ADVERTISEMENT

‘ഇത്തരം കാറ്റുകൾ തക്ഷൻകുന്നിനു മീതെ വീശിയടിച്ചപ്പോഴൊക്കെ രോഗങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കാറ്റിന്റെ മുനകൾ ഒരിക്കൽ നടപ്പുദീനത്തിന്റെ നാറ്റമായിട്ടാണ് തക്ഷൻകുന്നിലേക്ക് കടന്ന് വന്നത് രണ്ടുഭാഗത്തുകൂടെയും നിറുത്താതെ ഒഴുക്കായിരുന്നു. ആ ഒഴുക്കിൽ ഇറങ്ങിപ്പോയത് പതിനെട്ടുപേർ. മരിച്ചവർ അനാഥങ്ങളായി പിന്നെയും കുറെ ദിവസം കിടന്നു. അൽപം മണ്ണ് മുഖത്തേക്കെറിയാൻ നാട്ടിൽ ആരുമുണ്ടായിരുന്നില്ല. 

എല്ലാവരും ഭീതിയോടെ പുഴയും മലയും കടന്നിരുന്നു. രണ്ടാമത്തെ കാറ്റ് വന്നത് കുരുപ്പിന്റെ ദുർഗന്ധവുമായിട്ടായിരുന്നു. അന്നത്തെ ചൂടുകാറ്റ് കൊണ്ടുവന്ന കുരുപ്പ് നക്കിയെടുത്തത് പത്തൊമ്പത് പേരെ. രക്ഷപ്പെട്ട മൂന്ന് പേര് വലിയ വ്രണങ്ങളുടെ അടയാളങ്ങളുമായി തക്ഷൻകുന്നിൽ ഇപ്പോഴുമുണ്ട്.’

 

തക്ഷൻ കുന്നിലേക്കുള്ള വസൂരിയുടെ വരവിനെ യു.കെ.കുമാരൻ തന്റെ നോവലിൽ വിവരിക്കുന്നതിങ്ങനെയാണ്. ഏറെ മനുഷ്യരെ കൊന്നൊടുക്കിയ മാരകരോഗമായിരുന്നു വസൂരി. വാരിയോള മേജർ, വാരിയോള മൈനർ എന്നീ രണ്ടു വൈറസുകളാണ് രോഗകാരികളെന്ന് നമുക്കറിയാം. ലാറ്റിൻ ഭാഷയിലുള്ള ‘വാരിയസ്’ എന്ന വാക്ക് ഈ രോഗത്തിനു ലഭിക്കാൻ കാരണമുണ്ടായിരുന്നു. രോഗികളുടെ ദേഹമാസകലം ചലം നിറഞ്ഞ കുമിളകളുണ്ടായി പൊട്ടുകയും അവിടെ വസൂരിക്കുത്തുകൾ അവശേഷിക്കുകയും ചെയ്യും. വാരിയസ് എന്ന വാക്കിന് പുള്ളികൾ നിറഞ്ഞത് എന്നാണർഥം. മേജർ, മൈനർ എന്നിവയുണ്ടാക്കുന്ന രണ്ടു തരം വസൂരികളിൽ ആദ്യത്തേത് അത്യന്തം അപകടകാരിയായിരുന്നു.

ബി സി പതിനായിരം വർഷം വരെ പഴക്കമുള്ള വസൂരി രോഗത്തിനുള്ള തെളിവുകൾ ഈജിപ്തിലെ മമ്മികളിൽ കണ്ടെത്തിയിട്ടുണ്ട്. 1778 ൽ വോൾട്ടയർ എഴുതിയതനുസരിച്ച് യൂറോപ്പിലെ 60 ശതമാനം ആളുകളിലും ഏതെങ്കിലുമൊരു രൂപത്തിൽ രോഗമുണ്ടാവുകയും ,അതിൽ മൂന്നിലൊന്ന് മരണമടയുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടിൽ ഏകദേശം 4 ലക്ഷം പേരെയും ഇരുപതാം നൂറ്റാണ്ടിൽ 30 മുതൽ 50 വരെ കോടി പേരെയും വസൂരി കൊന്നൊടുക്കിയതായി പറയപ്പെടുന്നു.

