കുറച്ച് 'ഓവറായാലേ' ആളുകൾ ശ്രദ്ധിക്കൂ!..;കുഞ്ഞൻ നക്ഷത്രത്തെ ചുറ്റക്കറങ്ങി ഭീമൻ ഗ്രഹം

Mail This Article
സൗരയൂഥത്തിന്‌റെ അധിപൻ സൂര്യനാണ്. ഗ്രഹങ്ങളെക്കുറിച്ചും നക്ഷത്രങ്ങളുമായി അവയുടെ ബന്ധത്തെയുമൊക്കെ പഠിക്കാൻ നമ്മൾ ആദ്യം മാതൃകയാക്കുന്നതും സൂര്യനെത്തന്നെ. സൗരയൂഥത്തിനു പുറത്ത് പ്രപഞ്ചത്തിൽ വേറെയും നക്ഷത്ര-ഗ്രഹ സംവിധാനങ്ങളുണ്ട്. ഇക്കൂട്ടത്തിൽ വളരെ വ്യത്യസ്തമായ ഒന്നിനെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ ഇപ്പോൾ. ഭൂമിയിൽ നിന്ന് 51 പ്രകാശവർഷമകലെ എൽഎച്ച്എസ് 3154 എന്ന പേരിൽ ഒരു കുള്ളൻനക്ഷത്രം സ്ഥിതി ചെയ്യുന്നുണ്ട്.
നമ്മുടെ സൂര്യന്‌റെ ഒൻപതിലൊന്ന് പിണ്ഡം മാത്രമാണ് ഇതിനുള്ളത്. എന്നാൽ ഇതിനെയൊരു ഗ്രഹം ചുറ്റിക്കറങ്ങുന്നുണ്ട്. ഭൂമിയും മറ്റും സൂര്യനെ ഭ്രമണം ചെയ്യുന്നതുപോലെ. എൽഎച്ച്എസ് 3154ബി എന്നറിയപ്പെടുന്ന ഇ ഗ്രഹം ഭൂമിയുടെ 13 മടങ്ങ് വലുപ്പമുള്ളതാണ്.
ഇത്തരമൊരു സംവിധാനം ഇതുവരെ കണ്ടെത്താത്തതാണ്. ഇത്രയും പിണ്ഡമേറിയ ഒരു ഗ്രഹം ചെറിയ പിണ്ഡമുള്ള ഒരു നക്ഷത്രത്തിനു ചുറ്റും ഭ്രമണം ചെയ്യുമെന്നുള്ളത് പ്രതീക്ഷയ്ക്ക് വിരുദ്ധമാണെന്ന് പെൻസിൽവേനിയ സർവകലാശാലയിലെ സുവ്രത് മഹാദേവൻ പറയുന്നു.
ഇദ്ദേഹവും സംഘവുമാണ് ടെക്‌സസിലെ മക്‌ഡോണൾഡ് ഒബ്‌സർവേറ്ററിയിലുള്ള ഹാബിറ്റബിൾ സോൺ പ്ലാനറ്റ് ഫൈൻഡർ നിരീക്ഷണസംവിധാനം ഉപയോഗിച്ച് ഈ നക്ഷത്ര-ഗ്രഹ ദ്വന്ദത്തെ കണ്ടെത്തിയത്. താപനില കുറവായ എൽഎച്ച്എസ് 3154 പോലുള്ള നക്ഷത്രങ്ങളെയും അതിനെ ചുറ്റുന്ന ഗ്രഹങ്ങളെയും കണ്ടെത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഹാബിറ്റബിൾ സോൺ പ്ലാനറ്റ് ഫൈൻഡർ.
മുന്തിരിവള്ളികളിൽ ഒരു വലിയ തണ്ണിമത്തൻ പിടിച്ചാൽ എങ്ങനെയിരിക്കും. അതേ പോലെ അവിശ്വസനീയമാണ് പുതുതായി കണ്ടെത്തിയ നക്ഷത്ര-ഗ്രഹ സംവിധാനമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.എന്നാൽ പ്രപഞ്ചത്തിൽ മനുഷ്യർ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ ഗ്രഹം എൽഎച്ച്എസ് 3154 ബി അല്ല. വാതകഭീമനായ ഹാറ്റ്-പി-67 ബി എന്ന ഗ്രഹത്തിനാണ് ആ ബഹുമതി.
സയൻസ് എന്ന വിഖ്യാത ശാസ്ത്രജേണലിൽ പുതിയ നക്ഷത്ര-ഗ്രഹ സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ ശാസ്ത്രജ്ഞർ പ്രസിദ്ധീകരിച്ചു. അപൂർവമായ ഈ സംവിധാനത്തിനു പിന്നിലുള്ള രഹസ്യങ്ങൾ അറിയാനായി കൂടുതൽ പഠനങ്ങൾ നടത്താനൊരുങ്ങുകയാണ് ശാസ്ത്രജ്ഞർ.