ADVERTISEMENT

ചന്ദ്രന്റെ സാധ്യതകള്‍ പരമാവധി ചൂഷണം ചെയ്യാനും, ചാന്ദ്രോപരിതലത്തില്‍ ആധിപത്യം സ്ഥാപിക്കാനുമായി വന്‍കിട ലോക രാജ്യങ്ങള്‍ തമ്മിൽ മത്സരം തുടങ്ങിയിരിക്കുകയാണ്. പല ലോക ശക്തികളെയും പരാജയപ്പെടുത്തി ഇന്ത്യൻ ബഹിരാകാശചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് ചന്ദ്രയാൻ 3 ലാൻഡർ മൊഡ്യൂൾ ചന്ദ്രനിൽ ഇറങ്ങിയിരിക്കുന്നു, പ്രഗ്യാൻ റോവർ ചന്ദ്രനിൽ യാത്രയും തുടങ്ങി. അശോക സ്തംഭവും ഇസ്രോയുടെ ലോഗോയുമൊക്കെ മായാതെ പതിപ്പിച്ചശേഷം റോവറിന്റെ ആ യാത്രയുടെയും ലാൻഡറിലെ ഉപകരണങ്ങളുടെയും ലക്ഷ്യങ്ങളെന്തൊക്കെ?

നിരവധി പഠന ഉപകരണങ്ങൾ

spl-isro-chandrayaan-payloads

14 ദിവസമാകും ലാൻഡറും റോവറും പ്രവർത്തിക്കുക. കാരണം അത്രയും ദിവസമാണ് ചന്ദ്രനിലെ പകൽ. സൗരോർജ്ജത്തിലാണ് ഈ ഉപകരണങ്ങൾ പ്രവർത്തിക്കുക.പ്രൊപ്പൽഷൻ മോഡ്യൂളിലെ പഠനോപകരണമായ ഷേപ്(Spectro-polarimetry of HAbitable Planet Earth) ചാന്ദ്രഭ്രമണപഥത്തിൽ നിന്ന് ഭൂമിയെ വാസയോഗ്യമാകുന്ന ഘടകങ്ങൾ പഠിക്കുകയാണ് ചെയ്‌യുന്നത്. ഇത് ഇന്ത്യയുടെ എക്സോപ്ലാനറ്റ് ഗവേഷണങ്ങൾക് മുതൽക്കൂട്ടാകും. പ്ലാസ്മയും അതിന്റെ സാധ്യതകളും പഠിക്കാനുള്ള രംഭ  (Radio Anatomy of Moon Bound Hypersensitive ionosphere and Atmospher), ഉപരിതലെ താപനില പഠിക്കാനുള്ള ചാസ്തെ Chandra’s Surface Thermo physical Experiment ( ChaSTE),ഭൂകമ്പ സാധ്യത അളക്കുന്നു Instrument for Lunar Seismic Activity (ILSA) എന്നിവ പഠനങ്ങളും നിരീക്ഷണങ്ങളും ആരംഭിച്ചു കഴിഞ്ഞു. LASER Retroreflector Array (LRA) എന്നിവ പ്രവർത്തിക്കാനൊരുങ്ങുന്നു.

ചന്ദ്രോപരിതലത്തിലെ അയോണുകളുടെയും ഇലെക്ട്രോണുകളുടെയും സാന്ദ്രതയിലുണ്ടാകുന്ന വ്യതിയാനങ്ങൾ, ചന്ദ്രന്റെ ധ്രുവ പ്രദേശങ്ങളിലെ താപനിലയും തെർമൽ പ്രോപ്പർട്ടീസ്, ചന്ദ്രോപരിതലത്തിലെ ഭൂചലനങ്ങൾ നിരീക്ഷിച്ചു അതിലൂടെ ചന്ദ്രന്റെ ഘടന മനസിലാക്കുക എന്നിവയാണ് പ്രധാന പഠനലക്ഷ്യങ്ങൾ. 

spl-chandrayaan-rover-movement-graphics-1
Creative Image: ISRO/ Jain David M/ Manorama Online

