ADVERTISEMENT

അൻപതു വർഷങ്ങൾക്കിപ്പുറം നീണ്ട ഇടവേളയ്ക്കു ശേഷം ചന്ദ്രനിലേക്കു വീണ്ടും മനുഷ്യനെ എത്തിക്കാനൊരുങ്ങുന്ന നാസ പദ്ധതിയായ ആർട്ടിമിസിന്റെ മൂന്നാം ദൗത്യം പ്രതീക്ഷിച്ചതുപോലെ 2025 ഡിസംബറിൽ നടക്കില്ലെന്നു റിപ്പോർട്ട്. ഇത് 2027ൽ നടക്കാനാണു സാധ്യത. യുഎസ് ഗവൺമെന്റ് അക്കൗണ്ടബിലിറ്റി ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. പല വെല്ലുവിളികളാണ് ദൗത്യം മാറ്റിവയ്ക്കലിനു കാരണമായി ഓഫിസ് ചൂണ്ടിക്കാട്ടുന്നത്. വിക്ഷേപണത്തിലെ മനുഷ്യവാഹകവാഹനം, സ്പേസ് സ്യൂട്ട് എന്നിവയുടെ വികസനത്തിലൊക്കെ പ്രശ്നങ്ങളുണ്ട്.

ആർട്ടിമിസിന്റെ ആളില്ലാ ദൗത്യമായ ആർട്ടിമിസ് വൺ കഴിഞ്ഞ വർഷം ഡിസംബറിൽ വിജയകരമായിരുന്നു. ഇന്ന് വരെ ലോകത്തിൽ നിർമിച്ച ഏറ്റവും കരുത്തുറ്റ റോക്കറ്റുകളിലൊന്നായ സ്പേസ് ലോഞ്ച് സിസ്റ്റം അഥവാ എസ്എൽഎസ് മെഗാറോക്കറ്റാണ് പദ്ധതിയെ വഹിക്കുന്നത്. ആളുകളുമായി യാത്ര തിരിക്കുന്ന ആർട്ടിമിസ് 2 തീയതിയിലും സംശയമുണ്ട്.അടുത്തവർഷം ഇതു നടക്കുമെന്നായിരുന്നു പ്രതീക്ഷ. ചന്ദ്രനെ വലംചുറ്റിയെത്തുമെങ്കിലും ദൗത്യം ചന്ദ്രനിലിറങ്ങില്ല. 2 രണ്ടുപേരാണ് ആർട്ടിമിസ് 3 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രോപരിതലം സ്പർശിക്കുന്നത്.

നാസയുടെ ബഹിരാകാശ പദ്ധതിയിൽ നിർണായക വഴിത്തിരിവാകുന്ന പദ്ധതിയാണ് ആർട്ടിമിസ്. ഇത്രയും പ്രാധാന്യമുള്ള ദൗത്യമായതിനാൽ വളരെ ബൃഹത്തായി മികവുറ്റ രീതിയിലാണ് എസ്എൽഎസ് റോക്കറ്റ് തയാർ ചെയ്തത്. 600 കോടി യുഎസ് ഡോളർ ഇതിനു ചെലവു വന്നു. ഓരോ വിക്ഷേപണത്തിനും 50 കോടി യുഎസ് ഡോളർ ചെലവു വേണ്ടിവരുമെന്നും കണക്കാക്കപ്പെടുന്നു.322 അടി നീളമുള്ള പടുകൂറ്റൻ റോക്കറ്റാണ് എസ്എൽഎസ്. ദ്രാവക ഇന്ധനം ഉപയോഗിക്കുന്ന 4 ആർഎസ്–25 എൻജിനുകളാണ് ഇതിൽ ഉപയോഗിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള ഒരു താപകവചസംവിധാനം ഈ റോക്കറ്റിൽ ഉപയോഗിക്കുന്നുണ്ട്.

