ADVERTISEMENT

പ്രാചീന ഈജിപ്ഷ്യൻ വിശ്വാസത്തിലെ ഒരു പക്ഷിദേവതയുടെ പേരാണ് ബെന്നു. പുനർജന്മത്തിന്റെ ചിഹ്നമായി കരുതപ്പെടുന്ന ഈ മിത്തോളജിക്കൽ പക്ഷിയാണ് ഗ്രീക്ക് വിശ്വാസത്തിലെ ഫീനിക്സ് തുടങ്ങിയ സങ്കൽപങ്ങൾക്ക് കാരണമായതെന്ന് കരുതപ്പെടുന്നു. ഈ ബെന്നുവിന്റെ പേരുള്ള ഒരു ഛിന്നഗ്രഹമുണ്ട്. 1999 സെപ്റ്റംബറിലാണ് ഇതിനെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഇതേ തുടർന്ന് ഒരു പേരിടൽ മൽസരം നടത്തി. ഇതിൽ 9 വയസ്സുള്ള ഒരു കുട്ടിയാണ് ബെന്നുവിന് ആ പേര് നൽകിയത്.

അടുത്ത രണ്ടു ശതകങ്ങൾക്കുള്ളില്‍ അതായത് ഏകദേശം 2182 സെപ്റ്റംബർ 24നു ഭൂമിക്കു നേരെ പാഞ്ഞടുത്തേക്കാമെന്നാണ് വിലയിരുത്തല്‍. എന്നാൽ നാസ ബെനുവിലേക്ക് 2020ല്‍ അയച്ച ഓസിരിസ് റെക്സ് (OSIRIS-REx )ദൗത്യം ശേഖരിച്ച സാംപിളുകള്‍  വിശകലനം നടത്തി,. ആദ്യ ഫലം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത് ഇങ്ങനെ. മനുഷ്യര്‍ക്ക് ഇതുവരെ അസ്‌ട്രോയിഡുകളില്‍ നിന്നെടുത്തു പരിശോധിക്കാന്‍ സാധിച്ചതില്‍ വച്ച് ഏറ്റവും കാര്‍ബണ്‍ സമ്പുഷ്ടമാണ് ബെനുവില്‍ നിന്നു ശേഖരിച്ച സാംപിള്‍. മാത്രമല്ല വെള്ളത്തിന്റെ സാന്നിധ്യവും ഉണ്ട്. 

'വളരെയധികം ശാസ്ത്രം വരാനിരിക്കുന്നു, നാം ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ശാസ്ത്രം , എന്നാണ് നാസയുടെ അഡ്മിനിസ്‌ട്രേറ്ററായ ബില്‍ നെല്‍സണ്‍ ഒരു പത്രക്കുറിപ്പില്‍ പറഞ്ഞത്. സാംപിളില്‍ കൂടുതല്‍ ആഴത്തിലുള്ള വിശകലനം തുടങ്ങാനിരിക്കുകയാണ് എന്നുമാണ് അദ്ദേഹം നല്‍കുന്ന സൂചന. എംപയർ സ്റ്റേറ്റ് ബിൽഡിങ് കെട്ടിടത്തിന്‌റെ വലുപ്പമുള്ളതാണ് ബെന്നു ഛിന്നഗ്രഹം.  ഇത് ഭൂമിയില്‍ ഇടിച്ചാല്‍ 110 കോടി ടണ്‍ ട്രൈനൈട്രോടൊള്‍യൂയിന്‍ (ടിഎന്‍ടി) സ്‌ഫോടനത്തിന് സമാനമാകും അതിന്റെ ആഘാതം എന്നാണ് കരുതപ്പെടുന്നത്.

