ADVERTISEMENT

'Obesity meets its match' എന്നാണ് സയൻസ് ജേണലിലെ ആ ലേഖനത്തിന്റെ തലക്കെട്ട്. അമിത ശരീരഭാരം (obesity) കുറയ്ക്കാൻ സഹായിക്കുന്ന പുതിയൊരു വിഭാഗം മരുന്നുകൾ വികസിപ്പിച്ചതിനെയാണ്  2023 ലെ ഏറ്റവും നിർണായകവും ശക്തവുമായ ശാസ്ത്രനേട്ടമായി സയൻസ് ജേണൽ തിരഞ്ഞെടുത്തിരിക്കുന്നത് (breakthrough of the year 2023).

നമ്മുടെ അന്നനാളത്തിലുള്ള Glucagon-likepeptide-1(GLP-1) എന്ന ഹോർമോണിന്റെ പ്രവർത്തനത്തെ അനുകരിക്കുന്ന ഒരു വിഭാഗം മരുന്നുകൾ വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല മറ്റു നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്ന് കരുതപ്പെടുന്നു.

ആഗോള പൊതുജനാരോഗ്യ പ്രശ്നം, ഒപ്പം വ്യക്തിപരവും

ലോകം മുഴുവൻ ഭീഷണിയായി വളരുന്ന ഒരു പൊതുജനാരോഗ്യ പ്രശ്നമെന്നതിനൊപ്പം വ്യക്തിപരമായ പ്രശ്നങ്ങളും സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നമാണ് അമിതവണ്ണം. അമേരിക്കയിലെ മുതിർന്നവരിൽ 70 ശതമാനവും യൂറോപ്പിൽ ജനസംഖ്യയുടെ 50 ശതമാനത്തിലധികവും ഈ പ്രശ്നം നേരിടുന്നുണ്ട്. വ്യക്തിപരമായി അപമാനം നേരിടേണ്ടി വരുന്ന ഒരു സാമൂഹിക വിഷയമാകുന്നതിനൊപ്പം നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു ഇതെന്നു കണ്ടെത്തിയിട്ടുണ്ട്.

ബോഡി മാസ് ഇൻഡക്സ് (BMI) എന്ന സൂചകം 30 എന്ന നമ്പറിൽ അധികമാവുമ്പോൾ നിങ്ങൾ അമിതവണ്ണമുള്ളവരായി കണക്കാക്കപ്പെടുന്നു. ഒപ്പം ടൈപ്പ് - 2 ഡയബറ്റിസ്, ഹൃദ്രോഗം, സന്ധിവാതം, ഫാറ്റി ലിവർ, ചില കാൻസറുകൾ തുടങ്ങിയവയുടെ എണ്ണം കൂടാനുള്ള സാധ്യതയും വർധിക്കുന്നു.

ചരിത്രം പ്രശ്നങ്ങൾ നിറഞ്ഞത്

ഭക്ഷണം കുറയ്ക്കാനും വ്യായാമം ചെയ്യാനും നിശ്ചയദാർഢ്യം ഇല്ലാത്തവരായാണ് സമൂഹം പലപ്പോഴും അമിതവണ്ണമുള്ളവരെ വിലയിരുത്താറുള്ളത്. അതിനാൽത്തന്നെ എങ്ങനെയെങ്കിലും ഭാരമൊന്നു കുറയ്ക്കാനുള്ള ആഗ്രഹം സമൂഹ സമ്മർദത്തിന്റെ കൂടി ഭാഗമാകുന്നു. ശരീരഭാരം കൂടുതലുള്ളവരിൽ നല്ല ആരോഗ്യമുള്ളവരും ഉണ്ടെങ്കിലും സമൂഹത്തെ തൃപ്തിപ്പെടുത്താൻ ശരീരഭാരം കുറയ്ക്കാൻ നിർബന്ധിതരാകുന്നവരും ഉണ്ട്.

1940കളിൽ റെയിൻബോ ഡയറ്റ് പിൽസ് എന്ന പേരിൽ ആംഫിറ്റാമിനുകളും ഡൈയൂററ്റിക് മരുന്നുകളും സ്ത്രീകൾക്ക് നൽകുകയുണ്ടായി. നിരവധി ദൂഷ്യ ഫലങ്ങൾ അതുണ്ടാക്കുകയും ചെയ്തു.1990 കളിൽ, fen-phen എന്ന മരുന്നായിരുന്നു താരം. ഹൃദയ, ശ്വാസകോശ പ്രശ്നങ്ങളുണ്ടാക്കിയതോടെ അവയും പുറത്തായി. അതിനാൽത്തന്നെ സുരക്ഷിതവും ഫലപ്രദവുമായ ഒരു മരുന്ന് ശരീരഭാരം കുറയ്ക്കാൻ വരേണ്ടത് ആവശ്യമായി.

പുത്തൻ പ്രതീക്ഷയായി ജി. എൽ.പി.-1

അമിതവണ്ണത്തിനും അനുബന്ധ ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരമായേക്കാവുന്ന പുത്തൻ തലമുറ മരുന്നുകൾ ഉദയം ചെയ്യുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് ശാസ്ത്രലോകം കാണുന്നത്. അതിനാൽത്തന്നെയാണ് ജിഎൽപി- 1 ( GLP-1) മരുന്നുകളെ പോയ വർഷത്തെ ഏറ്റവും നിർണായകമായ ശാസ്ത്ര നേട്ടമായി സയൻസ് മാഗസിൻ തിരഞ്ഞെടുത്തിരിക്കുന്നത്.

