ADVERTISEMENT

മഞ്ഞുപാളികൾക്കിടയിൽപ്പെട്ടു സമയം പോലും മരവിച്ച ഒരു പ്രദേശം. കാന‍ഡയിലെ നുനാവിറ്റിലെ കിവലിക് മേഖല. അവിടെ അംഗികുനി  തടാകത്തിന്റെ തീരത്ത് കഠിനമായ ആർടിക് പരിസ്ഥിതിയോടു മല്ലിട്ട്, മത്സ്യബന്ധനം ഉപജീവനമാക്കിയ ഏകദേശം 25 പേര്‍ മാത്രമുള്ള ഒരു ഗ്രാമം. ശീതക്കാറ്റ് അലറിവിളിച്ച ഒരു വിചിത്ര രാത്രിക്കു ശേഷം, ഈ ഗ്രാമവാസികളെല്ലാം നിഗൂഢമായി അപ്രത്യക്ഷരായി. പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു ഗ്രാമം മുഴുവൻ ഒറ്റ രാത്രിയിൽ അപ്രത്യക്ഷമായിരിക്കുന്നു. ഏറ്റവും അദ്ഭുതം, അവിടെ മരണമടഞ്ഞവരുടെ ശരീര അവശിഷ്ടങ്ങൾ പോലും സെമിത്തേരിക്കുള്ളിലുണ്ടായിരുന്നില്ല.

ചൂടു നിലനിർത്താന്‍ സ്ഥാപിച്ച ചൂളകളിൽനിന്ന് പുക അപ്പോഴും ഉയരുന്നുണ്ടായിരുന്നു. പാകം ചെയ്ത ഭക്ഷണം കഴിക്കാതെ മേശപ്പുറത്ത് ഇരിക്കുകയായിരുന്നു. ധരിച്ചിരുന്ന വസ്ത്രങ്ങൾ വീടുകളിൽ ചിതറിക്കിടക്കുന്നു. ഭയങ്കര ശൂന്യത. അംഗിക്കുനിയുടെ ആത്മാവ് തന്നെ ആരോ അപഹരിച്ചതുപോലെ.

നിരവധി കിംവദന്തികൾ പിന്നീടു പ്രചരിച്ചു. കാൽപ്പാടുകളൊന്നും മഞ്ഞിൽ അടയാളപ്പെടുത്തിയില്ല, വിജനമായ ഗ്രാമത്തിൽ ഒരു ശബ്ദവും പ്രതിധ്വനിച്ചില്ല. 

നിരവധി അന്വേഷണങ്ങൾ!, പക്ഷേ  ഉത്തരങ്ങളൊന്നും ലഭിച്ചില്ല. ഈ കേസ് ഒരു പ്രഹേളികയായി തുടരുന്നു, തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഒരു വേട്ടയാടുന്ന കഥ. യഥാർഥത്തിൽ ഇത്തരമൊരു ഗ്രാമം ഉണ്ടായിരുന്നോ എന്നുപോലും പിന്നീടു തർക്കം വന്ന ആ ഭയാനക സംഭവം നമുക്കൊന്നു നോക്കാം.

snowy-village - 1
Image Credit: Canva AI

വേട്ടക്കാരന്റെ സന്ദർശനം 

1930 നവംബറിലെ ഒരു പ്രഭാതത്തിലാണ് ജോ ലാബെല്ലയെന്ന സഞ്ചാരി മഞ്ഞു മൂടിയ ആ ഗ്രാമത്തിലേക്കു വീണ്ടും എത്തിയത്. വേട്ട ഉപജീവനമാക്കിയ ജോ ഇടയ്ക്കിടെ ഒറ്റപ്പെട്ട ആ ഗ്രാമത്തിലൂടെ കടന്നു പോയിരുന്നു. ഇന്യൂട്ട് ജനതയിൽപ്പെട്ടവരുടെ ഒരു ഗ്രാമം. എസ്കിമോ –അല്യൂട് ഭാഷാകുടുംബത്തിലെ അംഗമാണെങ്കിലും അവർ എസ്കിമോ എന്നു വിളിക്കപ്പെടുന്നത് അവഹേളനമായാണ് കണ്ടിരുന്നത്.  ബിസി 200 മുതൽ എഡി 1600 വരെ ബെറിങ് കടലിടുക്കിന് ചുറ്റുമായി നിലനിന്നിരുന്ന തുലെ ജനതയായിരുന്നു ഇവരുടെ പൂർവികർ.

