ADVERTISEMENT

ഓഗസ്റ്റ് 23ന് വൈകുന്നേരം ഏകദേശം 6:04ന് ആയിരിക്കും ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ചരിത്രം കുറിക്കാനായി സോഫ്റ്റ് ലാന്‍ഡിങ് നടത്തുക എന്നാണ് ഇസ്രോ ഔദ്യോഗികമായി പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. ചന്ദ്രന്റെ സൗത് പോളാര്‍ മേഖലയിലായിരിക്കുംഇറങ്ങുക. ഈ ഐതിഹാസിക നിമിഷത്തിന് സാക്ഷിയാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ലൈവ് സ്ട്രീമിങും നടത്തും.

 

ISRO-Logo

 

ആത്മവിശ്വാസത്തോടെ ഇസ്രോ

 

spl-isro-chandrayaan-payloads

മുമ്പില്ലാതിരുന്ന ആത്മവിശ്വാസത്തോടെ യാണ് ഇത്തവണ ഇസ്രോ ലാന്‍ഡിങിനെ സമീപിക്കുന്നത് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. 'രണ്ടാമത്തേതും, അന്തിമവുമായ ഡീബൂസ്റ്റിങ് പ്രക്രീയ വിജയകരമായി പൂര്‍ത്തിയാക്കി'യെന്നാണ് ഇസ്രോ പറഞ്ഞിരിക്കുന്നത്. മൊഡ്യൂളിലെ ആന്തരിക ഭാഗങ്ങള്‍ വീണ്ടും പരിശോധിച്ച ശേഷം അത് ചന്ദ്രനില്‍ ഇറക്കാനിരിക്കുന്ന സ്ഥലത്തെ സൂര്യോദയത്തിനായി കാത്തിരിക്കും. താഴ്ന്നിറങ്ങല്‍ ആരംഭിക്കുന്ന സമയം ഓഗസ്റ്റ് 23, 2023ന് വൈകീട്ട് 5.45നായിരിക്കുമെന്നും ഇസ്രോ അറിയിക്കുന്നു. 

 

 

ഇന്ത്യയുടെ സാന്നിധ്യം അവ ശേഷിപ്പിക്കും

 

ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങിക്കഴിഞ്ഞാല്‍, പ്രഗ്യാന്‍ (Pragyan) റോവര്‍ ഡേറ്റാ ശേഖരിക്കല്‍ മാത്രമായിരിക്കില്ല നടത്തുക. ചന്ദ്രനിലെ ഇന്ത്യയുടെ സാന്നിധ്യത്തിന് അടിവരയിടാന്‍, രാജ്യത്തിന്റെ ദേശീയ ചിഹ്നവും, ഇസ്രോയുടെ ചിഹ്നവും ചന്ദ്രോപരിതലത്തില്‍ ആലേഖനം ചെയ്യും. അതായത് സാരാനാഥിലെ (Sarnath) അശോക സ്തംഭവും പ്രഗ്യാന്‍ കോറിയിടും.

 

 

 

നാലാമത്തെ രാഷ്ട്രമാകാന്‍ ഇന്ത്യ

 

ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുക എന്നത് ഇന്ത്യയുടെ ചരിത്രത്തിലെ അസാധാരണ നിമിഷങ്ങളിലൊന്നായിരിക്കും. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാഷ്ട്രമായിരിക്കും ഇന്ത്യ. ലോകത്ത് ആദ്യമായി ഈ നേട്ടം കൈവരിച്ച രാജ്യം പഴയ യുഎസ്എസ്ആര്‍ ആയിരുന്നു-1959 സെപ്റ്റംബര്‍ 12ന്. ലൂനാ 2 എന്നായിരുന്നു ആ ആളില്ലാ സ്‌പെയ്‌സ്‌ക്രാഫ്റ്റിന്റെ പേര്. അത് ക്രാഷ് ലാന്‍ഡ് ചെയ്യുകയായിരുന്നു. എന്നാല്‍, ആദ്യത്തെ വിജയകരമായ ലാന്‍ഡിങ് നടത്തിയത് റഷ്യയുടെ ലൂണ 9 ആയിരുന്നു. ഇത്    1966, ഫെബ്രുവരി 3ന് ആയിരുന്നു. യുഎസ്എസ്ആര്‍ 1966-1976നുമിടയില്‍മൊത്തം 12 ആളില്ലാ ദൗത്യങ്ങളാണ് നടത്തിയത്. ആദ്യമായി ചന്ദ്രനില്‍ ആളെ ഇറക്കിയ രാജ്യമെന്ന ഖ്യാതി അമേരിക്കയ്ക്കാണ്-1969 ജൂലൈ 20ന്. 

