ADVERTISEMENT

ചന്ദ്രൻ ഇന്നു മനുഷ്യരാശിയുടെ വലിയൊരു സ്വപ്നമായിരിക്കുകയാണ്. അപ്പോളോ ദൗത്യങ്ങൾക്കു ശേഷം മനുഷ്യനെ ചന്ദ്രനിലെത്തിക്കാനായി വരും വർഷങ്ങളിൽ നാസ പദ്ധതിയിടുന്ന ആർട്ടിമിസ് ദൗത്യം സജീവമായി മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കുകയാണ്.ആർട്ടിമിസ് ദൗത്യത്തിന്റെ ആദ്യഘട്ട ദൗത്യങ്ങൾ വിജയിച്ച ശേഷമാകും മനുഷ്യനെ എത്തിക്കുന്ന ദൗത്യം തുടങ്ങുക. ഇതിനു ചിലപ്പോൾ കുറച്ചു വർഷങ്ങൾ എടുത്തേക്കാ

അപ്പോളോ ദൗത്യങ്ങളെ ചന്ദ്രനിലെത്തിച്ചത് നാസയുടെ ഐതിഹാസിക റോക്കറ്റായ സാറ്റേൺ അഞ്ച് ആണ്. 50 വർഷത്തോളം ഈ മേഖലയിൽ അനുഭവപ്പെട്ട മരവിപ്പ് സാറ്റേൺ അഞ്ചിന്റെ പ്രസക്തി ഇല്ലാതാക്കി. തുടർന്ന് ആർട്ടിമിസ് ദൗത്യത്തിന്റെ ആശയം വന്നപ്പോൾ ബ്ലൂ ഒറിജിൻ, സ്പേസ് എക്സ് തുടങ്ങി പല മുൻനിര സ്വകാര്യ കമ്പനികളുടെ റോക്കറ്റുകളും നാസ പരിഗണിച്ചെങ്കിലും ഒടുവിൽ സാറ്റേൺ അഞ്ചിനൊരു പിൻഗാമിയെ സ്വയം നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് സ്പേസ് ലോഞ്ച് സിസ്റ്റം (എസ്എൽഎസ്) പിറന്നത്. ചന്ദ്രനിൽ സ്ഥിരമായ മനുഷ്യസാന്നിധ്യം ഉറപ്പിക്കാനും ചൊവ്വ ഉൾപ്പെടെ മറ്റിടങ്ങളിലേക്കുള്ള ദൗത്യങ്ങൾക്ക് ഇടത്താവളമാകാനും അങ്ങനെ ഭൂമിക്കു വെളിയിലേക്കുള്ള മനുഷ്യരുടെ എല്ലാപ്രവർത്തനങ്ങളുടെയും അച്ചുതണ്ടാകാനുമാണു ദൗത്യം ലക്ഷ്യമിടുന്നത്.

moon-man - 1

ആർട്ടിമിസ് ദൗത്യങ്ങളിലൊന്ന് മാത്രം. വേറെയും പല ദൗത്യങ്ങളും പല രാജ്യങ്ങളും അണിയിച്ചൊരുക്കുന്നുണ്ട്. ഭാവിയിൽ ചന്ദ്രനിൽ കോളനികളുണ്ടാക്കുക എന്ന ലക്ഷ്യം ആഗോള ശാസ്ത്രലോകത്തിനു സജീവമായുണ്ട്. ചന്ദ്രനിൽ കോളനി സ്ഥാപിക്കാനും 100 പേരെ അവിടെ താമസിപ്പിക്കാനും ഒരു വികസിത രാജ്യത്തിന്റെ വാർഷിക ബജറ്റോളം തുക ചെലവാകും. ചരക്കുനീക്കത്തിനു മാത്രം ഒരു ലക്ഷം കോടി രൂപ ചെലവാകും.ഇതിനെല്ലാമപ്പുറമാണ് ചന്ദ്രൻ ഉയർത്തുന്ന വെല്ലുവിളികൾ. അന്തരീക്ഷമില്ലാത്ത അവസ്ഥ ഭീകരമാണ്. ബഹിരാകാശവികിരണങ്ങളും സൗരവാതവുമൊക്കെ നിരന്തരം ആക്രമിച്ചേക്കാം. ഇതെല്ലാം നേരിട്ട് ചന്ദ്രനിൽ കോളനി സ്ഥാപിക്കുക വിദൂര സ്വപ്നം മാത്രം.  അതേസമയം ഇന്നു നാം കാണുന്ന ഇന്റർനെറ്റും സ്മാർട് ഫോണും വരാൻ പോകുന്ന ഡ്രൈവറില്ലാ കാറും ഒരു കാലത്ത് ഇതുപോലെ വിദൂരമായ സ്വപ്നങ്ങളായിരുന്നു എന്നുമോർക്കണം.

