ADVERTISEMENT

ഈ ജനുവരിയിൽ  ഇരുപതാം വാർഷികത്തിലേക്കു കടക്കുകയാണ് ഹൈഗൻസ് ദൗത്യത്തിന്റെ വിജയം.

2005 ജനുവരി 14 –അന്നാണ് ലോകത്തിന്റെ എല്ലാ ശ്രദ്ധയും പേറി യാത്ര തുടങ്ങിയ ഒരു ദൗത്യം സവിശേഷമായ ഒരിടത്ത് എത്തിയത്.ശനിയുടെ ചന്ദ്രനായ ടൈറ്റന്റെ സമീപത്തെത്തിയതായിരുന്നു ഇരട്ടകളായ കസീനിയും ഹൈഗൻസും.കസീനി ഒരു ഉപഗ്രഹവും ഹൈഗൻസ് ഒരു ലാൻഡർ പ്രോബുമായിരുന്നു. ചന്ദ്രയാൻ 3 ദൗത്യത്തിൽ നമ്മൾ വിട്ട വിക്രമിനെപ്പോലെ.

Hyguns probe: Image Credit:Nasa
Hyguns probe: Image Credit:Nasa

2005 ജനുവരി 14ന് അതു വരെ ഒരുമിച്ചു യാത്ര ചെയ്ത കസീനിയും ഹൈഗൻസും വേർപിരിഞ്ഞു.കസീനി ശനിയെ വലയം വയ്ക്കാനുള്ള തന്റെ ഐതിഹാസിക യാത്ര തുടർന്നപ്പോൾ ഹൈഗൻസ് ടൈറ്റന്റെ അന്തരീക്ഷത്തിലേക്കിറങ്ങി.മഹാഗ്രഹമായ ശനിയുടെ ചന്ദ്രനെ ലക്ഷ്യം വച്ച് അന്തരീക്ഷത്തിലൂടെ ഊളിയിട്ട് ആ ചെറിയ ലാൻഡർ പ്രോബ് താഴേക്കു യാത്ര തിരിച്ചു.

പൂർണ അനിശ്ചിതത്വത്തിലായിരുന്നു ഹൈഗൻസിന്റെ യാത്ര.കാരണം ടൈറ്റൻ എന്ന ഗോളത്തെപ്പറ്റി നിറം പിടിപ്പിച്ച ഒട്ടേറെ കഥകളും ധാരണകളും ഉപഗ്രഹചിത്രങ്ങളുമല്ലാതെ വ്യക്തമായ ഒരു ധാരണ ശാസ്ത്രജ്ഞർക്കില്ലായിരുന്നു.എങ്ങോട്ടായിരിക്കും ഇതു പോയി ഇറങ്ങുന്നത്.മീഥെയ്ൻ കടലിലേക്കോ? അല്ലെങ്കിൽ കട്ടിയേറിയ പാറകളിലേക്കോ? ടൈറ്റന്റെ പ്രതലത്തെക്കുറിച്ച് യാതൊരു ധാരണകളുമില്ലാതെയാണ് യൂറോപ്യൻ സ്‌പേസ് ഏജൻസിയിലെ ശാസ്ത്രജ്ഞർ ഹൈഗൻസ് പ്രോബ് ഡിസൈൻ ചെയ്തത്.

ടൈറ്റന്റെ അന്തരീക്ഷത്തിലൂടെ തെന്നിയിറങ്ങാൻ മാത്രം ഭാരം കുറച്ചായിരുന്നു പ്രോബിന്റെ നിർമാണം.ശനിയെ വലംവയ്ക്കുന്ന കസീനിയിലേക്ക് ഹൈഗൻസ് വിവരങ്ങൾ അറിയിക്കും.തുടർന്ന് കസീനി ഭൂമിയിലെ സ്റ്റേഷനിലേക്കും വിവരം നൽകും.അങ്ങനെയായിരുന്നു ആശയവിനിമയം.

