ADVERTISEMENT

നാസ വിക്ഷേപിച്ച പെഴ്‌സിവീയറൻസ് റോവർ ചൊവ്വയിൽ 1000 ദിവസം പിന്നിട്ടു. അടുത്തകാലത്ത് നാസ വിക്ഷേപിച്ചതിൽ വൻവിജയമായ ഈ ദൗത്യം ജെസീറോ ക്രേറ്റർ മേഖലയിൽനിന്നും അനവധി സാംപിളുകൾ ശേഖരിച്ചിരുന്നു. ഈ സാംപിളുകൾ ഭൂമിയിലേക്കു തിരികെക്കൊണ്ടുവരാനും പദ്ധതിയുണ്ട്.

ഭാവിയിൽ സാംപിൾ റിട്ടേൺ ലാൻഡർ എന്ന മറ്റൊരു ബഹിരാകാശ പേടകത്തെ നാസ ചൊവ്വയിലേക്ക് അയക്കും. ചൊവ്വയുടെ ഉപരിതലം തൊടുന്ന ഈ ലാൻഡർ ഒരു റോക്കറ്റും ചൊവ്വയുടെ ഉപരിതലത്തിലെത്തിക്കും.

ഈ റോക്കറ്റിലേക്കാണ് സാംപിളുകൾ ലോഡ് ചെയ്യുന്നത്. തുടർന്ന് ഈ റോക്കറ്റ് ചൊവ്വയുടെ ഭ്രമണപഥത്തിലേക്കു കുതിക്കും. അവിടെ നിന്ന് മറ്റൊരു ബഹിരാകാശ പേടകം ഈ സാംപിളുകൾ ഏറ്റുവാങ്ങി ഭൂമിയിലേക്ക് എത്തിക്കും. 2020 ജൂലൈ 30നു വിക്ഷേപിച്ച പെഴ്‌സിവീയറൻസ് ദൗത്യം 7 മാസം കൊണ്ട് 48 കോടി കിലോമീറ്റർ സഞ്ചരിച്ചാണു ചൊവ്വയിലെത്തിയത്.ചൊവ്വയിലെത്തുന്ന അഞ്ചാമത്തെ റോവറാണ്‌ പെഴ്‌സിവീയറൻസ്.

Perseverance rover on Mars, Image Credit: Nasa
Perseverance rover on Mars, Image Credit: Nasa

സോജണർ,ഓപ്പർച്യൂണിറ്റി,സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവയാണു മറ്റുള്ളവ.ഇൻജെന്യൂയിറ്റി എന്ന ചെറു ഹെലിക്കോപ്റ്ററിനെയും റോവർ വഹിച്ചിരുന്നു. ഇതിനെ പലതവണ ചൊവ്വയുടെ അന്തരീക്ഷത്തിൽ പറത്തി.

പെഴ്സിവീയറൻസ് ഇറങ്ങിയ ജെസീറോ ക്രേറ്റർ ചൊവ്വയിലെ ഒരു ദുരൂഹമേഖലയാണ്. ഗ്രഹത്തിന്റെ വടക്കൻ മേഖലയിലെ സിർട്ടിസ് ക്വോഡ്രാംഗിൾ എന്ന പ്രദേശത്ത് 50 കിലോമീറ്ററോളം ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ജെസീറോ ഇപ്പോൾ വരണ്ടു കിടക്കുകയാണെങ്കിലും ആദിമ കാലത്ത് ഇവിടേക്കു നദികൾ ഒഴുകിയിരുന്നു. ആ ജലം കെട്ടി നിന്ന് ഇവിടെ ഒരു തടാകവും ഉടലെടുത്തിരുന്നു. ചൊവ്വയുടെ ഒരു വിദൂര ഭൂതക്കാലത്ത് ഇവിടെ ജീവൻ തുടിച്ചിരുന്നെന്നും ശാസ്ത്രജ്ഞർക്ക് പ്രതീക്ഷയുണ്ട്.

ഇന്നും അതിന്റെ ഫലമായി ഇവിടത്തെ മണ്ണിൽ ചെളിയുടെ അംശം കൂടുതലാണെന്ന് നാസയിലേതുൾപ്പെടെ ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നു.പഴയകാലത്തുണ്ടായിരുന്ന ജീവന്റെ സൂക്ഷ്മഫോസിലുകൾ ഇപ്പോഴും ഇവിടെ കാണാമായിരിക്കും. അത് അന്വേഷിക്കലാണ് പെഴ്സിവീയറൻസിന്റെ പ്രധാന ജോലി.

അതിനായാണ് സാംപിളുകൾ ശേഖരിക്കുന്നതും.എന്നാൽ ജീവന്റെ തെളിവല്ല, ഒരു പക്ഷേ സൂക്ഷ്മകോശരൂപത്തിൽ ജീവൻ തന്നെ നിലനിൽക്കുന്ന സാധ്യത തള്ളിക്കളയാനാകില്ല. നേർത്ത അന്തരീക്ഷവും വ്യത്യസ്തമായ ധാതുഘടനയും ഉയർന്ന തോതിൽ ഉപരിതലത്തിൽ എത്തുന്ന വികിരണങ്ങളുമൊക്കെ കാരണം നിലവിൽ ചൊവ്വയിൽ ജീവൻ ഉണ്ടാകാൻ യാതൊരു സാധ്യതയും ശാസ്ത്രജ്ഞർ കൽപിക്കുന്നില്ല. 

mars-1 - 1

പക്ഷേ അതൊക്കെ ഭൂമിയിൽ നിന്നുള്ള ചിന്തകളാണ്.ഭൂമിയിൽ തന്നെ വളരെ കടുകട്ടി സാഹചര്യങ്ങളിൽ ജീവിക്കുന്ന സൂക്ഷ്മജീവികളുണ്ട്. പതിറ്റാണ്ടുകളോളം പ്രതികൂല സാഹചര്യത്തിൽ ജീവിക്കാൻ ശേഷിയുള്ള ടാർഡിഗ്രേഡുകളെയൊക്കെ നമുക്ക് അറിയാം. തീർത്തും ദുസ്സഹമായ സാഹചര്യങ്ങളുള്ള ഭൂമിയിലെ ഏറ്റവും ആഴമുള്ള സ്ഥലമായ ശാന്ത സമുദ്രത്തിലെ ചലഞ്ചർ ഡീപ്പിൽ പോലും ജീവി വർഗങ്ങളുണ്ട്. പെഴ്‌സിവീയറൻസ് അയയ്ക്കുന്ന സാംപിളുകളിലേറി ഹാനികരമായ സൂക്ഷ്മജീവികൾ വരുമെന്ന പ്രചാരണവും ഇടയ്ക്കുണ്ടായിരുന്നു. എന്നാൽ നാസ ഇക്കാര്യത്തിൽ നല്ല ശുഭാപ്തിവിശ്വാസത്തിലാണ്. തിരികെയെത്തുന്ന സാംപിളുകൾ ഏറ്റവും സുരക്ഷിതമായ രീതിയിൽ മാത്രമേ കൈകാര്യം ചെയ്യുകയുള്ളുവെന്ന് അവർ ഉറപ്പ് നൽകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com