moon-artemis-1 - 1
Image Credit: Nasa

ആർട്ടിമിസിന്റെ ആദ്യ 3 ദൗത്യങ്ങൾക്കായി ബ്ലോക് 1 എന്ന റോക്കറ്റാണ് ഉപയോഗിക്കുന്നത്. ബ്ലോക്ക് 1 ബി എന്ന കൂടുതൽ കരുത്തുറ്റ റോക്കറ്റ് തുടർദൗത്യങ്ങൾക്കായി ഉപയോഗിക്കും.റോക്കറ്റിൽ പ്രത്യേക ഭാഗമായാണ് യാത്രികർക്കുള്ള പേടകമായ ഓറിയൺ ഘടിപ്പിക്കപ്പെടുന്നത്. 21 ദിവസം വരെ ബഹിരാകാശത്ത് 4 യാത്രികരുമായി യാത്ര ചെയ്യാൻ ഓറിയണിനു കഴിയും. ദൗത്യനിർവഹണത്തിനു ശേഷം പസിഫിക് സമുദ്രത്തിൽ ഇതു വീഴുകയും ചെയ്യും.

അപ്പോളോ ദൗത്യങ്ങൾ അമേരിക്കയുടെ സാങ്കേതിക കരുത്തിന്റെ പ്രദർശനമായിരുന്നെങ്കിൽ ആർട്ടിമിസ് ഇതിനപ്പുറം സൗരയൂഥത്തെ പ്രായോഗികമായും ഗവേഷണപരമായും ഉപയോഗിക്കാനുള്ള ശ്രമങ്ങളുടെ നാന്ദികുറിക്കലാണ്. ചന്ദ്രനിൽ സ്ഥിരമായ മനുഷ്യസാന്നിധ്യം ഉറപ്പിക്കാനും ചൊവ്വ ഉൾപ്പെടെ മറ്റിടങ്ങളിലേക്കുള്ള ദൗത്യങ്ങൾക്ക് ഇടത്താവളമാകാനും അങ്ങനെ ഭൂമിക്കു വെളിയിലേക്കുള്ള മനുഷ്യരുടെ എല്ലാപ്രവർത്തനങ്ങളുടെയും അച്ചുതണ്ടാകാനുമാണു ദൗത്യം ലക്ഷ്യമിടുന്നത്.

ഇന്ത്യൻ ബഹിരാകാശ ദൗത്യമായ ‘ചന്ദ്രയാൻ– 2’ ലക്ഷ്യംവച്ച, ജലസാന്നിധ്യം ഉൾപ്പെടെ പല അനുകൂല ഘടകങ്ങളുമുള്ള ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ആർട്ടിമിസ് മനുഷ്യനെ എത്തിക്കുക. ഇപ്പോഴത്തെ രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ രീതിയിൽ ഗേറ്റ്വേ എന്ന ഒരു ചാന്ദ്രനിലയം ആർടിമിസ് ദൗത്യങ്ങളുടെ ഭാഗമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ സൃഷ്ടിക്കപ്പെടുമെന്നതാണ് പുതിയ നീക്കത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

തുടർന്നുള്ള ദൗത്യങ്ങളിൽ റോക്കറ്റിനൊപ്പം വരുന്ന ഓറിയോൺ പേടകം (ദൗത്യത്തിൽ യാത്രികരെ വഹിക്കുന്ന ഭാഗം) വേർപെട്ട് ഗേറ്റ്വേയിൽ എത്തിച്ചേരും. തുടർന്ന് ഇവിടെനിന്നു പ്രത്യേക ലൂണാർ മൊഡ്യൂൾ പേടകങ്ങളിൽ ചന്ദ്രോപരിതലത്തിലേക്ക് യാത്രികർക്കു വേണ്ടപ്പോൾ ഇറങ്ങുകയും തിരിച്ചുകയറുകയും ചെയ്യാം. ചുരുക്കത്തിൽ, ചന്ദ്രനിലേക്കുള്ള ഒരു കവാടമോ തുറമുഖമോ ആയി ആർട്ടിമിസിന്റെ ഗേറ്റ്വേ പ്രവർത്തിക്കും. മറ്റു ഗ്രഹങ്ങളിലേക്കുള്ള ദൗത്യങ്ങളിലും ഇതിന്റെ സേവനം നിർണായകമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com