ADVERTISEMENT

ചൊവ്വയുടെ ആകാശം ചുവപ്പു നിറത്തിലോ ചാര നിറത്തിലോ ഒക്കെയാവും നമ്മുടെ മനസിലുണ്ടാവുക. എന്നാല്‍ ചൊവ്വയില്‍ മനുഷ്യ കോളനി സ്ഥാപിക്കാനായി വന്നിറങ്ങുന്നവര്‍ കാണുന്ന രാത്രികാല ആകാശത്തിന്റെ നിറം ഇതൊന്നുമാവണമെന്നില്ല. ചൊവ്വയുടെ ധ്രുവപ്രദേശങ്ങളില്‍ പച്ച നിറത്തിലുള്ള ആകാശമായിരിക്കുമെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. അതും ചൊവ്വയുടെ ഉപരിതലത്തിനോടു ചേര്‍ന്ന് കറുപ്പു നിറവും മുകളിലേക്കു പോവും തോറും പച്ച നിറവുമാവും ഉണ്ടാവുക.

nasa-mars-1 - 1
NASA/LASP/CU Boulder

ചൊവ്വയില്‍ നിന്നുള്ള മനുഷ്യര്‍ക്ക് കാണാവുന്ന പ്രകാശത്തിന്റെ വിശദാംശങ്ങള്‍ പഠിച്ച യൂറോപില്‍ നിന്നുള്ള ഗവേഷകരാണ് ഇങ്ങനെയൊരു കണ്ടെത്തലിനു പിന്നില്‍. ചൊവ്വയുടെ അന്തരീക്ഷവും ആകാശവും സംബന്ധിച്ച വര്‍ഷങ്ങള്‍ നീണ്ട പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം കൂടിയാണിത്. ഇങ്ങനെയൊരു പ്രത്യേക നിറം ചൊവ്വയുടെ ആകാശത്തിനു ലഭിക്കാനുള്ള കാരണവുമുണ്ട്. ഭൂമിയിലും കണ്ടു വരാറുള്ള പ്രകാശത്തിന്റെ ജ്വലനമാണ് ചുവന്നഗ്രഹത്തിന്റെ ആകാശത്തിന്റെ നിറം മാറ്റുന്നത്.

രണ്ടു കാരണങ്ങള്‍ കൊണ്ടാണ് ചൊവ്വയില്‍ പ്രകാശത്തിന്റെ ജ്വലനം സംഭവിക്കുന്നത്. അന്തരീക്ഷത്തിന്റെ മുകളിലെ പാളിയിലെ കണങ്ങള്‍ അധിക ഊര്‍ജം ശേഖരിച്ചു വെക്കുമ്പോഴോ അല്ലെങ്കില്‍ സൂര്യപ്രകാശം അയണൈസ് ചെയ്യുമ്പോള്‍ ഇലക്ട്രോണുകളെ സ്വതന്ത്രമാക്കുമ്പോഴോ ആണ് ഇത് സംഭവിക്കുന്നത്. ഭൂമിയിലെ ധ്രുവപ്രദേശങ്ങളില്‍ സംഭവിക്കാറുള്ള ധ്രുവദീപ്തിക്ക് സമാനമായ പ്രതിഭാസമാണിത്. ധ്രുവദീപ്തി എപ്പോഴും സംഭവിക്കാറില്ലെങ്കില്‍ ചൊവ്വയിലെ പ്രകാശത്തിന്റെ ജ്വലനം തുടര്‍ച്ചയായി സംഭവിക്കുന്നുവെന്നതാണ് പ്രത്യേകത.

1980കള്‍ മുതല്‍ തന്നെ ചൊവ്വയുടെ പ്രകാശ ജ്വലനം ശാസ്ത്രജ്ഞരുടെ ശ്രദ്ധയെ ആകര്‍ഷിച്ചിട്ടുണ്ട്. അമേരിക്കയിലേയും ബെല്‍ജിയത്തിലേയും ശാസ്ത്രജ്ഞരാണ് ആദ്യമായി ഇങ്ങനെയൊരു സംഭവം ചൂണ്ടിക്കാണിക്കുന്നത്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ OMEGA സ്‌പെക്ട്രോ ഇമേജിങ് ഉപകരണം ഇതിന് തെളിവുകള്‍ നല്‍കി. 2020ല്‍ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ തന്നെ എക്‌സോമാര്‍സ് ട്രേസ് ഗ്യാസ് ഓര്‍ബിറ്റര്‍ വഴി പകല്‍സമയത്ത് ചൊവ്വയുടെ ധ്രുവങ്ങളില്‍ പ്രകാശത്തിന്റെ ജ്വലനം നടക്കുന്നുവെന്നത് തെളിഞ്ഞു.

mars-1 - 1

പകല്‍ മാത്രമല്ല രാത്രിയിലും ഇതു സംഭവിക്കുന്നുവെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ബെല്‍ജിയം, സ്‌പെയിന്‍, യു.കെ എന്നിവിടങ്ങളിലെ ഗവേഷകര്‍ എക്‌സോമാര്‍സ് ടി.ജി.ഒ വഴി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ചൊവ്വയിലെത്തുന്ന മനുഷ്യര്‍ക്ക് തെളിഞ്ഞ അന്തരീക്ഷമുള്ളപ്പോള്‍ പച്ച ആകാശം ആസ്വദിക്കാനാവും. നാച്ചുര്‍ അസ്‌ട്രോണമിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com