Image Credit: ISRO
Image Credit: ISRO

 

 

മനുഷ്യര്‍ ഇറങ്ങുന്നത്

 

അപ്പോളോ 11 ദൗത്യത്തിലേറി, കമാന്‍ഡര്‍ നീല്‍ ആംസ്ട്രാങും, പൈലറ്റ് ബസ് ആള്‍ഡ്രിനും ആദ്യമായി ചന്ദ്രന്റെ പ്രതലത്തില്‍ നടന്നു എന്ന് ചരിത്രം പറയുന്നു. അമേരിക്കന്‍ ദൗത്യങ്ങള്‍ 1969-1972 കാലഘട്ടത്തിലായിരുന്നു. ഇതില്‍ 11 തവണ വിജയകരമായ സോഫ്റ്റ്ലാന്‍ഡിങ് നടത്തി. ആറു തവണ മനുഷ്യരും ഇറങ്ങി. (മൊത്തം 12 പേര്‍). ചൈനയുടെ ചാങ്-ഇ (Chang'e) 3 ചന്ദ്രനിലില്‍ ലാന്‍ഡ് ചെയ്തത് 2013 ഡിസംബര്‍ 14നാണ്. എന്നാല്‍, ചൈനയുടെ ആദ്യ സോഫ്റ്റ് ലാന്‍ഡിങ് ചാങ്-ഇ 4 ആണ് നടത്തിയത്. 2019 ജനുവരി 3ന് ചന്ദ്രന്റെ ഇരുണ്ട മേഖലയിലായിരുന്നുഇത്. ഇന്ത്യായണ് നാലാമത്തെ രാജ്യം. ചന്ദ്രയാന്‍ 1 സോഫ്റ്റ് ലാന്‍ഡിങ് ഉദ്ദേശിച്ചു വിക്ഷേപിച്ചതായിരുന്നില്ല. അത് 2008 ഒക്ടോബര്‍ 22നാണ് ഇംപാക്ട് ലാന്‍ഡിങ് നടത്തിയത്. ചന്ദ്രയാന്‍ 3യുടെ പ്രാധാന്യം അതിന്റെ സോഫ്റ്റ് ലാന്‍ഡിങിലായിരിക്കും. 

 

 

അപ്പോള്‍ ഈ 4 രാജ്യങ്ങള്‍ക്കായിരിക്കുമോ ചന്ദ്രനില്‍ മേല്‍ക്കോയ്മ?

 

അല്ലേയല്ല! 2030നു മുമ്പ് ചന്ദ്രനില്‍ ഇറങ്ങാന്‍ തയാറായിരിക്കുന്ന ചില രാജ്യങ്ങളും പ്രദേശങ്ങളും ഇതാ: ക്യാനഡ (ജപ്പാനും യുറോപ്യന്‍ യൂണിയുമായി (ഇയു) ചേര്‍ന്ന് സംയുക്ത ദൗത്യമായേക്കാം). യൂറോപ് അല്ലെങ്കില്‍ ഇയുവിന് സ്വന്തമായി ചന്ദ്രനിലെത്താന്‍ആഗ്രഹമുണ്ട്. ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് തിരിച്ചെത്താനാണ് ആഗ്രഹം. ഇത് മുകളില്‍ പറഞ്ഞ രണ്ടു രാജ്യങ്ങള്‍ക്കൊപ്പം നടത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇസ്രായേലാണ് മറ്റൊരു രാജ്യം. അവരുടെ ആദ്യ ലാന്‍ഡര്‍ ലാന്‍ഡിങ് സമയത്ത് 2019ല്‍ ചന്ദ്രനില്‍ തകര്‍ന്നുവീണിരുന്നു. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്തു വരുന്നു. 

 

മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, ടര്‍ക്കി, യുക്രെയ്ന്‍, യുഎഇ, യുകെ എന്നീ രാജ്യങ്ങള്‍ക്കും ചന്ദ്രനില്‍ ഇറങ്ങുക എന്ന കാര്യത്തെക്കുറിച്ച് വളരെ വ്യക്തമായ പദ്ധതികളുണ്ട്. രാജ്യങ്ങളുടെ കാര്യം അവിടെ നില്‍ക്കട്ടെ, ബ്ലൂ ഒറിജിന്‍, സ്‌പെയ്‌സ്എക്‌സ്, വേള്‍ഡ്‌വ്യൂഎന്റര്‍പ്രൈസസ് (WorldViewEnterprises) തുടങ്ങിയ സ്വകാര്യ കമ്പനികള്‍ ആളുകളെ ചന്ദ്രനിലേക്ക് ടൂറു കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്.