ഭൂമിയില്‍നിന്ന് ഏകദേശം 50 ദശലക്ഷം മൈല്‍ അകലെയാണ് ബെനു ഇപ്പോള്‍ ഉള്ളത്. ശേഖരിച്ച സാംപിളിന്റെ ശീഘ്ര വിശകലനത്തിനായി ഇലക്ട്രോണ്‍ മൈക്രോസ്‌കോപ് ഉപയഗിച്ചുള്ള സ്‌കാനിങും, ഇന്‍ഫ്രാറെഡ് അളവുകളും, എക്‌സ്-റേ ഡിഫ്രാക്ഷനും, കെമിക്കല്‍ എലമെന്റ് വിശകലനവും നടത്തി. അതിനു പുറമെ, എക്‌സ്-റേകംപ്യൂട്ടഡ് ടോമോഗ്രാഫി ഉപയോഗിച്ച് ഒരു പാര്‍ട്ടിക്‌ളിന്റെ 3ഡി കംപ്യൂട്ടര്‍ മോഡലും സൃഷ്ടിച്ചു. ഇതില്‍ നിന്നാണ് കാര്‍ബണിന്റെ ധാരാളിത്തവും, വെള്ളത്തിന്റെ സാന്നിധ്യവും സ്ഥിരീകരിച്ചത്. 

ഏകദേശം 250 ഗ്രാം സാംപിള്‍ ആണ്, 450 കോടി വര്‍ഷം പ്രായമുണ്ടെന്നു കരുതുന്ന ബെനുവിന്റെ പ്രതലത്തില്‍ നിന്ന് ഒസിറിസ്-റെക്‌സ് ശേഖരിച്ചത്. ഏകദേശം 60 ഗ്രാം ശേഖരിക്കാനായിരുന്നു ഉദ്ദേശം. നാസ നടത്തുന്ന പരീക്ഷണങ്ങളെല്ലാംതന്നെ മനുഷ്യര്‍ ആരാണെന്നുംഎവിടെ നിന്നു വന്നു എന്നും അറിയാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ്, നെല്‍സണ്‍ പറഞ്ഞു. ഛിന്നഗ്രഹങ്ങളെക്കുറിച്ചുള്ള അറിവ് സമ്പാദിക്കുന്നതിപ്പുറം, പ്രപഞ്ചത്തെക്കുറിച്ചും പുതിയ അറിവു നേടാനുള്ള ശ്രമവും ഉണ്ട്. 

മനുഷ്യരെക്കുറിച്ചും, പ്രപഞ്ചോത്പത്തിയെക്കുറിച്ചും ഒക്കെയുള്ളഅന്വേഷണങ്ങള്‍ക്ക് ഉള്‍ക്കാഴ്ച പകരാന്‍ കെല്‍പ്പുള്ളതാണ് ശേഖരിച്ച സാംപിള്‍ എന്ന് ഒസിറിസ്-റെക്‌സിന്റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡാന്റെ ലൊറെറ്റാ പറഞ്ഞു. അടുത്ത രണ്ടു വര്‍ഷത്തേക്കായിരിക്കും സാംപിള്‍ വിശകലനം നടത്തുക. ലോകമെമ്പാടുമുള്ള ഗവേഷകര്‍ക്കും കൂടുതൽ പരീക്ഷണത്തിനായി സാമ്പിള്‍ നല്‍കിയേക്കും. 

∙സൈക്കി ഛിന്നഗ്രഹത്തിലേക്കുള്ള ദൗത്യം വിക്ഷേപിക്കുന്നത് മാറ്റിവച്ചു

Psyche
NASA/JPL-Caltech/ASU/Peter Rubin

നാസയും, ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെയ്‌സ്എക്‌സും സംയുക്തമായി സൈക്കി (Psyche) എന്ന പേരില്‍ അറിയപ്പെടുന്ന ഛിന്നഗ്രഹത്തിലേക്ക് ഒക്ടോബര്‍ 12 ന് നടത്താനിരുന്ന ദൗത്യം, മോശം കാലാവസ്ഥ മൂലം മാറ്റിവച്ചു. ഇത് ഒക്ടോബര്‍ 13ന് വീണ്ടും വിക്ഷേപിക്കാന്‍ ശ്രമിച്ചേക്കും. സൈക്കി ഭ്രമണം ചെയ്യുന്നത് 500 ലേറെ ദശലക്ഷം കിലോമീറ്റര്‍ അകലെയാണ്. 