1950 വരെ പ്രതിവർഷം അഞ്ചുകോടി പേരാണ് വസൂരിയാൽ മരിച്ചത്. ലോകാരോഗ്യ സംഘടനയുടെ അനുമാനത്തിൽ ഏറ്റവുമടുത്ത് 1967 ൽ പോലും ഒന്നരക്കോടി ആളുകൾ രോഗബാധിതരാവുകയും 20 ലക്ഷം പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. മറ്റു പല മാരക രോഗങ്ങളെയും പോലെ കുട്ടികളായിരുന്നു വസൂരിയുടെ പ്രധാന ഇരകൾ. ഇരുപതാം നൂറ്റാണ്ടിൽ മാത്രം 30 കോടി ജനങ്ങളുടെ ജീവനെടുക്കാൻ വസൂരി കാരണമായി. അതായത് രണ്ടു ലോകയുദ്ധങ്ങളിൽ കൂടി മരിച്ചതിലധികം ആളുക1796 ലാണ് വസൂരി അഥവാ സ്മാൾ പോക്സിനെ പ്രതിരോധിക്കാൻ വാക്സീൻ എന്ന ആശയം അവതരിപ്പിച്ചത്.

ആദ്യകാലശ്രമങ്ങൾ

ഇന്ത്യയിലും ചൈനയിലും പടിഞ്ഞാറൻ രാജ്യങ്ങളിലും വസൂരിയെ തടയാൻ സാധാരണക്കാർ അനുവർത്തിച്ചിരുന്ന ഒരു രീതിയാണ് വാരിയോളേഷൻ. തീവ്ര രൂപത്തിലല്ലാതെയുള്ള വസൂരി വന്നവരുടെ ഉണങ്ങി വരുന്ന വ്രണത്തിൻമേലുണ്ടാകുന്ന 'പൊറ്റന്റെ' തുണ്ടുകൾ ചർമത്തിൽ ഉരച്ചു വയ്ക്കുന്ന രീതിയാണത്. വസൂരിയെ പ്രതിരോധിക്കാൻ ഇതു സഹായിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു അത്. ചിലരിൽ ഇവ ഗുണമുണ്ടാക്കിയെങ്കിലും കുറച്ചു പേർ ഇതുമൂലം രോഗമുണ്ടായി മരിക്കുകയും ചെയ്തു.1721 ൽ തുർക്കിയിലെ ബ്രിട്ടിഷ് അംബാസഡറുടെ ഭാര്യയായ മേരി മൊണ്ടേഗ് ഈ രീതി ഇംഗ്ലണ്ടിലെത്തിച്ചു.

പാൽക്കാരികൾക്ക് വരാതിരുന്ന രോഗം

നാട്ടിലെ പാൽക്കാരികൾക്ക് രോഗം പിടിപെടാനുള്ള സാധ്യത കുറവാണെന്ന കാര്യം നാട്ടിൻപുറത്തുകാർക്ക് അറിയാമായിരുന്നു. പശുവിന് പിടിപെടുന്ന കൗപോക്സ് അഥവാ ഗോവസൂരി രോഗം ലഘുരൂപത്തിൽ അവരിൽ വരാറുണ്ടായിരുന്നതുമായി ഇതിനെ ബന്ധപ്പെടുത്തുകയും ചെയ്തിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ യൂറോപ്പിൽ പലയിടത്തും താൽക്കാലിക പ്രതിരോധ മാർഗമായി ആളുകളിൽ മനപ്പൂർവം ഗോവസൂരി വരുത്തുന്ന രീതി പരീക്ഷിച്ചിരുന്നു. എന്നാൽ ആരും കൗപോക്സും സ്മോൾപോക്സും തമ്മിലുള്ള ബന്ധം തെളിയിക്കാൻ ഉചിതമായ ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് മുതിർന്നില്ല. അവിടെയാണ് വസൂരിയെ തുരത്താനുള്ള വെല്ലുവിളി ജെന്നർ ഏറ്റെടുക്കുന്നത്.

