ADVERTISEMENT

ബഹിരാകാശ മേഖലയിൽ വലിയ മത്സരങ്ങൾ നടക്കുന്ന കാലമാണിത്. ഭാവിയിൽ ചന്ദ്രൻ, ചൊവ്വ തുടങ്ങിയ ഇടങ്ങളിൽ യാത്രകൾ നടത്താമെന്നും കോളനികൾ സ്ഥാപിക്കാമെന്നും മനുഷ്യരാശി കണക്കുകൂട്ടുന്നു. ഈ പ്രതീക്ഷകൾ സിനിമകളിൽ പോലും പ്രതിഫലിക്കാറുണ്ട്. ഇത്തരമൊരു സിനിമയായിരുന്നു 2015ൽ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റർ സ്‌പേസ് ത്രില്ലർ ചിത്രമായ ദ മാർഷ്യൻ. നായകവേഷം ചെയ്ത മാറ്റ് ഡാമൺ അഭിനയിച്ച കഥാപാത്രം ചൊവ്വയിൽ പെട്ടുപോകുന്നതും രക്ഷകരെത്തുന്നതു വരെ അവിടെ ജീവിക്കാൻ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്‌റെ ഇതിവൃത്തം. ചൊവ്വയിൽ ഉരുളക്കിഴങ്ങ് കൃഷി ചെയ്ത് അതു ഭക്ഷിച്ചാണ് മാറ്റ് ഡാമൺ ജീവൻ നിലനിർത്താൻ ശ്രമിക്കുന്നത്.

ഇപ്പോഴിതാ പത്തുലക്ഷത്തോളം പേരെ ചൊവ്വയിലെത്തിക്കുമെന്ന പ്രഖ്യാപനത്തോടെ ഇലോൺ മസ്ക് ചൊവ്വാക്കോളനികൾ സംബന്ധിച്ച ചിന്തകൾ വീണ്ടുമുയർത്തിവിട്ടു. ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമുൾപ്പെടെ മനുഷ്യരെയെത്തിക്കുമെന്ന ദീർഘകാല ലക്ഷ്യത്തോടെയുള്ള സ്റ്റാർഷിപ് റോക്കറ്റ്  പരീക്ഷണ വിക്ഷേപണ ഘട്ടത്തിലാണ്. 120 മീറ്റർ പൊക്കമുള്ള ഈ റോക്കറ്റ് പലതവണ പരീക്ഷണത്തിൽ പരാജയപ്പെട്ടെങ്കിലും മസ്ക് പ്രതീക്ഷയിലാണ്. വർത്തമാനകാല റോക്കറ്റുകളുടെ മഹാരാജാവ് എന്നു വിശേഷിപ്പിക്കാവുന്നതാണു സ്പേസ്എക്സിന്റെ സ്റ്റാർഷിപ് . വർഷങ്ങളായി സ്പേസ് എക്സ് ഈ റോക്കറ്റ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. 

mars-travel-1 - 1
A scene from the movie "The Martian," which is based on a fictional yet realistic outpost on planet Mars: 20th Century Fox

ഭാവിയിലെ ചൊവ്വാക്കോളനികളിലും കൃഷി വേണം. യാത്രികരുടെയും കോളനിവാസികളുടെയും ഭക്ഷണാവശ്യം അങ്ങനെയാകണം നിറവേറ്റേണ്ടതെന്ന് ഏകദേശം നിസ്തർക്കമായ കാര്യമാണ്. ഇപ്പോഴിതാ യുഎസിലെ ശാസ്ത്രജ്ഞർ ചൊവ്വയിൽ ഭക്ഷണം നൽകാൻ പോകുന്ന ചെടിയുടെ കാര്യത്തിൽ ഏകദേശം തീരുമാനത്തിലെത്തിയിട്ടുണ്ട്. അൽഫാൽഫ എന്ന ചെടിയാണിത്. നേരിട്ടുള്ള ഭക്ഷണമായല്ല അൽഫാൽഫയെ ഉപയോഗിക്കാൻ പോകുന്നത്. മറ്റ് ഭക്ഷ്യയോഗ്യമായ വിളകൾ വളർത്താനുള്ള മാധ്യമമായാകും ഇതുപയോഗിക്കപ്പെടുക.