ദൗത്യം സൈക്കിയിലെത്താന്‍ 6 വര്‍ഷം എടുത്തേക്കും. ഇതാദ്യമായാണ് ധാരാളമായി ലോഹം ഉള്ള ഒരു ഛിന്നഗ്രഹത്തിലേക്ക് ഒരു ദൗത്യം വിക്ഷേപിക്കുന്നത്. മറ്റ് അസ്‌ട്രോയിഡുകളുടെ പ്രതലങ്ങളെല്ലാം പാറയും ഐസും ഉള്ളവയായിരുന്നു. അയണ്‍ കേന്ദ്രങ്ങളെക്കുറിച്ചുളള പഠനമാണ് ദൗത്യത്തിന്റെ ലക്ഷ്യം. ഇതുവഴി, ഗ്രഹങ്ങള്‍ ഉണ്ടായത് എന്നതിനെക്കുറിച്ച് വ്യക്തത വരുത്താനുള്ള ശ്രമമാണ് കാണുന്നത്. 

∙ഗൂഗിള്‍ ആപ്പിളിന് പ്രതിവര്‍ഷം നല്‍കുന്നത് 20 ബില്ല്യനോളം ഡോളര്‍; ഇത് അവസാനിച്ചേക്കും

ഇന്റര്‍നെറ്റ് സേര്‍ച്ച് ബിസിനസില്‍ തങ്ങളുടേ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ പല വഴിവിട്ട കളികളും ഗൂഗിള്‍ നടത്തി എന്നതടക്കമുള്ള ആരോപണങ്ങളാണ് കമ്പനിക്കെതിരെ അമേരിക്കയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് ഉന്നയിച്ചിരിക്കുന്നത്. ഗൂഗിളിനെതിരെയുള്ളആന്റിട്രസ്റ്റ് കേസിന്റെ വിചാരണയിലാണ് ഇതെല്ലാം ഉന്നയിക്കപ്പെട്ടിരിക്കുന്നത്.

 ഐഫോണ്‍ 12, 13, 14, 15 തുടങ്ങിയ മോഡലുകളിലെല്ലാം ഡീഫോള്‍ട്ട് സേര്‍ച് എഞ്ചിനാകാന്‍ ഗൂഗിള്‍ ഇപ്പോള്‍ ആപ്പിളിന് പ്രതിവര്‍ഷം 20 ബില്ല്യനോളം ഡോളര്‍ നല്‍കുന്നു എന്നാണ് ആരോപണം. ഇത്രയും വലിയതുകയാണ് ഗൂഗിള്‍ നല്‍കുന്നത് എന്ന അനുമാനം നടത്തിയരിക്കുന്നത് ബേണ്‍സ്റ്റെയ്ന്‍ എന്ന കമ്പനിയാണ്. ബേണ്‍സ്റ്റെയ്ന്‍ ഇപ്പോള്‍ പറയുന്നത് കോടതി ആപ്പിളും ഗൂഗിളും തമ്മിലുള്ള ഈ കരാര്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ടേക്കുമെന്നാണ്. ഏകദേശം 18-20 ബില്ല്യന്‍ ഡോളറാണ് ഗൂഗിള്‍ ആപ്പിളിന് നല്‍കുന്നത്. 

ആപ്പിളിന്റെ പ്രതിവര്‍ഷ ഓപ്പറേറ്റിങ് ലാഭത്തിന്റെ 14-16 ശതമാനത്തോളം വന്നേക്കും ഈ തുക എന്നും ബേണ്‍സ്റ്റെയ്ന്‍ വിലയിരുത്തുന്നു എന്ന് ദി രജിസ്റ്റര്‍. കേസില്‍ ഗൂഗിള്‍ പരാജയപ്പെട്ടാല്‍ ആപ്പിളിന് പ്രതിവര്‍ഷം വെറുതെയിരുന്നു ലഭിച്ചിരുന്ന 20 ബില്ല്യന്‍ ഡോളറോളം നഷ്ടം വന്നേക്കും.  അതേസമയം, ആപ്പിളിന് ഇത്ര വലിയ തുക നല്‍കുന്നത് അബദ്ധമാണെന്ന് കരുതുന്നവരും ഉണ്ട്. 

