ADVERTISEMENT

ജീവന്റെ ലക്ഷണങ്ങള്‍ കാണിക്കുവാനും, പെറ്റുപെരുകാനും വൈറസുകള്‍ക്ക് മറ്റു ജീവികളുടെ കോശങ്ങള്‍  വേണം.സാധാരണയായി  വൈറസുകള്‍ക്ക് അവരുടെ സ്വന്തമായ ഒരു സ്വാഭാവിക ആതിഥേയ ജീവി (Natural host) ഉണ്ടായിരിക്കും. ഇത്തരം ജീവികളില്‍ ഇവ പെരുകുകയും അതിജീവനം നടത്തുകയും  ചെയ്യും. കാലാകാലങ്ങളായുള്ള സഹവാസംകൊണ്ട് ആതിഥേയന് അധികം ബുദ്ധിമുട്ടുണ്ടാക്കാന്‍ വൈറസ് ശ്രമിക്കുകയില്ല. സവിശേഷമായ ശാരീരിക പ്രത്യേകതകള്‍ മൂലം അതിഥേയന്‍ സ്വയം സംരക്ഷിക്കുകയും ചെയ്യും. ഇപ്രകാരം പരസ്പരാശ്രിതരായി വൈറസിനെ ലക്ഷണങ്ങളില്ലാതെ കൊണ്ടുനടക്കുന്ന ജീവികള്‍ വൈറസിന്റെ സംഭരണികളായി  അറിയപ്പെടുന്നു (reservoir host).

ആവാസവ്യവസ്ഥകള്‍ക്കു കോട്ടംവന്നിട്ടില്ലാത്ത ജൈവവൈവിധ്യം  കൂടുതലുള്ള സ്ഥലങ്ങളിലാണ് ഇത്തരമൊരു സഹവാസം തലമുറകളായി  നിലനിന്നു പോരുന്നത്. ഉദാഹരണത്തിന്  സസ്തനി വിഭാഗത്തിൽപെട്ട ജീവികളിൽ  എണ്ണത്തില്‍ മുന്‍പില്‍ നില്‍ക്കുന്ന വവ്വാലുകളിലും, എലികളിലും (roders) ധാരാളം അറിഞ്ഞതും, അറിയാത്തതുമായ  വൈറസുകള്‍ ഒളിഞ്ഞിരിപ്പുണ്ടായിരിക്കും. വവ്വാലുകളില്‍ മാത്രം മനുഷ്യനെ ബാധിച്ചേക്കാവുന്ന 61 ഓളം വൈറസുകളുണ്ടത്രേ. പരിസ്ഥിതിയുടെ  സംതുലനാവസ്ഥ തകര്‍ക്കുന്ന മനുഷ്യന്റെ ഇടപെടലുകളാണ് തലമുറതലമുറകളായി നിലനില്‍ക്കുന്ന ജൈവബന്ധങ്ങളെ  ഇല്ലാതാക്കുന്നത്. 

Image : Canva
Image : Canva

വനസമ്പത്ത്  നശിപ്പിക്കുമ്പോള്‍, വന്യജീവികളുടെ  സ്വാഭാവിക വാസസ്ഥലങ്ങള്‍ ഇല്ലാതാക്കുമ്പോള്‍ അവയെ കച്ചവടം നടത്തുകയും കൊന്നുതിന്നുകയും ചെയ്യുമ്പോള്‍ വൈറസു കള്‍ക്കും അവയുടെ  വാസസ്ഥലം നഷ്ടമാകുന്നു. ചിരകാലമായി തങ്ങൾ വളര്‍ന്നു  പെരുകിയിരുന്ന ആതിഥേയരെ നഷ്ടമാകുമ്പോള്‍ വൈറസുകളുടെ മുന്‍പില്‍ രണ്ടുവഴികള്‍  ബാക്കിയാവുന്നു.  ഒന്നാമത്തേത് കൂട്ടവംശനാശം  അതല്ലെങ്കില്‍  പുതിയൊരു ആതിഥേയ ജീവിയെ കണ്ടെത്തുക. ഇന്ന് ലോകത്തില്‍ എണ്ണത്തിലും ആധിപത്യത്തിലും മുന്നില്‍ നില്‍ക്കുന്ന മനുഷ്യര്‍ നല്ലൊരു സ്വാഭാവിക തിരഞ്ഞെടുപ്പാകുന്നു. മനുഷ്യ ശരീരത്തില്‍ വളരാനും പെരുകാനുമുള്ള പുതിയ ചില  മാറ്റങ്ങള്‍  ചില വൈറസുകള്‍  നേടിയെടുക്കുന്നു. 