മനുഷ്യർ ചന്ദ്രനിലെത്തിയാൽ താമസിക്കുന്നതെവിടെയെന്നു പല അഭ്യൂഹങ്ങളുമുണ്ട്. ചന്ദ്രനിലെ ബേസുകൾ സംബന്ധിച്ച് പല രൂപകൽപനകളും പലരും ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ കൗതുകകരമായ ഒരു ഡിസൈൻ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. നാസയുടെ ഫണ്ടിങ്ങോടെ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി ഓഫ് അരിസോനയുടെ കോളജ് ഓഫ് എൻജിനീയറിങ്ങിലെ ഗവേഷണസംഘമാണ് ഡിസൈനു പിന്നിൽ.ആഫ്രിക്കയിലും ഓസ്ട്രേലിയയിലും കാണപ്പെടുന്ന കത്തീഡ്രൽ ടെർമൈറ്റ് മൗണ്ട് എന്നയിനം ചിതൽപ്പുറ്റിനെ അടിസ്ഥാനമാക്കിയാണ് രൂപകൽ‌പന. അംബരചുംബികളെ അനുസ്മരിപ്പിക്കുന്ന വമ്പൻ ചിതൽപ്പുറ്റുകളാണ് കത്തീഡ്രൽ ടെർമൈറ്റ് മൗണ്ട്.

brewbooks from near Seattle, USA, CC BY-SA 2.0 /creativecommons.org
brewbooks from near Seattle, USA, CC BY-SA 2.0 /creativecommons.org

ചന്ദ്രനിലെ വാസം– ഒരുസ്വപ്നം

ചന്ദ്രനിൽ മനുഷ്യവാസം എന്ന സ്വപ്നത്തിന് ഊർജം പകർന്നത് ചന്ദ്രയാൻ 1 ദൗത്യമാണ്; അവിടെ വെള്ളമുണ്ടെന്ന കണ്ടെത്തലോടെ. പ്രമുഖ നോളജ് വെബ്സൈറ്റായ ഹൗ സ്റ്റഫ് വർക്സ് ഡോട്ട് കോം ചന്ദ്രനിലെ കോളനികളെക്കുറിച്ച് രസകരമായ പഠനം നടത്തിയിട്ടുണ്ട്. പ്രത്യേകിച്ചും, അവിടെ മനുഷ്യന് അടിസ്ഥാനപരമായി വേണ്ടി വരുന്ന അഞ്ചു കാര്യങ്ങളെക്കുറിച്ച് – ഓക്സിജൻ, വെള്ളം, ഭക്ഷണം, ഭൂമിയിലെ വായുസമ്മർദത്തിനു സമാനമായ മർദമുള്ള പാർപ്പിടം, ഊർജം.

ഭൂമിയിൽനിന്ന് അര കിലോ സാധനങ്ങൾ ചന്ദ്രനിലെത്തിക്കാൻ 36 ലക്ഷം രൂപ ചെലവു വരും. ഒരു ലീറ്റർ വെള്ളത്തിന്റെ ഭാരം ഒരു കിലോയാണ്. അതായത് ഒരു ലീറ്റർ വെള്ളം ചന്ദ്രനിലെത്തിക്കാൻ 72 ലക്ഷം രൂപ. മനുഷ്യൻ ദിവസം 2 ലീറ്റർ‌ വെള്ളമെങ്കിലും കുടിക്കണമെന്നാണു പറയുന്നത്. അതായത് വെള്ളംകുടിക്കു മാത്രം ചന്ദ്ര കോളനിയിലെ ഒരാൾക്കു ദിവസം ചെലവ് 1.44 കോടി രൂപ! ഇനി ഓക്സിജന്റെ കാര്യം. 50 വർഷം മുൻപു ചന്ദ്രയാത്രികർ ഓക്സിജൻ പാഴ്സലാക്കി ഇവിടെ നിന്നു കൊണ്ടുപോകുകയായിരുന്നു. പക്ഷേ, താമസത്തിനു പോകുന്നവർക്ക് ഈ രീതി നടപ്പില്ല. പിന്നെന്തു ചെയ്യും ?