ആപ്പിളിന്റെ സഫാരി ബ്രൗസറിലും ഡീഫോള്‍ട്ട് സേര്‍ച്ച് എഞ്ചിനായിരിക്കുന്നതിനാണ് ഗൂഗിള്‍ പണം നല്‍കുന്നത്. ഒരു പതിറ്റാണ്ടു മുമ്പൊക്കെ ഡീഫോള്‍ട്ട് സേര്‍ച് എഞ്ചിന്‍അതുപടി ഉപയോഗിക്കുന്ന രീതിക്കാരായിരുന്നു പലരും. എന്നാല്‍, ഇന്ന് ഡീഫോള്‍ട്ട് സേര്‍ച്ച് എഞ്ചിന്‍ മാറ്റാന്‍ മിക്കവര്‍ക്കും അറിയാം. ഉദാഹരണത്തിന് ആപ്പിള്‍ ഡീഫോള്‍ട്ട് സേര്‍ച്ച് എഞ്ചിനായി മൈക്രോസോഫ്റ്റിന്റെ ബിങ് വച്ചു എന്നു സങ്കല്‍പ്പിക്കുക. ഉപയോക്താവിന് വേണമെങ്കില്‍ സെറ്റിങ്‌സിലെത്തി അത് ഗൂഗിളോ, ഡക്ഡക്‌ഗോയോ ഒക്കെ ആക്കാം. 

ഫോണിനും ബിയറിനും ശേഷം വസ്ത്രങ്ങൾ വില്‍ക്കാന്‍ നതിങ്

ശ്രദ്ധ പിടിച്ചു പറ്റിയ ഫോണിനു ശേഷം, ഇയര്‍ഫോണുകളും, സ്മാര്‍ട്ട് വാച്ചും, പിന്നെ ബിയറും പുറത്തിറക്കിയ നതിങ് കമ്പനി അടുത്തതായി അപാരല്‍ (ഉടയാട) ഇറക്കാന്‍ ഉദ്ദേശിക്കുന്നു. 'നതിങ് അപാരല്‍ അവതരിപ്പിക്കുകയാണിപ്പോള്‍' എന്നാണ് കമ്പനി എക്‌സ്പ്ലാറ്റ്‌ഫോമില്‍ ഇട്ട പോസ്റ്റില്‍ പറഞ്ഞരിക്കുന്നത്. ഇത് ഡിസൈനര്‍മാര്‍ക്കും, എഞ്ചിനിയര്‍മാര്‍ക്കുമുള്ള യൂണിഫോമായിരിക്കും എന്നും കമ്പനി പറയുന്നു. ഇത് തുടക്കത്തില്‍ ബ്രിട്ടണില്‍ മാത്രമായിരിക്കും ലഭിക്കുക. 

ഇന്ത്യയുടെ 5ജി സ്വപ്‌നങ്ങള്‍ക്കും ഇസ്രയേല്‍ യുദ്ധം പ്രശ്‌നമാകുമോ?

ഇപ്പോള്‍ നടക്കുന്ന ഇസ്രയേല്‍-പലസ്തീന്‍ യുദ്ധം ഇന്ത്യന്‍ ടെലകോം കമ്പനികളുടെ 5ജി പദ്ധതികള്‍ക്ക് പ്രശ്‌നങ്ങള്‍ വരുത്തിയേക്കാം. ഇക്കോണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം 5ജി വിന്യസിക്കാനുള്ള ചിലവ് 2,000-2,500 കോടി രൂപ വരെ വര്‍ദ്ധിച്ചേക്കും. കൂടാതെ, പണി പെട്ടെന്നു തീര്‍ക്കാനുള്ള ശ്രമവും നടന്നേക്കില്ല. തുടക്കത്തില്‍ തന്നെ ഡോളറിനെതിരെ രൂപയുടെ മൂല്ല്യം 3-4 ശതമാനം ഇടിഞ്ഞേക്കുമെന്നും പ്രവചിക്കപ്പെടുന്നു. 

English Summary:

Nasa says Bennu asteroid samples likely contain 2 key ingredients

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com