അൽഫാൽഫ ചെടികൾ ചൊവ്വയിലെ മണ്ണുമായി വലിയ സാമ്യമുള്ള അഗ്നിപർവത മണ്ണിൽ വളരുമെന്ന് ഇപ്പോൾ യുഎസിൽ നടന്ന ഒരു ഗവേഷണം തെളിയിക്കുന്നു. ഈ ചെടികളെ വളമായും ഉപയോഗിക്കാം. ടർണിപ്, റാഡിഷ്, ലെറ്റിയൂസ് തുടങ്ങിയ ചെടികൾ ഈ വളമുപയോഗിച്ച് വളർത്താമത്രേ. ചൊവ്വയിൽ ലഭിച്ചേക്കാവുന്ന ഉയർന്ന രീതിയിൽ ലവണാംശം കലർന്ന വെള്ളത്തിൽ നിന്നു ലവണങ്ങൾ വേർതിരിക്കാൻ സഹായിക്കുന്ന ഒരു ബാക്ടീരിയയെയും ശാസ്ത്രജ്ഞർ വികസിപ്പിച്ചിട്ടുണ്ട്. ഈ കണ്ടെത്തലുകളെല്ലാം ഭാവിയിൽ ചൊവ്വാക്കോളനികൾ സ്ഥാപിക്കാനുള്ള ശ്രമങ്ങളെ ഊർജിതപ്പെടുത്തുന്നവയാണെന്നു ശാസ്ത്രജ്ഞർ പറയുന്നു.

ചൊവ്വയിലെ മണ്ണ്, പൊതുവെ ബസാൾട്ട് എന്ന ധാതു കലർന്നതാണ്. പോഷകങ്ങൾ കുറവും കാർബണിന്‌റെ അഭാവം മൂലം വെള്ളത്തെ പിടിച്ചുനിർത്താനുള്ള ശേഷി കുറവായതും കാരണം ഇവിടെ കൃഷി നടത്തുക ശ്രമകരമായ ദൗത്യമാണ്. ചൊവ്വയിലെ വെള്ളം സ്ഥിതി ചെയ്യുന്നത് ധ്രുവപ്രദേശങ്ങളിലെ ഐസ് പാളികളിലാണ്.ലൂസേൺ എന്നും വിളിപ്പേരുള്ള അൽഫാൽഫ ചെടികൾ കാലിത്തീറ്റയെന്ന നിലയിൽ ലോകമെമ്പാടും കൃഷി ചെയ്യാറുണ്ട്. ആദിമ ഗ്രീക്ക്, റോമൻ സമൂഹങ്ങളിൽ പോലും ഈ ചെടി കൃഷി ചെയ്തിരുന്നെന്നു പറയപ്പെടുന്നു. തെക്ക്- മധ്യ ഏഷ്യയാണ് ഈ ചെടികളുടെ സ്വാഭാവികമായ വാസസ്ഥലം. പ്രാചീന ഇറാനിലാണ് ഇതാദ്യമായി കൃഷി ചെയ്തത്. 

mars-travel-2 - 1
A scene from the movie "The Martian," which is based on a fictional yet realistic outpost on planet Mars: 20th Century Fox

പതിനാറാം നൂറ്റാണ്ടിൽ അമേരിക്കൻ വൻകരകളിലെത്തിയ സ്പാനിഷ് യാത്രികരാണ് അൽഫാൽഫയെ അവിടെ കൊണ്ടുചെന്നെത്തിച്ചത്. കുതിരകൾക്കുള്ള പുല്ലെന്ന നിലയിലാണ് ഇവർ ഇതവിടെ കൊണ്ടുപോയത്. ഈ ചെടിയുടെ വിത്തും ഉണക്കിയ ഇലകളും മനുഷ്യരും ഭക്ഷിക്കാറുണ്ട്.ചൊവ്വയിലെ ഗ്രാൻഡ് കാന്യോൺ എന്നറിയപ്പെടുന്ന വാലീസ് മറീനെറിസ് എന്ന വമ്പൻ മലയിടുക്ക് പ്രദേശത്ത് വൻ തോതിൽ വെള്ളത്തിന്‌റെ സാന്നിധ്യം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ ഇടയ്ക്ക് പറഞ്ഞിരുന്നു.  ചൊവ്വയെ ചുറ്റി ഭ്രമണം ചെയ്യുന്ന എക്‌സോമാർസ് ട്രേസ് ഓർബിറ്റർ എന്ന ഉപഗ്രഹമാണു കണ്ടെത്തൽ നടത്തിയത്. യൂറോപ്യൻ സ്‌പേസ് ഏജൻസി, റഷ്യൻ സ്‌പേസ് ഏജൻസിയായ റോസ്‌കോമോസ് എന്നിവരുടെ സംയുക്ത പദ്ധതിയാണ് എക്‌സോമാർസ്. 2016ൽ ആണ് ഇതു വിക്ഷേപിച്ചത്

.യുഎസിൽ സ്ഥിതി ചെയ്യുന്ന ഭൂമിയിലെ അദ്ഭുത പ്രദേശമായ ഗ്രാൻഡ് കാന്യോൺ മലയിടുക്കിന്‌റെ 10 മടങ്ങ് നീളമുള്ളത് 20 മടങ്ങു വീതിയുള്ളതും 5 മടങ്ങ് ആഴമുള്ളതുമായ മലയിടുക്കാണു വാലിസ് മറീനെറീസ്. ഈ പ്രദേശത്തിന്‌റെ ഉപരിതലത്തിനു താഴെയായാണു ജലം സ്ഥിതി ചെയ്യുന്നതെന്ന് എക്‌സോമാർസിന്‌റെ ഫൈൻ റെസല്യൂഷൻ എപിതെർമൽ ന്യൂറോൺ ഡിറ്റക്ടർ അഥവാ ഫ്രണ്ട് എന്ന ഉപകരണം കണ്ടെത്തിയത്. 