വസൂരിയെന്ന മാരക രോഗത്തിൽനിന്ന് മനുഷ്യകുലത്തെ രക്ഷിക്കാനുള്ള മാർഗം ആവിഷ്ക്കരിച്ച മഹാനാണ് എഡ്വേർഡ് ജെന്നർ (1749- 1823). അതിനായി വാക്സിനേഷൻ എന്ന രീതി ആദ്യമായി പ്രയോഗത്തിൽ കൊണ്ടുവന്നത് ജെന്നറാണ്. വൈദ്യശാസ്ത്ര പഠനം കഴിഞ്ഞെത്തിയ യുവാവായ ഡോക്ടറെ കാണാനെത്തിയ പലർക്കും, പ്രത്യേകിച്ച് പശുക്കളെ കറക്കുന്നവർക്ക് ഗോവസൂരി പിടിപെട്ടിരുന്നു. ഗോവസൂരിയെപ്പറ്റി കഥകളും തെറ്റായ ചില വിശ്വാസങ്ങളും നാട്ടിൽ നിലനിന്നിരുന്നു.

farm - 1

നാട്ടിൻപുറത്ത് ഡോക്ടറായി ജോലി ചെയ്തിരുന്ന ജെന്നർ അവയിൽ ഒരു വിശ്വാസത്തെ പ്രത്യേകം ശ്രദ്ധിച്ചു – ഗോവസൂരി പിടിപെട്ടയാൾക്ക് ഒരിക്കലും വസൂരി വരില്ലെന്ന നാട്ടു വിശ്വാസം. മറ്റു ഡോക്ടർമാർ ഇതിനെ വെറും അന്ധവിശ്വാസമായിട്ടാണ് കണക്കാക്കിയത്. എന്നാൽ കഥയിൽ അൽപം കാര്യമുണ്ടാകാമെന്ന് ജെന്നർ വിശ്വസിച്ചു. അതു തെളിയിക്കാനായി 1796 ൽ അപകടകരമായ ഒരു പരീക്ഷണത്തിനു ജെന്നർ മുതിർന്നു. സാറ നെലംസ് എന്ന കറവക്കാരിയുടെ ദേഹത്തെ കുമിളയിൽനിന്ന് ചലമെടുത്തു ജയിംസ് ഫിപ്സെന്ന എട്ടു വയസ്സുകാരന്റെ കയ്യിൽ രണ്ടു ചെറിയ കീറലുണ്ടാക്കി കുത്തിവച്ചു.

ജെന്നറുടെ വീട്ടിലെ തോട്ടക്കാരന്റെ മകനായിരുന്നു ഫിപ്സ്. ഇത്തരമൊരു അപകടത്തിനു നിന്നു കൊടുക്കാൻ തോട്ടക്കാരനും മകനുമുണ്ടായ പ്രലോഭനം എന്തെന്ന് നമുക്കറിയില്ല. ജയിംസിന് ഗോ വസൂരി ബാധയുണ്ടാവുകയും പെട്ടെന്നുതന്നെ സുഖപ്പെടുകയും ചെയ്തു. പരീക്ഷണത്തിന്റെ അടുത്ത ഭാഗം അത്യന്തം അപകടകരമായിരുന്നു. ഇത്തവണ സ്മോൾപോക്സ് ബാധിച്ചയാളുടെ ദേഹത്തെ കുരുവിൽ നിന്നെടുത്ത ചലമാണ് കുട്ടിയിൽ കുത്തിവച്ചത്. ജെന്നർ പ്രതീക്ഷിച്ചതു പോലെ, കുട്ടിക്കു രോഗം വന്നില്ല.

വിശാലമായ പരീക്ഷണങ്ങൾ

പരീക്ഷണത്തിന്റെ വിശദാംശങ്ങൾ ഒരു കത്തു വഴി ജെന്നർ റോയൽ സൊസൈറ്റിയെ അറിയിച്ചു. എന്നാൽ പരിപൂർണ സത്യസന്ധതയോടെയുള്ള ഉപദേശമാണ് സൊസൈറ്റി മറുപടിയായി നൽകിയത്. ശാസ്ത്രത്തിൽ ഒരൊറ്റ ഉദാഹരണം കൊണ്ട് താങ്കൾക്കിത് തെളിയിക്കാൻ സാധിക്കില്ല എന്നായിരുന്നു അത്. തുടർന്നുള്ള മാസങ്ങൾ തുടർച്ചയായ പരീക്ഷണ നിരീക്ഷണങ്ങളുടേതായിരുന്നു. 23 പേരിൽ സമാനമായ പരീക്ഷണങ്ങൾ ജെന്നർ നടത്തി. ഇതിൽ കേവലം 11 മാസം മാത്രം പ്രായമുണ്ടായിരുന്ന സ്വന്തം മകനുമുണ്ടായിരുന്നു. ഫലങ്ങൾ അനുകൂലമായതോടെ 1798 ൽ ഇതു സംബന്ധിച്ച പേപ്പർ റോയൽ സൊസൈറ്റി പ്രസിദ്ധീകരിച്ചു.

