ADVERTISEMENT

സൗരയൂഥത്തിൽ നമുക്കു  ഏറ്റവും കുറവ് അറിവുള്ള ഗ്രഹങ്ങളാണ് ഏറ്റവും വിദൂരതയിലുള്ള യുറാനസും നെപ്റ്റിയൂണും. മഞ്ഞുഭീമനായ യുറാനസിലേക്ക് ഇറങ്ങുന്നത് എങ്ങനെയിരിക്കും? എന്തൊക്കെ വെല്ലുവിളികളാണ് യുറാനസ് നമുക്കു വേണ്ടി കാത്തുവെച്ചിരിക്കുന്നത്? ഇതിനെല്ലാമുള്ള ഉത്തരങ്ങള്‍ ലഭ്യമായ അറിവുകള്‍ക്കനുസരിച്ച് തേടുകയാണ് ശാസ്ത്രം. 

നമുക്കു സമീപത്തെ പല ഗ്രഹങ്ങളിലേക്കും ഉപഗ്രഹങ്ങളിലേക്കും നമ്മള്‍ നിരീക്ഷണ പേടകങ്ങള്‍ അയച്ചിട്ടുണ്ട്. ചില ഗ്രഹങ്ങളിലേക്ക് ഇടിച്ചിറങ്ങിയതോ സുരക്ഷിതമായി ഇറങ്ങിയതോ ആയ പേടകങ്ങളേയും അയച്ചിട്ടുണ്ട്. എന്നാല്‍ ഇന്നും മനുഷ്യന്റെ കയ്യെത്താ ദൂരത്തുള്ള നമ്മുടെ സൗരയൂഥത്തിലെ രണ്ടു ഗ്രഹങ്ങളാണ് യുറാനസും നെപ്റ്റിയൂണും. 

സൂര്യനില്‍ നിന്നും ഏറ്റവും അകലെയുള്ള ഈ ഗ്രഹങ്ങള്‍ ലക്ഷ്യം വെക്കുന്ന നാസയുടേയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടേയും പുതിയ പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ഈ ദൗത്യങ്ങള്‍ യാഥാര്‍ഥ്യമാവുന്നതുവരെ ലഭ്യമായ അറിവുകള്‍ക്ക് അനുസരിച്ചുള്ള കണക്കുകൂട്ടലുകള്‍ മാത്രമാണ് സാധ്യത. 

ടി6സ്റ്റാല്‍ക്കര്‍

യുറാനസിന്റേയും നെപ്റ്റിയൂണിന്റേയും അന്തരീക്ഷത്തിലൂടെ ആ ഗ്രഹങ്ങളിലേക്ക് ഒരു പേടകം ഇറങ്ങിയാല്‍ എന്തു സംഭവിക്കുമെന്ന പരീക്ഷണങ്ങള്‍ ഓക്‌സ്‌ഫോഡ് സര്‍വകലാശാലയിലും സ്റ്റുട്ട്ഗാര്‍ട്ട് സര്‍വകലാശാലയിലും നടന്നു. പ്രത്യേകം നിര്‍മിച്ച വിന്‍ഡ് ടണലുകളിലായിരുന്നു പരീക്ഷണം. 

യൂറോപിലെ തന്നെ ഏറ്റവും വേഗതയേറിയ പരീക്ഷണം നടത്താനാവുന്ന വിന്‍ഡ് ടണലാണ് ഓക്‌സ്‌ഫോഡ് സര്‍വകലാശാലയിലെ ടി6സ്റ്റാല്‍ക്കര്‍. ഒരു സെക്കന്‍ഡില്‍ 20 കിലോമീറ്റര്‍ വരെ വേഗതയില്‍ ഈ തുരങ്കത്തില്‍ പരീക്ഷണം നടത്താനാവും. യുറാനസും നെപ്റ്റിയൂണും തണുത്തുറഞ്ഞ ഗ്രഹങ്ങളാണെങ്കിലും അവയുടെ അന്തരീക്ഷത്തിലൂടെ പേടകങ്ങള്‍ ഇറങ്ങുമ്പോള്‍ വലിയ തോതില്‍ താപനില ഉയരും. 

ഇതുവരെയുള്ള പരീക്ഷണം സെക്കന്‍ഡില്‍ 19 കിലോമീറ്റര്‍ വേഗതയില്‍ വരെ നടന്നു. ഭാവിയില്‍ സെക്കന്‍ഡില്‍ 24 കിലോമീറ്റര്‍ വരെ വേഗതയില്‍ പരീക്ഷണം നടക്കും. യുറാനസില്‍ പേടകം ഇറങ്ങുക ഏതാണ്ട് ഈ വേഗതയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ അങ്ങനെയൊരു സാഹചര്യത്തില്‍ പേടകത്തിന് സംഭവിക്കാനിടയുള്ള താപനില വര്‍ധനവും മറ്റു വെല്ലുവിളികളും കൃത്രിമ സാഹചര്യം സൃഷ്ടിച്ച് മനസിലാക്കാന്‍ നമുക്ക് സാധിക്കും. 

വ്യാഴത്തേയും ശനിയേയും അപേക്ഷിച്ച് യുറാനസിലും നെപ്റ്റിയൂണിലും കൂടുതലായി കട്ടിയേറിയ മൂലകങ്ങള്‍ കണ്ടു വരുന്നുണ്ട്. മാത്രമല്ല മീഥെയിന്റെ സാന്നിധ്യവും കൂടുതലായതിനാല്‍ ഇവിടുത്തെ മേഘങ്ങള്‍ക്ക് നീല നിറവും കൈവരാറുണ്ട്. വാതകഭീമന്മാരായ വ്യാഴത്തിലും ശനിയിലും ഹൈഡ്രജനും ഹീലിയവുമാണ് കൂടുതല്‍. 

രത്‌നങ്ങളുടെ മഴ

യുറാനസിന്റേയും നെപ്റ്റിയൂണിന്റേയും ഉള്ളറകളില്‍ സമുദ്രമുണ്ടാകാനുള്ള സാധ്യതയുമുണ്ട്. മറ്റൊരു വിചിത്രമായ പ്രതിഭാസമായ രത്‌നങ്ങളുടെ മഴ നെപ്റ്റിയൂണിലും യുറാനസിലുമുണ്ടെന്ന് കരുതപ്പെടുന്നുണ്ട്. രത്‌നങ്ങളാവാനും മഴയായി പെയ്യാനും വേണ്ട താപനിലയും മര്‍ദവും ഇവിടെയുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 

നമ്മുടെ കണക്കുകൂട്ടലുകള്‍ക്കും അറിവുകള്‍ക്കും അപ്പുറത്തുള്ള രഹസ്യങ്ങള്‍ പേറുന്ന ഗ്രഹങ്ങളാണ് നെപ്റ്റിയൂണും യുറാനസും. നാസയുടെ പ്ലാനറ്ററി സയന്‍സസ് ഡെക്കേഡല്‍ സര്‍വേ 2023-2032 കാലഘട്ടത്തിലും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടേത് 2050നുള്ളിലും സംഭവിക്കുമെന്ന് കരുതപ്പെടുന്നു. ഈ ഗ്രഹങ്ങളെക്കുറിച്ചുള്ള അമൂല്യ വിവരങ്ങള്‍ ഈ ദൗത്യങ്ങളിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com