റോവറിലെ LASER Induced Breakdown Spectroscope (LIBS), Alpha Particle X-ray Spectrometer (APXS) എന്നി ഉപകരണങ്ങൾ ചന്ദ്രന്റെ മൂലക ഘടന ആണ് പഠനവിധേയമാക്കുക. ചന്ദ്രനെക്കുറിച്ചു മാത്രമല്ല ഭൂമിയെക്കുറിച്ചും വിദൂരതയിലിരുന്നുകൊണ്ട് ചാന്ദ്രയാന്‍ 3 വിവരങ്ങള്‍ ശേഖരിക്കും. ഭാവിയില്‍ ഭൂമിയുടേതിനു സമാനമായ ഗ്രഹങ്ങളെ കണ്ടെത്തുന്നതിന് ഈ വിവരങ്ങള്‍ സഹായിച്ചേക്കും.

chandrayaan-3-rover

ഹീലിയം 3

ഭൂമിയിൽ വളരെ അപൂർവമായി കാണപ്പെടുന്ന ഹീലിയം ത്രീ പക്ഷേ ചന്ദ്രനിൽ വളരെയേറെ അളവിൽ കാണപ്പെടുന്നുണ്ട്. ഭാവിയിൽ ഭൂമിയിൽ ആണവ ഫ്യൂഷൻ സാങ്കേതികവിദ്യ വളരെയേറെ പുരോഗമിക്കുമെന്നും ഇപ്പോഴുള്ള ആണവ ഫിഷൻ റിയാക്ടറുകളെ പുറന്തള്ളി ഫ്യൂഷൻ റിയാക്ടറുകൾ പ്രധാന ഊർജശ്രോതസ്സായി മാറുമെന്നും കരുതപ്പെടുന്നുണ്ട്. ഫ്യൂഷൻ റിയാക്ടറുകളിൽ ഇന്ധനമായി ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായ വസ്തുക്കളിലൊന്നായാണ് ഹീലിയം ത്രീ കണക്കാക്കപ്പെടുന്നത്. ഭാവിയിൽ ചന്ദ്രനിൽ വൻതോതിൽ ഖനനം സാധ്യമാകുന്ന മൂൺ മൈനിങ് സാങ്കേതികവിദ്യ നടപ്പായിക്കഴിഞ്ഞാൽ ചന്ദ്രനിൽ നിന്ന് ഹീലിയം ത്രീ ഭൂമിയിലെത്തിക്കാമെന്നും ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നുണ്ട്. ഇതു നടപ്പായാൽ മനുഷ്യരുടെ ഊർജ ആവശ്യങ്ങൾക്ക് ചന്ദ്രൻ പരിഹാരമേകുമെന്നു സാരം.

ഭാവി ഗ്രഹയാത്രകളിലും നേട്ടം

മനുഷ്യന്റെ ഭാവി ഗ്രഹയാത്രകളിൽ, പ്രത്യേകിച്ച് ചൊവ്വയിലേക്കുള്ള യാത്രകളിൽ ചന്ദ്രൻ ഒരു ഇടത്താവളമായി മാറുമെന്നും ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു.ചന്ദ്രനിൽ കോളനിയും ഖനിയുമൊക്കെ സ്ഥാപിക്കാനുള്ള ആദ്യശ്രമമായിട്ടാണ്  നാസയുടെ അടുത്ത ചന്ദ്രയാത്ര കണക്കാക്കപ്പെടുന്നത്. വീണ്ടും ചന്ദ്രനിലേക്ക് യാത്രക്കാരെ അയയ്ക്കാനാണു നാസയുടെ പദ്ധതിയായ ആർട്ടിമിസ് ലക്ഷ്യമിടുന്നത്.

chandrayaan

ആർട്ടിമിസ് ദൗത്യത്തിന്‌റെ മൂന്നാം ഘട്ടത്തിലാണു മനുഷ്യർ യാത്ര ചെയ്യാൻ പോകുന്നത്. ഒരു പുരുഷനും ഒരു സ്ത്രീയുമാകും യാത്രികർ. മനുഷ്യരെ വഹിക്കാത്ത ആദ്യഘട്ടം വരുന്ന നവംബറിൽ നടത്താനാണ് നാസയുടെ ഉദ്ദേശ്യം.ഭൂമിയിൽ നിന്നു ചൊവ്വ ഉൾപ്പെടെ ഗ്രഹാന്തര ദൗത്യങ്ങൾക്ക് ഇടത്താവളമായാണ് ചന്ദ്രനെ വിവിധ ബഹിരാകാശ സംഘടനകൾ കാണുന്നത്. ചന്ദ്രനു ചുറ്റുംബഹിരാകാശ ഇടത്താവളങ്ങൾ നിർമിക്കാനുള്ള തയാറെടുപ്പിലാണ് പലരും. 