snowy-village-1 - 1
Image Credit: Canva AI

ചെറിയ കൈമാറ്റങ്ങൾ പരസ്പരം നടത്തിയിരുന്നതിനാൽ ആ ഗ്രാമത്തിലെ പലരും ജോയുടെ സുഹൃത്തുക്കളായിരുന്നു. ഹാര്‍ദമായ സ്വാഗതം അയാൾക്ക് അവിടെ ലഭിച്ചിരുന്നു. പക്ഷേ ഇത്തവണ അയാൾക്ക് അവിടെ സ്വാഗത വചനങ്ങളുടെ എതിരേൽപു ലഭിച്ചില്ല. കനത്ത നിശബ്ദത.  എന്തോ പന്തികേടു തോന്നി. കൂടുതൽ അന്വേഷണത്തിൽ അയാൾ മനസ്സിലാക്കി – പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു ഗ്രാമം മുഴുവൻ അപ്രത്യക്ഷമായിരിക്കുന്നു.

മരിച്ചവരെപ്പോലും ശവക്കുഴികളിൽനിന്നു കാണാതായിരിക്കുന്നു. ജോ അറിയിച്ചതനുസരിച്ച് നോർത്ത്-വെസ്റ്റ് മൗണ്ടഡ് പൊലീസ് അയാളുമായി ഗ്രാമത്തിലെത്തി അന്വേഷണം നടത്തിയെന്നും പറയുന്നു. അവർക്കും ഒരു സൂചനയും നൽകാനായില്ല. വിലപിടിച്ചതെല്ലാം, കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം പോലും, ഉപേക്ഷിച്ചുപോകാൻതക്ക കാരണം എന്താണെന്നതിന് ഒരു  സൂചനയും ലഭിച്ചില്ല. അവരുടെ കയാക്കുകൾ അപ്പോഴും കടൽത്തീരത്തുണ്ടായിരുന്നു. 

മറ്റൊരു കാര്യം അവരുടെ സ്ലെഡ്ജ് നായ്ക്കളെല്ലാം പട്ടിണി കിടന്നാണ് മരിച്ചത്. 1930 നവംബർ 27 ന് പത്രപ്രവർത്തകനായ എമെറ്റ് ഇ. കെല്ലെഹർ എഴുതിയ ഡാൻവിൽ ബീയിലാണ് ഈ കഥ(സംഭവം?) ആദ്യമായി കാണുന്നത്. ജോ ലാബെല്ലയുടെ ഈ വിചിത്ര അനുഭവത്തിന്റെ വിവരണം ഫ്രാങ്ക് എഡ്വേഡിന്റെയായി 1959ൽ പുറത്തിറങ്ങിയ സ്ട്രേഞ്ചർ ദാൻ സയൻസ് എന്ന പുസ്തകത്തിലും ഉണ്ടായിരുന്നു. എന്തു കാരണത്താലാണ് ഗ്രാമവാസികളെല്ലാം വസ്ത്രങ്ങളോ ഭക്ഷണമോ ആയുധങ്ങളോ എടുക്കാതെ ഗ്രാമം വിട്ടത്? എന്തിനാണ് അവർ മരിച്ചവരെ കുഴിച്ചെടുത്തത്? അങ്ങനെയല്ലെങ്കിൽ അവർക്ക് എന്താണു സംഭവിച്ചത്?