നമ്മുടെ ആമാശയത്തിലുള്ള ഗ്ളൂകഗോൺ ലൈക്ക് പെപ്റ്റെഡ് - 1 എന്ന ഹോർമോണിന്റെ പ്രവർത്തനമാണ് ഈ വിഭാഗം മരുന്നുകളുടെ പ്രചോദനവും മാതൃകയും. പ്രമേഹ ചികിൽസയ്ക്കായി ഉപയോഗിച്ചു തുടങ്ങിയ ജിഎൽപി - 1 മരുന്നുകൾ ഇപ്പോൾ കാര്യമായ പാർശ്വഫലങ്ങളില്ലാതെ ശരീരഭാരം ഗണ്യമായി കുറയ്ക്കാൻ ഉപയോഗിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ സാധ്യത കുറയ്ക്കാനും ഇവ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സ ഒരു നേട്ടമായി കാണുമ്പോഴും ഇതുമായി ബന്ധപ്പെട്ട ചില അനിശ്ചിതത്വങ്ങളും ഉത്കണ്ഠകളും ഉണ്ടെന്നതും ശ്രദ്ധേയമാണ് അമിതവണ്ണം എന്ന പ്രശ്നം വൈദ്യശാസ്ത്രപരവും സാമൂഹികവുമായ സങ്കീർണതകൾ ഉൾപ്പെടുന്നവയാണ്. കൂടാതെ സമൂഹം അമിതഭാരമുള്ളവരായി കാണുന്ന പലരും യഥാർത്ഥത്തിൽ ആരോഗ്യമുള്ളവരാണെന്നും അവർക്ക് ശരീരഭാരം കുറയ്ക്കാനുള്ള തീവ്രമായ ആഗ്രഹമോ അടിയന്തരമായ ആവശ്യമോ ഇല്ലെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

'ഒടുക്കത്തെ വിശപ്പ്' അടക്കിയ മരുന്ന്

1980 കളിൽ തുടങ്ങിയതാണ് GLP-1 മരുന്നുകൾ വികസിപ്പിക്കാനുള്ള ശ്രമം. അന്ന് ലക്ഷ്യം അമിതവണ്ണമായിരുന്നില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള GLP-1ന്റെ കഴിവിലായിരുന്നു ശ്രദ്ധ. പിന്നീട് ശരീരത്തിൽ മാത്രമല്ല തലച്ചോറിലും ഈ ഹോർമോൺ സ്വാധീനം ചെലുത്തുന്നതായി കണ്ടെത്തി. പ്രത്യേകിച്ച്, ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനുള്ള കഴിവ്.

വിശപ്പടങ്ങുന്നില്ല എന്ന തോന്നൽ മാറ്റാനുള്ള കഴിവ്. GLP-1 ഹോർമോണിനെ അനുകരിച്ചിറങ്ങിയ ആദ്യത്തെ മരുന്ന് 2005 ൽ ടൈപ്പ് .2 പ്രമേഹചികിൽസയ്ക്കായുള്ള exenatide ആയിരുന്നു. പിന്നീട് വന്നത് Liraglutide. തുടക്കത്തിൽ പ്രമേഹ ചികിൽസയിൽ. 2014-ൽ ഈ മരുന്ന് ശരീരഭാരം നിയന്ത്രിക്കാൻ ഉപയോഗിക്കാനുള്ള അനുവാദം ലഭിച്ചത് നിർണായകമായി.

അമിതവണ്ണത്തിനു ചികിൽസ വേണമോ?

ആഴ്ചയിൽ ഒരൊറ്റ തവണ കുത്തിവയ്പായി നൽകാവുന്ന Semaglutide എന്ന മരുന്നിന് രണ്ടു വർഷം മുമ്പ് യുഎസിൽ ഉയോഗിക്കാനുള്ള അനുവാദം ലഭിച്ചത് കാര്യങ്ങൾ മാറ്റിമറിച്ചു. 16 മാസം കൊണ്ട് 15 ശതമാനം ശരീരഭാരം ആളുകളിൽ കുറഞ്ഞതായി കണ്ടെത്തുകയും ചെയ്തു. ഭക്ഷണത്തോടുള്ള അമിതാഗ്രഹത്തിലും കുറവുണ്ടായി. അതോടെ അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ഇവ വ്യാപകമായി ഉപയോഗിക്കപ്പെടാൻ തുടങ്ങിയിട്ടുണ്ട്. 

അപ്പോഴും ഒരു ചോദ്യം ബാക്കി നിന്നിരുന്നു. അമിതവണ്ണമുള്ളവർക്ക് ഈ മരുന്നുപയോഗം കൊണ്ട് അവരുടെ ആരോഗ്യത്തിൽ നേട്ടമുണ്ടോ.? അതിനും ഇപ്പോൾ ഉത്തരം ലഭിച്ചിരിക്കുന്നു. ഹൃദ്രോഗം, സ്ട്രോക്ക്, പ്രമേഹം മൂലമുള്ള വൃക്ക തകരാറുകൾ, ഡ്രഗ് അഡിക്‌ഷൻ, പാർക്കിൻസൺ, അൽസ്ഹൈമേഴ്സ് തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാന്‍ ഈ മരുന്ന് സഹായകരമാകുമെന്ന് പഠനങ്ങളിൽ തെളിയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com