ഡച്ച് ഭൗതികശാസ്ത്രജ്ഞനായ ക്രിസ്ത്യൻ ഹൈഗൻസിന്റെ സ്മരണാർഥമാണ് പ്രോബിന് ആ പേരു നൽകിയത്. ഹൈഗൻസാണ് 1655ൽ ടൈറ്റൻ ഉപഗ്രഹത്തെ കണ്ടെത്തിയത്.കസീനി-ഹൈഗൻസ് ദൗത്യം ഒരു സംയുക്തസംരംഭമായിരുന്നു.നാസയായിരുന്നു കസീനിയെ നിർമിച്ചത്, ഹൈഗൻസിനെ യൂറോപ്യൻ സ്‌പേസ് ഏജൻസിയും.തുടക്കം മുതൽ ഒടുക്കം വരെ വിജയമായ ഒരു സങ്കീർണ ബഹിരാകാശ ദൗത്യമായിരുന്നു കസീനി - ഹൈഗൻസ്.ടൈറ്റനിലേക്കുള്ള ആദ്യ തെന്നിയിറക്കത്തിൽ തന്നെ നിർണായകമായ ഒരു വിവരം ഹൈഗൻസ് മനുഷ്യവംശത്തിനു നൽകി.ടൈറ്റന്റെ അന്തരീക്ഷം നൈട്രജൻ, മീഥെയ്ൻ എന്നീ വാതകങ്ങൾ നിറഞ്ഞതാണ് എന്നതായിരുന്നു അത്.

വളരെ കുറച്ച് സമയം മാത്രമാണ് ഹൈഗൻസ് പ്രവർത്തിച്ചത്.ഏകദേശം ഒന്നേകാൽ മണിക്കൂർ മാത്രം.എന്നാൽ ആ ചെറിയ സമയത്തിനുള്ളിൽ തന്നെ നൂറുകണക്കിനു ചിത്രങ്ങൾ പ്രോബ് അയച്ചുകൊടുത്തു.ടൈറ്റനെക്കുറിച്ച് ലോകത്തിന് ഒട്ടേറെ പുതിയ അറിവുകൾ നൽകിയ ചിത്രങ്ങൾ.ഭൂമിയിലെ പോലെ തന്നെ ഒരു വറ്റിവരണ്ട നദീശൃംഖലയുടെ ചിത്രം ഹൈഗൻസിൽ നിന്നു ലഭിച്ചു.താഴ്‌വരകളും വമ്പൻ പർവതങ്ങളുമൊക്കെ ടൈറ്റനിലുണ്ടെന്ന് തെളിഞ്ഞു.ഇവ മീഥെയ്ൻ ഒഴുകുന്ന നദികളാകാമെന്നാണ് ശാസ്ത്രജ്ഞർ അനുമാനിക്കുന്നത്.ഭൂമിയിലല്ലാതെ മറ്റൊരു സ്ഥലത്ത് ദ്രാവകം കണ്ടെത്തിയതും അതാദ്യമാണ്.

അതു മാത്രമല്ല, തോലിൻ എന്നറിയപ്പെടുന്ന രാസതന്മാത്രകളോട് സാമ്യമുള്ള സംയുക്തങ്ങളെയും ഹൈഗൻസ് കണ്ടെത്തി.ജീവനുമായി ബന്ധപ്പെട്ടു കിടക്കുന്ന തന്മാത്രകളാണ് തോലിനുകൾ.പുതിയ കണ്ടെത്തൽ ടൈറ്റനിൽ ജീവനുണ്ടാകുമോ എന്ന വലിയ ചോദ്യം ഉയർത്തിവിട്ടു.ഇന്നു സൗരയൂഥത്തിനകത്ത് ജീവ സാധ്യത കൽപിക്കുന്ന സ്ഥലങ്ങളിൽ ഒന്ന് ടൈറ്റൻ ഉപഗ്രഹമാണ്.

ഹൈഗൻസിനെ ടൈറ്റനിലേക്ക് കൊണ്ടുപോയ കസീനി പിന്നീട് ഒന്നരപതിറ്റാണ്ടോളം സൗരയൂഥത്തിന്റെ വിദൂരസ്ഥലങ്ങളിൽ നിരീക്ഷണം നടത്തി.ഒട്ടേറെ വിവരങ്ങളും നൽകി.എന്നാൽ ഇതിനേക്കാൾ ഒട്ടും ചെറുതല്ല, ഹൈഗൻസ് ഒന്നരമണിക്കൂറിൽ നമുക്ക് നൽകിയ വിവരങ്ങൾ.ഭൂമിക്കു വെളിയിൽ ഏറ്റവും ദൂരത്ത്  ഇതുവരെ ഇറക്കിയിട്ടുള്ള ലാൻഡർ പ്രോബ് എന്ന പേര് ഇന്നും ഹൈഗൻസിനു സ്വന്തം.ഹൈഗൻസിന്റെ കൂട്ടാളിയായിരുന്നു കസീനി 5 വർഷം മുൻപ് ശനിയുടെ ആഴങ്ങളിലേക്ക് ഇടിച്ചിറങ്ങി. ഒരു പക്ഷേ ടൈറ്റന്റെ പ്രതലത്തിൽ ഇന്നും ഹൈഗൻസ് വിശ്രമിക്കുന്നുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com