ADVERTISEMENT

ഒരു തക്കാളി കഴിച്ചതിനു സംശയമുനയിലാകുക, അതും ബഹിരാകാശത്ത്. തമാശയാണെങ്കിലും ആ  ദുരൂഹ തിരോധാനം ഒടുവിൽ തെളിഞ്ഞു.  ഭൂമിയിൽ മാത്രമല്ല അങ്ങകലെ ബഹിരാകാശത്തും വിളവെടുപ്പും കൃഷിയുമെല്ലാം നടക്കുന്നുണ്ടെന്നു അറിയാമല്ലോ. കഴിഞ്ഞ മാർച്ചിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ വിളവെടുപ്പിനിടയാണ് ഫ്രാങ്ക് റൂബിയോയുടെ വീതമായ ഒരു തക്കാളി നഷ്ടമായത്.  അതു റൂബിയോ കഴിച്ചതായി തമാശയ്ക്കാണെങ്കിലും ആരോപിക്കപ്പെട്ടു.  പക്ഷേ ഇതാ 8 മാസങ്ങൾക്കുശേഷം അതു തിരികെ ലഭിച്ചിരിക്കുന്നു.

ബഹിരാകാശയാത്രികരുടെ ഒരു സംഘം  ബുധനാഴ്ച, ISS-ന്റെ 25-ാം വാർഷികം ആഘോഷിക്കുന്നതിനായി നടത്തിയ തത്സമയ സംപ്രേക്ഷണത്തിലാണ് തക്കാളിയുടെ കണ്ടെത്തൽ പങ്കുവെച്ചത്. ജാസ്മിൻ മൊഗ്ബെലി എന്ന ബഹിരാകാശ യാത്രികൻ ലൈവ് സ്ട്രീമിനിടെ പറഞ്ഞത് ഇങ്ങനെ: 'വീട്ടിലേക്കു തിരികെ  പോയ ഞങ്ങളുടെ നല്ല സുഹൃത്ത് ഫ്രാങ്ക് റൂബിയോ ഒരു തക്കാളി കഴിച്ചതിന് കുറച്ചുകാലമായി കുറ്റപ്പെടുത്തൽ കേൾക്കുന്നു, ഇനി നമുക്ക് അവനെ കുറ്റവിമുക്തനാക്കാം. ഞങ്ങൾ തക്കാളി കണ്ടെത്തി'

astro-veg - 1
Image Credit: NASA

ആറ് കിടപ്പുമുറികളുള്ള വീടിനേക്കാൾ വലുതാണ് , അന്താരാഷ്ട്ര ബഹിരാകാശ നിലയം. മൈക്രോഗ്രാവിറ്റിയിൽ അപ്രതീക്ഷിതമായ കോണുകളിലേക്ക് വസ്തുക്കൾ എളുപ്പത്തിൽ ഒഴുകിപ്പോകും. 25 വർഷത്തെ സാധനങ്ങൾ നിറഞ്ഞ ഒരു സ്റ്റേഷനിൽ ചിലവ നഷ്ടപ്പെട്ടേക്കാമെന്നതും സാധാരണമാണ്.  നാസയുടെ നടപടിക്രമം സാധാരണയായി വെന്റിലേഷൻ ഇൻടേക്കുകൾ പരിശോധിക്കുന്നതാണ്.

നഷ്ടപ്പെട്ട തക്കാളി  18 മണിക്കൂർ തേടിയിരുന്നെന്നു റൂബിയോ തമാശയ്ക്കു പറഞ്ഞിരുന്നെങ്കിലും ഓരോ മിനിറ്റിനും വിലയുള്ള ബഹിരാകാശ യാത്രകൾ ശാസ്ത്ര പരീക്ഷണങ്ങൾക്കായാണ് ഉപയോഗപ്പെടുത്തുക. എന്തായാലും ഗഹനമായ ശാസ്ത്ര വിഷയങ്ങൾക്കിടയിൽ വീണുകിട്ടുന്ന ഇത്തരം കാര്യങ്ങൾ ബഹിരാകാശ സഞ്ചാരികൾ ആസ്വദിക്കാറുണ്ട്. 

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ വെജിറ്റബിൾ പ്രൊഡക്ഷൻ സിസ്റ്റത്തിൽ റെഡ് റോബിൻ തക്കാളി വളർത്തുന്നതിനുള്ള പരീക്ഷണമായ വെജ് 05ന്റെ ഭാഗമായിരുന്നു വിളവെടുപ്പ് . വിളകളുടെ വളർച്ച, പോഷക ഘടന, സൂക്ഷ്മജീവികളുടെ ഭക്ഷ്യ സുരക്ഷ,  ബഹിരാകാശ നിലയത്തിലെ ജീവനക്കാരുടെ മനഃശാസ്ത്രപരമായ നേട്ടങ്ങൾ എന്നിവ പഠിക്കുക എന്നതായിരുന്നു ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com