ADVERTISEMENT

പരുന്ത് റാഞ്ചാനായി വരുമ്പോള്‍ എങ്ങനെയാവും എലികള്‍ പ്രതികരിക്കുക? അവയുടെ ശരീരത്തില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാവും? ഇതുപോലുള്ള സാഹചര്യങ്ങള്‍ കൃത്രിമമായി സൃഷ്ടിക്കുന്നതിനേക്കാള്‍ എളുപ്പം പരീക്ഷണശാലകളില്‍ വലിയ സ്‌ക്രീനുകളില്‍ ദൃശ്യങ്ങള്‍ വയ്ക്കുന്നതായിരുന്നു. ഇപ്പോള്‍ അതിനേക്കാളും ഫലപ്രദമായ മറ്റൊരു മാര്‍ഗം ഗവേഷകര്‍ അവതരിപ്പിച്ചു. എലികള്‍ക്കായി പ്രത്യേകം വെര്‍ച്വൽ റിയാലിറ്റി ഹെഡ്സെറ്റുകള്‍ തന്നെ കണ്ടെത്തിയാണ് ശാസ്ത്രജ്ഞര്‍ ഞെട്ടിക്കുന്നത്. 

മിനിയേച്ചര്‍ റോഡന്റ് സ്റ്റീരിയോ ഇല്യൂമിനേഷന്‍ വിആര്‍ എന്നാണ് പ്രത്യേകം കണ്ടെത്തിയ ഉപകരണത്തിന് പേരിട്ടിരിക്കുന്നത്. നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷക സംഘമാണ് എലിയുടെ മുഖത്തിനു യോജിച്ച അത്രയും ചെറിയ വി ആര്‍ കണ്ടെത്തിയത്. തല മാത്രമല്ല എലിയുടെ ശരീരത്തിന്റെ ഭാഗം തന്നെ മൂടുന്നതാണ് ഈ വി ആര്‍. വെല്ലുവിളികളോട് എങ്ങനെയാണ് എലികളുടെ മസ്തിഷ്‌കം പ്രതികരിക്കുന്നത് എന്നറിയാനാണ് ഇത് ഗവേഷകര്‍ ഉപയോഗിച്ചത്. 

മനുഷ്യരില്‍ വി ആര്‍ ഹെഡ് സെറ്റുകള്‍ തലയോടു ചേര്‍ത്തു കെട്ടിയ നിലയിലാവും ഉണ്ടാവുക. എന്നാല്‍ എലികളിലെ കുഞ്ഞന്‍ വി ആര്‍ ഇങ്ങനെയല്ല പ്രവർത്തിക്കുന്ന. പ്രത്യേകം നിര്‍മിച്ച ട്രെഡ്മില്ലില്‍ മുന്‍ഭാഗത്തായി വി.ആര്‍ ഘടിപ്പിക്കും. ഇവിടെ എലിയെ വയ്ക്കുന്നതോടെ ചുറ്റും നടക്കുന്നത് ഈ വി.ആര്‍ വഴിയുള്ള കാഴ്ച്ചകള്‍ മാത്രമായി മാറുകയാണ് ചെയ്യുന്നത്. 

mouse-and-eagle-1 - 1
Representational Purpose Only: AI Generated With Canva

'എലികള്‍ക്കു വേണ്ടി പ്രത്യേകമായി നിര്‍മിച്ചതാണ് ഈ വെര്‍ച്വൽ  റിയാലിറ്റി ഹെഡ് സെറ്റുകള്‍. ഇതിന്റെ ഭാഗമായുള്ള സ്‌ക്രീനും ലെന്‍സുകളുമെല്ലാം എലിയുടെ ചുറ്റുമായിട്ടുണ്ടാവും' എന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ജോണ്‍ ഇസ പറഞ്ഞത്. മുന്‍ സംവിധാനങ്ങളെ അപേക്ഷിച്ച് പുതിയ വി.ആര്‍ പരീക്ഷണം ഫലപ്രദവും വിജയകരവുമാണെന്നാണ് ഗവേഷകരുടെ അനുഭവം. 

ഇരതേടി ആകാശത്ത് പറക്കുന്ന പരുന്തിന്റെ ദൃശ്യം വി.ആറില്‍ കാണിച്ചപ്പോള്‍ എലികള്‍ വളരെ വേഗത്തില്‍ പ്രതികരിച്ചു. ഇത്തരം പ്രതികരണം അനുഭവം കൊണ്ടു പഠിച്ചെടുക്കുന്നതല്ലെന്നും ജന്മനാ എലികളുടെ മസ്തിഷ്‌കത്തില്‍ ഇവയുണ്ടെന്നുമാണ് പഠനത്തില്‍ പങ്കാളിയായ ഡോം പിങ്കെ പറഞ്ഞത്. മസ്തിഷ്‌കം നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന ഇത്തരം പ്രതികരണങ്ങളെക്കുറിച്ചു പഠിക്കാനാണ് വി.ആറും എലികളേയും ഉപയോഗിക്കുന്നത്. 

ഇത്തരം സന്ദര്‍ഭങ്ങളില്‍ എങ്ങനെയാണ് എലികള്‍ പ്രതികരിക്കുന്നതെന്നും ശാസ്ത്രജ്ഞര്‍ വി.ആറിന്റെ സഹായത്തില്‍ വിശദമായി പരിശോധിച്ചു. ചില സന്ദര്‍ഭങ്ങളില്‍ എലികള്‍ അനങ്ങാതെ നിന്നപ്പോള്‍ മറ്റു ചിലപ്പോള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. ഇപ്പോള്‍ ഇരകളായുള്ള സന്ദര്‍ഭങ്ങളാണെങ്കില്‍ ഭാവിയില്‍ എലികളെ വേട്ടക്കാരായുള്ള സന്ദര്‍ഭങ്ങളില്‍ അവ എങ്ങനെ പ്രതികരിക്കുമെന്നും ഗവേഷകര്‍ പരീക്ഷിക്കും. ന്യൂറോണ്‍ ശാസ്ത്ര ജേണലിലാണ് എലികളില്‍ വി.ആര്‍ ഉപയോഗിച്ചു നടത്തിയ പഠനത്തിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

English Summary:

Researchers made VR goggles for mice to study how their brains respond to swooping predators

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com