 

പ്രതീക്ഷയോടെ ഇന്ത്യ

 

ചന്ദ്രയാന്‍-3യില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ഇന്ത്യ. ഡിആര്‍ഡിഓയിലെ മുന്‍ ചീഫ് കണ്ട്രോളര്‍ ഓഫ് റീസേര്‍ച് അപതുകത ശിവതാണു പിള്ളൈ (Apathukatha Sivathanu Pillai) പറയുന്നത്, ചന്ദ്രനില്‍ ഹീലിയം-3യുടെ സാന്നിധ്യം ഉണ്ടോ എന്നതടക്കം പരിശോധിക്കാമെന്നാണ്. ഉണ്ടെങ്കില്‍ അത് ഭാവിയില്‍ ഇന്ധനമായി ഉപയോഗിക്കാന്‍ സാധിച്ചേക്കും. 

 

മൊഡ്യൂള്‍

 

ചന്ദ്രയാന്‍-3യുടെ ലാന്‍ഡര്‍ മൊഡ്യൂള്‍ കഴിഞ്ഞയാഴ്ചയാണ് വേര്‍പെട്ടത്. ഈ പ്രൊപള്‍ഷന്‍ മൊഡ്യൂള്‍ ഇനി ഭൂമിയുടെ ഭ്രമണപഥത്തില്‍ കറങ്ങിക്കൊണ്ടിരിക്കും. ഇത് അന്തരീക്ഷത്തെയും, മേഘങ്ങളില്‍ നിന്നുണ്ടാകുന്ന പ്രകാശ പോളറൈസേഷനെയും കുറിച്ചുള്ള വിവരങ്ങള്‍അടുത്ത പല മാസങ്ങളോ വര്‍ഷങ്ങളോ അളന്നുകൊണ്ടിരുന്നേക്കും.

 

 

സുരക്ഷിതമായ ലാന്‍ഡിങിനു ശേഷമോ?

 

ചന്ദ്രോപരിതലത്തില്‍ ഇറങ്ങിക്കഴിഞ്ഞാല്‍ വിക്രം ലാന്‍ഡര്‍ പ്രഗ്യാന്‍ റോവറിന്റെ ചിത്രങ്ങള്‍ പകര്‍ത്തും. പ്രഗ്യാന്‍ റോവറാകട്ടെ ചന്ദ്രന്റെ പ്രതലത്തിന്റെ രസതന്ത്രത്തെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്തും. വെള്ളത്തിന്റെ സാന്നിധ്യമുണ്ടോ എന്ന്ആരായും. ചന്ദ്രന്റെ ഒരു ദിവസത്തേക്കായിരിക്കും ഇന്ത്യന്‍ ദൗത്യം നടക്കുക. എന്നു പറഞ്ഞാല്‍ ഭൂമിയിലെ 14 ദിനങ്ങള്‍.  ചന്ദ്രയാന്‍-3 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് കുതിച്ചുയര്‍ന്നത് ജൂലൈ 14ന് ആയിരുന്നു. അത് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടന്നത് ഓഗസ്റ്റ് 5ന് ആയിരുന്നു.    

 

 

 

നേരിട്ടു കാണണ്ടേ?

 

ചന്ദ്രയാന്‍-3 ഇതിഹാസമായേക്കാവുന്ന ആ നിമിഷങ്ങള്‍ക്ക് സാക്ഷ്യംവഹിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. സ്മാര്‍ട്ട്‌ഫോണിലും, ടാബിലും, കംപ്യൂട്ടറിലും, ടിവിയിലും ഒക്കെ കാണാന്‍ അവസരമുണ്ട്. ആരെയും നിരാശപ്പെടുത്താതിരിക്കാന്‍ വിപുലമായലൈവ് സ്ടീമിങ് സംവധാനങ്ങളാണ് ഇസ്രോ ഒരുക്കിയിരിക്കുന്നത്. ഇസ്രോയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇത് ലൈവ് സ്ട്രീം ചെയ്യും. വിവിധ സമൂഹ മാധ്യമങ്ങളിലും ഇത് വീക്ഷിക്കാം. യൂട്യൂബ് ചാനലിലും ലൈവ് ഉണ്ട്. 

 

 

 

ലൈവ് സ്ട്രീമിങ് ഇന്ത്യന്‍ സമയം വൈകീട്ട് 5:27 മുതല്‍ ആരംഭിക്കും. 

 

 

∙ഇസ്രോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്കുള്ള ലിങ്ക് : https://isro.gov.in

 

∙യുട്യൂബ് ചാനല്‍ ലിങ്ക് ഇതാ  

 

ഇനി ഇതൊന്നും കാണാന്‍ സാധ്യമല്ലാത്തവര്‍ക്കും നിരാശപ്പെടേണ്ട കാര്യമില്ല. അവര്‍ക്ക് ദൂരദര്‍ശന്റെ ഡിഡി നാഷണല്‍ ടിവിയില്‍ തത്സമയ സംപ്രേക്ഷണം ലഭിക്കും. 

 

English Summary: Chandrayaan 3 landing attempt on Aug 23 at 6:04pm; where to watch live?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com