 ചെറുരോഗബാധ മുതല്‍  മഹാമാരി വരെ

Image : Canva
Image : Canva

കൊറോണ പോലെയുള്ള, ആര്‍.എന്‍.എ. (RNA) ജനിതകവസ്തുവായ  വൈറസുകള്‍ക്ക് ഇത്തരം ജനിതക മാറ്റങ്ങള്‍ (Mutations) താരതമ്യേന എളുപ്പമാണ്. അങ്ങനെ മനുഷ്യനില്‍ വൈറസുകള്‍ സ്ഥാനമുറപ്പിക്കുന്നതോടെ സാഹചര്യമനുസരിച്ച് ചെറുരോഗബാധ മുതല്‍  മഹാമാരി വരെ  സൃഷ്ടിക്കപ്പെടാനുള്ള സാധ്യതയുണ്ടാകുന്നു. ഇങ്ങനെ വൈറസ് ഒരു ആതിഥേയ ജീവിയില്‍ നിന്ന് മറ്റൊന്നിലേക്ക്  കടക്കുന്നതാണ് സ്പില്‍ഓവര്‍ (Spillover) എന്നറിയപ്പെടുന്നത്. ഇതു മൃഗങ്ങളില്‍ നിന്നും മനുഷ്യനിലേക്കാകുമ്പോള്‍ സൂണോട്ടിക് സ്പില്‍ഓവര്‍ (Zoonotic Spillover) എന്നാണ് വിളിക്കപ്പെടുന്നു. ആഗോളവല്‍ക്കരണവും, പുത്തന്‍ സാങ്കേതിക വിദ്യകളും മനുഷ്യനു നല്‍കിയ പുത്തന്‍ സ്വഭാവ ജീവിത രീതികള്‍ പുതുതായി ഉദയം ചെയ്ത  രോഗങ്ങള്‍ (Emerging diseases) വ്യാപകമായി പകരുന്നതിനും കാരണമാകുന്നു.

മനുഷ്യനെ ബാധിക്കുന്ന പുത്തന്‍ സാംക്രമിക രോഗങ്ങളില്‍ ഏറ്റവും പ്രബലമായി  വളര്‍ന്നുവരുന്ന  ഭീഷണി വന്യജീവികളില്‍ നിന്നുടലെടുക്കുന്ന ജന്തുജന്യരോഗങ്ങളാണ്. ഇതുമായി ബന്ധപ്പെട്ട്  ലോകമൃഗാരോഗ്യ സംഘടന  നല്‍കുന്ന കണക്കുകള്‍ ഏറെ ശ്രദ്ധേയമാണ്. നിലവില്‍ മനുഷ്യനെ ബാധിക്കുന്ന  സാംക്രമിക രോഗങ്ങളില്‍ (എബോള, എയ്ഡ്‌സ്, ഇന്‍ഫ്‌ളുവന്‍സ, കൊറോണ തുടങ്ങിയവ) 75 ശതമാനവും ജന്തുജന്യമാണ്. ഓരോ വര്‍ഷവും പുതുതായി കാണുന്ന മനുഷ്യനിലെ സാംക്രമിക രോഗങ്ങളില്‍ അഞ്ചില്‍ മൂന്നും മൃഗങ്ങളില്‍ നിന്നാണ് വരുന്നത്. ഏറ്റവും ഞെട്ടിപ്പിക്കുന്നത് ജൈവായുധങ്ങളായി ഉപയോഗിക്കപ്പെട്ടേക്കാമെന്നു കരുതുന്ന രോഗാണുക്കളില്‍ 80 ശതമാനവും മൃഗജന്യമാണ്. കോവിഡിന്റെ കണക്കുകള്‍ മാറ്റിനിര്‍ത്തിയാല്‍  1981 മുതല്‍ 3 കോടിയിലധികം ജനങ്ങള്‍ ജന്തുജന്യ രോഗങ്ങളാല്‍ മരണമടഞ്ഞിട്ടുണ്ട്. 

