ADVERTISEMENT

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം അഥവാ ജൂപിറ്ററിൽ വമ്പൻ ഒരു ആളിക്കത്തൽ. ജപ്പാനിലെ അമച്വർ ജ്യോതിശാസ്ത്രഞ്ജനായ ടഡാവു ഓഹ്സുഗിയാണ് ആ ആളിക്കത്തൽ കണ്ടെത്തിയത്. വ്യാഴത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ ആളിക്കത്തലാണിതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.വ്യാഴത്തിന്റെ അന്തരീക്ഷത്തിലേക്ക് ഇറങ്ങുന്ന ഛിന്നഗ്രഹങ്ങളോ വാൽനക്ഷത്രങ്ങളോ ആകാം ഇത്തരമൊരു ആളിക്കത്തലിനു പിന്നിലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

 

വ്യാഴത്തിൽ കൊടും മിന്നൽ ഉടലെടുക്കുന്നതിന്റെ ചിത്രം ഇടയ്ക്ക് നാസയുടെ ജൂണോ പേടകം പകർത്തിയിരുന്നു.വ്യാഴത്തിന്റെ ഉത്തരധ്രുവത്തിനടുത്താണ് ഈ മിന്നൽ. ഭൂമിയിൽ മിന്നൽപിണരുകൾ മഴമേഖങ്ങളിൽ നിന്ന് ഉടലെടുക്കാറാണ് പതിവ്. എന്നാൽ വ്യാഴഗ്രഹത്തിൽ അമോണിയ–വെള്ളം എന്നിവയടങ്ങിയ മേഘങ്ങളിലാണ് മിന്നൽപിണരുണ്ടാകുന്നത്.ധ്രുവപ്രദേശങ്ങളിലാണ് ഇവ കൂടുതൽ.

 

ഹൈഡ്രജൻ, ഹീലിയം വാതകങ്ങൾ നിറഞ്ഞ ഭീമൻ ഗ്രഹമാണ് ജൂപ്പിറ്റർ.സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളുടെയും മൊത്തം ഭാരത്തിന്റെ രണ്ടര ഇരട്ടിയാണ് ജൂപ്പിറ്ററിന്റേത്. ഗാനിമീഡ്, യൂറോപ്പ, ലോ, കലിസ്റ്റോ തുടങ്ങിയ അനേകം ചന്ദ്രൻമാർ വ്യാഴത്തെ വലംവയ്ക്കുന്നു. വ്യാഴത്തിന്‌റെ ചന്ദ്രൻമാരിൽ ഒന്നായ ഗാനിമീഡിൽ ഭൂമിയിൽ എല്ലാ സമുദ്രങ്ങളിലുമുള്ള വെള്ളത്തേക്കാൾ കൂടുതൽ ജലസമ്പത്ത് ഉണ്ടെന്ന് സംശയിക്കുന്നുണ്ട്.സൗരയൂഥത്തിലെ ഏറ്റവും വലിയ ചന്ദ്രനാണ് ഗാനിമീഡ്. 

 

ജൂപ്പിറ്ററിലെ ഒരു ദിവസത്തിനു ഭൂമിയിലെ 10 മണിക്കൂറോളം ദൈർഘ്യമേ ഉള്ളൂ. ഗ്രഹത്തിന്റെ ഉൾക്കാമ്പിലെ താപനില 35,000 ഡിഗ്രി സെൽഷ്യസാണ്. ഗുരുത്വാകർഷണം കൂടിയതിനാൽ എന്തിനെയും വലിച്ചടുപ്പിക്കും. പലപ്പോഴും ഭൂമിക്കു നേരെ വരുന്ന ചില ഭീകരൻ ഛിന്നഗ്രഹങ്ങളെ ജൂപ്പിറ്റർ വഴിതിരിച്ചുവിട്ടിട്ടുണ്ട്, ചിലതിനു നേരെ സ്വന്തം വിരിമാറുകാട്ടി നമ്മെ രക്ഷിക്കുകയും ചെയ്തു. 1994ൽ നമുക്ക് നേരെ വന്ന ഷൂമാക്കർ ലെവി എന്ന വാൽനക്ഷത്രത്തെ പിടിച്ചെടുത്തത് ജൂപ്പിറ്ററാണ്. 

 

വ്യാഴത്തിന് ഒരു കാലത്ത് വലയങ്ങളുണ്ടായിരുന്നെന്നും ഇവ പിന്നീട് അപ്രത്യക്ഷമായതാണെന്നും ഇടയ്ക്ക് സിദ്ധാന്തങ്ങളുണ്ടായിരുന്നു. ഇന്നും മങ്ങിയ നിലയിലുള്ള വലയങ്ങൾ  കാണാം. എന്നാൽ ആറരക്കോടി വർഷങ്ങൾക്കു മുൻപ് വ്യാഴഗ്രഹം തന്റെ അപാരമായ ഗുരുത്വബലം ഉപയോഗിച്ച് ഒരു ഛിന്നഗ്രഹത്തെ ഭൂമിയിലേക്ക് വഴിതിരിച്ചുവിട്ടെന്ന് ഇടയ്ക്കൊരു പഠനം വാദിച്ചിരുന്നു. ആ ഛിന്നഗ്രഹത്തിന്റെ വരവിലും ആഘാതത്തിലുമാണത്രെ ഭൂമിയിലെ ദിനോസറുകൾ അപ്രത്യക്ഷരായത്രേ.

 

English Summary: Watch: Astronomer Captures Bright Flash In Jupiter's Atmosphere

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com