. ലോകത്തെവിടെയെങ്കിലും ആണവ വിസ്ഫോടനങ്ങൾ, പരീക്ഷണങ്ങൾ തുടങ്ങിയവ നടക്കുന്നുണ്ടോയെന്നു പരീക്ഷിച്ചറിയുകയായിരുന്നു വേലായുടെ പ്രധാനലക്ഷ്യം. 

1979 സെപ്റ്റംബർ 22, വേല ഉപഗ്രഹങ്ങളിലെ 6911 നമ്പർ ഉപഗ്രഹം ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് ഒരു വലിയ പ്രകാശം കണ്ടെത്തി. രണ്ടു തവണ ഉതിരുന്ന വലിയ ജ്വാല പോലെയുള്ള പ്രകാശം. സാധാരണ ഗതിയിൽ ആണവപരീക്ഷണങ്ങളിലെ വിസ്ഫോടനങ്ങളിലാണ് ഇത്തരം പ്രകാശം കാണാറുള്ളത്. ഇതെന്താണു സംഭവമെന്ന് ആലോചിച്ച് യുഎസ് സുരക്ഷാ വിഭാഗം തലപുകച്ചു. ഏതെങ്കിലും രാജ്യം തങ്ങളറിയാതെ ആണവായുധം പരീക്ഷിച്ചതാകുമോ അതോ ഇതു പ്രകൃതിപരമായ എന്തെങ്കിലും സംഭവങ്ങളാകുമോ തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾക്ക് അവർ ഉത്തരം തേടി. 

Image Credit: Romolo Tavani/Shutterstock
Image Credit: Romolo Tavani/Shutterstock

ഇന്ത്യൻ മഹാസമുദ്രത്തിൽ ആഫ്രിക്കൻ തീരത്തു നിന്നു തെക്കായി സ്ഥിതി ചെയ്യുന്ന ബോവറ്റ് ദ്വീപിനു സമീപമായിരുന്നു വിസ്ഫോടനം. അന്നു രാത്രി തന്നെ യുഎസ് പ്രസിഡ‍ന്റ് ജിമ്മി കാർട്ടർ തന്റെ ഡയറിയിൽ എഴുതി.‘ദക്ഷിണാഫ്രിക്കൻ തീരം വിട്ടുള്ള കടലിൽ ഒരു ആണവ പരീക്ഷണം നടന്നിരിക്കുന്നു’ ഇസ്രയേലിനെയും ദക്ഷിണാഫ്രിക്കയെയുമായിരുന്നു കാർട്ടർക്ക് സംശയം. ഇരുവരും സംയുക്തമായി നടത്തിയ പരീക്ഷണമാണോ ഇതെന്നും സംശയം ഉടലെടുത്തിരുന്നു. അന്നത്തെ കാലത്ത് ദക്ഷിണാഫ്രിക്കയ്ക്ക് ആണവശേഷിയുണ്ട്. 

പിൽക്കാലത്ത് യുഎസ് ഈ വാദങ്ങളിലൊക്കെ മലക്കം മറിയുകയും വേറെ കാരണങ്ങൾ കൊണ്ടാണ് അന്നു സമുദ്രപ്രകാശവും സ്ഫോടനവുമൊക്കെ സംഭവിച്ചതെന്നു പറയുകയും ചെയ്തു. ഉപഗ്രഹത്തിനു മുന്നിൽ ഒരു ഉൽക്ക പതിച്ചതായിരുന്നു കാരണമെന്ന വാദമായിരുന്നു ഇതിൽ ഏറെ പ്രശസ്തം.  എന്നാൽ പിന്നീട് ഈ സംഭവത്തെ പറ്റി രാജ്യാന്തര ശാസ്ത്രകാരൻമാർ ഒരുപാടു പഠനം നടത്തി. ലാർസ് എറിക് ഡി ഗീർ, ക്രിസ്റ്റഫർ റൈറ്റ് എന്നിവരുടെ പഠനങ്ങളാണ് ഇതിൽ ശ്രദ്ധേയം. ഇവരുടെ പഠനഫലങ്ങൾ ആദ്യം തന്നെ ഉൽക്ക പതിച്ചതാണെന്ന വാദം തെറ്റാണെന്നു വെളിവാക്കി. തുടർന്ന് പ്രദേശത്തിനടുത്തുള്ള മൃഗങ്ങളിൽ അയഡിൻ 131 എന്ന ആണവവസ്തുവിന്റെ അളവ് ഉയർന്നിരിക്കുന്നതും ഇവർ നിരീക്ഷിച്ചു. വേല 6911 കണ്ടെത്തിയത് ആണവവിസ്ഫോടനം തന്നെയാണെന്നതിന്റെ തെളിവായിരുന്നു ഇത്.

പക്ഷേ ആരാകും നടത്തിയത്? 

അക്കാലത്തെ യുഎസ് ഒഴിച്ചുള്ള ന്യൂക്ലിയർ ശക്തികളായ റഷ്യ, ചൈന,ബ്രിട്ടൻ, ഫ്രാൻസ് എന്നിവയ്ക്കൊന്നും ഇവിടെ പരീക്ഷണം നടത്തേണ്ട കാര്യമില്ല. വമ്പൻ ചെലവ് ഉടലെടുക്കുന്നതിനാൽ ഇന്ത്യ, പാക്കിസ്ഥാൻ , ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും ഇത്രദൂരം വന്നു പരീക്ഷണം നടത്താൻ സാധ്യത കുറവാണ്. ഇതോടെയാണ് ഇസ്രയേൽ തന്നെയായിരിക്കാം ഈ പരീക്ഷണം നടത്തിയതെന്ന വിശ്വാസം ഉറച്ചത്. പലസ്തീനുമായി സംഘർഷം വീണ്ടും ഉടലെടുത്തതോടെ ഇസ്രയേലിനെക്കുറിച്ചുള്ള ചർച്ചകളും വാർത്തകളുമാണ് നിറയെ. 

ലോകത്തെ ഏറ്റവും അത്യാധുനികമായ ആയുധങ്ങൾ കൈയിലുള്ള രാജ്യങ്ങളിലൊന്നായ ഇസ്രയേലിന്റെ ആണവശേഷി ഇന്നും ദുരൂഹമാണ്. തങ്ങൾക്ക് അണ്വായുധങ്ങളുണ്ടോ എന്നു പരസ്യമായി വെളിപ്പെടുത്താൻ ഇസ്രയേൽ ഇന്നും തയാറായിട്ടില്ല. എന്നാൽ നൂറുകണക്കിന് പ്ലൂട്ടോണിയം ബോംബുകൾ ഇസ്രയേലിന്റെ കൈയിലുണ്ടെന്നാണു വിദഗ്ധരുടെ അനുമാനം. ഏതായാലും വേലാ ഉപഗ്രഹം കണ്ടെത്തിയ ഇന്ത്യൻ മഹാസമുദ്രത്തിലെ ആ ഇരട്ടപ്രകാശം ഇന്നുമൊരു  സമസ്യയായി തുടരുന്നു.

 

English Summary: The Vela Incident: South Atlantic Mystery Flash in September 1979 Raised Questions about Nuclear Test

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com