Image Credit: D-Keine
Image Credit: D-Keine

 വൈറസുകള്‍ക്ക് പരിണാമം സംഭവിക്കാം

പരിസ്ഥിതിനാശം മൂലം ആവാസസ്ഥാനം നഷ്ടപ്പെടുന്ന വന്യജീവികളിലെ വൈറസുകള്‍ മനുഷ്യശരീരത്തില്‍ പ്രവേശിച്ച് ജനിതകമാറ്റങ്ങള്‍ വരുത്തി പുതിയ ജീവിതത്തിന് അനുരൂപപ്പെടുന്നു. മനുഷ്യനില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ഒരു ഇടക്കാലജീവിയില്‍ വാസമുറപ്പിച്ചും വൈറസുകള്‍ക്ക് പരിണാമം സംഭവിക്കാം. പരിസ്ഥിതി നശീകരണം, കാലാവസ്ഥാ മാറ്റം, മാറുന്ന കൃഷിരീതികള്‍, നഗരവല്‍ക്കരണം തുടങ്ങിയ നിരവധി  പ്രവര്‍ത്തികള്‍ രോഗങ്ങള്‍ ഉടലെടുക്കാന്‍ സഹായിക്കും. ആഗോളവല്‍ക്കരണവും, കുടിയേറ്റവും രോഗവ്യാപനത്തെ സഹായിക്കും. വൈറസുകൾ  മനുഷ്യരെ ആതിഥേയരായി  തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം അവന്റെ എണ്ണക്കൂടുതലാണ്. 

ഉദാഹരണത്തിന് കേരളത്തിന്റെ കാര്യമെടുക്കാം.ഭാരതത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള  നഗരവല്‍ക്കരണം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ജൈവവൈവിധ്യസമൃദ്ധമായ ഉഷ്ണമേഖലാ മഴക്കാടുകള്‍ സമ്പന്നമാക്കിയ പശ്ചിമഘട്ട മലനിരകള്‍ കേരളത്തിന്റെ  കിഴക്കുഭാഗത്തുണ്ട്. കേരളത്തിൽ ഏതാനും വർഷം മുമ്പുണ്ടായ നിപ രോഗത്തിൻ്റെ കാര്യമെടുക്കുക. വവ്വാലുകള്‍ക്ക് താവളവും, ഭക്ഷണവും നല്‍കിയ കാടുകള്‍ക്ക്  ചരമമണി മുഴങ്ങിയപ്പോള്‍  അവ നിലനില്‍പ്പിനായി  ഗ്രാമങ്ങളില്‍ രാപാര്‍ക്കുകയും വീട്ടുമുറ്റത്തെ  വൃക്ഷങ്ങളില്‍ അഭയം തേടുകയും  ചെയ്തു. കൊറോണ വൈറസിനേക്കാള്‍ മൂന്നിരട്ടി ജനിതക പരിവര്‍ത്തനശേഷിയുള്ള ഇന്‍ഫ്‌ളുവന്‍സ വൈറസ് മൂലമുള്ള  പക്ഷിപ്പനി രോഗം ഇപ്പോള്‍ ഇടയ്ക്കിടെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പഠനവിധേയമാക്കേണ്ടതാണ്. 

Image : Canva
Image : Canva

വയനാട്ടില്‍ കുരങ്ങുപനി പ്രത്യക്ഷപ്പെട്ടത് കാടും, നാടും തമ്മിലുള്ള അതിര്‍ത്തികള്‍ ഇല്ലാതാകുന്നതിന് ഉദാഹരണമാണ്. വന്യജീവികളെ നിയമവിരുദ്ധമായി  പിടിക്കുന്നതും, കള്ളക്കടത്തു നടത്തുന്നതും അപകടകരമാണ്. വന്യമൃഗങ്ങളെ കൊല്ലു ന്നതും തിന്നുന്നതുമൊക്കെ വൈറസുകളെ ഒളിവില്‍നിന്നും പുറത്തുവിടാന്‍ കാരണമാകും. എവിടെയൊക്കെ ജൈവവൈവിധ്യവും പരിസ്ഥിതിയുടെ  സംതുലനാവസ്ഥയും തകര്‍ക്കപ്പെടുന്നുവോ അവിടെയൊക്കെ അനാഥരാകുന്ന വന്യജീവികളും വൈറസുകളുമുണ്ടാകാം. അതിജീവനത്തിനായി അവ വളര്‍ത്തുമൃഗങ്ങളിലേക്കും മനുഷ്യരിലേക്കും  എത്താന്‍ സാധ്യതയും കൂടാം. 