 Credits:AI Generated Image
Credits:AI Generated Image

ചൊവ്വയിൽ 2006ൽ തന്നെ വെള്ളം ശിതീകരിക്കപ്പെട്ട ഹിമത്തിന്‌റെ രൂപത്തിൽ സ്ഥിതി ചെയ്യുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ഗ്രഹത്തിന്‌റെ ധ്രുവപ്രദേശങ്ങളിലാണ് ഇതു കണ്ടിരുന്നത്. ഭാവിയിൽ മനുഷ്യപര്യവേക്ഷണങ്ങൾ ചൊവ്വയിൽ നടക്കുന്നുണ്ടെങ്കിൽ അന്നിറങ്ങാൻ പറ്റിയ ഒരു സ്ഥലമാകും വാലീസ് മെറീനറീസെന്നും വിലയിരുത്തലുണ്ട്. അടുത്തവർഷം റോസലിൻ്ഡ ഫ്രാങ്ക്‌ളിൻ റോവർ എന്ന റോവർ ദൗത്യം ചൊവ്വയിലെത്തുന്നുണ്ട്. 

ഏതു ഗ്രഹത്തിൽ താമസിക്കണമെങ്കിലും ജീവവായുവായ ഓക്സിജനില്ലാതെ മനുഷ്യർക്ക് പറ്റില്ല. ചൊവ്വയിലും ഇതു വേണം. എങ്ങനെ കിട്ടും. ഭൂമിയിൽ നിന്നു സിലിണ്ടറിലാക്കി കൊണ്ടുപോകുകയെന്നതൊക്കെ ചെലവേറിയ സങ്കീർണമായ ലക്ഷ്യമാണ്. ചൊവ്വയുടെ അന്തരീക്ഷത്തിൽ 0.13 ശതമാനം മാത്രമാണ് ഓക്സിജൻ സാന്നിധ്യം.

പിന്നെയൊരു സാധ്യത ചൊവ്വയിൽ നിന്നു തന്നെ ഓക്സിജൻ ഉത്പാദിപ്പിക്കുക എന്നതാണ്. അന്തരീക്ഷ വായുവിൽ ഓക്സിജൻ കുറവാണെങ്കിലും കാർബൺ ഡയോക്സൈഡ് 96 ശതമാനത്തോളമാണ്. ഈ കാർബൺ ഡയോക്സൈഡിൽ നിന്ന് ഓക്സിജൻ വേർതിരിച്ചെടുക്കാൻ കഴിയുമോ? ഇതന്വേഷിക്കുകയാണ് മോക്സിയുടെ ദൗത്യം. മോക്സിയെന്നാൽ മാഴ്സ് ഓക്സിജൻ ഇൻ സിറ്റു റിസോഴ്സ് യൂട്ടലൈസേഷൻ എക്സ്പിരിമെന്റ്.ചൊവ്വയിലേക്ക് നാസ വിക്ഷേപിച്ച പെഴ്സിവീയറൻസ് റോവറിന്റെ അനേകം ശാസ്ത്ര അന്വേഷണങ്ങളിൽ ഒന്നായിരുന്നു മോക്സി എന്ന ഉപകരണം .

mars-house-ai - 1

ഭൂമിയിൽ ഒരു വൃക്ഷം ചെയ്യുന്നതെന്താണോ അതാണു ചൊവ്വയിൽ മോക്സി ചെയ്തത്. കാർബൺ ഡയോക്സൈഡിനെ ഉള്ളിലേക്ക് എടുത്ത ശേഷം ഓക്സിജനെ പുറന്തള്ളുക. പെഴ്സിവീയറൻസ് റോവറിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ചൂടുണ്ടാക്കി കാർബൺ ഡയോക്സൈഡിനെ കാർബൺ മോണോക്സൈഡും ഓക്സിജനുമായി മാറ്റിയാണ് മോക്സിയുടെ പ്രവർത്തനം. മണിക്കൂറിൽ 10 ഗ്രാം ഓക്സിജൻ മോക്സി ഉത്പാദിപ്പിച്ചു. അങ്ങനെ ഓക്സിജൻ ഉത്പാദനത്തെക്കുറിച്ച് ശുഭപ്രതീക്ഷയും നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com