ഖര രൂപത്തിലെ ജല നിക്ഷേപം

ചന്ദ്രന്‌റെ ദക്ഷിണധ്രുവം ശാസ്ത്രജ്ഞർക്കു വലിയ താൽപര്യമുള്ള മേഖലയാണ്. ഇവിടെ ഖര രൂപത്തിൽ വലിയ ജലനിക്ഷേപമുണ്ട്. അതുപോലെ തന്നെ ഇവിടുള്ള പടുകുഴികളിൽ പലതിലും സൂര്യപ്രകാശമെത്താറില്ല. പ്രാചീനകാല സൗരയൂഥത്തെക്കുറിച്ചുള്ള തെളിവുകൾ ഇവയിൽ മറഞ്ഞുകിടക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ചന്ദ്രനിലെ സവിശേഷതയാർന്ന മേഖലയായ എയ്റ്റ്കിൻ ബേസിൻ, 9.05 കിലോമീറ്റർ പൊക്കമുള്ള എപ്‌സിലോൺ കൊടുമുടി തുടങ്ങിയവയൊക്കെ ദക്ഷിണധ്രുവത്തിലാണു സ്ഥിതി ചെയ്യുന്നത്.

spl-chandrayaan-rover-graphics-1
Creative Image: ISRO/ Jain David M/ Manorama Online

ഇന്ത്യക്കു മാത്രമല്ല ലോകത്തിനാകെ നേട്ടം

നമ്മുടെ ചാന്ദ്രയാന്‍ 3 ദൗത്യം കൊണ്ട് ഇന്ത്യക്കു മാത്രമല്ല ലോകത്തിനാകെ തന്നെ നിരവധി നേട്ടങ്ങളുണ്ടാവും. ഭാവിയിലെ ആര്‍ട്ടിമിസ് ദൗത്യങ്ങള്‍ക്ക് ചാന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ഭാഗമായി ലഭിക്കുന്ന അറിവുകള്‍ ഗുണം ചെയ്യുമെന്ന് അമേരിക്ക തന്നെ അറിയിച്ചു കഴിഞ്ഞു. ആര്‍ട്ടിമിസ് കരാര്‍ ഉടമ്പടിയില്‍ ഇന്ത്യ ഒപ്പുവെച്ചിട്ടുള്ളതിനാല്‍ ചാന്ദ്രയാന്‍ 3 ദൗത്യം ഇന്ത്യയെ പോലെ തന്നെ അമേരിക്കയ്ക്കും ഗുണമാണെന്നാണ് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവന പറയുന്നത്. 

സമാധാനപരമായ ബഹിരാകാശ പര്യവേഷണം ലക്ഷ്യം വെക്കുന്ന ആര്‍ട്ടിമിസ് ഉടമ്പടിയില്‍ അടുത്തിടെയാണ് ഇന്ത്യ ഒപ്പുവെച്ചത്. 'ചന്ദ്രനു പുറമേ ചൊവ്വയിലേക്കും അതിനും അപ്പുറത്തേക്കുമുള്ള ദൗത്യങ്ങള്‍ക്കായി സഹകരിക്കുകയാണ് ആര്‍ട്ടിമിസ് ഉടമ്പടി കൊണ്ടു ലക്ഷ്യം വെക്കുന്നത്. ഇതുവരെ ഇന്ത്യ അടക്കം 27 രാഷ്ട്രങ്ങള്‍ ഈ ഉടമ്പടിയുടെ ഭാഗമായിട്ടുണ്ട്. 2024ല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ഐ.എസ്.ആര്‍.ഒയുടെ ബഹിരാകാശ സഞ്ചാരികള്‍ക്ക് വേണ്ട പരിശീലനം നാസ നല്‍കും' എന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞിരുന്നു.

English Summary: Moon Missions Targets and Future plans

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com