ജെന്നറാണ് 'വാക്സീൻ' എന്ന പേരിന്റെ ഉപജ്ഞാതാവ്. ലാറ്റിൻ ഭാഷയിൽ ' vacca' എന്നത് പശുവിനുള്ള പദമാണ്. വാക്സീനിയ എന്നാൽ ഗോവസൂരിയെന്നും അർഥം. പശുവിന്റെ പോക്സിൽ നിന്നുള്ള പ്രതിവിധി അങ്ങനെ വാക്സീൻ ആയി.പിന്നീട് രോഗ പ്രതിരോധത്തിനായി ജീവനില്ലാത്തതോ ദുർബലമാക്കപ്പെട്ടതോ ആയ രോഗകാരിയെ മനപ്പൂർവം കുത്തിവയ്ക്കുന്ന രീതി വാക്സിനേഷൻ എന്നറിയപ്പെട്ടു. ജെന്നർ, ഇമ്യൂണോളജി അഥവാ രോഗ പ്രതിരോധ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നു.

വൈദ്യശാസ്ത്ര സമൂഹം ആദ്യകാലത്ത് വലിയ ആവേശമൊന്നും പുത്തൻ രീതിയോട് കാണിച്ചില്ല. വാക്സിനേഷൻ രീതി പ്രയോഗിക്കരുതെന്ന് പല ഡോക്ടർമാരും ആവശ്യപ്പെട്ടു. ജെന്നറാകട്ടെ, വൈദ്യശാസ്ത്ര അഭ്യസനം അവസാനിപ്പിച്ച് ഗവേഷണത്തിലേക്കും വാക്സിനേഷന്റെ പ്രചാരണത്തിലേക്കും കടന്നു. 1853 ൽ വസൂരിക്കെതിരായ വാക്സിനേഷൻ ബ്രിട്ടനിൽ നിർബന്ധിതമാക്കി.1801 ൽ വാക്സിനേഷനെ സംബന്ധിച്ച് പുറത്തിറക്കിയ ഒരു ലഘുലേഖയിൽ, വാക്സിനേഷൻ വഴി വസൂരിയെന്ന ശാപത്തെ ഭൂലോകത്തുനിന്നു നിർമാർജനം ചെയ്യാമെന്ന പ്രതീക്ഷ ജെന്നർ പങ്കുവച്ചു.

പിന്നീട് 180 വർഷങ്ങൾക്കു ശേഷമാണ് ആ സ്വപ്നം പൂവണിഞ്ഞത്. 1970 ന്റെ അവസാനത്തോടെ ലോകാരോഗ്യ സംഘടന വസൂരി ഭൂലോകത്തിൽനിന്നു തുടച്ചു നീക്കിയതായി പ്രഖ്യാപിച്ചു. അമേരിക്കയിലെയും റഷ്യയിലെയും അതീവ സുരക്ഷയുള്ള രണ്ടു ലബോറട്ടറികളിൽ മാത്രമാണ് ഇന്ന് വസൂരി വൈറസുളളത്. ഈ സാംപിളുകൾ പോലും നശിപ്പിക്കണമെന്ന അഭിപ്രായം ഉയരുന്നുണ്ട്.

ജെന്നറിന്റെ സംഭാവനകൾ

vaccine - 1

ഗോവസൂരി കുത്തിവച്ച് മനുഷ്യനിലെ വസൂരി പ്രതിരോധിച്ചു എന്നതു മാത്രമല്ല ജെന്നറിന്റെ സംഭാവന. മറ്റു പലരും അതു മുൻപേ തന്നെ ചെയ്തിട്ടുണ്ടായിരുന്നു. ആവർത്തിച്ചുള്ള പരീക്ഷണ നിരീക്ഷണങ്ങളുടെ സഹായത്തോടെ രോഗപ്രതിരോധ ശേഷി മനുഷ്യൻ നേടുന്നതായി ആദ്യമായി തെളിയിച്ചത് ജെന്നറാണ്. ചില സമയങ്ങളിൽ സാധാരണക്കാരുടെ നാട്ടറിവുകളും വലിയ കണ്ടുപിടുത്തങ്ങൾക്കുള്ള സൂചന തരുമെന്നും ജെന്നർ തെളിയിച്ചു. 

