ADVERTISEMENT

അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനു ശേഷമാണ് റഷ്യ ചന്ദ്രനിലേക്ക് ഒരു ലാൻഡർ ദൗത്യം വിട്ടത്. ലൂണ 25 എന്ന ദൗത്യം തകർന്നു ചന്ദ്രനിൽ വീണു. പഴയകാല ബഹിരാകാശ പ്രഭാവത്തിലേക്കു പോകാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ റഷ്യ നടത്തുന്നുണ്ട്. ഇക്കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ് റോസ് എന്ന ബഹിരാകാശ സ്റ്റേഷൻ.

യുക്രെയ്ൻ– റഷ്യ യുദ്ധം പല മേഖലകളിൽ പ്രത്യാഘാതങ്ങളുണ്ടാക്കിയ കൂട്ടത്തിൽ ബഹിരാകാശ മേഖലയെയും വെറുതെ വിട്ടില്ല.2024നു ശേഷം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്നു റഷ്യ പിൻമാറുമെന്ന അഭ്യൂഹം ശക്തമാണ്. തങ്ങൾ ബഹിരാകാശത്തെത്തിക്കാൻ ശ്രമിക്കുന്ന ബഹിരാകാശ നിലയത്തിന്റെ മാതൃക അടുത്തിടെ മോസ്കോയിൽ നടന്ന ഒരു സൈനിക പ്രദർശനത്തിൽ റഷ്യ പുറത്തുവിട്ടിരുന്നു.

രണ്ടു ഘട്ടങ്ങൾ അഥവാ സ്റ്റേജുകളായാകും തങ്ങളുടെ സ്റ്റേഷൻ ബഹിരാകാശത്തെത്തുകയെന്നും റഷ്യ വെളിപ്പെടുത്തിയിട്ടുണ്ട്. 2027  കാലയളവിലാകും ആദ്യ സ്റ്റേജ് ബഹിരാകാശം താണ്ടുക. 4 മൊഡ്യൂളുകളുള്ളതാകും ഇത്. ഇതിനു ശേഷം 2 മൊഡ്യൂളുകളുള്ള അടുത്ത സ്റ്റേജും സർവീസ് പ്ലാറ്റ്ഫോമും ബഹിരാകാശത്തെത്തും. രാജ്യാന്തര ബഹിരാകാശ നിലയത്തിലേതു പോലെ എപ്പോഴും മനുഷ്യവാസമുള്ള രീതിയിലാകില്ല റഷ്യയുടെ സ്പേസ് സ്റ്റേഷൻ.

വർഷത്തിൽ രണ്ടുതവണ ആളുകളെ എത്തിക്കുകയും തിരിച്ചിറക്കുകയും ചെയ്യും. അതിനിടെ ഇതു വെറുമൊരു സ്റ്റേഷനല്ലെന്നും ആയുധശേഷിയുള്ള മിലിട്ടറി ബഹിരാകാശ നിലയമായിരിക്കുമെന്ന അഭ്യൂഹവും ശക്തമാണ്. ബഹിരാകാശ നിലയങ്ങളുടെ കാര്യത്തിൽ റഷ്യ എന്നും ഒരു ചുവട് മുന്നിലെത്താൻ ശ്രമിച്ചിട്ടുണ്ട്. ലോകത്തിൽ ആദ്യമായി ഒരു ബഹിരാകാശ നിലയം ബഹിരാകാശത്തെത്തിച്ചത് റഷ്യയാണ്. സല്യൂട്ട് 1 എന്നു പേരുള്ള ഈ നിലയം 1971ലാണ് ബഹിരാകാശത്തെത്തിയത്. 3 റഷ്യൻ ബഹിരാകാശ യാത്രികരെ വഹിക്കാനുള്ള ശേഷിയുള്ളതായിരുന്നു ഈ നിലയം.

ഈ നിലയവുമായി ബന്ധപ്പെട്ട് ബഹിരാകാശമേഖലയിലെ ഒരു ദുരന്ത സംഭവവും ഓർമിക്കപ്പെടാറുണ്ട്. സല്യൂട്ട് 1 നിലയത്തിലേക്കു സഞ്ചാരികളുമായി എത്തിയ സോയുസ്–11 പേടകത്തിലെ യാത്രികർക്ക് സംഭവിച്ച ദുർവിധിയാണ് ഇത്. ഇതിലെ യാത്രികർ 23 ദിവസങ്ങൾ നിലയത്തിൽ തങ്ങി. എന്നാൽ മടക്കയാത്രയ്ക്കിടെ സാങ്കേതികമായ തടസ്സങ്ങൾ ഉടലെടുത്തതിനെത്തുടർന്ന് സോയൂസ് 11 തകരുകയും യാത്രികർ മരിക്കുകയും ചെയ്തു.ബഹിരാകാശത്ത് ഇതുവരെ മരിച്ചിട്ടുള്ള യാത്രികർ സോയൂസ് 11 ദൗത്യത്തിൽ പെട്ടവർ മാത്രമാണ്.

സല്യൂട്ട് പദ്ധതിയുടെ ഭാഗമായി അൽമാസ് എന്ന പേരിൽ രഹസ്യ സൈനിക ദൗത്യങ്ങളും റഷ്യയ്ക്കുണ്ടായിരുന്നു. അൽമാസ് എന്നായിരുന്നു ഇതിന്റെ വിളിപ്പേരെങ്കിലും സല്യൂട്ട് എന്നു തന്നെയാണ് ഇതു പുറത്തറിയപ്പെട്ടത്. സല്യൂട്ട് 7 എന്ന പദ്ധതിയായിരുന്നു സല്യൂട്ട് പദ്ധതികളിൽ അവസാനത്തേത്. സല്യൂട്ട് 3 എന്ന ബഹിരാകാശ സ്റ്റേഷനിൽ വിമാനവേധ പീരങ്കയുണ്ടെന്നും പറയപ്പെട്ടിരുന്നു.

സല്യൂട്ട് പദ്ധതികൾക്കു ശേഷം റഷ്യയുടെ പ്രസിദ്ധ സ്പേസ് സ്റ്റേഷനായ മിർ ബഹിരാകാശത്തെത്തി. 1986 മുതൽ 2001 വരെയുള്ള കാലയളവിൽ ഇതു ബഹിരാകാശത്ത് നിലനിന്നു. 1991 വരെ സോവിയറ്റ് യൂണിയനും പിന്നീട് റഷ്യയുമായിരുന്നു മിറിന്റെ നിയന്ത്രണമെങ്കിലും മറ്റു രാജ്യങ്ങളിലെ ബഹിരാകാശ യാത്രികർക്കും മിർ ആതിഥേയത്വം ഒരുക്കി. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലായിരുന്നു ഇത് നിലനിന്നത്.

English Summary:Russian Orbital Service Station – All You Want To Know About Russia’s Next Space Station (ROSS)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com