ആ കടങ്കഥ

കെല്ലെഹർ തന്റെ ലേഖനത്തിൽ 25 പേരുണ്ടായിരുന്ന ഗ്രാമത്തെപ്പറ്റി പറയുകയും ജോ ലാബെല്ലെ അവിടെ കണ്ട ഒരു തുരുമ്പിച്ച പഴയ റൈഫിളിന്റെയും കുറച്ച് നായ്ക്കളുടെ ശവശരീരങ്ങളുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം, അംഗികുനി തടാകത്തിനു സമീപം അങ്ങനെയൊരു ഗ്രാമം ഉണ്ടായിരുന്നു എന്നതിനു തെളിവുകളൊന്നും നിലവിലില്ല. അതിനെപ്പറ്റി പൊലീസ് റിപ്പോർട്ടുമില്ല.

അവിടെ ഉണ്ടായിരുന്നതായി പറയപ്പെടുന്ന ഗ്രാമത്തിന്റെ വടക്കൻ ആകാശത്ത് നീല വെളിച്ചം കണ്ടതായി ഇന്യൂട്ടുകളുമായി അടുപ്പമുണ്ടായിരുന്ന ചിസ സമീപഗ്രാമക്കാർ പറഞ്ഞതായി ചില ലേഖനങ്ങൾ പറയുന്നു. ഈ  ജനതയെ അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയതാണെന്നും നീല പ്രകാശം അവരുടെ വരവാണെന്നും പലരും വിശ്വസിക്കുന്നു.

snowy-village-3 - 1
Image Cred: Canva AI

യുഎഫ്ഒ എഴുത്തുകാർ അവരുടെ പുസ്തകങ്ങളിൽ അംഗികുനി തടാകം ഉൾപ്പെടുത്താൻ തുടങ്ങി. 1983-ൽ നൈജൽ ബ്ലണ്ടലും റോജർ ബോറും എഴുതിയ ‘ദ് വേൾഡ്സ് ഗ്രേറ്റ് യുഎഫ്ഒ മിസ്റ്ററീസ്’ എന്ന പുസ്തകത്തിൽ ഗ്രാമത്തിലെ ജനസംഖ്യ 1200 ആയി. കൂടാതെ യുഎഫ്ഒകൾ അംഗികുനിയിലേക്കു പറക്കുന്നത് കണ്ടെന്ന ദൃക്സാക്ഷി വിവരണവും ഉൾപ്പെടുത്തി. 

തടാകത്തിന്റെ ആയിരം കിലോമീറ്റർ ചുറ്റളവിൽ ടെലിഗ്രാഫുകൾ ഇല്ലാതിരുന്നിട്ടും, ഗ്രാമം അപ്രത്യക്ഷമായതു റിപ്പോർട്ട് ചെയ്യാൻ ജോ ലാബെല്ലെ ഒരു ടെലിഗ്രാഫ് ഉപയോഗിച്ചുവെന്നുമുള്ള അതിശയോക്തികളും വിവരണത്തിലുണ്ട്. 

ജോ ലാബെല്ലെ യഥാർഥ വ്യക്തിയായിരുന്നെങ്കിലും, അദ്ദേഹം ഒരു യഥാർഥ ഗ്രാമത്തിൽ എത്തിയതായി സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി പലരും മൗണ്ടൻ പൊലീസിനെ സമീപിച്ചിട്ടുണ്ടെങ്കിലും അന്വേഷണം നടത്തിയതിനു തെളിവില്ല.

ഒരുപക്ഷേ ആരുടെയോ ഭാവനയിൽ വിരിഞ്ഞതായിരിക്കും ഈ കഥ. അല്ലെങ്കിൽ ആ ഗ്രാമവാസികൾക്ക് എന്തോ സംഭവിച്ചിരിക്കാം.  എന്തായാലും അന്യഗ്രഹജീവി സിദ്ധാന്തക്കാരുടെ പുസ്തകങ്ങളിലും മുഖാമുഖങ്ങളിലും ക്യാംപ് ഫയറിലുമൊക്കെ ഈ കഥകൾക്കു വലിയ പ്രചാരം ലഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com