കാലാവസ്ഥാ പ്രവചനം 'വേറെ ലെവൽ'; വീണ്ടും ഉപഗ്രഹവുമായി ഇസ്രൊ, തൽസമയം കാണാം
Mail This Article
കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്താനും ദുരന്ത മുന്നറിയിപ്പു സംവിധാനത്തിന്റെ മികവ് വർധിപ്പിക്കാനും കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ് 3ഡിഎസ് വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ (ISRO). ഫെബ്രുവരി 17ന് ആണ് വിക്ഷേപണം. ജിഎസ്എൽവി എഫ് 14 (ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ എഫ് 14) ആയിരിക്കും ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുക.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ വിക്ഷേപണം നേരിട്ടു കാണാനായി പൊതുജനങ്ങൾക്കും ലോഞ്ച് വ്യൂ ഗാലറിയിൽ പ്രവേശിക്കാം.
ദൗത്യത്തെക്കുറിച്ചുള്ള വിവരങ്ങൾ:
∙ വിക്ഷേപണം: ഫെബ്രുവരി 17 ശനിയാഴ്ച 5.30ന്.
∙ ജിഎസ്എൽവി എഫ്14: ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (ജിഎസ്എൽവി) 420 ടൺ ഭാരവും 51.7 മീറ്റർ നീളവുംമൂന്ന് ഘട്ടം പ്രൊപ്പൽഷനുമുള്ള വിക്ഷേപണ വാഹനമാണ്.
∙ ഇൻസാറ്റ് 3ഡിഎസ്: ദൗത്യത്തിന് പൂർണമായും ധനസഹായം നൽകുന്നത് ഭൗമ ശാസ്ത്ര മന്ത്രാലയമാണ്. കാലാവസ്ഥാ നിരീക്ഷണങ്ങൾക്കും കര, സമുദ്ര ഉപരിതലങ്ങൾ നിരീക്ഷിക്കുന്നതിനും വേണ്ടിയാണ് ഇൻസാറ്റ് 3ഡിഎസ് രൂപകൽപന ചെയ്തിരിക്കുന്നത്.
∙ ഇൻസാറ്റ് 3ഡി, ഇൻസാറ്റ് 3ഡി ആർ എന്നീ ദൗത്യങ്ങളുടെ ഫോളോ ഓൺ ദൗത്യമാണ് ഇൻസാറ്റ് 3ഡിഎസ്.
∙ പേലോഡുകൾ: 6 ചാനൽ ഇമേജർ,19 ചാനൽ സൗണ്ടർ, ഡാറ്ററിലേ ട്രാൻസ്‌പോണ്ടർ (DRT), സാറ്റലൈറ്റ് എയ്ഡഡ് സെർച്ച് ആൻഡ് റെസ്‌ക്യൂ ട്രാൻസ്‌പോണ്ടർ (SAS&R) (മത്സ്യത്തൊഴിലാളികൾക്കു സന്ദേശങ്ങൾ അയയ്ക്കാൻ കഴിയും.).
∙ലോഞ്ച് വ്യൂ ഗാലറിയിൽ ലോഞ്ചിങ് കാണാൻ ഫെബ്രുവരി 12 വൈകിട്ട് 6 ന് റജിസ്ട്രേഷൻ ആരംഭിക്കും.