moon-nasa - 1

ഓക്സിജൻ ചന്ദ്രനിൽ കിട്ടും. പക്ഷേ കുറച്ചു കഷ്ടപ്പെടണം. ചന്ദ്രോപരിതലത്തിലെ മണ്ണിൽ ഓക്സിജനുണ്ട്. താപോർജവും വൈദ്യുതിയും ഉപയോഗിച്ചു ഖനനം ചെയ്യണം. വെള്ളത്തിന്റെ കാര്യവും ഇതുപോലെ തന്നെ. ദക്ഷിണധ്രുവത്തിൽ ഐസ് രൂപത്തിൽ ഉറഞ്ഞുകിടക്കുന്നെന്നു കരുതുന്ന വെള്ളം ദ്രവരൂപത്തിലാക്കണം. ഇതുപയോഗിച്ച് ചന്ദ്രനിൽ കൃഷിയും നടത്താം. വേണമെങ്കിൽ ഈ വെള്ളം വേർതിരിച്ച് ഹൈഡ്രജനും ഓക്സിജനുമാക്കാം. എന്നിട്ടു ചന്ദ്രനിൽനിന്നു ഭൂമിയിലേക്കു ഷട്ടിൽ സർവീസ് നടത്തുന്ന റോക്കറ്റുകളിൽ ഇന്ധനമാക്കാം.

ചന്ദ്ര കോളനിയിൽ ഒരാൾക്കു വർഷം 225 കിലോ ഭക്ഷണം വേണം. നേരത്തെ പറഞ്ഞ കണക്കു വച്ച് ഈയിനത്തിൽ വർഷം ഒരാൾക്കു ചെലവ് 113 കോടി രൂപ. ഇതിനെല്ലാം പരിഹാരമായി ചന്ദ്രനിൽ കൃഷി നടത്തണമെങ്കിൽ കാർബൺ, നൈട്രജൻ, ഓക്സിജൻ, ഹൈഡ്രജൻ തുടങ്ങിയ മൂലകങ്ങളും അതിനു പുറമേ ധാതുക്കളും മറ്റുമടങ്ങിയ വളം വേണം. ഇതു കൊണ്ടുപോകാൻ ആദ്യം നല്ല തുകയാകും. വിളകളിൽനിന്നു കഴിക്കുന്നവരിലേക്കും പിന്നെ അവരുടെ വിസർജ്യത്തിൽനിന്നു ചന്ദ്രനിലേക്കും ധാതുക്കൾ ചംക്രമണം നടത്തും. ഇതെല്ലാം ചെയ്താലും ഫലമുണ്ടാകുമോയെന്ന ചോദ്യം ബാക്കി.

ആദ്യഘട്ടത്തിൽ വായു നിറച്ച ‘റെഡിമെയ്ഡ്’ വീടുകൾ ചന്ദ്രനിലെത്തിക്കണം. തുടർന്ന് ചന്ദ്രോപരിതലത്തിലെ സെറാമിക് വസ്തുക്കളും ലോഹങ്ങളും ഉപയോഗിച്ച് അവിടെത്തന്നെ വീടുകൾ കെട്ടിപ്പൊക്കാം. ഊർജം വലിയൊരു ചോദ്യമാണ്. പ്രകൃതിവാതകമോ പെട്രോളിയം ഉൽപന്നങ്ങളോ ഇല്ലെങ്കിലും മികച്ച ഊർജസ്രോതസ്സ് ചന്ദ്രന്റെ മണ്ണിൽ മറഞ്ഞുകിടപ്പുണ്ട് – ഹീലിയം ത്രീ. അതു ഖനനം ചെയ്തു ആണവ ഫ്യൂഷൻ റിയാക്ടറുകളിൽ ഉപയോഗിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചാൽ ഊർജപ്രതിസന്ധിക്കു പരിഹാരമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com