വാക്സിനേഷൻ എന്നതിന് ശാസ്ത്രീയ അടിത്തറ നൽകിയത് ജെന്നറാണ്.' യുറേക്ക' എന്നു വിളിച്ചു പറഞ്ഞ് പെട്ടെന്നൊരു ദിവസം വാക്സീൻ കണ്ടെത്തിയതല്ല ജെന്നർ. ഒരു നാട്ടറിവ് അദ്ദേഹത്തിന്റെ മുൻപിലുണ്ടായിരുന്നു. ലഘുവായ വൈറസിനെ ഉപയോഗിച്ചു തീവ്ര രോഗത്തിനു പ്രതിരോധം നൽകാമെന്ന ആശയത്തിന്റെ വാതിൽ വാക്സീനുകളുടെ ഭാവിയിലേക്ക് ജെന്നർ തുറന്നിട്ടു. രോഗമുണ്ടാക്കുന്നത് സൂക്ഷ്മാണുക്കളാണെന്ന അടിസ്ഥാന തത്വം ജെന്നറിന്റെ കാലത്തിനറിയില്ലായിരുന്നു.

വസൂരി തുടച്ചു നീക്കപ്പെടുന്നു

വാക്സീൻ പ്രയോഗത്തിന് അനുമതി കിട്ടിയതിനു ശേഷം 18 മാസം കൊണ്ട് 12,000 ആളുകൾ വാക്സിനേഷന് വിധേയരായി. വസൂരി മൂലമുള്ള മരണ നിരക്കിൽ കുറവുണ്ടായി. വാക്സീൻ ഇന്ത്യ, ചൈന, തെക്കേ അമേരിക്ക എന്നിവിടങ്ങളിലും എത്തി. ഫ്രാൻസിൽ സാർവത്രിക രോഗ പ്രതിരോധ വാക്സിനേഷൻ നടപ്പിലാക്കി. 53 കോടി ആളുകളുടെ ജീവൻ രക്ഷിക്കാൻ ജെന്നറുടെ കുത്തിവയ്പിനു കഴിഞ്ഞു എന്നാണ് കണക്കാക്കപ്പെടുന്നത്. ചികിൽസയില്ലാത്ത, അപകടകരമായ വസൂരിയെന്ന രോഗത്തെ പ്രതിരോധ കുത്തിവയ്പും മറ്റ് അനുബന്ധ പ്രവർത്തനങ്ങളും വഴി ഭൂമിയിൽനിന്നു തുരത്താൻ മനുഷ്യനു കഴിഞ്ഞു.

sabin-george - 1
ഡോ.സാബിൻ ജോർജ്(drsabingeorge10@gmail.com)

1967 ൽ ലോകാരോഗ്യ സംഘടന 10 വർഷം നീണ്ടു നിന്ന വലിയൊരു ദൗത്യം– വസൂരിയെ ഭൂഗോളത്തിൽനിന്നു തുടച്ചു നീക്കുക– ഏറ്റെടുത്തു. 1977 ൽ അതു ലക്ഷ്യം കാണുകയും ചെയ്തു. വൈത്ത് എന്ന പ്രസിദ്ധ കമ്പനിയുടെ ഡ്രൈവാക്സ് എന്ന വസൂരി വാക്സീൻ ഉപയോഗിച്ചായിരുന്നു ആ യജ്ഞം. 1977 ൽ സൊമാലിയയിലാണ് അവസാനത്തെ വസൂരി രോഗിയുണ്ടായത്. 1980 ൽ ലോകാരോഗ്യ സംഘടന വസൂരി ഭൂലോകത്തുനിന്ന് പൂർണമായി നിർമാർജനം ചെയ്തതായി പ്രഖ്യാപിച്ചു. ചരിത്രത്തിൽ ഇതുവരെ രണ്ടു രോഗങ്ങളാണ് ഭൂമിയിൽനിന്ന് പൂർണ്ണമായി തുടച്ചു നീക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത് ഒന്ന് വസൂരിയും, രണ്ടാമത്തേത് കാലി വസന്ത (Rinderpest) എന്ന കന്നുകാലികളിലെ രോഗവും..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com