 ഭയപ്പെടുകയല്ല വേണ്ടത്

ഇത്രയൊക്കെ കേൾക്കുമ്പോൾ ഭയപ്പെടുകയല്ല വേണ്ടത്.  മേൽപറഞ്ഞ വസ്തുതകൾ ഒരു സാധ്യതയാണ് എന്നു മനസ്സിലാക്കുക. ശാസ്ത്രത്തിൻ്റെ മുന്നറിയിപ്പ് ആണിത്. അതിനർത്ഥം  ജാഗ്രത വേണമെന്നാണ്. ഒരു കാര്യം കൂടി ഓര്‍ത്തിരിക്കുക. Spillover എന്നത് അപ്പോഴും അപൂര്‍വ്വമായ പ്രതിഭാസമായി  കണക്കാക്കപ്പെടുന്നു. കാരണം ഒരുപാട് പ്രതിബന്ധങ്ങള്‍ മറികടന്ന് മാത്രമേ വൈറസിന്  പുതിയൊരു ആതിഥേയനിലെത്താനാവൂ എന്ന് പഠനങ്ങള്‍ പറയുന്നു. രോഗാണുവിനും  കാര്യങ്ങൾ ഏറെ ബുദ്ധിമുട്ടാണെന്നതും അറിഞ്ഞിരിക്കുക.

Representative Image. Photo Credit : Membio / iStockPhoto.com
Representative Image. Photo Credit : Membio / iStockPhoto.com

തയ്യാറായിരിക്കുക എന്നതാണ് ഏതൊരു ആരോഗ്യപ്രതിസന്ധിയേയും നേരിടാനുള്ള ശക്തമായ മാര്‍ഗ്ഗം. ഇതിനായി ശാസ്ത്രീയ പഠനങ്ങള്‍ ആവശ്യമാണ്. ഏതുതരം വൈറസുകള്‍ അല്ലെങ്കില്‍ രോഗബാധകളാണ് ഭീഷണിയുയര്‍ത്തുന്നതെന്ന നിരന്തര നിരീക്ഷണം ആവശ്യമാണ്. മനുഷ്യ ആരോഗ്യം, മൃഗങ്ങളുടെ ആരോഗ്യം ഇവ ചേര്‍ത്തു വെച്ചുള്ള വണ്‍ ഹെല്‍ത്ത് സമീപനമാണ് ഇന്ന് വേണ്ടത്. രാജ്യത്തെ വെറ്ററിനറി സര്‍വ്വീസിനെ വന്യജീവികളുമായി ബന്ധപ്പെട്ട  രോഗബാധ, രോഗസംക്രമണം, നിരീക്ഷണം, പ്രതിരോധം എന്നിവയ്ക്കായി ഒരുക്കണം.  

വെറ്ററിനറി കോളേജുകളില്‍  വളര്‍ത്തു മൃഗങ്ങളുടെ ചികിത്സയ്ക്കും, രോഗങ്ങള്‍ക്കും നല്‍കുന്ന പ്രാധാന്യം വന്യജീവികളുമായി  ബന്ധപ്പെട്ട പഠനത്തിനും നല്‍കണം. ഇതിനായി ശാസ്ത്രപഠനത്തിനുള്ള  ധനസാഹയവും, അടിസ്ഥാന സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കേണ്ടിയിരിക്കുന്നു. ജാഗ്രത കൈവിടാതെയുള്ള നിരീക്ഷണങ്ങളും രോഗാണുക്കളുടെ ജനിതക ഘടനയേക്കുറിച്ചുളള വിവരശേഖരണവും കോവിഡ് കാലത്തും തുടർന്നും അനിവാര്യമാകുന്നു. മെഡിക്കൽ, വെറ്ററിനറി, പരിസ്ഥിതി വിദഗ്ദരുടെ കൂട്ടായ പ്രവർത്തനമാണ് ഭാവിയിൽ സാംക്രമിക രോഗങ്ങളുടെ പ്രതിരോധത്തിന് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com